പ്രിമിയർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ന്യൂകാസിലിനെതിരെ വമ്പൻ ജയവുമായി എവർടൺ. ഗുഡിസൻ പാർക്കിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ജയം കണ്ടെത്. എഫ്എഫ്പിയിലെ വീഴ്ച്ച കാരണം പോയിന്റ് നഷ്ടമായ എവർടനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ് ഈ ഫലം. ഇതോടെ റെലെഗെഷൻ സോണിൽ നിന്നും പുറത്തു കടക്കാനും അവർക്കായി. മാക്നീൽ, ഡോകൊറെ, ബെറ്റോ എന്നിവർ മത്സരത്തിൽ വല കുലുക്കി. ഇതോടെ ന്യൂകാസിൽ ഏഴാമത് തുടരുമ്പോൾ എവർടൻ പതിനേഴാം സ്ഥാനത്താണ്.
തുടക്കത്തിൽ ആൽമിറോണിന്റെ ശ്രമം പിക്ഫോർഡ് കൈക്കലാകിയപ്പോൾ കാൽവെർട് ലൂയിന്റെ ഹെഡർ ശ്രമം മറുവശത്തും കീപ്പർ തടഞ്ഞു. എവർടണ് വീണ്ടും മികച്ച പല അവസരങ്ങളും ഗോളാക്കി മാറ്റാൻ സാധിക്കാതെ കടന്ന് പോയി. രണ്ടാം പകുതിയിലാണ് ഗോളുകൾ എല്ലാം പിറന്നത്. 79 മിനിറ്റിൽ ട്രിപ്പിയറിൽ നിന്നും റാഞ്ചിയെടുത്ത ബോളുമായി കുതിച്ച മക്നീൽ തകർപ്പൻ ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. രണ്ടാം ഗോളിലും ട്രിപ്പിയറുടെ പിഴവ് നിർണായകമായി. ബോൾ നേടിയെടുത്ത ഹാരിസൻ ബോക്സിലേക്ക് നൽകിയ പാസ് ഡോകോരെ വലയിലേക്ക് തിരിച്ചു വിട്ടു. 86ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ബെറ്റോ പട്ടിക പൂർത്തിയാക്കി. വലത് വിങ്ങിൽ ബോളുമായി കുതിച്ച താരം ബോക്സിലേക്ക് കയറി തടയാൻ എത്തിയ പ്രതിരോധ താരങ്ങൾക്കും കീപ്പർക്കും ഇടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
Author: Nihal Basheer
വിജയവുമായി വെസ്റ്റ്ഹാം; അഞ്ചാം മത്സരത്തിലും ജയം കാണാതെ ടോട്ടനം
തകർപ്പൻ ഫോമിൽ സീസൺ ആരംഭിച്ച ടോട്ടനത്തിന്റെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം കാണാതെ പോയപ്പോൾ വെസ്റ്റ്ഹാക്കിനെതിരെ തോൽവി വഴങ്ങുകയായിരുന്നു പോസ്റ്റകോഗ്ലുവിന്റെ ടീം. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് വെസ്റ്റ്ഹാം നേടിയത്. ബോവൻ, വാഡ്-പ്രൗസ് എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കി. ക്രിസ്റ്റ്യൻ റൊമേറോ ടോട്ടനത്തിന്റെ ഗോൾ കണ്ടെത്തി. ഇതോടെ ടോട്ടനം അഞ്ചാമതും വെസ്റ്റ്ഹാം ഒൻപതാമതും തുടരുകയാണ് പോയിന്റ് പട്ടികയിൽ.
തുടക്കത്തിൽ തന്നെ കുലുസെവ്സ്കിയിലൂടെ ടോട്ടനം ഗോളിന് അടുത്തെത്തിയെങ്കിലും കീപ്പറുടെ കരങ്ങൾ വെസ്റ്റ്ഹാമിനെ കാത്തു. പതിനൊന്നാം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് റൊമേറോ ടോട്ടനത്തെ മുന്നിൽ എത്തിച്ചു. 52ആം മിനിറ്റിൽ ബോവനിലൂടെ വെസ്റ്റ്ഹാം സമനില ഗോൾ കണ്ടെത്തി. കുദുസിന്റെ ഷോട്ടിന് ടോട്ടനം പ്രതിരോധം തടയിട്ടപ്പോൾ ബോക്സിനുള്ളിൽ വീണ് കിട്ടിയ അവസരം താരം മുതലെടുക്കുകയായിരുന്നു. പിന്നീട് റിച്ചാർലിസന്റെ ഹെഡർ ശ്രമം പോസ്റ്റിനിരുമി കടന്ന് പോയി. 74ആം മിനിറ്റിൽ ഉഡോഗിയിടെ പിഴവിൽ നിന്നും വെസ്റ്റ്ഹാം വിജയ് ഗോളും നേടി. കീപ്പർക്ക് പന്ത് നൽകാനുള്ള താരത്തിന്റെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. വാർഡ്-പ്രൗസ് ആണ് വല കുലുക്കിയത്.
