ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല, അർജന്റീന ടീം അംഗങ്ങൾക്ക് ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാൻ മെസ്സി

ലോകകപ്പ് സന്തോഷം അവസാനിക്കുന്നില്ല. ലോകകപ്പ് നേടിയ അർജന്റീന ടീം അംഗങ്ങൾക്കും സ്റ്റാഫിനും ഗോൾഡൻ ഐ ഫോൺ സമ്മാനമായി നൽകാനൊരുങ്ങി സൂപ്പർ താരം ലയണൽ മെസ്സി. സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 24 കാരറ്റ് ഗോൾഡൺ ഐ ഫോണുകൾ മെസ്സിക്ക് വേണ്ടി പാരിസീൽ എത്തിക്കഴിഞ്ഞു. ലോകകപ്പ് നേടി ചരിത്രമെഴുതിയ അർജന്റീനയുടെ താരങ്ങൾക്കും സ്റ്റാഫിനും അടക്കം 35 ഐ ഫോണുകളാണ് തയ്യാറായിരിക്കുന്നത്. ഐ ഗോൾഡ് ഡിസൈൻ പാട്രിക്ക് ഗ്രൂപ്പുമായി സഹകരിച്ചാണ് ഫോണുകൾ ഉണ്ടാക്കിയത്.

 

താരങ്ങളുടെ പേരും നമ്പറും അർജന്റീന ദേശീയ ടീമിന്റെ ലോഗോയും ഉൾപ്പെടുന്നതാണ് ഈ സ്പെഷൽ ഐ ഫോൺ. ലോകകപ്പ് ജയത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ലയണൽ മെസ്സി, ഗോൾഡൺ ഐ ഫോണുകൾ ലോകകപ്പ് ജയം നേടിയ ടീമിനായി സമ്മാനിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് കോടിയോളം രൂപ മുടക്കിയാണ് മെസ്സി ഗോൾഡൻ ഐ ഫോണുകൾ സഹതാരങ്ങൾക്ക് നൽകുന്നത്. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2ന് പരാജയപ്പെടുത്തിയാണ് ഖത്തർ ലോകകപ്പ് അർജന്റീന ഉയർത്തിയത്‌.

പിറന്നാൾ ഗോളുമായി മുസിയല,യൂണിയൻ ബെർലിനെ തകർത്ത് ബയേൺ

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. മൂന്നാം സ്ഥാനക്കാരായ യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് തകർത്തത്. ചൗപോ മോട്ടിംഗും കിംഗ്സ്ലി കോമനും മുസിയാലയുമാണ് ബയേണിനായി ഗോളടിച്ചത്. തോമസ് മുള്ളർ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ കോമൻ ഒരു ഗോളും ഒരു അസിസ്റ്റും നൽകി. ഈ ജയത്തോട് കൂടി ഗോൾ ഡിഫ്രൻസ് കാരണം ഡോർട്ട്മുണ്ടിന് മുൻപിൽ, പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.

ജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ബയേൺ മ്യൂണിക്ക് യൂണിയൻ ബെർലിന് എതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് അടിച്ചു കൂട്ടിയത്‌. ആദ്യ ഗോൾ പിറന്നത് ചൗപോ മോട്ടിംഗിലൂടെയായിരുന്നു. കോമന്റെ ക്രോസ് ഹെഡ്ഡ് ചെയ്ത് എറിക് ജീൻ മാക്സും ചൗപോ മോട്ടിംഗ് ബയേണിന് ലീഡ് നൽകി. വൈകാതെ തന്നെ ബയേണിനായി 430ആം മത്സരത്തിനായി ബൂട്ടണിഞ്ഞ മുള്ളർ കോമന്റെ ഗോളിനും വഴിയൊരുക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ പിറന്നാൾ ആഘോഷിക്കുന്ന മുസിയലയുടെ ഗോളിനും മുള്ളർ അസിസ്റ്റ് നൽകി. 110 ദിവസങ്ങൾക്ക് ശേഷം സാഡിയോ മാനെ കളത്തിൽ തിരികെയെത്തിയതും ബയേണിന് ആശ്വാസമായി.
ഈ വർഷത്തെ യൂണിയൻ ബെർലിന്റെ ആദ്യ തോൽവി ആയിരുന്നു ഇന്നത്തേത്. ബുണ്ടസ് ലീഗയിൽ ഇതുവരെ ബയേൺ മ്യൂണിക്കിനോട് ജയിക്കാൻ യൂണിയൻ ബെർലിനായിട്ടില്ല.

ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ വീണ്ടും സമനിലക്കുരുക്കിൽ ബയേൺ മ്യൂണിക്ക്. ഇന്ന് ജർമ്മനിയിൽ ഓരോ ഗോൾ വീതമടിച്ചാണ് ബയേണും ഫ്രാങ്ക്ഫർട്ടും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. ബയേണിന് വേണ്ടി ലെറോയ് സാനെയും ഫ്രാങ്ക്ഫർട്ടിനായി കോളോ മുവാനിയും ഗോളടിച്ചു. ബയേണിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. ഇതിന് മുൻപ് കൊളോനിനെതിരെയും ലെപ്സിഗിനെതിരെയും ബയേൺ സമനില വഴങ്ങിയിരുന്നു.

കളിയുടെ തുടക്കം മുതൽ തന്നെ ബയേണിന് വേണ്ടി സാനെ ഫ്രാങ്ക്ഫർട്ടിന്റെ കെവിൻ ട്രാപ്പിനെ പരീക്ഷിച്ച് തുടങ്ങിയിരുന്നു. സാനെയും മുള്ളറും കിമ്മിഷും തുടർച്ചയായി ഫ്രാങ്ക്ഫർട്ട് ഗോൾമുഖത്തേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു. 34ആം മിനുട്ടിൽ സാനെയിലൂടെ ബയേൺ ആദ്യ ഗോൾ നേടി. മുള്ളറുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ സാനെ ഫ്രാങ്ക്ഫർട്ട് ഗോൾ വല കുലുക്കി. രണ്ടാം പകുതിയിൽ ഗോട്സെയുടെ വരവിലൂടെ ഫ്രാങ്ക്ഫർട്ട് കളിയിൽ തിരികെയെത്താൻ ശ്രമിച്ചു. കമാഡെയും ബോരെയും ഇറക്കി ഫ്രാങ്ക്ഫർട്ട് കളിയിലേക്ക് തീരികെ വരാൻ ശ്രമിക്കുകയും ഫലം കാണുകയും ചെയ്തു. കാമാഡയുടെ പന്ത് സോമറിനെ കാഴ്ച്ചക്കാരനാക്കി കോളോ മുവാനി ബയേണിന്റെ വലയിലേക്ക് അടിച്ച് കയറ്റി. 2023ൽ ഒരു ജയത്തിനായി ബയേണിന്റെ കാത്തിരിപ്പ് തുടരുകയാണ്.

ഡാനി ആൽവേസ് ഇന്ന് ബ്രസീലിന്റെ ക്യാപ്റ്റൻ ആകും

ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ഡാനി ആൽവേസിനെ കളത്തിൽ ഇറക്കും. ഡാനി ആൽവേസിന്റെ ഈ ലോകകപ്പിലെ ആദ്യ മത്സരം ആകും ഇത്. ഇന്ന് കളത്തിൽ ഇറങ്ങുന്നതോടെ 39കാരൻ ബ്രസീലിനായി ലോകകപ്പിൽ കളിക്കുന്ന പ്രായം കൂടിയ താരമായി മാറും. കാമറൂണെതിരെ ബ്രസീൽ ഇലവനിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.

ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനം ബ്രസീൽ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്‌. ഡാനി ആൽ വേസിന് ഇത് തന്റെ മൂന്നാം ലോകകപ്പ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം ബ്രസീൽ ജേഴ്സി ധരിക്കാൻ കഴിയുന്നു എന്നതിൽ എനിക്ക് വളരെ അഭിമാനമുണ്ട് എന്ന് ആൽവേസ് ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഞാൻ വർഷങ്ങളായി ബ്രസീലിയൻ ടീമിനൊപ്പമുണ്ട് എന്നും ഒരു ലോകകപ്പ് നേടിക്കൊണ്ട് കരിയർ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം എന്നും ആൽവേസ് പറഞ്ഞു.

