സീസണിൽ ആദ്യമായി എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

സീസണിൽ ആദ്യമായി ഒരു എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. തുടക്കം മുതൽ ന്യൂകാസ്റ്റിൽ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ലൂയിസ് മൈലിയുടെ പാസിൽ നിന്നു ക്ലബിന് ആയി തന്റെ ആദ്യ ഗോൾ മലിക് തിയാ കണ്ടെത്തുക ആയിരുന്നു. തുടർന്ന് 25 മത്തെ മിനിറ്റിൽ ഡാൻ ബേർണിന്റെ പാസിൽ നിന്നു ലൂയിസ് മൈലി അവർക്ക് രണ്ടാം ഗോളും നേടി നൽകി.

ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ആന്റണി എലാങയുടെ പാസിൽ നിന്നു നിക്ക് വോൾട്ടമാഡ കൂടി ഗോൾ നേടിയതോടെ ന്യൂകാസ്റ്റിൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ലൂയിസ് ഹാളിന്റെ ഉഗ്രൻ ക്രോസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ മലിക് തിയാ ആണ് ന്യൂകാസ്റ്റിൽ ജയം പൂർത്തിയാക്കിയത്. ബാരി എവർട്ടണിനു ആയി നേടിയ ഗോൾ ഹാന്റ് ബോൾ കാരണം വാർ നിഷേധിച്ചു എങ്കിലും ഡ്യൂസ്ബറി-ഹാൾ 69 മത്തെ മിനിറ്റിൽ നേടിയ ഉഗ്രൻ ഗോൾ അവർക്ക് ആശ്വാസം ആയി.

സെന്റ് ജെയിംസ് പാർക്കിൽ തീ പാറി, മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഉഗ്രൻ ഫോമിൽ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ സിറ്റിയെ വീഴ്ത്തിയത്. 2019 നു ശേഷം ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ സിറ്റിയെ ലീഗിൽ തോൽപ്പിക്കുന്നത്. ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. ഡോണരുമയുടെ ഉഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ് ആദ്യ പകുതിയിൽ സിറ്റിക്ക് തുണയായത്.

വോൾട്ട്മഡയുടെ ഷോട്ടുകൾ ഒക്കെ അസാധ്യമായാണ് ഇറ്റാലിയൻ ഗോൾ കീപ്പർ രക്ഷിച്ചത്. ഇടക്ക് കിട്ടിയ സുവർണാവസരം ഹാർവി ബാർൺസ് പാഴാക്കിയത് ന്യൂകാസ്റ്റിൽ ആരാധകർ അവിശ്വസനീയതോടെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും പെനാൽട്ടി അപ്പീലുകൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കുന്നതും കാണാൻ ആയി. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം ഹാളണ്ടിന് ലക്ഷ്യം കാണാനും ആയില്ല. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മികവ് കാണിച്ചെങ്കിലും ന്യൂകാസ്റ്റിൽ അവസരങ്ങൾ തുറന്നു. 63 മത്തെ മിനിറ്റിൽ ബ്രൂണോ ഗുമിരാസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ റൂബൻ ഡിയാസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനുള്ളിൽ ന്യൂകാസ്റ്റിൽ മുൻതൂക്കം തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ വോൾട്ട്മഡയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടാനുള്ള ബ്രൂണോ ഗുമിരാസിന്റെ ശ്രമം ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ലക്ഷ്യം കണ്ട ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് വീണ്ടും മുൻതൂക്കം നൽകി. ഓഫ് സൈഡിന് ആയി നീണ്ട വാർ പരിശോധന നടന്നെങ്കിലും റഫറി ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി ശ്രമം നടത്തിയെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിലവിൽ സിറ്റി ലീഗിൽ മൂന്നാമതും ന്യൂകാസ്റ്റിൽ പതിനാലാം സ്ഥാനത്തും ആണ്.