ഐഎസ്എൽ; പോയിന്റ് പങ്കു വെച്ച് ചെന്നൈയിനും ജംഷദ്പൂരും
ഐഎസ്എൽ ഇന്ന നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു ജംഷദ്പൂരും ചെന്നൈയിനും. ജംഷഡദ്പൂരിന്റെ തട്ടകത്തിൽ രണ്ട് ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. ചെന്നൈയിന് വേണ്ടി ഫാറൂഖ് ചൗധരി, നിന്ദോയ് എന്നിവർ വല കുലുക്കിയപ്പോൾ, ജംഷദ്പൂരിന്റെ ഗോളുകൾ ലാൽദിൻപ്വിയ, ഡാനിയൽ ചീമ ചുക്വു എന്നിവർ കുറിച്ചു. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈയിൻ ഏഴാമതും ജംഷദ്പൂർ പത്താമതും ആണ്.
ഒൻപതാം മിനിറ്റിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ ലീഡ് എടുത്തു. പോസ്റ്റിന് മുന്നിലേക്കായി ക്രിവലാറോ നൽകിയ ഒന്നാന്തരമൊരു കോർണർ വലയിൽ എത്തിച്ച് ഫാറൂഖ് ചൗധരിയാണ് വല കുലുക്കിയത്. 20 ആം മിനിറ്റിൽ ലീഡ് ഉയർത്താനുള്ള മികച്ച അവസരം സന്ദർശർക്ക് ലഭിച്ചെങ്കിലും ആയുഷിന് പന്ത് നിയന്ത്രിക്കാൻ സാധിക്കാതെ വന്നത് വിനയായി. ലാൽദിൻപുയയുടെ ക്രോസ് കൈക്കലാക്കി ചെന്നൈയിൻ കീപ്പർ മജൂംദാർ അവസരത്തിനൊത്തുയർന്നു. നാൽപതാം മിനിറ്റിൽ ചെന്നൈയിൻ ലീഡ് ഇരട്ടിയാക്കി. മൈതാന മധ്യത്തിൽ ലഭിച്ച ഫ്രീകിക്ക് ജോർദാൻ മാറെ ഉടനടി വലത് വിങ്ങിൽ നിന്ദോയ്ക്ക് മറിച്ചു നൽകിയപ്പോൾ എതിർ പ്രതിരോധത്തിന്റെ അശ്രദ്ധ മുതലെടുത്തു കുതിച്ച താരം കീപ്പറേയും വെടിയൊഴിഞ്ഞു വല കുലുക്കി. ഇഞ്ചുറി ടൈമിൽ ഒരു ഗോൾ മടക്കാൻ ജംഷദ്പൂരിനായി. കോർണറിൽ നിന്നെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെന്നൈയിന് പിഴച്ചപ്പോൾ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡറിലൂടെ ലാൽദിൻപ്വിയ വലയിലേക്ക് തിരിച്ചു വിട്ടു.
അറുപതാം മിനിറ്റിൽ ബോളുമായി ഒറ്റക്ക് കുതിച്ച് ജോർദൻ മാറെ തൊടുത്ത ഷോട്ട് രഹനേഷ് തടഞ്ഞു. മറു വശത്ത് സമനില ഗോളിനായുള്ള ജംഷദ്പൂരിന്റെ പല ശ്രമങ്ങൾ ഫലം കാണാതെ പോയി. എൻഡുങേലിന്റെ ഷോട്ട് തടഞ്ഞു മജൂംദാർ ചെന്നൈയിന്റെ ലീഡ് കാത്തു. ഒടുവിൽ 90ആം മിനിറ്റിൽ ഡാനിയൽ ചീമയുടെ ഗോളിലൂടെ ജംഷദ്പൂർ കാത്തിരുന്ന സമനില ഗോൾ നേടി. പകരക്കാരനായി എത്തിയ താരത്തിന്റെ നീക്കങ്ങൾ ആണ് രണ്ടാം പകുതിയിൽ ജംഷദ്പൂരിന് ഉണർവ് നൽകിയത്. വലത് വിങ്ങിൽ നിന്നും ബർല ഉയർത്തി നൽകിയ പന്ത് താരം ഹെഡറിലൂടെയാണ് വലയിൽ എത്തിച്ചത്.
