Arsenal Martinelli

വിട്ട് കൊടുക്കാൻ ഇല്ല, ലോകകപ്പ് ഇടവേള കഴിഞ്ഞും ലീഗിൽ ഒന്നാമത് തുടരാൻ ആഴ്‌സണൽ

ലോകകപ്പ് കഴിഞ്ഞു ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം ബോക്സിങ് ഡേയിൽ ഇന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ തിരികെയെത്തും. ലീഗിൽ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 5 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്‌സണൽ തങ്ങളുടെ മികവ് തുടരാൻ ആവും ഇടവേള കഴിഞ്ഞു ഇറങ്ങുക. ഇന്ന് അർധരാത്രി കഴിഞ്ഞു 1.30 നു നടക്കുന്ന മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാം ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ലോകകപ്പിന് ഇടയിൽ പരിക്കേറ്റ ഗബ്രിയേൽ ജീസുസിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ആഴ്‌സണലിന് നൽകുന്നത്. ഒപ്പം ലോകകപ്പ് ഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിൽ അംഗമായ വില്യം സലിബയും ഇന്ന് കളിക്കാൻ ഇറങ്ങില്ല. എന്നാൽ ലോകകപ്പ് കഴിഞ്ഞു മറ്റ് പ്രമുഖ താരങ്ങൾ തിരിച്ചെത്തിയത് ആഴ്‌സണലിന് കരുത്ത് ആണ്.

മുന്നേറ്റത്തിൽ ജീസുസിന് പകരം എഡി എങ്കിതിയ ആവും ഇറങ്ങുക. ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർ മുന്നേറ്റത്തിൽ കരുത്ത് ആവുമ്പോൾ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ മധ്യനിരയിൽ എത്തും. പ്രതിരോധത്തിൽ സലിബയും പരിക്കിൽ നിന്നു പൂർണമായും ഭേദമാക്കാത്ത സിഞ്ചെങ്കോ,ടോമിയാസു എന്നിവരും മത്സരത്തിൽ ഉണ്ടാവില്ല. അപ്പോൾ റാംസ്ഡേലിന് മുന്നിൽ ഗബ്രിയേൽ,ഹോൾഡിങ്,വൈറ്റ്,ടിയേർണി എന്നിവർ ആവും ഇറങ്ങുക. ദീർഘകാല പരിക്കിൽ നിന്നു മോചിതനായി എത്തുന്ന എമിൽ സ്മിത്-റോയുടെ സാന്നിധ്യം ടീമിന് വലിയ കരുത്ത് ആവും. സ്മിത്-റോ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചാൽ ചിലപ്പോൾ മാർട്ടിനെല്ലി സ്‌ട്രൈക്കർ ആയി കളിക്കാനും സാധ്യതയുണ്ട്.

Arsenal

അതേപോലെ സലിബയുടെ അഭാവത്തിൽ ബെൻ വൈറ്റിനെ റൈറ്റ് ബാക്കിൽ നിന്നു സെൻട്രൽ ബാക്ക് ആയി കളിപ്പിക്കാനും ആർട്ടെറ്റ ചിലപ്പോൾ മുതിർന്നേക്കും. മറുപുറത്ത് മുന്നേറ്റത്തിൽ അന്റോണിയോ,സ്കമാക്ക എന്നിവർ രണ്ടു പേർക്കും പരിക്കേറ്റത് ഡേവിഡ് മോയസിന്റെ ടീമിന് കനത്ത തിരിച്ചടിയാണ്. എങ്കിലും ബോവൻ, റൈസ്, സൗചക്, ഫോർനാൽസ് തുടങ്ങിയ മികച്ച നിരയുള്ള വെസ്റ്റ് ഹാം അപകടകാരികൾ തന്നെയാണ്. നിലവിൽ 16 മതുള്ള വെസ്റ്റ് ഹാമിനു എതിരെ മികച്ച റെക്കോർഡ് ആണ് ആഴ്‌സണലിന് ഉള്ളത്. ഒപ്പം സ്വന്തം മൈതാനത്ത് ആഴ്‌സണലിന്റെ സീസണിലെ റെക്കോർഡും മികച്ചത് ആണ്. ലോകകപ്പ് ഇടവേളയും ജീസുസിന്റെ പരിക്കും ടീമിനെ ബാധിച്ചില്ല എന്നു തെളിയിച്ചു ജയം തുടരാൻ ആവും ആർട്ടെറ്റയുടെ ആഴ്‌സണൽ ഇന്ന് ഇറങ്ങുക.

Exit mobile version