ഒടുവിൽ ജയം കണ്ടെത്തി വെസ്റ്റ് ഹാം, ന്യൂകാസ്റ്റിലിനെ തോൽപ്പിച്ചു

248 ദിവസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ജയം കണ്ടെത്തി വെസ്റ്റ് ഹാം യുണൈറ്റഡ്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം ഒരു മത്സരം ജയിക്കുന്നത് 2024 മെയിന് ശേഷം ഇത് ആദ്യമായാണ്. പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ആദ്യ ജയം കൂടിയാണ് അവർക്ക് ഇത്. ഈ സീസണിലെ ലീഗിലെ വെറും രണ്ടാം ജയമാണ് അവർക്ക് ഇത്. മോശം തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ. നാലാം മിനിറ്റിൽ തന്നെ കൗണ്ടർ അറ്റാക്കിൽ ബ്രൂണോയുടെ പാസിൽ നിന്നു ജേക്കബ്‌ മർഫി വെസ്റ്റ് ഹാം വല കുലുക്കി.

എന്നാൽ തുടർന്ന് നന്നായി കളിച്ച വെസ്റ്റ് ഹാം പോപ്പിന്റെ പോസ്റ്റിനു നേരെ നിരന്തരം ഷോട്ടുകൾ ഉതിർത്തു. 35 മത്തെ മിനിറ്റിൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലൂക്കാസ് പക്വറ്റയുടെ ഉഗ്രൻ ഷോട്ട് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാൻ ബിസാക്കയുടെ ക്രോസ് തടയാനുള്ള ബോട്ട്മാന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിലിന് വലിയ അവസരം ഒന്നും വെസ്റ്റ് ഹാം നൽകിയില്ല. ഇടക്ക് സൗചക് നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എങ്കിലും മത്സരത്തിന്റെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ പോപ്പിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് വലയിലാക്കിയ തോമസ് സൗചക് വെസ്റ്റ് ഹാം യുണൈറ്റഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ 13 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ ഇപ്പോൾ.

ടോട്ടനത്തെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ

ടോട്ടനം ഹോട്‌സ്‌പറിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ടോട്ടനത്തെ ഗോളുകൾ നേടുന്നതിൽ നിന്നു ന്യൂകാസ്റ്റിൽ പ്രതിരോധം തടഞ്ഞു. ഇരു പകുതികളിൽ ആയി നേടിയ ഗോളുകൾ ആണ് ന്യൂകാസ്റ്റിലിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഫാബിയൻ ഷാർ ആണ് ന്യൂകാസ്റ്റിലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ നേടിയ നിക്ക് വോൽട്ടമൈഡ് അവരുടെ ജയം പൂർത്തിയാക്കുകയും ചെയ്തു. ജോ വില്ലോക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെയാണ് ജർമ്മൻ മുന്നേറ്റ നിര താരവും ഗോൾ നേടിയത്.

ബ്രൂണോയുടെ അവസാന നിമിഷ ഗോളിൽ ഫുൾഹാമിനെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മികച്ച തുടക്കം ലഭിച്ച ന്യൂകാസ്റ്റിൽ ആദ്യ പകുതിയിൽ പലപ്പോഴും ഗോളിന് അടുത്ത് എത്തിയത് ആണ്. 18 മത്തെ ബാസിയുടെ പിഴവിൽ നിന്നു ഗോൾ കണ്ടത്തിയ ജേക്കബ് മർഫി ന്യൂകാസ്റ്റിലിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. എന്നാൽ തുടർന്ന് നന്നായി കളിക്കുന്ന ഫുൾഹാമിനെ ആണ് കണ്ടത്.

രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം കെവിൻ കൂടി എത്തിയതോടെ ഫുൾഹാം ആക്രമണത്തിനു മൂർച്ച കൂടി. 56 മത്തെ മിനിറ്റിൽ കെവിന്റെ പാസിൽ നിന്നുള്ള ഹിമനസിന്റെ ശ്രമം ക്രോസ് ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ലുകിച് ലണ്ടൻ ടീമിന് സമനില ഗോൾ നൽകി. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും മികച്ച ശ്രമം ആണ് നടത്തിയത്. 90 മത്തെ മിനിറ്റിൽ പകരക്കാരൻ ഒസുലയുടെ ഷോട്ട് ലെനോ തട്ടിയകറ്റിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ബ്രൂണോ ജി ന്യൂകാസ്റ്റിലിന് വിജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ 11 സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം തുടർച്ചയായ നാലാം പരാജയം ആണ് മാർക്കോ സിൽവയുടെ ടീമിന് ഇത്.