ബ്രസീലിയൻ സീരി എ; പാൽമിറാസ് കിരീടം നിലനിർത്തി, ചരിത്രത്തിൽ ആദ്യമായി റെലെഗെഷനിൽ സാന്റോസ്
ബ്രസീലിയൻ ആഭ്യന്തര ലീഗ് സീരി എ അവസാനിക്കുമ്പോൾ വീണ്ടും ചാമ്പ്യന്മാന്മാരായി പാൽമിറാസ്. ടൂർണമെന്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള ടീമായ പാൽമിറാസ് ഇത് 12ആം തവണയാണ് കിരീടം ഉയർത്തുന്നത്. അവസാന മത്സരം ജയിച്ച ഗ്രെമിയോ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അത്ലറ്റികോ മിനെറോ, ഫ്ലെമേംഗോ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
മുപ്പത് മാച്ച് വീക്കുകളോളം ലീഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച ബോട്ടാഫോഗോയുടെ വീഴ്ചയാണ് ആരാധകരെ ഞെട്ടിച്ചത്. അവസാന 11 മത്സരങ്ങളോളം അവർക്ക് ജയം നേടാൻ സാധിച്ചില്ല. ഇതോടെ ആദ്യ മൂന്നിൽ എത്താൻ പോലും അവർക്ക് സാധിച്ചില്ല. അത്ലറ്റികോ മിനെറോ താരം പൗളിഞ്ഞോ ടോപ്പ് സ്‌കോറർ ആയപ്പോൾ ഗ്രെമിയോ താരം ലൂയിസ് സുവാരസ് രണ്ടാം സ്ഥാനത്ത് എത്തി. താരം അടുത്ത സീസണിൽ എംഎൽഎസിൽ പന്തു തട്ടും എന്നാണ് സൂചന.
അതേ സമയം പെലെ മുതൽ നെയ്മർ വരെ പന്തു തട്ടിയ സാന്റോസ് റെലെഗെഷൻ നേരിട്ടു. ക്ലബ്ബിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടീം തരം താഴ്ത്തൽ നേരിടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ഫോർറ്റലെസയോട് 2-1 ന് തോൽവി നേരിടുകയായിരുന്നു അവർ.
വിജയത്തോടെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ
പ്രിമിയർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വിജയവുമായി ലിവർപൂൾ. വിർജിൽ വാൻ ഡൈക്ക്, സോബോസ്ലായി എന്നിവർ ഗോൾ കണ്ടെത്തിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഷെഫീൽഡ് യുണൈറ്റഡിനെതിരെ ക്ലോപ്പിന്റെയും സംഘത്തിന്റെയും വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലുമായി രണ്ടു പോയിന്റ് മാത്രമാണ് വ്യത്യാസം ഉള്ളത്.
തോൽവി അറിയാതെ എട്ടാം മത്സരമാണ് ലിവർപൂൾ ഇന്ന് പൂർത്തിയാക്കിയത്. 77ആ ശതമാനം പന്ത് കൈവശം വെച്ച് സന്ദർശകർ മേൽകൈ നേടിയപ്പോൾ ഷെഫീൽഡ് യുനൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ലക്ഷ്യത്തിന് നേരെ ഒരേയൊരു ഷോട്ട് ആണ് അവർ ഉതിർത്തത്. 12ആം മിനിറ്റിൽ ഒരു കൗണ്ടർ നീക്കത്തിലൂടെ ബോക്സിനുള്ളിൽ നിന്നും മാക് അറ്റിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും കീപ്പർ രക്ഷകനായി. കൊനാറ്റെടെ ഹെഡർ ശ്രമം കീപ്പർ തടഞ്ഞു. 36ആം മിനിറ്റിൽ വാൻ ഡൈക്ക് സീസണിലെ തന്റെ ആദ്യ ഗോൾ നേടി. കോർണറിൽ നിന്നും എത്തിയ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന താരം വലയിലേക്ക് തിരിച്ചു വിട്ടു. താരത്തിന്റെ മറ്റൊരു ഹെഡർ ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
54ആം മിനിറ്റിൽ കോർണറിൽ നിന്നും ലഭിച്ച അവസരത്തിൽ സലയുടെ കരുത്തുറ്റ ഷോട്ട് കീപ്പർ തട്ടിയകറ്റി. ന്യൂനസിന്റെ ഷോട്ട് കീപ്പർ തടുത്തു. മത്സരം ഇഞ്ചുറി സമയത്തിലേക്ക് കടന്നപ്പോൾ ലിവർപൂളിന് ലീഡ് ഉയർത്താൻ സാധിച്ചു. വലത് വിങ്ങിൽ നിന്നും ബോക്സിൽ ഒഴിഞ്ഞു നിന്ന സോബോസ്ലായിയിലേക്ക് ഡാർവിൻ ന്യൂനസ് പന്തെത്തിച്ചപ്പോൾ താരം അനായാസം കീപ്പറേ മറികടന്ന് വല കുലുക്കുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം; ചെൽസിക്കെതിരെ ഇരട്ട ഗോളുമായി മക്ടോമിനെ
ഓൾഡ് ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസിയെ വീഴ്ത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്കോട് മക്ടോമിനെ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ചെൽസിക്ക് വേണ്ടി കോൾ പാമർ ആണ് ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചെൽസി പത്താമത് തുടരുകയാണ്.