ബാഴ്സലോണ വിടാൻ ഒരുങ്ങി സെർജിയോ ബുസ്കെറ്റ്സ്

സ്പാനിഷ് വെറ്ററൻ താരം സെർജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നു. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ബുസ്കെറ്റ്സ് 2023ൽ ബാഴ്സലോണ വിടും. എം.എൽ.എസിലേക്കാണ് ബുസ്കെറ്റ്സ് പോവുന്നതെന്നാണ് റിപ്പോർട്ടുകൾ. പരിശീലകൻ സാവിക്ക് ബുസ്കെറ്റ്സ് ബാഴ്സലോണയിൽ തുടരുന്നതാണ് താത്പര്യമെങ്കിലും പുതിയ കരാർ നൽകാൻ തീരുമാനമായിട്ടില്ല. ശമ്പള ബില്ല് കുറക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ബാഴ്സലോണ താരത്തിന്റെ മേജർ ലീഗ് സോക്കർ എൻട്രിക്ക് അനുമതി കൊടുക്കും. ഇന്റർ മിയാമിയാണ് താരത്തിനായി രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ.

എന്രിക്വെയുടെ സ്പാനിഷ് ലോകകപ്പ് സ്ക്വാഡിലെ വെറ്ററൻ സാന്നിധ്യമാണ് ബുസ്കെറ്റ്സ്. 34കാരനായ ബുസ്കെറ്റ്സ് സ്പാനിഷ് ദേശീയ ടീമിനോടൊപ്പം ലോകകപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് . ബാഴ്സലോണയുടെ അക്കാദമി താരമായ ബുസ്കെറ്റ്സ്, മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും എട്ട് ലാലീഗ കിരീടവും നേടിയിട്ടുണ്ട്.

വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി

ഐഎസ്എല്ലിൽ വമ്പൻ തിരിച്ച് വരവിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഒഡീഷ എഫ്സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ ഒഡീഷ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയുള്ള സെംബോയ് ഹാവോകിപിന്റെയും നോറെം സിംഗിന്റെ ഗോളുകൾക്ക് ഇരട്ട ഗോളുകൾ അടിച്ച് പെഡ്രോ മാർട്ടിനും ഓരോ ഗോൾ വീതമടിച്ച് ജെറിയും നന്ദകുമാറും മറുപടി നൽകി. രണ്ടാം പകുതിയിലെ വമ്പൻ തിരിച്ച് വരവാണ് ഒഡീഷ എഫ്സിക്ക് തുണയായത്.

കളിയുടെ തുടക്കത്തിൽ തന്നെ കൊൽക്കത്തൻ ക്ലബ്ബ് അക്രമിച്ചു തുടങ്ങി. വിപി സുഹൈറിന്റെ സഹായത്തോടെ ഹവോകിപ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടി. 35ആം മിനുട്ടിൽ വീണ്ടും സുഹൈറിന്റെ അസിസ്റ്റിൽ മറ്റൊരു ഈസ്റ്റ് ബംഗാൾ ഗോൾ പിറന്നു. ഇത്തവണ നോറെം സിംഗായിരുന്നു ഒഡീഷയുടെ വലകുലുക്കിയത്. രണ്ടാം പകുതിയിൽ ഒഡീഷ കോച്ച് ജോസെപ് ഗോമ്പവിന്റെ മാസ്റ്റർ ക്ലാസ് പിറന്നു. പെഡ്രോ മാർട്ടിൻ രണ്ടാം പകുതിയിൽ അവതരിച്ചപ്പോൾ ജയം ഒഡീഷക്ക് ഒപ്പമായി. രണ്ട് ഗോളടിച്ച് മാർട്ടിൻ ഒഡീഷക്ക് സമനില പിടിച്ചു നൽകി. രണ്ടാം പകുതിയിൽ ഇറങ്ങിയ മറ്റൊരു താരം ജെറി ഒഡീഷക്ക് ലീഡും നൽകി. വൈകാതെ നന്ദകുമാർ ശേഖറിലൂടെ ലീഡുയർത്തുകയും 2-4ന്റെ ജയം സ്വന്തമാക്കുകയും ചെയ്തു ഒഡീഷ എഫ്സി.

ബെംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയെ മുംബൈ സിറ്റി എഫ്സി തകർത്തത്. മുംബൈ സിറ്റിക്ക് വേണ്ടി പെരേര ഡിയാസും അപുയയും ബിപിൻ സിംഗും ചാങ്ങ്തേയുമാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി ഐഎസ്എൽ പോയന്റ് നിലയിൽ ഹൈദരാബാദ് എഫ്സിക്ക് ഒരു പോയന്റ് പിന്നിലായി രണ്ടാമതാണ് മുംബൈ സിറ്റി എഫ്സിയുടെ സ്ഥാനം.