96 മത്തെ മിനിറ്റിൽ വിജയഗോൾ! ന്യൂകാസ്റ്റിലിനെ അവരുടെ മൈതാനത്ത് തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് സമീപകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു ആഴ്‌സണൽ. 2-1 നു ആയിരുന്നു ആർട്ടെറ്റയുടെ ടീമിന്റെ ജയം. സാകയും എസെയും ട്രോസാർഡും ഗ്യോകെറസും മുന്നേറ്റത്തിൽ ഇറങ്ങിയ ആഴ്‌സണൽ ആക്രമണ ഫുട്‌ബോൾ ആണ് കളിച്ചത്. എസെയുടെ മികച്ച 2 ഷോട്ടുകൾ അസാധ്യമായ വിധമാണ് നിക് പോപ്പ് തടഞ്ഞിട്ടത്. 15 മത്തെ മിനിറ്റിൽ പോപ്പ് ഗ്യോകെറസിനെ വീഴ്ത്തിയതിനു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് റഫറി പിൻവലിച്ചു. പോപ്പിന്റെ കാലിൽ പന്ത് തട്ടിയിരുന്നു എന്ന കാരണത്താൽ ആയിരുന്നു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി നിഷേധിച്ചത്.

ഇതിൽ ആഴ്‌സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. 34 മത്തെ മിനിറ്റിൽ സലിബക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം മസ്ക്വര അനാവശ്യമായ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ന്യൂകാസ്റ്റിൽ ഗോൾ കണ്ടെത്തി. ടൊണാലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു പുതിയ ന്യൂകാസ്റ്റിൽ സ്‌ട്രൈക്കർ നിക് വോൾട്ടമെഡ് മികച്ച ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. താരം ഫൗൾ ചെയ്തത് ആയി ഗബ്രിയേൽ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തുടർന്നും സമനിലക്ക് ആയി ആഴ്‌സണൽ നിരന്തരം ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയിൽ സലിബയെയും ആർട്ടെറ്റ ഇറക്കി. ഇടക്ക് സുബിമെന്റിയുടെ ക്രോസിൽ നിന്നുള്ള ടിംമ്പറിന്റെ ഹെഡർ ശ്രമവും പോപ്പ് അവിശ്വസനീയം ആയ വിധം തട്ടി അകറ്റി. അവസാന നിമിഷങ്ങളിൽ മെറീനോയെയും പരിക്ക് മാറി എത്തിയ ഒഡഗാർഡിനെയും കൊണ്ടു വന്ന ആർട്ടെറ്റയുടെ നീക്കം ഫലം കണ്ടു.

84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ആഴ്‌സണൽ അർഹിച്ച സമനില ഗോൾ കണ്ടെത്തി. ഡക്ലൻ റൈസിന്റെ മികച്ച ക്രോസിൽ നിന്നു ബുദ്ധിപരമായ ഹെഡറിലൂടെ മുൻ ന്യൂകാസ്റ്റിൽ താരം കൂടിയായ മിഖേൽ മെറീനോ ആഴ്‌സണലിന് സമനില നൽകി. തുടർന്ന് ജയത്തിനായി ആയി ആഴ്‌സണൽ ശ്രമം. ഇടക്ക് ഗബ്രിയേൽ ഹാന്റ് ബോളിന് പെനാൽട്ടിക്ക് ആയി ന്യൂകാസ്റ്റിൽ അപ്പീൽ ചെയ്തെങ്കിൽ റഫറി അത് അനുവദിച്ചില്ല. ഇടക്ക് ലിവർമെന്റോ പരിക്കേറ്റ് സ്ട്രകച്ചറിൽ കളം വിട്ടതും കാണാൻ ആയി. ഒടുവിൽ 96 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ ഉഗ്രൻ കോർണറിൽ നിന്നു തന്നെ വളഞ്ഞ ന്യൂകാസ്റ്റിൽ താരങ്ങളെ മറികടന്നു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. കഴിഞ്ഞ 2 സീസണിലും തോൽവി അറിഞ്ഞ മൈതാനത്തെ ജയിച്ചത്തോടെ 6 മത്സരങ്ങൾക്ക് ശേഷം 13 പോയിന്റുകളും ആയി ലിവർപൂളിന് 2 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ആഴ്‌സണൽ ഇപ്പോൾ.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി നിക്ക് വോൾട്ടേമഡെ! ന്യൂകാസിലിന് ജയം