യുനൈറ്റഡിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ബ്രൂണോയുടെ ലോങ് റേഞ്ച് ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഹോയ്ലണ്ടിന്റെ ഷോട്ട് കീപ്പർ തടഞ്ഞു. പിന്നീട് ആന്റണിയെ എൻസോ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ബ്രൂണോയുടെ ഷോട്ട് കൃത്യമായി തടഞ്ഞു കൊണ്ട് സാഞ്ചസ് ചെൽസിയുടെ രക്ഷകനായി. പിറകെ ഗർനാച്ചോയുടെ റീബൗണ്ടും ലക്ഷ്യം കണ്ടില്ല. നിരവധി അവസരങ്ങൾ പിറന്ന ശേഷം 19ആം മിനിറ്റിൽ മക്ടോമിനെ ഗോൾ വല കുലുക്കി. മാഗ്വയറിന്റെ ഷോട്ട് കുക്കുറെയ്യ ബ്ലോക് ചെയ്തപ്പോൾ അവസരം കാത്തിരുന്ന സ്‌കോട്ടിഷ് താരം പന്ത് കൃത്യമായി വലയിൽ എത്തിച്ചു. 45ആം മിനിറ്റിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞു പാമർ തൊടുത്ത ഷോട്ടിലൂടെ ചെൽസി സമനില ഗോൾ കണ്ടെത്തി. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലും യുണൈറ്റഡിന് തന്നെ ആയിരുന്നു മുൻതൂക്കം. 69ആം മിനിറ്റിൽ ഗർണാച്ചോ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിൽ എത്തിച്ച മക്ടോമിനെ വീണ്ടും യുനൈറ്റഡിന്റെ ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് റെഗുലിയോണിന്റെ പാസിൽ ഗർണാച്ചോയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. മികച്ച പ്രകടനത്തിനൊടുവിൽ മൂന്ന് പോയിന്റും പോക്കറ്റിൽ ആക്കാൻ യുണൈറ്റഡിന് സാധിച്ചു.
സിറ്റിയെ വീഴ്ത്തി ആസ്റ്റൻ വില്ല; പെപ്പിന് വിജയ വഴി ഇനിയും അകലെ
പ്രീമിയർ ലീഗിൽ ഫോം തുടരുന്ന ആസ്റ്റൻ വില്ലക്ക് മുന്നിൽ തോൽവി പിണഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സിറ്റക്കെതിരെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഏക ഗോളിന്റെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ആസ്റ്റൻ വില്ല. ബെയ്ലി ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. ഇതോടെ സിറ്റി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണപ്പോൾ വില്ല മൂന്നാം സ്ഥാനത്തേക്ക് കയറി.
കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം തുടർന്നാൽ കിരീട പോരാട്ടത്തിൽ തങ്ങൾ ഉണ്ടാവുമെന്ന് മത്സരത്തിന് മുന്നോടിയായി പറഞ്ഞിരുന്ന പെപ്പിന് പക്ഷെ ഇന്ന് തോൽവി ആയിരുന്നു നേരിടേണ്ടി വന്നത്. ചെൽസി, ലിവർപൂൾ, ടോട്ടനം എന്നിവർക്കെതിരായ സമനിലക്ക് ശേഷം എത്തിയ ലീഗ് ചാംപ്യന്മാർക്ക് ഇതോടെ തുടർച്ചയായ നാലാം മത്സരമാണ് ജയമില്ലാതെ കടന്ന് പോകുന്നത്. ഒന്നാം സ്ഥാനക്കാരുമായി ആറു പോയിന്റ് വ്യത്യാസത്തിൽ ആണ് സിറ്റി ഇപ്പോൾ.
