26 മില്യൺ പൗണ്ടിന് കോണർ ഗാലഹറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തമാക്കാം


ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കോണർ ഗാലഹറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏകദേശം 26 മില്യൺ പൗണ്ട് (ഏകദേശം 273 കോടി രൂപ) ആവശ്യമായി വരും. പ്രധാന ലക്ഷ്യം എന്നതിനെക്കാൾ ഇത് ഒരു അവസരമായിട്ടാണ് യുണൈറ്റഡ് കാണുന്നത്. ടീമിനെ നവീകരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മധ്യനിര ശക്തിപ്പെടുത്തൽ യുണൈറ്റഡിന് അനിവാര്യമാണ്.


നിലവിൽ അത്‌ലറ്റികോ മാഡ്രിഡിലുള്ള ഗാലഹർക്ക് അവിടെ അധികം അവസരം ലഭിക്കുന്നില്ല. സ്പാനിഷ് ക്ലബ്ബ് ലോൺ ഡീലിനേക്കാൾ സ്ഥിരമായ വിൽപ്പനയാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിനായി ഏകദേശം 26 മില്യൺ പൗണ്ടാണ് അത്‌ലറ്റികോ മാഡ്രിഡ് ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കോബി മയ്‌നൂവിനെ ലോണിൽ വിടാൻ സാധ്യത ഉള്ളതിനാൽ യുണൈറ്റഡ് ജനുവരിയിൽ ഒരു മധ്യനിര താരത്തെ എന്തായാലും വാങ്ങേണ്ടി വരും.

കൂടുതൽ അവസരം ഉറപ്പാക്കാനും ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ഇടം നേടാനുമുള്ള സാധ്യത വർദ്ധിപ്പിക്കാനും ആണ് ഗാലഹർ ക്ലബ് വിടാൻ നോക്കുന്നത്.

ക്രിസ്റ്റൽ പാലസിനെതിരെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവ്


സെൽഹർസ്റ്റ് പാർക്കിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ തിരിച്ചുവരവ് നടത്തി. 36-ാം മിനിറ്റിൽ ജീൻ-ഫിലിപ്പ് മാറ്റെറ്റ നേടിയ പെനാൽറ്റിയിലൂടെ ക്രിസ്റ്റൽ പാലസ് ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ജോഷ്വ സിർക്‌സിയും 63-ാം മിനിറ്റിൽ മേസൺ മൗണ്ടും നേടിയ ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് പോയിന്റും ഉറപ്പിച്ചു.


ക്രിസ്റ്റൽ പാലസ് ശക്തമായ തുടക്കമാണ് നൽകിയത്, ആദ്യ പകുതിയിൽ കളിയുടെ ഭൂരിഭാഗം സമയവും അവർ നിയന്ത്രിച്ചു. ഇതിന്റെ ഫലമായി മാറ്റെറ്റ പെനാൽറ്റി നേടുകയും 1-0ന് മുന്നിലെത്തുകയും ചെയ്തു. ആദ്യ പകുതിയിൽ യുണൈറ്റഡ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും പ്രതിരോധം ഭേദിക്കാൻ പാടുപെട്ടു. എന്നാൽ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ സിർക്‌സി ഗോൾ നേടിയതോടെ സ്കോർ സമനിലയിലായി. പുതിയ താരങ്ങളെ ഇറക്കിയതോടെ കളിയുടെ വേഗത യുണൈറ്റഡിന് അനുകൂലമായി.

മേസൺ മൗണ്ട് അവസരം മുതലെടുത്ത് ഫ്രീകിക്കിലൂടെ യുണൈറ്റഡിനെ 2-1ന് മുന്നിലെത്തിച്ചു. സ്കോർ സമനിലയിലാക്കാൻ പാലസ് ശ്രമിച്ചെങ്കിലും യുണൈറ്റഡ് ലീഡ് നിലനിർത്തി വിജയം സ്വന്തമാക്കി. ഇരു ടീമുകളും 3-4-2-1 ഫോർമേഷനിൽ കളിച്ചതിനാൽ തന്ത്രപരമായ പോരാട്ടം തീവ്രമായിരുന്നു.


ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 21 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. 20 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, കുഞ്ഞ്യ ക്രിസ്റ്റൽ പാലസിന് എതിരെയും കളിക്കില്ല


പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ നേരിടാനായി പോകുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം താരങ്ങളുടെ പരിക്കുകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചു. ബെഞ്ചമിൻ സെസ്കോ, ഹാരി മഗ്വയർ എന്നീ പ്രധാന കളിക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം പുറത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്യൂസ് കുൻഹ ഈ വാരാന്ത്യത്തിലെ മത്സരത്തിലും ഉണ്ടാകില്ല എന്നതും അദ്ദേഹം സ്ഥിരീകരിച്ചു. വെസ്റ്റ് ഹാമിന് എതിരെ കുഞ്ഞ്യ തിരിച്ചെത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


അന്താരാഷ്ട്ര ഇടവേളയ്ക്ക് മുൻപ് ടോട്ടൻഹാമിനെതിരെ കളിക്കുമ്പോൾ സെസ്കോയ്ക്ക് പറ്റിയ കാൽമുട്ടിനേറ്റ പരിക്ക്, കൂടുതൽ സമയം ആവശ്യപ്പെടുന്നതിനാൽ താരത്തിന്റെ തിരിച്ചുവരവ് നവംബർ അവസാനത്തിന് പകരം ഡിസംബറിലേക്ക് നീളാൻ സാധ്യതയുണ്ട്. അതുപോലെ, മഗ്വയറിൻ്റെ പ്രശ്നവും കൂടുതൽ ശ്രദ്ധയും വിശ്രമവും ആവശ്യപ്പെടുന്നു.

പത്തുപേരുമായി കളിച്ച എവർട്ടണോട് 1-0ന് തോറ്റതിൻ്റെ നിരാശയിലാണ് ടീം. മുഴുവൻ ശക്തിയോടെയുള്ള ആക്രമണം ഇല്ലാത്തതിനാൽ അവസരങ്ങൾ ഗോളാക്കി മാറ്റാൻ യുണൈറ്റഡ് ബുദ്ധിമുട്ടുന്നുണ്ട്.

കൊളംബിയൻ വണ്ടർകിഡ് ഒറോസ്‌കോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു


മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത സൈനിംഗായി 17 വയസ്സുകാരനായ കൊളംബിയൻ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ ഒറോസ്‌കോയെ സ്വന്തമാക്കുന്നു. ഫോർട്ടലെസയുടെ താരമായ ഒറോസ്‌കോ അന്തിമ നടപടികൾ പൂർത്തിയാക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ ഓൾഡ് ട്രാഫോർഡിൽ എത്തും. 2026 ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന കരാറിനായി യുണൈറ്റഡ് 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നൽകും.


കൊളംബിയൻ അണ്ടർ 17 ടീമിന്റെ ക്യാപ്റ്റനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ, 178 സെന്റീമീറ്റർ ഉയരമുള്ളതും പന്ത് തിരിച്ചുപിടിക്കുന്നതിൽ മികച്ച കഴിവുള്ളവനുമാണ്. 13 തവണ കൊളംബിയൻ അണ്ടർ 17 ടീമിനായി കളിച്ചിട്ടുണ്ട്. ഈ വേനൽക്കാലത്താണ് ഫോർട്ടലെസയിൽ ചേർന്നതെങ്കിലും സീനിയർ ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ഈ താരം യുണൈറ്റഡിന്റെ സ്കൗട്ടായ ഗ്യൂസെപ്പെ അന്റോണാസിയോയെ പോലുള്ളവരെ ആകർഷിച്ചു.


റിക്രൂട്ട്മെന്റ് തലവൻ ജേസൺ വിൽകോക്സിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് നടത്തുന്ന യുവതാരങ്ങളെ സ്വന്തമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ കുറഞ്ഞ റിസ്‌കിലുള്ള നീക്കം.