സെന്റ് ജെയിംസ് പാർക്ക്: പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മൂന്ന് പോയിന്റുകൾ നേടി ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ (വോൾവ്സ്) 1-0 നാണ് ന്യൂകാസിൽ വിജയിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ നിക്ക് വോൾട്ടേമഡെയാണ് ന്യൂകാസിലിന്റെ വിജയശില്പി.


മത്സരത്തിന്റെ 29-ാം മിനിറ്റിൽ മർഫി നൽകിയ മികച്ച ക്രോസിൽ തലവെച്ചാണ് വോൾട്ടേമഡെ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ വോൾവ്സ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ന്യൂകാസിലിന്റെ പ്രതിരോധം അവർക്ക് മുന്നിൽ വൻമതിലായി നിന്നു. ഷാറിന്റെ മികച്ചൊരു ടാക്കിളും ന്യൂകാസിലിന്റെ രക്ഷക്കെത്തി.


തുടർച്ചയായ നാലാം തോൽവിയാണ് വോൾവ്സ് നേരിട്ടത്. 127 വർഷത്തെ അവരുടെ ലീഗ് ചരിത്രത്തിൽ ഇത് ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ വോൾവ്സ് പരാജയപ്പെടുന്നത്. അതേസമയം, വോൾവ്സിനെതിരെ ന്യൂകാസിലിന്റെ അപരാജിത കുതിപ്പ് എട്ട് മത്സരങ്ങളായി ഉയർന്നു. ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ 100 മത്സരങ്ങളിൽ 1-0 എന്ന സ്കോറിന് വിജയിക്കുന്ന ക്ലബ്ബുകളുടെ എലൈറ്റ് ഗ്രൂപ്പിൽ ന്യൂകാസിലും ഇടം നേടി.

മത്സരത്തിലുടനീളം കടുത്ത പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ മധ്യനിരയിൽ കടുത്ത പോരാട്ടം നടന്നപ്പോൾ നിരവധി മഞ്ഞക്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മത്സരത്തിൽ ലീഡ് നിലനിർത്താൻ ന്യൂകാസിലിനായി. അടുത്ത മത്സരത്തിൽ ബാഴ്സലോണയുമായി നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി തയ്യാറെടുക്കുന്ന ന്യൂകാസിലിന് ഈ വിജയം കൂടുതൽ ആത്മവിശ്വാസം നൽകും.

10 പേരുമായി കളിച്ച ആസ്റ്റൺ വില്ലയെ തോൽപ്പിക്കാൻ ആകാതെ ന്യൂകാസിൽ


ഇന്ന് വില്ലാ പാർക്കിൽ നടന്ന പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ലയും ന്യൂകാസിൽ യുണൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആവേശകരമായ തുടക്കമുണ്ടായിട്ടും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ശക്തമായ പ്രതിരോധവും ഇരു ടീമുകളുടെയും ഗോൾകീപ്പർമാരായ മാർക്കോ ബിസോട്ട് (വില്ല), നിക്ക് പോപ്പ് (ന്യൂകാസിൽ) എന്നിവരുടെ മികച്ച പ്രകടനങ്ങളും സ്കോർബോർഡ് 0-0 എന്ന നിലയിൽ നിലനിർത്തി.


മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ പ്രതിരോധ താരം എസ്രി കോൻസ ന്യൂകാസിലിന്റെ ആന്റണി ഗോർഡനെ ഫൗൾ ചെയ്തതിന് നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അവസാന 25 മിനിറ്റ് പത്തുപേരുമായാണ് വില്ല കളിച്ചത്. എന്നിട്ടും അവർ സമനില പിടിച്ചു.


