ഇരട്ടഗോളുകൾ നേടി മിട്രോവിച്, സമനിലയിൽ പിരിഞ്ഞു ഫുൾഹാമും പാലസും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാം ക്രിസ്റ്റൽ പാലസ് ലണ്ടൻ ഡാർബി 2-2 സമനിലയിൽ പിരിഞ്ഞു. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ പാലസ് ആണ് ആദ്യം മുന്നിൽ എത്തിയത്. 34 മത്തെ മിനിറ്റിൽ എസെയുടെ പാസിൽ നിന്നു എഡാർഡ് ആണ് അവർക്ക് ആയി ഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഈ ഗോൾ പിറന്നത്. എന്നാൽ ആദ്യ പകുതിയുടെ അവസാന സെക്കന്റിൽ വിൽസനെ മിച്ചൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട അലക്‌സാണ്ടർ മിട്രോവിച് ഫുൾഹാമിനു ആയി സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ വില്യമിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മിട്രോവിച് ഫുൾഹാമിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 8 മത്സരങ്ങളുടെ വിലക്ക് കഴിഞ്ഞു വന്ന മിട്രോവിച് കഴിഞ്ഞ രണ്ടു കളികളിൽ നിന്നു നേടുന്ന മൂന്നാം ഗോൾ ആയിരുന്നു ഇത്. ഫുൾഹാമിന്റെ തിരിച്ചു വരവ് ജയം കാണും എന്നു വിചാരിച്ച സമയത്ത് 83 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജോവൽ വാർഡ് പാലസിന് സമനില ഗോൾ സമ്മാനിച്ചു. നിലവിൽ ഒരു മത്സരം മാത്രം ലീഗിൽ ബാക്കിയുള്ളപ്പോൾ പാലസ് 11 മതും ഫുൾഹാം പത്താം സ്ഥാനത്തും ആണ്.

ലണ്ടൻ ചുവപ്പിച്ചു ആഴ്‌സണൽ! ലണ്ടൻ ഡാർബികളിൽ ഒന്നിൽ പോലും പരാജയം അറിഞ്ഞില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ലണ്ടൻ ക്ലബുകൾ തമ്മിലുള്ള പോരിൽ വലിയ ആധിപത്യം പുലർത്തി ആഴ്‌സണൽ. സീസണിൽ കളിച്ച 12 ലണ്ടൻ ഡാർബികളിൽ ഒന്നിൽ പോലും ആഴ്‌സണൽ പരാജയം അറിഞ്ഞില്ല. ചിരവൈരികൾ ആയ ടോട്ടനം, ചെൽസി ടീമുകൾക്ക് എതിരെ സീസണിൽ ഇരു മത്സരവും ജയിച്ച ആഴ്‌സണൽ ക്രിസ്റ്റൽ പാലസ്, ഫുൾഹാം ടീമുകൾക്ക് എതിരെയും സമാന നേട്ടം കൈവരിച്ചു.

അതേസമയം വെസ്റ്റ് ഹാം, ബ്രന്റ്ഫോർഡ് ടീമുകൾക്ക് എതിരെ അവർ ഓരോ ജയവും ഓരോ സമനിലയും കുറിച്ചു. 2004-2005 സീസണിന് ശേഷം ഇത് ആദ്യമായാണ് ലണ്ടൻ ഡാർബികളിൽ ആഴ്‌സണൽ പരാജയം അറിയാതെ സീസൺ അവസാനിപ്പിക്കുന്നത്. ലണ്ടൻ ഡാർബി ജയങ്ങളിൽ പ്രീമിയർ ലീഗിൽ 150 ജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ക്ലബ് ആയും ഇന്നത്തെ ചെൽസി ജയത്തോടെ ആഴ്‌സണൽ മാറി.

വെങർ ആശാനെ സാക്ഷി നിർത്തി തിരിച്ചു വന്നു ജയിച്ചു ആഴ്‌സണൽ യുവതാരങ്ങളുടെ പടയോട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലോകകപ്പ് ഇടവേളയും തങ്ങളെ തളർത്തില്ല എന്ന വ്യക്തമായ സൂചന നൽകി ബോക്സിങ് ഡേ മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ 3-1 നു തകർത്തു ആഴ്‌സണൽ വിജയകുതിപ്പ്. പരിക്കേറ്റ ഗബ്രിയേൽ ജീസുസിന് പകരം എഡി എങ്കിതിയ മുന്നേറ്റത്തിൽ എത്തിയപ്പോൾ പ്രതിരോധത്തിൽ വില്യം സലിബ കളിക്കാൻ ഇറങ്ങി. ആദ്യ പകുതിയിൽ പന്ത് കൈവശം വക്കുന്നതിൽ മുന്നിട്ട് നിന്നെങ്കിലും പക്ഷെ വലിയ അവസരങ്ങൾ തുറക്കാൻ ആഴ്‌സണലിന് ആയില്ല. ഇടക്ക് സാക വല കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. 27 മത്തെ മിനിറ്റിൽ സലിബ ജെറാർഡ് ബോവനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടി അനുവദിക്കപ്പെട്ടതോടെ ആഴ്‌സണൽ സമ്മർദ്ദത്തിൽ ആയി.

അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ബെൻഹറമ വെസ്റ്റ് ഹാമിനു മത്സരത്തിൽ അപ്രതീക്ഷിത മുൻതൂക്കം നൽകി. തുടർന്ന് ഗോൾ നേടാനുള്ള ശ്രമം ആഴ്‌സണൽ കൂടുതൽ ശക്തമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷം ക്രസ്വലിന്റെ ഹാന്റ് ബോളിന് ആഴ്‌സണലിന് റഫറി പെനാൽട്ടി അനുവദിച്ചു എങ്കിലും വാർ പരിശോധനയിൽ പന്ത് തലയിൽ ആണ് കൊണ്ടത് എന്നു കണ്ടത്തിയതിനാൽ പെനാൽട്ടി പിൻ വലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു ആണ് ആഴ്‌സണൽ ഇറങ്ങിയത്. 53 മത്തെ മിനിറ്റിൽ കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ നിന്നു അനായാസം ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു.

വെസ്റ്റ് ഹാം ഗോൾ നിരന്തരം പരീക്ഷിച്ച ആഴ്‌സണൽ 5 മിനിറ്റിനുള്ളിൽ രണ്ടാം ഗോളും കണ്ടത്തി. ഇത്തവണ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഉഗ്രൻ ഇടത് കാലൻ അടി ഫാബിയാൻസ്കിയെ മറികടക്കുക ആയിരുന്നു. തുടർന്ന് 69 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ടേണിലൂടെ വെസ്റ്റ് ഹാം താരത്തെ മറികടന്ന എഡി തന്റെ വിമർശകർക്ക് മറുപടി പറഞ്ഞു ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയായി. 2018 ൽ വിരമിച്ച ശേഷം ആദ്യമായി ആഴ്‌സണൽ സ്റ്റേഡിയത്തിൽ എത്തിയ ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങറെ സാക്ഷിയാക്കിയാണ് ആർട്ടെറ്റയുടെ ടീം തിരിച്ചു വന്നു ജയിച്ചത്. സീസണിൽ ലീഗിൽ സ്വന്തം മൈതാനത്തെ വിജയകുതിപ്പ് തുടർന്ന ആഴ്‌സണൽ നിലവിൽ രണ്ടാമതുള്ള ന്യൂകാസ്റ്റിലിനെക്കാൾ 7 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് ആണ്. അതേസമയം 16 മത് ആണ് തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയ വെസ്റ്റ് ഹാം.

വിട്ട് കൊടുക്കാൻ ഇല്ല, ലോകകപ്പ് ഇടവേള കഴിഞ്ഞും ലീഗിൽ ഒന്നാമത് തുടരാൻ ആഴ്‌സണൽ

ലോകകപ്പ് കഴിഞ്ഞു ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ബോക്സിങ് ഡേയിൽ ഇന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ തിരികെയെത്തും. ലീഗിൽ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 5 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്‌സണൽ തങ്ങളുടെ മികവ് തുടരാൻ ആവും ഇടവേള കഴിഞ്ഞു ഇറങ്ങുക. ഇന്ന് അർധരാത്രി കഴിഞ്ഞു 1.30 നു നടക്കുന്ന മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ലോകകപ്പിന് ഇടയിൽ പരിക്കേറ്റ ഗബ്രിയേൽ ജീസുസിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ആഴ്‌സണലിന് നൽകുന്നത്. ഒപ്പം ലോകകപ്പ് ഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിൽ അംഗമായ വില്യം സലിബയും ഇന്ന് കളിക്കാൻ ഇറങ്ങില്ല. എന്നാൽ ലോകകപ്പ് കഴിഞ്ഞു മറ്റ് പ്രമുഖ താരങ്ങൾ തിരിച്ചെത്തിയത് ആഴ്‌സണലിന് കരുത്ത് ആണ്.