ആറാം മിനിൽ തന്നെ വലത് വിങ്ങിലൂടെ മുന്നേറി ബെയിലി തൊടുത്ത ഷോട്ട് എഡെഴ്സൻ തടഞ്ഞിട്ടു. പിറകെ പാവു ടോറസിന്റെ ശ്രമവും തടഞ്ഞു കീപ്പർ സിറ്റിയെ രക്ഷിച്ചു. ഹാലണ്ടിന്റെ ഷോട്ട് തടഞ്ഞു മാർട്ടിനസ് മറു വശത്തും മികച്ച പ്രകടനം നടത്തി. ബോക്സിന് പുറത്തു നിന്നും ബെയ്ലിയുടെ ലോങ് റേഞ്ചറും കീപ്പർ തട്ടിയകറ്റി. രണ്ടാം പകുതിയിൽ മക്ഗിന്നിന്റെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. ഒടുവിൽ 74ആം മിനിറ്റിൽ ബെയ്ലി വില്ലയെ മുന്നിൽ എത്തിച്ചു. വലത് വിങ്ങിൽ മൈതാന മധ്യത്തിന് അടുത്തു നിന്നായി പന്തുമായി കുതിച്ച താരം ബോക്സിന് തൊട്ടു പുറത്തു വെച്ചു തൊടുത്ത ഷോട്ട് റൂബൻ ഡിയാസിന്റെ കാലുകളിൽ തട്ടി വലിയൊരു ഡിഫ്‌ലക്ഷനോടെ പോസ്റ്റിലേക്ക് പതിച്ചപ്പോൾ എഡെഴ്സനും നിസ്സഹായനായി. പിന്നീടും വില്ലക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. മറു വശത്ത് സിറ്റി മുന്നേറ്റങ്ങക്ക് വില്ല പ്രതിരോധം ഫലപ്രദമായി തടയിട്ടപ്പോൾ ഉനയ് ഉമരിയും സംഘവും ആർഹിച്ച വിജയം കരസ്ഥമാക്കി. വെറും രണ്ടു ഷോട്ടുകൾ മാത്രമാണ് സിറ്റിയിൽ നിന്നും ലക്ഷ്യത്തിന് വേറെ വന്നത് എന്നത് തന്നെ വില്ലയുടെ മികച്ച പ്രകടനത്തിന് അടിവരയിടുന്നു.
ഇഞ്ചുറി ടൈമിൽ ഗോളുമായി സാദിഖു; ഒഡീഷക്കെതിരെ തോൽവി ഒഴിവാക്കി മോഹൻ ബഗാൻ
ഐഎഎസ്എൽ സീസണിലെ ആദ്യ തോൽവിയെ കൺമുന്നിൽ കണ്ട മോഹൻ ബഗാൻ, ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ ഒഡീഷയുമായി സമനിലയിൽ പിരിഞ്ഞു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സാദിഖു നേടിയ ഗോളോടെ ഒഡീഷയുമായി രണ്ടേ രണ്ട് എന്ന സ്‌കോർ നിലയിൽ പിരിയുകയായിരുന്നു മോഹൻ ബഗാൻ. സാദിഖു ഇരട്ട ഗോളുകൾ നേടിയപ്പൊൾ അഹ്മദ് ജാഹു ആണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. പോയിന്റ് പട്ടികയിൽ ബഗാൻ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒഡീഷ നാലാം സ്ഥാനത്താണ്.
സുഭാസിഷിന്റെ ഹാന്റ്ബോളിൽ ലഭിച്ച പെനാൽറ്റിയുമായി 31ആം മിനിറ്റിൽ അഹ്മദ് ജാഹു ഒഡീഷയെ മുന്നിൽ എത്തിച്ചു. ഇഞ്ചുറി ടൈമിൽ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡീഗോ മൗറിസിയോ നൽകിയ പാസ് വലയിൽ എത്തിച്ച് അഹ്മദ് ജാഹു തന്റെയും ടീമിന്റെയും ഗോൾ നേട്ടം ഇരട്ടിയാക്കി. 58ആം മിനിറ്റിൽ തകർപ്പൻ ഒരു ഗോളിലൂടെ ബഗാൻ ഒരു ഗോൾ മടക്കി. ചിപ്പ് ചെയ്ത് ബോക്സിലേക്ക് ലഭിച്ച പന്ത് പോസ്റ്റിന് മുന്നിലേക്ക് കണക്കാക്കി കിയാൻ നസീരി നൽകിയപ്പോൾ ഓടിയെത്തിയ ആർമാന്റോ സാദിഖു ഗോൾ വല കുലുക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഒഡീഷ ശ്രമങ്ങളെ അത്ഭുതകരമായി തടഞ്ഞ് വിശാൽ ഖേയ്ത് ബഗാനെ മത്സരത്തിൽ പിടിച്ചു നിർത്തി. താരത്തിന്റെ ഒരു സേവ് പോസ്റ്റിലും ഇടിച്ചാണ് വഴി മാറിയത്. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ നിർണായക സമനില ഗോൾ പിറന്നു. പിൻനിരയിൽ നിന്നും ഉയർന്ന് വന്ന പന്ത് ഹെക്ടർ ഒരു ഹെഡറിലൂടെ ബോക്സിലേക്ക് മറിച്ചു നൽകിയപ്പോൾ കൃത്യമായി ഓടിക്കയറിയ സാദിഖു കീപ്പറെ മറികടന്ന് ഗോൾ കണ്ടെത്തി. ഇതോടെ സ്വന്തം തട്ടകത്തിൽ ബഗാൻ തോൽവി ഒഴിവാക്കുകയും ചെയ്തു.
