അവസാന നിമിഷം ആഴ്‌സണലിന്റെ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ട്രാൻസ്‌ഫർ ജാലകം അടക്കുന്നതിനു തൊട്ടു മുമ്പ് ആഴ്‌സണലിന്റെ ഉക്രൈൻ പ്രതിരോധ താരം അലക്‌സാണ്ടർ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആണ് അവർ സിഞ്ചെങ്കോക്ക് ആയി ശ്രമം നടത്തിയത്.

തുടർന്നു അവസാന നിമിഷം 28 കാരനായ ഉക്രൈൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലോൺ അടിസ്‌ഥാനത്തിൽ ആണ് സിഞ്ചെങ്കോ ഫോറസ്റ്റിൽ എത്തുക. നേരത്തെ മാഴ്സെയും ആയുള്ള സിഞ്ചെങ്കോയുടെ ചർച്ചകൾ വേതന പ്രശ്നം കാരണം മുടങ്ങിയിരുന്നു. നിലവിൽ ഇരു ക്ലബുകളും താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിൽ ആണ്.

ഔദ്യോഗിക പ്രഖ്യാപനം എത്തി, പിയെറോ ഇൻകാപ്പിയെ ഇനി ആഴ്‌സണൽ താരം

ബയേർ ലെവർകുസനിൽ നിന്നു ഇക്വഡോർ ലെഫ്റ്റ് ബാക്ക് പിയെറോ ഇൻകാപ്പിയെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. നിലവിൽ സീസൺ ലോൺ അടിസ്ഥാനത്തിൽ ആണ് താരം ലണ്ടൻ ക്ലബിൽ ചേരുക. അടുത്ത സീസണിൽ താരത്തെ 52 മില്യൺ യൂറോ നൽകി ആഴ്‌സണലിന് സ്വന്തമാക്കാം, 5 വർഷത്തേക്ക് ഇതിനു ശേഷമുള്ള കരാറിന് താരം ആഴ്‌സണലും ആയി ധാരണയിലും എത്തിയിട്ടുണ്ട്. 23 കാരനായ താരം ആഴ്‌സണലിന് ആയി കളിക്കുന്ന ആദ്യ ഇക്വഡോർ താരമാവും.

ആഴ്‌സണലിൽ അഞ്ചാം നമ്പർ ജേഴ്‌സി ആവും ഇൻകാപ്പിയെ ധരിക്കുക. ലെഫ്റ്റ്, സെന്റർ ബാക്ക് ആയി തിളങ്ങുന്ന താരത്തിന് വലിയ മത്സര പരിചയം യൂറോപ്പിൽ ഉണ്ട്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ബയേർ ലെവർകുസനിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ലെവർകുസനു ബുണ്ടസ് ലീഗ കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ഇൻകാപ്പിയെ. ഈ ട്രാൻസ്‌ഫർ വിപണിയിലെ ആഴ്‌സണലിന്റെ അവസാന ട്രാൻസ്ഫർ ആവും ഇത്. നിലവിൽ ക്ലബിൽ തങ്ങാതെ നേരിട്ടു ഇക്വഡോർ ദേശീയ ടീമിനോട് ഒപ്പം ആവും ഇൻകാപ്പിയെ ചെയ്യുക. അതേസമയം ആഴ്‌സണൽ താരം ജേക്കബ്‌ കിവിയോറിനെ ലോണിൽ സ്വന്തമാക്കിയ എഫ്.സി പോർട്ടോ താരത്തിന്റെ വരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു, സ്പാനിഷ് താരത്തെ ടീമിൽ എത്തിക്കാൻ നോട്ടിങ്ഹാം

ഇറ്റാലിയൻ താരം നിക്കോളോ സനിയോള ഇറ്റലിയിലേക്ക് മടങ്ങുന്നു. തുർക്കി ക്ലബ് ഗലാസ്റ്ററയിൽ നിന്നു ലോൺ അടിസ്ഥാനത്തിൽ ആണ് സനിയോള ഉഡിനെസെയിൽ ചേരുക. തുർക്കി ക്ലബും ആയുള്ള തന്റെ കരാർ പുതുക്കിയ താരം ക്ലബ് വിടാൻ താൽപ്പര്യം കാണിച്ചതിനാൽ ആണ് ലോണിൽ ഇറ്റലിയിലേക്ക് മടങ്ങുന്നത്.