മുന്നേറ്റത്തിൽ ജീസുസിന് പകരം എഡി എങ്കിതിയ ആവും ഇറങ്ങുക. ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർ മുന്നേറ്റത്തിൽ കരുത്ത് ആവുമ്പോൾ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ മധ്യനിരയിൽ എത്തും. പ്രതിരോധത്തിൽ സലിബയും പരിക്കിൽ നിന്നു പൂർണമായും ഭേദമാക്കാത്ത സിഞ്ചെങ്കോ,ടോമിയാസു എന്നിവരും മത്സരത്തിൽ ഉണ്ടാവില്ല. അപ്പോൾ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ,ഹോൾഡിങ്,വൈറ്റ്,ടിയേർണി എന്നിവർ ആവും ഇറങ്ങുക. ദീർഘകാല പരിക്കിൽ നിന്നു മോചിതനായി എത്തുന്ന എമിൽ സ്മിത്-റോയുടെ സാന്നിധ്യം ടീമിന് വലിയ കരുത്ത് ആവും. സ്മിത്-റോ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചാൽ ചിലപ്പോൾ മാർട്ടിനെല്ലി സ്‌ട്രൈക്കർ ആയി കളിക്കാനും സാധ്യതയുണ്ട്.

Arsenal

അതേപോലെ സലിബയുടെ അഭാവത്തിൽ ബെൻ വൈറ്റിനെ റൈറ്റ് ബാക്കിൽ നിന്നു സെൻട്രൽ ബാക്ക് ആയി കളിപ്പിക്കാനും ആർട്ടെറ്റ ചിലപ്പോൾ മുതിർന്നേക്കും. മറുപുറത്ത് മുന്നേറ്റത്തിൽ അന്റോണിയോ,സ്കമാക്ക എന്നിവർ രണ്ടു പേർക്കും പരിക്കേറ്റത് ഡേവിഡ് മോയസിന്റെ ടീമിന് കനത്ത തിരിച്ചടിയാണ്. എങ്കിലും ബോവൻ, റൈസ്, സൗചക്, ഫോർനാൽസ് തുടങ്ങിയ മികച്ച നിരയുള്ള വെസ്റ്റ് ഹാം അപകടകാരികൾ തന്നെയാണ്. നിലവിൽ 16 മതുള്ള വെസ്റ്റ് ഹാമിനു എതിരെ മികച്ച റെക്കോർഡ് ആണ് ആഴ്‌സണലിന് ഉള്ളത്. ഒപ്പം സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ സീസണിലെ റെക്കോർഡും മികച്ചത് ആണ്. ലോകകപ്പ് ഇടവേളയും ജീസുസിന്റെ പരിക്കും ടീമിനെ ബാധിച്ചില്ല എന്നു തെളിയിച്ചു ജയം തുടരാൻ ആവും ആർട്ടെറ്റയുടെ ആഴ്‌സണൽ ഇന്ന് ഇറങ്ങുക.

ലണ്ടൻ ചുവപ്പോ നീലയോ?ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ ആഴ്‌സണൽ,ആർട്ടെറ്റയെ പാഠം പഠിപ്പിക്കാൻ ഒബമയാങ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറും ലണ്ടൻ ഡാർബി. ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും തിരികെ പിടിക്കാൻ ആഴ്‌സണൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്ന് ഇറങ്ങുമ്പോൾ അവരെ തടയുക ആവും ഏഴാം സ്ഥാനത്തുള്ള ചെൽസിയുടെ ലക്ഷ്യം. നിലവിൽ പത്ത് പോയിന്റ് പിറകിൽ ആണെങ്കിൽ സ്വന്തം മൈതാനത്ത് ആണ് മത്സരം എന്നത് ചെൽസിക്ക് നിർണായകമാണ്. എന്നാൽ സമീപകാലത്ത് ചെൽസിക്ക് എതിരെയും ചെൽസിയുടെ സ്വന്തം മൈതാനത്തും ആഴ്‌സണലിന് നല്ല റെക്കോർഡ് ആണ് ഉള്ളത്. കഴിഞ്ഞ 9 മത്സരങ്ങളിൽ സ്വന്തം മൈതാനത്ത് പരാജയം അറിയാത്ത ചെൽസി അവസാനം സ്വന്തം മൈതാനത്ത് പരാജയപ്പെട്ടത് ആഴ്‌സണലിനോട് ആയിരുന്നു.