മിന്നുന്ന പ്രകടനം തുണയായി: ബ്രയാൻ സരഗോസയെ റാഞ്ചി ബയേൺ
ഗ്രാനഡയുടെ അതിവേഗ മുന്നേറ്റ താരം ബ്രയാൻ സരഗോസയെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 15 മില്യൺ യൂറോ ആണ് ജർമൻ ചാമ്പ്യന്മാർ മുടക്കുന്നത് എന്ന് മർക്കോസ് ബെനിറ്റോ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോറിയൻ പ്ലെറ്റെൻബർഗ്, ഫാബ്രിസിയോ റൊമാനൊ തുടങ്ങിയവരും ട്രാൻസ്ഫർ ന്യൂസ് ശരി വെച്ചിട്ടുണ്ട്. ഇതോടെ അപ്രതീക്ഷിതമായ ഒരു താര കൈമാറ്റത്തിനാണ് ബയേൺ ചരട് വലിച്ചിരിക്കുന്നത്.
22 രണ്ടുകാരനായ വിങ്ങർ അതി ഗംഭീരമായ സീസണിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഗ്രാനഡ ബി ടീമിലൂടെ എത്തിയ താരം 2021 മുതൽ സീനിയർ ടീം ജേഴ്‌സി അണിയുന്നുണ്ട്. ഇത്തവണ ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ നേടിയ ഗോളുകൾ സരഗോസയിലേക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ആകർഷിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വേഗതയും ഡ്രിബ്ലിങ് പാടവവും പുറത്തെടുത്ത് നേടിയ ഗോളുകൾ ടീമിന് തുടക്കത്തിൽ ബാഴ്‌സക്കെതിരെ ലീഡ് എടുക്കാനും സഹായിച്ചു. ഒരു പക്ഷെ സീസണോടെ താരത്തിന്റെ റിലീസ് ക്ലോസും മാർക്കറ്റ് വാല്യൂവും കുത്തനെ കൂടുന്നത് കണക്ക് കൂട്ടി ആവും ബയേൺ നേരത്തെ ഈ ട്രാൻസ്ഫറിനായി ഇറങ്ങി തിരിച്ചത്. താരം ആദ്യ ഘട്ട മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതായാണ് വിവരം. 2028വരെയുള്ള കരാറിൽ ആണ് താരം ഒപ്പിടുന്നത്. എന്നാൽ സീസണിൽ തുടർന്നും ലോണിൽ ഗ്രാനഡയിൽ തന്നെ സരഗോസ തുടരും. അടുത്ത സീസണോടെ മാത്രമാകും താരത്തെ ബയേണിന്റെ ജേഴ്സിയിൽ കാണാൻ ആവുക.
ലൂട്ടണെതിരെ അടിതെറ്റാതെ ആഴ്‌സനൽ; ഇഞ്ചുറി ടൈം ഗോളിൽ ത്രില്ലർ മത്സരം സ്വന്തമാക്കി
പ്രീമിയർ ലീഗിലെ നവാഗതരായ ലൂട്ടണെതിരെ അവസാന നിമിഷം നേടിയ ഗോളിൽ വിജയം കരസ്ഥമാക്കി ആഴ്‌സനൽ. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളിന്റെ ബലത്തിൽ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടം സ്വന്തമാക്കിയ ആഴ്‌സനൽ, ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ ഒരു പക്ഷെ സീസണിലെ തന്നെ ഏറ്റവും വിലപ്പെട്ട ഒരു പോയിന്റിന് അരികിലെത്തിയ ലൂട്ടണ് അവസാനം നിരാശപ്പെടേണ്ടി വന്നെങ്കിലും ഈ പോരാട്ട വീര്യത്തിന് എന്നും അഭിമാനിക്കാം. മാർട്ടിനെല്ലി, ജീസസ്, ഹാവർട്സ് എന്നിവർ ഗണ്ണെഴ്സിന്റെ മറ്റു ഗോളുകൾ നേടി. ഓഷോ, അഡബയോ, ബാർക്ലി എന്നിവർ ലൂട്ടണ് വേണ്ടിയും വല കുലുക്കി.