റോമയിൽ തിളങ്ങിയ 26 കാരനായ സനിയോളക്ക് കരിയറിൽ പരിക്കുകൾ ആണ് വില്ലൻ ആയത്. സീരി എയിൽ തിളങ്ങി തന്റെ ഇറ്റാലിയൻ ടീമിലെ സ്ഥാനം തിരിച്ചു പിടിക്കാൻ ആവും സനിയോള ശ്രമിക്കുക. അതേസമയം 30 കാരനായ അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ധാരണയിൽ എത്തി. 3 വർഷത്തെ കരാറിന് ഫോറസ്റ്റിൽ എത്തുന്ന യാവിയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

ചർച്ചകൾക്കും തർക്കങ്ങൾക്കും ഒടുവിൽ നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ താരമാവും

2 ദിവസത്തെ തർക്കങ്ങൾക്കും നീണ്ട ചർച്ചകൾക്കും ഒടുവിൽ ചെൽസി താരം നിക്കോളാസ് ജാക്സൺ ഒടുവിൽ ബയേൺ മ്യൂണിക് താരമാവും എന്നു ഏതാണ്ട് ഉറപ്പായി. നേരത്തെ ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാൻ ജർമ്മൻ ചാമ്പ്യൻമാർ ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയിരുന്നു. എന്നാൽ ഡിലാപ്പിന് പരിക്കേറ്റതോടെ ചെൽസി താരത്തെ തിരിച്ചു വിളിച്ചു. എന്നാൽ മെഡിക്കലിന് പോയ താരവും ഏജന്റും മ്യൂണിക്കിൽ നിന്നു തിരിച്ചു വരാൻ വിസമ്മതിച്ചതോടെ കാര്യങ്ങൾ വഷളായി.

തുടർന്ന് നടന്ന ചർച്ചകൾക്ക് ഒടുവിൽ 16.5 മില്യൺ യൂറോ ലോൺ തുകയായി നൽകിയാണ് ജാക്സനെ ബയേൺ ടീമിൽ എത്തിക്കുന്നത്. ഒപ്പം അടുത്ത സീസണിൽ താരത്തെ നിർബന്ധമായും ബയേൺ 65 മില്യൺ യൂറോ നൽകി സ്വന്തമാക്കുകയും വേണം. സ്ഥിര കരാർ ഒപ്പ് വെച്ച ശേഷം ബയേണും ആയി അഞ്ചു വർഷത്തെ കരാറിന് ജാക്സൺ ധാരണയിലും എത്തിയിട്ടുണ്ട്. 24 കാരനായ ജാക്സൺ 2023 ൽ വിയ്യറയലിൽ നിന്നാണ് ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 81 കളികളിൽ നിന്നു 30 ഗോളുകളും താരം നേടിയിട്ടുണ്ട്.

ഇന്റർ മിലാൻ താരം ബെഞ്ചമിൻ പവാർഡ് മാഴ്സെയിൽ

ഇന്റർ മിലാൻ പ്രതിരോധതാരം ബെഞ്ചമിൻ പവാർഡ് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെയിൽ ചേർന്നു. ഈ വർഷത്തേക്ക് ലോൺ അടിസ്‌ഥാനത്തിൽ ആണ് ഫ്രഞ്ച് താരം സ്വന്തം നാട്ടിലേക്ക് തിരിച്ചു എത്തുന്നത്.

29 കാരനായ ഫ്രഞ്ച് ലോകകപ്പ് ജേതാവിന്റെ ഈ സീസണിലെ മുഴുവൻ വേതനവും മാഴ്സെ ആവും വഹിക്കുക. അതേസമയം ഈ വിടവ് പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു സ്വിസ് പ്രതിരോധ താരം മാനുവൽ അക്കാഞ്ചിയെ ഇന്റർ ലോണിൽ ടീമിൽ എത്തിച്ചിട്ടുണ്ട്.

അലക്സിസ് സാഞ്ചസ് സെവിയ്യയിൽ

മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, ഇന്റർ മിലാൻ താരമായ അലക്സിസ് സാഞ്ചസ് സ്പാനിഷ് ലാ ലീഗ ക്ലബ് സെവിയ്യയിൽ ചേരും. 36 കാരനായ ചിലി ഇതിഹാസം ഫ്രീ ഏജന്റ് ആയാണ് സെവിയ്യയിൽ ചേരുന്നത്.