മാഞ്ചസ്റ്ററിൽ വന്ന് 10 പേരുമായി കളിച്ച് യുണൈറ്റഡിനെ തീർത്ത് എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ പരാജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടൺ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചു. സ്വന്തം ഹോം ഗ്രൗണ്ടിന്റെയോ എതിരാളികൾക്ക് ഒരാൾ കുറവാണെന്നതിന്റെയോ മുൻതൂക്കം മുതലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.

ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുറ്റിൽ എവർട്ടൺ താരങ്ങളായ മൈക്കിൾ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിൽ എത്തി. ഇദ്രിസ ഗയെ കീനിനെ മുഖത്ത് അടിച്ചതിന് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും എവർട്ടണ് നന്നായി കളിച്ചു. 29ആം മിനുറ്റിൽ ഡ്യൂസ്ബറി ഹാളിലൂടെ എവർട്ടൺ ലീഡ് എടുക്കുകയും ചെയ്തു.

ഇതിനു ശേഷം എവർട്ടൺ ഡിഫൻസിലേക്ക് നീങ്ങി. യുണൈറ്റഡിന് തുറന്ന അവസരങ്ങൾ നൽകാതെ പിടിച്ചു നിർത്താൻ എവർട്ടണായി. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി എങ്കിലും സമനില ഗോൾ അകന്നു നിന്നു. ലോംഗ് റേഞ്ച് എവേർട്ടുകൾ ഉൾപ്പെടെ നല്ല സേവുമായി പിക്ക്ഫോർഡും എവർട്ടണായി മികച്ചു നിന്നു.

ഈ പരാജയം യുണൈറ്റഡിന്റെ അഞ്ച് മത്സരങ്ങൾ ആയുള്ള അപരാജിത കുതിപ്പിന് അവസാനം കുറിച്ചു. അവർ ഇപ്പോൾ ലീഗിൽ 18 പോയിന്റുമായി 10ആം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള എവർട്ടൺ 11ആം സ്ഥാനത്തും നിൽക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണ് എതിരെ


മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ് ട്രാഫോർഡിൽ എവർട്ടണെ നേരിടും. മത്സരം ഇന്ത്യൻ സമയം നവംബർ 25 ചൊവ്വാഴ്ച പുലർച്ചെ 1:30-നാണ് (രാത്രി 8 PM GMT). പ്രീമിയർ ലീഗ് 12-ാം ഗെയിം വീക്കിന്റെ സമാപനം കുറിക്കുന്ന മത്സരമാണിത്. ഇന്ത്യയിലെ ആരാധകർക്ക് ജിയോഹോട്ട്‌സ്റ്റാറിലും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും മത്സരം തത്സമയം കാണാം.


കോച്ച് റൂബൻ അമോറിമിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ച് മത്സരങ്ങളിൽ തോൽവി അറിയാത്ത മികച്ച ഫോമിലാണ് വരുന്നത്. എന്നിരുന്നാലും, ഹാരി മാഗ്വയറിന് തുടയ്ക്ക് പരിക്കേറ്റതിനാൽ അദ്ദേഹത്തിന്റെ ലഭ്യത സംശയത്തിലാണ്. ലിസാൻഡ്രോ മാർട്ടിനെസ് തിരിച്ചുവരവിനടുത്താണെങ്കിലും പൂർണ്ണമായും ഫിറ്റല്ല. കോബി മെയ്‌നു, മാത്യൂസ് കുഞ്ഞ്യ എന്നിവരുടെ ലഭ്യതയും സംശയത്തിലാണ്. ബ്രയാൻ എംബ്യൂമോയിൽ ആകും യുണൈറ്റഡിന്റെ പ്രതീക്ഷ.


മാനേജർ ഡേവിഡ് മോയസ് പരിശീലിപ്പിക്കുന്ന എവർട്ടൺ ഫുൾഹാമിനെതിരെ 2-0 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നത്. ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് മെർലിൻ റോൾ, ഗ്രോയിൻ, ഹാംസ്ട്രിംഗ് പ്രശ്നങ്ങൾ കാരണം പാറ്റേഴ്സൺ, അരടന്ത്വ തുടങ്ങിയ കളിക്കാർ എവർട്ടൺ ടീമിൽ ഉണ്ടാകില്ല.