ഇരുപതാം മിനിറ്റിൽ മാർട്ടിനല്ലിയിലൂടെ ആഴ്‌സനൽ ലീഡ് എടുക്കുമ്പോൾ മറ്റൊരു സാധാരണ മത്സരത്തിന്റെ തുടക്കമെന്ന പ്രതീതി മാത്രമാണ് സൃഷ്ടിച്ചത്. ബോക്സിനുള്ളിൽ സാക പോസിറ്റിന് മുന്നിലേക്കായി നൽകിയ പന്ത് താരം വലയിലേക്ക് തിരിച്ചു വിട്ടു. എന്നാൽ 25ആം മിനിറ്റിൽ കോർണറിൽ നിന്നും ഹെഡർ ഉതിർത്ത് ഓഷോ സമനില ഗോൾ നേടിയപ്പോൾ ആഴ്‌സനലിന്റെ ലീഡിന് അധികം ആയുസ് ഉണ്ടായില്ല. പിന്നീട് ആഴ്‌സനലിന്റെ പല നീക്കങ്ങളും ഗോളിൽ കലാശിക്കാതെ മടങ്ങി. 45ആം മിനിറ്റിൽ ബെൻ വൈറ്റിന്റെ ക്രോസിൽ തല വെച്ച് ഗബ്രിയേൽ ജീസസ് വീണ്ടും ആഴ്‌സനലിനെ മുന്നിൽ എത്തിച്ചു.
എന്നാൽ രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് ആവുമ്പോൾ മറ്റൊരു കോർണറിൽ നിന്നും ലൂട്ടൻ ഗോൾ മടക്കി. അഡബയോ ആണ് ഇത്തവണ വല കുലുക്കിയത്. പിന്നീട് 57ആം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും ആവേശോജ്വലമായ നിമിഷം പിറന്നു. ടൗൻസെന്റിന്റെ പാസ് സ്വീകരിച്ചു ബോക്സിൽ കടന്ന റോസ് ബാർക്ലി തൊടുത്ത ഷോട്ട് വലയിൽ പതിക്കുമ്പോൾ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെതിരെ ലൂട്ടൻ ലീഡ് നേടി. എന്നാൽ ആഹ്ലാദത്തിന് അധികം ആയുസ് നൽകാതെ 60ആം മിനിറ്റിൽ കായ് ഹവർട്സിലൂടെ ആർട്ടെറ്റയും സംഘവും തിരിച്ചടിച്ചു. ഗബ്രിയേൽ ജീസസ് നൽകിയ പാസ് മാർക് ചെയ്യപ്പെടാതെ നിന്ന താരം കീപ്പറേ മറികടന്ന് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിജയ ഗോളിനായുള്ള ആഴ്‌സനലിന്റെ നീക്കങ്ങൾ പലതും പരാജയപ്പെട്ടു മടങ്ങി. എന്നാൽ സമനില എന്നു തോന്നിച്ച നിമിഷത്തിൽ നിന്നും മറ്റൊരു വൈകി പിറന്ന ഗോളിൽ ആഴ്‌സനൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മാർട്ടിൻ ഓഡഗാർഡ് ബോക്സിലേക്ക് നൽകിയ ക്രോസിൽ ഹെഡർ ഉതിർത്ത് ഡെക്ലാൻ റൈസ് ലൂട്ടൻ ആരാധകരുടെ ഹൃദയം പിളർത്തിയ ഗോൾ കണ്ടെത്തി. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റും നേടി ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താനും അവർക്കായി.
നോർത്ത് ഈസ്റ്റിനെ ഗോളിൽ മുക്കി തകർപ്പൻ ജയവുമായി ഈസ്റ്റ് ബംഗാൾ
ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്ന് കുറിച്ച് ഈസ്റ്റ് ബംഗാൾ. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അവർ തകർത്ത് വിട്ടത്. ക്ലൈറ്റൻ സിൽവ, നിഷു കുമാർ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബോർഹ ഹെരേര നേടി. ഇതോടെ നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്തും തുടരുകയാണ്.