ഇരു ടീമുകളും കളി പതുക്കെ തുടങ്ങിയെങ്കിലും 14ആം മിനുട്ടിൽ അലൻ കോസ്റ്റയിൽ നിന്നും പന്ത് കൈക്കലാക്കിയ പെരേര ഡിയാസ് ഗുർപ്രീത് സിംഗിനെ മറികടന്ന് ബെംഗളൂരുവിന്റെ വലയിലേക്ക് നിറയൊഴിച്ചു. 32ആം മിനുട്ടിൽ അപുയയിലുടെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി രണ്ട് ഗോളുമായി മുംബൈ സിറ്റി ലീഡവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ബിപിൻ സിംഗിന്റെയും ചാങ്ങ്തെയുടേയും ഗോളുകളും വന്നു. കരുത്തരായ മുംബൈ സിറ്റിക്ക് മുൻപിൽ ബെംഗളൂരു തകർന്നടിയുന്ന കാഴ്ച്ചയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇന്ന് കണ്ടത്.

ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ !

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിൽ ഈസ്റ്റ് ബംഗാൾ വിജയക്കൊടിപാറിച്ചത്. ക്ലെയ്റ്റൺ സിൽവയാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്. ഹോം ഗ്രൗണ്ടിലെ കാണികൾക്ക് മുന്നിൽ നിരാശജനകമായ പ്രകടനമാണ് ബെംഗളൂരു എഫ്സി കാഴ്ച്ചവെച്ചത്. ഇത് മൂന്നാം കളിയിലാണ് ബെംഗളൂരു എഫ്സിക്ക് ഒരു ഗോൾ പോലും നേടാൻ സാധിക്കാതെ ഇരിക്കുന്നത്.

ജയത്തോടെ ഈസ്റ്റ് ബംഗാൾ എട്ടാമതും ബെംഗളൂരു എഫ്സി പോയന്റ് നിലയിൽ ഒൻപതാം സ്ഥാനത്തുമാണുള്ളത്. കളിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ചു കളിച്ചു. തുടക്കത്തിൽ തന്നെ ജെറിയും ക്ലെയ്ടണും ബെംഗളൂരു പ്രതിരോധത്തിന് തലവേദനയായി. ഈസ്റ്റ് ബംഗാൾ നായകൻ ഫൗള് ചെയ്യപ്പെട്ടപ്പോൾ കൊൽക്കത്തൻ ടീം പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല. ബെംഗളൂരു നിരയിൽ റോയ് കൃഷ്ണക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഒടുവിൽ മുൻ ബെംഗളൂരു താരം കൂടിയായ ക്ലെയ്റ്റൺ സിൽവ കളിയിലെ ഏക ഗോൾ നേടി. മഹേഷ് സിംഗാണ് ഗോളിന് വഴിയൊരുക്കിയത്.

നോർത്ത് ഈസ്റ്റിനെ നിലംപരിശാക്കി എടികെ മോഹൻബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയവുമായി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മോഹൻബഗാന് വേണ്ടി ലിസ്റ്റണും സുഭാശിഷ് ബോസും ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി അരോൺ ഇവാൻസ് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ഗോൾ നേടി. ഇന്ത്യൻ സൂപ്പർ ലീഗിൽ 50മത്സരത്തിൽ ജയം നേടാൻ മറൈനേഴ്സിനായി.

കളിയുടെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനായി. വൈകാതെ ബഗാൻ ഗോൾ വലകുലുക്കിയെങ്കിലും ദിമിട്രി പെട്രാറ്റോസ് ഓഫ് സൈടായിരുന്നു. പിന്നീട് 35ആം മിനുട്ടിലാണ് ലിസ്റ്റണിന്റെ ഗോൾ പിറക്കുന്നത്. രണ്ടാം പകുതി അവസാനിക്കാനിരിക്കെ ഒരു ഡൈവിംഗ് ഹെഡ്ഡറുമായി ആരോൺ എവാൻസ് ഗോളടിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് വിലയേറിയ ഒരു പോയന്റ് സ്വന്തമാക്കി എന്ന് കരുതിയിരിക്കെയാണ് ശുഭാഷിഷ് ബോസിന്റെ വെടിക്കെട്ട് ഹെഡ്ഡർ പിറക്കുന്നത്. ഈ ജയം എടികെ മോഹൻ ബഗാനെ 10പോയന്റുമായി ഐഎസ്എൽ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു.