എങ്കിലും, ലീഗ് പട്ടികയിൽ യുണൈറ്റഡിനേക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലുള്ള എവർട്ടൺ ഈ മത്സരത്തിൽ യുണൈറ്റഡിന് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് തങ്ങളുടെ തോൽവി അറിയാത്ത കുതിപ്പ് തുടരാനും ആദ്യ നാലിൽ എത്താനും സാധിക്കുമോ എന്നും, എവർട്ടൺ തങ്ങളുടെ സമീപകാല മുന്നേറ്റം തുടരുമോ എന്നും അറിയാൻ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മത്സരമാണിത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്‌കോ ഒരു മാസം പുറത്തിരിക്കും


പ്രീമിയർ ലീഗ് പട്ടികയിൽ മുന്നേറാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്‌കോയ്ക്ക് ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. ടോട്ടൻഹാം ഹോട്ട്‌സ്പറുമായുള്ള മത്സരത്തിനിടെ ആണ് 22-കാരനായ സ്ലൊവേനിയൻ താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്.


കഴിഞ്ഞ വേനൽക്കാലത്ത് ആർബി ലൈപ്‌സിഗിൽ നിന്ന് ഉയർന്ന തുകയ്ക്ക് എത്തിയതിനുശേഷം, ഈ സീസണിൽ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ സെസ്‌കോയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതായിരുന്നു. സിർക്സിയുടെ അഭാവത്തിൽ യുണൈറ്റഡ് ജോഷ്വ സിർക്‌സിയെ സ്ട്രൈക്കർ ആയി ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ ബ്രൂണോ ഫെർണാണ്ടസിനെ മുന്നോട്ട് കളിപ്പിക്കുകയോ ചെയ്തേക്കാം.

നവംബർ 24-ന് ഓൾഡ് ട്രാഫോർഡിൽ എവർട്ടണെതിരെ ആണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

ജോഷ്വ സിർക്‌സി ജനുവരിയിൽ ലോണിൽ ക്ലബ് വിടാൻ സാധ്യത


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് ജോഷ്വ സിർക്‌സിയെ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ റോമ സജീവമായി ശ്രമിക്കുന്നു. യൂറോപ്യൻ മത്സരങ്ങൾക്ക് റോമ യോഗ്യത നേടുന്നതിന് അനുസരിച്ചായിരിക്കും താരത്തെ സ്ഥിരമായി വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സിർക്‌സിയെ ടീമിലെത്തിക്കുന്നത് ആക്രമണനിരയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും, അദ്ദേഹം ടീമിന് അനുയോജ്യനായ സ്ട്രൈക്കറാണെന്നും കോച്ച് ജിയാൻ പിയേറോ ഗാസ്‌പെരിനി ഉൾപ്പെടെയുള്ള റോമ മാനേജ്‌മെന്റ് കരുതുന്നു.

ഡച്ച് ഫോർവേഡിനെ ടീമിലെത്തിക്കാൻ റോമക്ക് ആത്മവിശ്വാസമുണ്ടെങ്കിലും, താരത്തിൻ്റെ ഉയർന്ന ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക പരിമിതികൾ വെല്ലുവിളിയുയർത്തുന്നുണ്ട്. സിർക്‌സിയുടെ ശമ്പളം റോമയുടെ ബജറ്റിന് താങ്ങാനാവുന്നതിലും കൂടുതലായതിനാൽ ഈ നീക്കം സുഗമമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിൻ്റെ വേതനത്തിൻ്റെ ഒരു ഭാഗം വഹിക്കേണ്ടി വന്നേക്കാം.