ഒരു വർഷത്തെ കരാറിന് ആണ് സാഞ്ചസ് സ്പാനിഷ് ക്ലബിൽ ചേരുക. തനിക്ക് ഇനിയും ഒരു ബാല്യം ബാക്കിയുണ്ടെന്നു തെളിയിക്കാൻ ആവും ലാ ലീഗയിൽ തിരിച്ചു എത്തുന്ന സാഞ്ചസ് ശ്രമിക്കുക.

ആഴ്‌സണൽ താരം റീസ് നെൽസൺ ബ്രന്റ്ഫോർഡിൽ

25 കാരനായ ഇംഗ്ലീഷ് വിങർ റീസ് നെൽസൺ ബ്രന്റ്ഫോർഡിൽ ചേരും. ഈ സീസൺ അവസാനം വരെയുള്ള ലോൺ അടിസ്ഥാനത്തിൽ ആണ് ആഴ്‌സണൽ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിൽ ചേരുക. കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ലോണിൽ കളിച്ച താരമാണ് നെൽസൺ.

താരത്തിന് ആയി ഫുൾഹാം, ക്രിസ്റ്റൽ പാലസ് എന്നിവർക്ക് ഒപ്പം ജർമ്മൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ബ്രന്റ്ഫോർഡിൽ ചേരാൻ നെൽസൺ തീരുമാനിക്കുക ആയിരുന്നു. നിലവിൽ തങ്ങളുടെ താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന ആഴ്‌സണലിന് അക്കാദമി താരമായ നെൽസനെ സ്ഥിരകരാറിൽ വിൽക്കാൻ ആയിരുന്നു താൽപ്പര്യം.

ആഴ്‌സണൽ താരങ്ങളെ ടീമിൽ എത്തിക്കാൻ ഹാംമ്പർഗ്

ആഴ്‌സണൽ മധ്യനിര താരങ്ങൾ ആയ ഫാബിയോ വിയേരയെയും ആൽബർട്ട് സാമ്പി ലൊകോങയെയും ടീമിൽ എത്തിക്കാൻ ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ് ഹാംമ്പർഗ്. ഡെഡ് ലൈൻ ദിനത്തിൽ 25 കാരനായ കഴിഞ്ഞ സീസണിൽ ലോണിൽ പോർട്ടോയിൽ കളിച്ച പോർച്ചുഗീസ് താരമായ വിയേരയെ ലോൺ അടിസ്ഥാനത്തിൽ ആണ് ഹാംമ്പർഗ് ടീമിൽ എത്തിക്കുന്നത്.

അടുത്ത സീസണിൽ താരത്തെ 20 മില്യൺ യൂറോ നൽകി സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. അതേസമയം 25 കാരനായ ബെൽജിയം മധ്യനിര താരം ആൽബർട്ട് സാമ്പി ലൊകോങയെ സ്ഥിരകരാറിൽ ആണ് ജർമ്മൻ ക്ലബ് സ്വന്തമാക്കുക. ഡെഡ് ലൈൻ തീരും മുമ്പ് ഇരുവരുടെയും ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ആണ് ഹാംമ്പർഗ് ശ്രമിക്കുന്നത്.

ക്രിസ്റ്റൽ പാലസ് ക്യാപ്റ്റനു ആയി ഓഫർ വെച്ചു ലിവർപൂൾ

ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ ആയ ഇംഗ്ലീഷ് പ്രതിരോധ താരം മാർക് ഗുയെഹിക്ക് ആയി 35 മില്യൺ പൗണ്ടിന്റെ ഓഫർ മുന്നോട്ട് വെച്ചു ലിവർപൂൾ. നിലവിൽ പാലസ് ഇതിനു പ്രതികരിച്ചിട്ടില്ല. 25 കാരനായ താരവും ആയി നേരത്തെ തന്നെ ധാരണയിൽ എത്തിയ ലിവർപൂൾ താരത്തിലുള്ള താൽപ്പര്യം നേരത്തെ ഏതാണ്ട് പരസ്യമാക്കിയത് ആണ്. ക്ലബ് വിടാൻ നേരത്തെ താൽപ്പര്യം പ്രകടിപ്പിച്ച താരത്തിനുള്ള ഈ ഓഫർ പാലസ് സ്വീകരിക്കുമോ എന്നുറപ്പില്ല. പ്രതിരോധം ശക്തമാക്കാൻ ആണ് ലിവർപൂൾ ശ്രമം.