ഈ മത്സരത്തിൽ നിരവധി താരങ്ങൾ അരങ്ങേറ്റം കുറിച്ചു. സസ്പെൻഷൻ കാരണം എമിലിയാനോ മാർട്ടിനെസിന് പകരം മാർക്കോ ബിസോട്ട് വില്ലയ്ക്കായി ഗോൾവല കാത്തു. ന്യൂകാസിലിനായി ആന്റണി എലാങ്ക ആദ്യമായി കളത്തിലിറങ്ങി. പ്രതിരോധത്തിന്റെ കാര്യത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, ഇരു പരിശീലകരായ ഉനായ് എമറിക്കും എഡ്ഡി ഹൗവിനും മുന്നേറ്റനിരയിൽ കൂടുതൽ മൂർച്ച കൂട്ടേണ്ടതുണ്ട്.

ന്യൂകാസിലിന്റെ ആദ്യ മത്സരത്തിൽ അലക്സാണ്ടർ ഇസാക്ക് കളിക്കില്ല



പ്രീമിയർ ലീഗ് ഓപ്പണറിൽ ആസ്റ്റൺ വില്ലക്കെതിരെ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ടീമിലെ പ്രധാന സ്ട്രൈക്കറായ അലക്സാണ്ടർ ഇസാക്ക് (Alexander Isak) ഉണ്ടാകില്ല എന്ന് പരിശീലകൻ എഡി ഹോ പറഞ്ഞു. താരത്തിനെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കവെ ആണ് താരം സ്ക്വാഡിന് പുറത്തിരിക്കുന്നത്.

പ്രീസീസണിലും ഇസാക് ന്യൂകാസിലിനായി കളിച്ചിരുന്നില്ല. ക്ലബ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം. ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുമായുള്ള സന്നാഹമത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ ന്യൂകാസിലിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും നിന്നായി 23 ഗോളുകൾ നേടി ന്യൂകാസിലിനെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഇസാക്ക്. 110 മില്യന്റെ ലിവർപൂളിന്റെ ആദ്യ ബിഡ് ന്യൂകാസിൽ നിരസിച്ചിരുന്നു. ട്രാൻസ്ഫർ വിൻഫോ അവസാനിക്കും മുമ്പ് ഇസാക് ലിവർപൂളിൽ എത്തും എന്ന് തന്നെയാണ് പ്രതീക്ഷ.

ജർമ്മൻ പ്രതിരോധ താരം മാലിക് തിയാവ് ന്യൂകാസിലിലേക്ക്


ന്യൂകാസിൽ: എസി മിലാൻ പ്രതിരോധ താരം മാലിക് തിയാവിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി. ഏകദേശം 40 ദശലക്ഷം യൂറോയുടെ കരാറിലാണ് ജർമ്മൻ താരം ന്യൂകാസിലിലെത്തുന്നത്. എസി മിലാൻ കരാറിന് വാക്കാൽ സമ്മതം മൂളിയതോടെ കൈമാറ്റം അന്തിമഘട്ടത്തിലാണ്.

24-കാരനായ തിയാവ്, ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരത്തിൽ ആകൃഷ്ടനായാണ് ഇംഗ്ലീഷ് ക്ലബ്ബിലേക്ക് എത്തുന്നത്. സ്വെൻ ബോട്ട്മാൻ ഒഴികെ പ്രതിരോധനിരയിലെ പ്രമുഖ താരങ്ങളുടെ പരിക്കും പ്രായക്കൂടുതലും ന്യൂകാസിലിന് തലവേദനയായിരുന്നു. ഈ സാഹചര്യത്തിൽ തിയാവിന്റെ വരവ് പ്രതിരോധനിരയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്നാണ് കരുതുന്നത്.

മെഡിക്കൽ പരിശോധനകൾക്ക് ശേഷം എഡ്ഡി ഹൗവിന്റെ ടീമിന്റെ പ്രതിരോധത്തിലെ പുതിയ മുഖമാകും തിയാവ്.
ഷാൽക്കെയിൽ തിളങ്ങിയ തിയാവ് എസി മിലാനിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. 2022-ൽ 8.8 ദശലക്ഷം യൂറോയ്ക്ക് എസി മിലാൻ സ്വന്തമാക്കിയ താരത്തെയാണ് ഇപ്പോൾ 40 ദശലക്ഷം യൂറോ നൽകി ന്യൂകാസിൽ സ്വന്തമാക്കുന്നത്.