ലോകകപ്പിന് മുന്നോടിയായി കൂടുതൽ കളിക്കാൻ താൽപര്യമുള്ള സിർക്‌സിക്ക്, തൻ്റെ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമാണ് ഈ ലോൺ നീക്കം. ഏകദേശം 45 ദശലക്ഷം യൂറോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സിർക്‌സിക്ക്, ടീമിലെ കടുത്ത മത്സരവും പുതിയ താരങ്ങളുടെ വരവും കാരണം സ്ഥിരമായി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

വനിതാ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പി.എസ്.ജി.യെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്


ഓൾഡ് ട്രാഫോർഡിൽ നടന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്‌നെ (പി.എസ്.ജി.) 2-1ന് തകർത്ത് ആവേശകരമായ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ യുണൈറ്റഡിന്റെ മൂന്നാം വിജയമാണിത്. യൂറോപ്യൻ ഫുട്ബോളിൽ യുണൈറ്റഡിന്റെ വളരുന്ന ശക്തിക്ക് അടിവരയിടുന്നതായിരുന്നു ഈ വിജയം.

14,667 ആരാധകരാണ് ചരിത്രപരമായ ഈ രാത്രിക്ക് സാക്ഷ്യം വഹിച്ചത്. ഈ സീസണിൽ യുണൈറ്റഡിന്റെ ഏറ്റവും ഉയർന്ന കാണികളുടെ എണ്ണമാണിത്. മുൻ യുണൈറ്റഡ് ഗോൾകീപ്പറും, ഇപ്പോൾ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന മേരി ഇയർപ്സിന് മുൻ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


മെൽവിൻ മലാർഡ് ആദ്യ പകുതിക്ക് മുൻപ് ആത്മവിശ്വാസത്തോടെയുള്ള ഫിനിഷിലൂടെ യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ, ഇടവേളയ്ക്ക് തൊട്ടുമുമ്പ് പി.എസ്.ജി.യുടെ ഓൾഗ കാർമോണയുടെ മികച്ച ലോംഗ് റേഞ്ച് ഗോൾ സ്‌കോർ സമനിലയിലാക്കി. രണ്ടാം പകുതിയിൽ, അന്ന സാൻഡ്‌ബെർഗിന്റെ കൃത്യതയാർന്ന ക്രോസിൽ നിന്ന് ഫ്രിഡോലിന റോൾഫോ കൃത്യമായി ഹെഡ്ഡ് ചെയ്തതിലൂടെ യുണൈറ്റഡ് ലീഡ് തിരികെ പിടിച്ചു.

പി.എസ്.ജി. പിന്നീട് സമനിലക്ക് ആയി ശക്തമായി പോരാടുകയും രണ്ട് തവണ പോസ്റ്റിൽ പന്തടിക്കുകയും ചെയ്‌തെങ്കിലും, യുണൈറ്റഡിന്റെ പ്രതിരോധം മികച്ചുനിന്നു. തന്റെ രണ്ടാമത്തെ സീനിയർ മത്സരത്തിൽ മാത്രം കളിച്ച യുവ ഗോൾകീപ്പർ സഫിയ മിഡിൽടൺ-പട്ടേലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ യുണൈറ്റഡിന്റെ മികച്ച തുടക്കം സ്ഥിരീകരിച്ചുകൊണ്ട് അവസാന വിസിൽ മുഴങ്ങി. ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള യുണൈറ്റഡിന്റെ പ്രതീക്ഷ വർദ്ധിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, ഷെസ്കോയുടെ പരിക്ക് ഗുരുതരമല്ല എന്ന് റിപ്പോർട്ട്


ടോട്ടൻഹാം ഹോട്ട്‌സ്‌പറുമായി 2-2 സമനിലയിൽ അവസാനിച്ച മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെഞ്ചമിൻ ഷെസ്‌കോക്ക് കാൽമുട്ടിന് പരിക്കേറ്റത് ടീമിന് ആശങ്കയുണ്ടാക്കിയിരുന്നു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് പരിശീലകൻ റൂബൻ അമോറിം ആശങ്ക പ്രകടിപ്പിച്ചെങ്കിലും, പ്രാഥമിക റിപ്പോർട്ടുകളും ആദ്യ പരിശോധനകളും സൂചിപ്പിക്കുന്നത് പരിക്ക് ഗുരുതരമല്ല എന്നാണ്.

