Screenshot 20221106 214628 01

വെസ്റ്റ് ഹാമിനെ തിരിച്ചു വന്നു അവസാന മിനിറ്റിലെ ഗോളിൽ തോൽപ്പിച്ചു ക്രിസ്റ്റൽ പാലസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ക്രിസ്റ്റൽ പാലസ്. ഒരു ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്നാണ് പാലസ് തങ്ങളുടെ ആദ്യ എവേ ജയം കുറിച്ചത്. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ ലൂകാസ് പക്വറ്റയുടെ പാസിൽ നിന്നു റോക്കറ്റ് ഷോട്ടിലൂടെ സെയ്ദ് ബെൻറഹ്മ ആണ് ഹാമേഴ്സിന് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ ശക്തമായി തിരിച്ചു വന്ന പാലസ് മികച്ച ഫുട്‌ബോൾ ആണ് കളിച്ചത്.

മത്സരത്തിൽ 41 മത്തെ മിനിറ്റിൽ കെഹ്രറിൽ നിന്നു ബോൾ പിടിച്ചെടുത്ത എസെയുടെ പാസിൽ നിന്നു വിൽഫ്രയിഡ് സാഹ പാലസിന് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിലും പാലസ് ആണ് കൂടുതൽ അപകടകരമായ നീക്കങ്ങൾ നടത്തിയത്. സമനിലയിലേക്ക് പോവും എന്നു തോന്നിയ മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ അന്റോണിയോ മറുവശത്ത് അവസരം പാഴാക്കിയപ്പോൾ കൗണ്ടർ അറ്റാക്കിൽ സാഹയുടെ പാസിൽ നിന്നു മൈക്കൾ ഒലിസെ പാലസിന് ജയം സമ്മാനിച്ചു. ഒലിസെയുടെ ഷോട്ട് ക്രസ്വലിന്റെ കാലിൽ തട്ടി ഫാബിയാൻസികിയെ മറികടക്കുക ആയിരുന്നു. ജയത്തോടെ പാലസ് ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് കയറിപ്പോൾ 15 മത് ആണ് വെസ്റ്റ് ഹാം ഇപ്പോൾ.

Exit mobile version