കഴിഞ്ഞ 8 മത്സരങ്ങളിൽ ഗോൾ കണ്ടത്താൻ സാധിക്കാത്ത ഗബ്രിയേൽ ജീസുസ് തന്നെയാവും ആഴ്‌സണൽ മുന്നേറ്റം നയിക്കുക. ഗോൾ കണ്ടത്താൻ ആയില്ലെങ്കിലും ടീമിനെ നന്നായി സഹായിക്കുന്ന ജീസുസ് കഴിഞ്ഞ മത്സരത്തിലും 2 ഗോളിന് വഴി ഒരുക്കിയിരുന്നു. അതിനാൽ തന്നെ ചെൽസിക്ക് എതിരെ ജീസുസ് ഗോൾ വരൾച്ച അവസാനിപ്പിക്കും എന്നാണ് ആഴ്‌സണൽ പ്രതീക്ഷ. ജീസുസിന് പിറകിൽ പരിക്കിൽ നിന്നു മുക്തനായ ചെൽസിക്ക് എതിരെ എന്നും തിളങ്ങുന്ന ബുകയോ സാക, യൂറോപ്പ ലീഗ് മത്സരത്തിൽ പൂർണ വിശ്രമം ലഭിച്ച ഗബ്രിയേൽ മാർട്ടിനെല്ലി, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ആവും അണിനിരക്കുക. മധ്യനിര ഭരിക്കുന്ന തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക സഖ്യം ആഴ്‌സണലിന്റെ മികവിന് വളരെ പ്രധാനം ആണ്.

പ്രതിരോധത്തിൽ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ, സലിബ എന്നിവർ നിൽക്കുമ്പോൾ റൈറ്റ് ബാക്ക് ആയി ബെൻ വൈറ്റ് ആവും ഇറങ്ങുക. പരിക്കിൽ നിന്നു മുക്തനായ സിഞ്ചെങ്കോ ലെഫ്റ്റ് ബാക്ക് ആയി ടീമിൽ ഇടം പിടിച്ചാൽ അത് ആഴ്‌സണലിന് വലിയ കരുത്ത് ആവും നൽകുക. ഇല്ലെങ്കിൽ ടോമിയാസുവിനു പരിക്കേറ്റതിനാൽ ടിയേർണി ആവും ലെഫ്റ്റ് ബാക്ക് ആയി ഇറങ്ങുക. പകരക്കാരായി ഫാബിയോ വിയേര,എഡി എങ്കിതിയ എന്നിവർക്ക് ഒപ്പം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ റീസ് നെൽസൺ എന്നിവർ ആർട്ടെറ്റക്ക് സഹായകമാണ്. മറുപുറത്ത് ബ്രൈറ്റണിനോട് ഏറ്റ കനത്ത പരാജയം ചാമ്പ്യൻസ് ലീഗ് ജയത്തോടെ മായിച്ചു കളഞ്ഞാണ് ഗ്രഹാം പോട്ടറിന്റെ ചെൽസി എത്തുക.

എന്നാൽ പ്രമുഖ താരങ്ങളുടെ പരിക്ക് ആണ് അവരുടെ വലിയ പ്രശ്നം. ഹാവർട്ട്സ്, മൗണ്ട്, ഗാലഗർ, സ്റ്റെർലിങ്, പുലിസിച് എന്നിവർ അടങ്ങുന്ന മുന്നേറ്റം ആഴ്‌സണലിന് തലവേദന സൃഷ്ടിക്കും. ഒപ്പം മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഒബമയാങും ആഴ്‌സണൽ പ്രതിരോധത്തിന് വെല്ലുവിളി ആവും. മധ്യനിരയിൽ കോവചിച്ചിന് കൂടി പരിക്കേറ്റതിനാൽ ജോർജീനിയോ, ലോഫ്റ്റസ് ചീക് എന്നിവർ ആവും ഇറങ്ങുക. പരിക്ക് കാരണം വലിയ പ്രശ്നം നേരിടുന്ന പ്രതിരോധത്തിൽ പരിചയ സമ്പന്നനായ തിയോഗ സിൽവക്ക് ഒപ്പം കുകറെല, ചാലോബ എന്നിവർ ആവും അണിനിരക്കുക. കെപക്ക് പരിക്കേറ്റതിനാൽ മെന്റി ആവും ഗോളിന് മുന്നിൽ.