വിശദമായ ചിത്രം ലഭിക്കുന്നതിനായി എം.ആർ.ഐ. സ്കാൻ ഉടൻ നടത്തും. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് ഷെസ്‌കോ നേടിയിട്ടുള്ളതെങ്കിലും, താരത്തിന്റെ അഭാവം ടീമിന്റെ മുന്നേറ്റനിരയെ ബാധിക്കും. ഇന്റർ നാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെസ്കോയ്ക്കും മഗ്വയറിനും പരിക്ക്


പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്‌സ്‌പറുമായി 2-2 സമനിലയിൽ പിരിഞ്ഞു. എന്നാൽ ഈ മത്സരത്തിൽ യുണൈറ്റഡിനെ വലച്ചത് അവസാന നിമിഷങ്ങളിലെ ഗോളുകൾക്കൊപ്പം കളിക്കാർക്കുണ്ടായ പരിക്കുകളാണ്.


ഹാംസ്ട്രിംഗ് പ്രശ്നം കാരണം ഹാരി മഗ്വയറിനെ 72-ാം മിനിറ്റിൽ പിൻവലിച്ചു. കൂടാതെ, കളിയുടെ അവസാന നിമിഷങ്ങളിൽ ബെഞ്ചമിൻ സെസ്‌കോ കാൽമുട്ടിന് പരിക്കേറ്റ് പുറത്തായത് യുണൈറ്റഡിനെ പത്ത് കളിക്കാർ മാത്രമായി ചുരുക്കുകയും ചെയ്തു. സെസ്കോയ്ക്ക് മുട്ടിനാണ് പരിക്ക് എന്നത് കൊണ്ട് തന്നെ താരത്തെ കുറിച്ച് ആശങ്ക ഉണ്ട് എന്ന് അമോറിം പറഞ്ഞു. ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് ഒരു വ്യക്തത ഇതിൽ വരുമെന്നാണ് പ്രതീക്ഷ.

ലണ്ടണിൽ ത്രില്ലർ!! അവസാന നിമിഷം പരാജയം ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ടോട്ടൻഹാം ഹോട്ട്‌സ്‌പർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടം 2-2 എന്ന സ്കോറിൽ അവസാനിച്ചു. കളിയുടെ അവസാന നിമിഷം വരെ ആവേശം നിലനിർത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഓരോ പോയിന്റ് വീതം സ്വന്തമാക്കി.


മത്സരത്തിന്റെ 32-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോ ഹെഡറിലൂടെ ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ സന്ദർശകർക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ടോട്ടൻഹാം ശക്തമായി തിരിച്ചുവന്നു. 84-ാം മിനിറ്റിൽ മാത്തിസ് ടെൽ നേടിയ സമനില ഗോൾ ഹോം ടീമിന് പുത്തൻ പ്രതീക്ഷ നൽകി. പിന്നാലെ സെസ്കോയ്ക്ക് പരിക്കേറ്റതോടെ യുണൈറ്റഡ് 10 പേരുമായി കളിക്കേണ്ടി വന്നു.


കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെ ആവേശം അതിന്റെ കൊടുമുടിയിലെത്തി. 90+1 മിനിറ്റിൽ വിൽസൺ ഒഡോബേർട്ടിന്റെ അസിസ്റ്റിൽ നിന്ന് റിച്ചാർലിസൺ ഹെഡ്ഡറിലൂടെ സ്പർസിന് ലീഡ് നൽകി, ടോട്ടൻഹാം വിജയമുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയില്ല.

90+6 മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ മാത്യൂസ് ഡി ലിഗ്റ്റ് ഉയർന്നു ചാടി നേടിയ ഹെഡ്ഡർ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു.

18 പോയിന്റുമായി സ്പർസ് മൂന്നാമതും 18 പോയിന്റ് തന്നെയുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version