ചെൽസി അക്കാദമി താരം ആയിരുന്ന ഗുയെഹി സ്വാൻസി സിറ്റിയിലെ ലോണിന് ശേഷം 2021 ൽ ആണ് പാലസിൽ ചേരുന്നത്. തുടർന്ന് അവരുടെ പ്രധാന താരമായി വളർന്ന താരം അവരുടെ കഴിഞ്ഞ വർഷത്തെ എഫ്.എ കപ്പ് നേട്ടത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്. 5 സീസണുകളിൽ ആയി 161 മത്സരങ്ങൾ പാലസിന് ആയി കളിച്ച താരത്തിന് 134 മത്സരങ്ങളുടെ പ്രീമിയർ ലീഗ് പരിചയവും ഉണ്ട്. താരത്തെ ട്രാൻസ്ഫർ ജാലകം അവസാനിക്കും മുമ്പ് സ്വന്തമാക്കാൻ തന്നെയാവും ലിവർപൂൾ ശ്രമം.

കിവിയോർ പോർട്ടോയിൽ പകരം പിയെറോ ഇൻകാപ്പിയെ സ്വന്തമാക്കി ആഴ്‌സണൽ

ജർമ്മൻ ക്ലബ് ബയേർ ലെവകുസന്റെ 23 കാരനായ ഇക്വഡോർ പ്രതിരോധ താരം പിയെറോ ഇൻകാപ്പിയെ സ്വന്തമാക്കി ആഴ്‌സണൽ. നിലവിൽ താരത്തിന്റെ മെഡിക്കൽസ് ഔദ്യോഗിക പ്രഖ്യാപനം എന്നിവ മാത്രമാണ് ബാക്കിയുള്ളത്. ഈ സീസണിൽ ലോണിൽ ആവും താരം ആഴ്‌സണലിൽ എത്തുക. അടുത്ത സീസണിൽ താരത്തെ 52 മില്യൺ യൂറോ നൽകി ആഴ്‌സണലിന് സ്വന്തമാക്കാം, ഇതിനു പുറമെ താരത്തെ ആഴ്‌സണൽ ഭാവിയിൽ വിൽക്കുക ആണെങ്കിൽ 10 ശതമാനവും ജർമ്മൻ ക്ലബിന് ലഭിക്കും. അടുത്ത വർഷം അഞ്ചു വർഷത്തെ കരാർ ആവും ഇൻകാപ്പിയെ ഒപ്പ് വെക്കുക. താരത്തെ സ്വന്തമാക്കണം എന്ന ഉറപ്പ് കരാറിൽ ഇല്ലെങ്കിലും താരത്തെ ആഴ്‌സണൽ അടുത്ത വർഷം സ്ഥിരകരാറിൽ സ്വന്തമാക്കും എന്നു തന്നെയാണ് സൂചന.

ലെഫ്റ്റ് ബാക്ക് ആയും സെന്റർ ബാക്ക് ആയും കളിക്കുന്ന പിയെറോ ഇൻകാപ്പിയെ പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. 2021 ൽ അർജന്റീനൻ ക്ലബിൽ നിന്നു ടീമിൽ എത്തിയ താരം ജർമ്മൻ ക്ലബിനായി 165 മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ലെവർകുസനു ബുണ്ടസ് ലീഗ കിരീടം നേടി നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഇൻകാപ്പിയെ. അതേസമയം 25 കാരനായ ആഴ്‌സണലിന്റെ പോളണ്ട് പ്രതിരോധ താരം ജേക്കബ് കിവിയോർ പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയിൽ ചേരും. താരത്തെ ഈ സീസണിൽ ലോണിൽ ആണ് പോർട്ടോ സ്വന്തമാക്കുക. താരത്തെ അടുത്ത സീസണിൽ നിർബന്ധമായും 27 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കാനും ഇനി വിൽക്കുക ആണെങ്കിൽ ഒരു വിഹിതം ആഴ്‌സണലിന് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. പലപ്പോഴും ഗബ്രിയേലിന് പരിക്കേറ്റപ്പോൾ പകരക്കാരനായി വന്നു മികച്ച പ്രകടനം ആണ് കിവിയോർ നടത്തിയത്. 2022 സീസണിൽ ആഴ്‌സണലിൽ എത്തിയ താരം 68 മത്സരങ്ങളിൽ ആണ് ബൂട്ട് കെട്ടിയത്. തങ്ങളുടെ മറ്റൊരു പ്രതിരോധ താരം സിഞ്ചെങ്കോയെ ലോണിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയിലേക്ക് അയക്കാനും ആഴ്‌സണൽ ശ്രമങ്ങൾ തുടരുന്നുണ്ട്.