ആഴ്‌സണലിൽ നിന്നു ബാഴ്‌സലോണ വഴി ചെൽസിയിൽ എത്തിയ ഒബമയാങ് കളിക്കുന്നത് മത്സരത്തിന് ആർട്ടെറ്റ, ഒബമയാങ് പോര് എന്ന മറ്റൊരു തലം കൂടി നൽകുന്നുണ്ട്. അച്ചടക്കലംഘനം കാരണം ഒബമയാങിനെ ടീമിൽ നിന്നു പുറം തള്ളിയ ആർട്ടെറ്റയും ആയുള്ള പ്രശ്നങ്ങൾ മുമ്പ് പലപ്പോഴും ഒബമയാങ് തുറന്നു പറഞ്ഞത് കൂടിയാണ്. അതിനാൽ തന്നെ ആർട്ടെറ്റക്ക് മുന്നിൽ തന്റെ മൂല്യം തെളിയിക്കേണ്ട വാശിയിൽ ആവും ഒബമയാങ് വരിക. എന്നാൽ ഒബമയാങിനെ അല്ല ചെൽസിയെ ആണ് തങ്ങൾ നേരിടുക എന്നു പറഞ്ഞ ആർട്ടെറ്റ ഇത്തരം ചർച്ചകൾ നേരത്തെ തള്ളിയിരുന്നു. ഏതായാലും തന്റെ മുൻ ക്ലബിന് എതിരെ ഒരിക്കൽ ആഴ്‌സണൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ഒബമയാങ് തിളങ്ങുമോ എന്നു കണ്ടു തന്നെ അറിയാം.

ആവേശമായി പ്രീമിയർ ലീഗ്, അവസാനം നിമിഷം ചെൽസിയെ തടഞ്ഞ് സ്പർസ്

ഈ സീസണിലെ ആദ്യ വലിയ പ്രീമിയർ ലീഗ് മത്സരത്തിൽ ആവേശ സമനില. ഇന്ന് അവസന നിമിഷം ആണ് സ്പർസ് ചെൽസിയുടെ വിജയം തടഞ്ഞത്. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ലണ്ടൺ ഡാർബി 2-2 എന്ന നിലയിൽ അവസാനിച്ചു.

ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ കരുതലോടെയാണ് ഇരുടീമുകളും കളി ആരംഭിച്ചത്. ചെൽസിക്കും സ്പർസിനും അവസരങ്ങൾ അധികം സൃഷ്ടിക്കാൻ ആയില്ല. 19ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നാണ് ചെൽസി ലീഡ് എടുത്തത്. കുകുറേയ എടുത്ത കോർണറിൽ ബോക്സിൽ മാർക്ക് ചെയ്യാതെ നിൽക്കുക ആയിരുന്ന കൗലിബലി ഒരു കണ്ണഞ്ചിപ്പിക്കുന്ന വോളിയിലൂടെ തന്റെ ചെൽസി കരിയറിലെ ആദ്യ ഗോൾ നേടി.

ഈ ഗോളിന് ശേഷം ചെൽസിയാണ് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്. 60 മിനുട്ടുകൾ കഴിഞ്ഞപ്പോൾ കോണ്ടെ സ്പർസിന്റെ ഫോർമേഷൻ മെല്ലെ മാറ്റിയതോടെ സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 68ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഗ്രൗണ്ടറിലൂടെ ഹൊയ്ബെർഗ് സ്പർസിന് സമനില നൽകി. ഈ ഗോൾ ആഘോഷിക്കുന്നതിനിടയിൽ സ്പർസിന്റെ മാനേജർ കോണ്ടെയും ചെൽസി മാനേജർ ടൂചലും തമ്മിൽ ഉരസിയത് മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു.

77ആം മിനുട്ടിൽ റീസ് ജെയിംസിലൂടെ ചെൽസി വീണ്ടും മുന്നിൽ എത്തി. സ്റ്റെർലിംഗിന്റെ പാസിൽ നിന്നായിരുന്നു ജെയിംസിന്റെ ഗോൾ. ഈ ഗോൾ ടൂചൽ ടച്ച് ലൈനിലൂടെ ഏറെ ദൂരം ഓടിക്കൊണ്ട് ആഘോഷിച്ചത് കോണ്ടെക്കുള്ള മറുപടിയായിരുന്നു.

ഇതിനു ശേഷം ഇരുടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ തുടർന്നു. അവസാനം 95ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോൾ സ്പർസിന് സമനില നൽകി. മത്സര ശേഷം വീണ്ടും ഇരു പരിശീലകരും ഏറ്റുമുട്ടുന്നതും കാണാൻ ആയി.

Story Highlight: Chelsea 2-2 Tottenham in London Derby

Exit mobile version