ജെംഷദ്പൂരിലും വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഹൈദരാബാദ് എഫ്സി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ജെംഷദ്പൂരിനെ വീഴ്ത്താൻ ഹൈദരാബാദിനായി. മുഹമ്മദ് യാസിറിന്റെ ഗോളാണ് ഹൈദരാബാദ് എഫ്സിക്ക് ജയം നേടിക്കൊടുത്തത്. ഈ ജയത്തോട് കൂടി ഐഎസ്എല്ലിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഹൈദരാബാദ് എഫ്സി.

അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രം നേടിയ ജെംഷദ്പൂർ എഫ്സി ഒൻപതാം സ്ഥാനത്താണ്. അഞ്ച് ജയങ്ങളും അഞ്ച് ക്ലീൻ ഷീറ്റുമായി തകർപ്പൻ ഫോമിലാണ് ഹൈദരാബാദ് എഫ്സി. കളിയുടെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും കളിയുടെ 48ആം മിനുട്ടിൽ യാസിറിലൂടെ ഹൈദരാബാദ് എഫ്സി ലീഡ് നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമ്മിപ്പിക്കുന്ന സെലിബ്രേഷനുമായി യാസിർ കളിക്കളത്തിൽ നിറഞ്ഞു നിന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സുമായാണ് ഹൈദരാബാദ് എഫ്സിയുടെ മത്സരം.

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലയണല്‍ മെസ്സി !

ഇന്ത്യൻ എഡ്യുകേഷൻ ബ്രാൻഡായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പർ താരം ലയണല്‍ മെസ്സി. ബൈജൂസിന്റെ സോഷ്യൽ ഇനീഷ്യേറ്റീവായ “എഡ്യുകേഷൻ ഫോർ ഓൾ” ന്റെ ഗ്ലോബൽ അംബാസഡർ ആണ് ലയണൽ മെസ്സി.

ഖത്തറിലെ ലോകകപ്പിന് മുന്നോടിയായി ഈ പ്രഖ്യാപനം നടത്തി ബൈജൂസ് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഖത്തർ ലോകകപ്പിന്റെ സ്പോൺസർമാരിലും ബൈജൂസ് ഉണ്ട്. ബൈജൂസ് പ്രതിസന്ധിയിൽ ആണെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് മെസ്സിയെ ബ്രാൻഡ് അംബാസഡർ ആക്കി പുതിയ നീക്കം.

ഗോവ മൂന്നടിച്ചു, ജെംഷദ്പൂർ വിറച്ചു !

ഐഎസ്എല്ലിൽ വമ്പൻ ജയവുമായി എഫ്സി ഗോവ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എഫ്സി ഗോവ ജെംഷദ്പൂരിനെ പരാജയപ്പെടുത്തിയത്. എഫ്സി ഗോവക്ക് വേണ്ടി ഐകർ ഗൊയ്ചരേന, നോഹ സദോയി, ബ്രൈസൺ ഫെർണാണ്ടസ് എന്നിവരാണ് എഫ്സി ഗോവക്ക് വേണ്ടി ഗോളടിച്ചത്. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താൻ എഫ്സി ഗോവക്കായി.

കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ഗോളടിച്ച് ഫട്രോഡയിലെ തങ്ങളുടെ ആധിപത്യം വിളിച്ചോതി എഫ്സി ഗോവ. പത്ത് മിനുട്ടുകൾക്ക് ശേഷം വീണ്ടും ഗോവ ഗോളടിച്ചു. പന്ത്രണ്ടാം മിനുട്ടിൽ നോവ സദോയിലൂടെ ഗോവ വീണ്ടും സ്കോർ ചെയ്തു. പിന്നീട് ജെംഷദ്പൂരിനെ മെരുക്കുന്ന ഗോവൻ പ്രകടമായിരുന്നു കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനവുമായി ജെംഷദ്പൂർ കളത്തിലിറങ്ങി. എങ്കിലും ഇഞ്ചുറി ടൈമിൽ ഹോം ഗ്രൗണ്ടിലെ ആരാധകരെ ആവേശത്തിലാക്കി ബ്രൈസൺ ലീഡ് മൂന്നാക്കി ഉയർത്തി. നിലവിൽ ഗോവ ലീഗിലെ പോയന്റ് നിലയിൽ രണ്ടാമതും ജെംഷദ്പൂർ എട്ടാമതുമാണ്.

 

Exit mobile version