റയൽ മാഡ്രിഡ് താരം ഡാനി സെബയോസിന് ആയി മാഴ്സെ ശ്രമം

റയൽ മാഡ്രിഡിന്റെ 29 കാരനായ സ്പാനിഷ് മധ്യനിര താരം ഡാനി സെബയോസിന് ആയി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ ശ്രമം. കഴിഞ്ഞ മത്സര ശേഷം ഇത് തന്റെ അവസാന റയൽ മാഡ്രിഡ് മത്സരം ആവാം എന്ന സൂചന സാമൂഹിക മാധ്യമത്തിൽ നൽകിയ താരത്തിനെ ലോണിൽ എത്തിക്കാൻ ആണ് നിലവിൽ മാഴ്സെ ശ്രമിക്കുന്നത്. ടീമിൽ അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.

അടുത്ത സീസണിൽ താരത്തെ വാങ്ങാം എന്ന ഉറപ്പും ഈ ലോൺ വ്യവസ്ഥയിൽ ഉണ്ടാവും. എന്നാൽ നിലവിൽ കാര്യങ്ങൾ മാഴ്സെക്ക് അത്ര എളുപ്പമല്ലെങ്കിലും അവർ താരത്തിന് ആയി ശ്രമങ്ങൾ തുടരുകയാണ്. തന്റെ മുൻ ക്ലബ് ആയ റയൽ ബെറ്റിസിലേക്ക് മടങ്ങാൻ താരത്തിന് താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2017 ൽ ബെറ്റിസിൽ നിന്നു റയൽ മാഡ്രിഡിൽ എത്തിയ താരം 2 വർഷം ആഴ്സണലിൽ ലോണിലും കളിച്ചു. പലപ്പോഴും പരിക്കുകൾ വില്ലനായ കരിയറിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സെബയോസിന് ഉയരാൻ സാധിച്ചിരുന്നില്ല.

കോണർ ഗാല്ലഹറിനെ തിരിച്ചു ടീമിൽ എത്തിക്കാൻ ക്രിസ്റ്റൽ പാലസ് ശ്രമം

25 കാരനായ ഇംഗ്ലീഷ് മധ്യനിര താരം കോണർ ഗാല്ലഹറിനെ തിരിച്ചു ടീമിൽ എത്തിക്കാൻ ക്രിസ്റ്റൽ പാലസ് ശ്രമം. നിലവിൽ എസെ അടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടെങ്കിലും പകരക്കാരെ എത്തിക്കാൻ പാലസിന് ആയിട്ടില്ല. മുമ്പ് 2021-22 സീസണിൽ തങ്ങൾക്ക് ആയി ലോണിൽ കളിച്ച ഗാല്ലഹറിനെ അത്ലറ്റികോ മാഡ്രിഡിൽ നിന്നു ടീമിൽ എത്തിക്കാൻ ആണ് ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ പാലസ് ശ്രമം.

നിലവിൽ പാലസിലേക്ക് വരാൻ ഗാല്ലഹറിനും താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ താരത്തിന് ആയി വേറെയും ക്ലബുകൾ രംഗത്തുണ്ട് എന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ 25 കാരനായ താരത്തെ അത്ലറ്റികോ മാഡ്രിഡ് വിൽക്കാനുള്ള സാധ്യതയും കുറവാണ്. 2024 ൽ ഏതാണ്ട് 34 മില്യൺ പൗണ്ടിനു ആണ് ഗാല്ലഹറിനെ ചെൽസിയിൽ നിന്നു അത്ലറ്റികോ മാഡ്രിഡ് ടീമിൽ എത്തിച്ചത്.

Exit mobile version