14ആം മിനിറ്റിൽ ബോർഹയിലൂടെയാണ് ഈസ്റ്റ് ബംഗാൾ അക്കൗണ്ട് തുറക്കുന്നത്. എതിർ താരത്തെ വെട്ടിയൊഴിഞ്ഞു ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് മിസൈലെന്നവണ്ണം വലയിലേക്ക് പതിച്ചപ്പോൾ കീപ്പറുടെ ശ്രമവും വിഫലമായി. 24ആം മിനിറ്റിൽ മാന്റയുടെ ക്രോസ് ഹെഡറിലൂടെ വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ ലീഡ് ഇരട്ടിയാക്കി. 35ആം മിനിറ്റിൽ ഒറ്റക്ക് മുന്നേറി ഇപ്സൻ മെലോ നൽകിയ പാസ് വലയിൽ എതിക്കാൻ നെസ്റ്ററിന് കഴിയാതെ പോയത് നോർത്ത് ഈസ്റ്റിന് തിരിച്ചടി ആയി. ഇഞ്ചുറി ടൈമിന് തൊട്ടു മുൻപ് ഈസ്റ്റ് ബംഗാൾ ശ്രമം തടഞ്ഞു കൊണ്ട് മിർഷാദ് ടീമിനെ കാത്തു. പിറകെ നെസ്റ്ററിന്റെ ഷോട്ട് പ്രഭ്സുഖൻ ഗിലും രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നന്ത കുമാറിന്റെ തകർപ്പൻ പ്രകടനം ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ നിർണായകമായി.62ആം മിനിറ്റിൽ മഹേഷ് നൽകിയ ക്രോസ് ബോക്സിനുള്ളിൽ നിയന്ത്രിച്ച് നന്തകുമാർ അനായാസം വല കുലുക്കി. നാലു മിനിറ്റിനു ശേഷം നന്തകുമാർ തന്നെ പോസ്റ്റിന് മുന്നിലേക്ക് നൽകിയ ക്രോസ് വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ തന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഒടുവിൽ 81ആം മിനിറ്റിൽ തകർപ്പൻ ഒരു ഫിനിഷിങിലൂടെ നന്തകുമാർ തന്നെ പട്ടിക പൂർത്തിയാക്കി വമ്പൻ ജയത്തിന് നാന്ദി കുറിച്ചു.
ബ്രസീലിയൻ മണ്ണിലും മനം കവർന്ന് ലൂയിസ് സുവാരസ് വിടപറഞ്ഞു; അടുത്ത തട്ടകം ഇന്റർ മയാമി
എത്തിച്ചേർന്ന ക്ലബ്ബുകളിൽ എല്ലാം തകർപ്പൻ പ്രകടനത്തോടെ ആരാധക ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് ലൂയിസ് സുവാരസ്. 35ആം വയസ്സിൽ ബ്രസീലിയൻ ലീഗിലെ ഗ്രമിയോയിൽ എത്തിയ സൂപ്പർ താരം അവിടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല. പതിനഞ്ചു ഗോളുമായി ടോപ്പ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ താരം ഇപ്പോൾ തന്റെ ടീമിനോടും ആരാധകരോടും വിടപറഞ്ഞിരിക്കുകയാണ്. ഒരു സീസണിലേക്കുള്ള കരാർ ഒപ്പിട്ടിരുന്ന താരം നിലവിൽ ഫ്രീ ഏജന്റ് ആണ്. ലീഗിലെ അവസാന മത്സര ശേഷം താരവും കുടുംബവും സ്റ്റേഡിയത്തിൽ തങ്ങളുടെ അഭിവാദ്യം അർപ്പിച്ചു. അടുത്ത സീസണിലേക്ക് താരം ടീമിൽ പുതിയ കരാർ ഒപ്പിടില്ല എന്നും ബ്രസീലിൽ ഉണ്ടാവില്ല എന്നുമുറപ്പായിട്ടുണ്ട്. ലീഗ് അവസാനിക്കുമ്പോൾ നാലാം സ്ഥാനത്താണ് ഗ്രമിയോ.
ഇന്റർ മയാമി ആണ് ലൂയിസ് സുവരസിന്റെ പുതിയ തട്ടകം. ക്ലബ്ബുമായി സുവാരസ് അവസാന ഘട്ട ചർച്ചയിൽ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ കരാറിലും ഒപ്പിട്ടെക്കും. ഇതോടെ വീണ്ടുമൊരു മെസ്സി-സുവാരസ് കൂട്ടുകെട്ടിനാണ് എംഎൽഎസ് അരങ്ങൊരുങ്ങുന്നത്. എന്നാൽ ഗ്രിമിയോക്ക് വേണ്ടിയുള്ള അവസാന മത്സര ശേഷം തന്റെ ശരീരം വിശ്രമം ആവശ്യപ്പെടുന്നതായി താരം പറഞ്ഞിരുന്നു. എന്നാൽ മുന്നിലുള്ള ചെറിയ ഇടവേളയെ കുറിച്ചാണ് ഇതെന്നാണ് സൂചന. കരിയർ തുടരുമോ എന്ന കാര്യം ഇതിന് ശേഷം തീരുമാനിക്കും എന്നും സുവാരസ് പറഞ്ഞു. എംഎൽഎസ് സീസൺ തുടങ്ങാൻ ഇനിയും സമയം ഉണ്ടെന്നിരിക്കെ അമേരിക്കയിൽ തന്നെ ആവും താരത്തിന്റെ ഭാവി എന്നാണ് എല്ലാ സൂചനകളും.