സെസ്കോയെ സ്വന്തമാക്കാൻ ന്യൂകാസിലിന്റെ പുതിയ 90 മില്യൺ ഓഫർ!


ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി ന്യൂകാസിൽ യുണൈറ്റഡ്. ആർബി ലീപ്സിഗ് അവരുടെ ആദ്യ 75 മില്യൺ യൂറോയുടെ ഓഫർ നിരസിച്ചതിനെ തുടർന്ന്, ന്യൂകാസിൽ 80 മില്യൺ യൂറോയും അധിക ബോണസുകളും ഉൾപ്പെടെയുള്ള 90 മില്യന്റെ പുതിയ ഓഫർ സമർപ്പിച്ചു.


യൂറോപ്പിലെ ഏറ്റവും മികച്ച യുവ സ്ട്രൈക്കർമാരിൽ ഒരാളായ 22-കാരനായ സെസ്കോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റഡാറിലുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഔദ്യോഗികമായി ഒരു ബിഡ് സമർപ്പിച്ചിട്ടില്ല, കൂടാതെ അവരുടെ ഓഫർ ന്യൂകാസിലിന്റെ ഓഫറിനേക്കാൾ പിന്നിലാണ്.


ന്യൂകാസിൽ സഹ ഉടമ ജാമി റൂബൻ തിങ്കളാഴ്ച ലീപ്സിഗ് അധികൃതരുമായും സെസ്കോയുടെ ഏജന്റുമാരുമായും പോസിറ്റീവായ ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ഇത് അവരെ മുൻനിരയിൽ എത്തിക്കുന്നു. എങ്കിലും ഇതുവരെ ഒരു കരാറും അന്തിമമായിട്ടില്ല. സെസ്കോയുടെ താൽപ്പര്യം ഒരു പ്രധാന ഘടകമാണെങ്കിലും, ലീപ്സിഗ് അവരുടെ വിലയിൽ ഉറച്ചുനിൽക്കുന്നു.


കഴിഞ്ഞ സീസണിൽ ലീപ്സിഗിനായി 21 ഗോളുകൾ നേടിയ ഈ സ്ലോവേനിയൻ താരം ന്യൂകാസിലിന്റെ ദീർഘകാല ലക്ഷ്യമാണ്. അലക്സാണ്ടർ ഇസാക്ക് ടീം വിടാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ ഈ നീക്കത്തിനു ആക്കം കൂട്ടി. കഴിഞ്ഞ ആഴ്ച ഇസാക്കിനായി ലിവർപൂൾ സമർപ്പിച്ച 110 മില്യൺ പൗണ്ടിന്റെ ബിഡ് ന്യൂകാസിൽ നിരസിച്ചിരുന്നു. ഇത് സെസ്കോയെ ഇസാക്കിന്റെ പകരക്കാരനായി കൊണ്ടുവരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
2029 വരെ കരാറുള്ള സെസ്കോ, ആർബി സാൽസ്ബർഗിൽ നിന്ന് ലീപ്സിഗിൽ എത്തിയതിനുശേഷം 87 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്. സ്ലോവേനിയൻ ദേശീയ ടീമിനായി 41 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും സ്വന്തമാക്കി.

ബെഞ്ചമിൻ സെസ്കോയ്ക്ക് ന്യൂകാസിൽ നൽകിയ ഓഫർ പോര എന്ന് ലെപ്സിഗ്


ആർബി ലെപ്സിഗ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് മുന്നോട്ടുവെച്ച €80 മില്യൺ യൂറോയുടെ ഓഫർ, താരത്തിന് ക്ലബ് വിലയിട്ട തുകയ്ക്ക് താഴെയായതുകൊണ്ട് ബുണ്ടസ്ലിഗ ക്ലബ് നിരസിച്ചു. അലക്സാണ്ടർ ഇസാക്കിന്റെ സെന്റ് ജെയിംസ് പാർക്കിലെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് €75 മില്യൺ യൂറോയുടെ ഓഫറും €5 മില്യൺ യൂറോയുടെ ആഡ്-ഓൺസുമായി ന്യൂകാസിൽ സെസ്കോയ്ക്ക് ആയി രംഗത്തെത്തിയത്.


ഇസാക്കിനായി ലിവർപൂൾ അടുത്തിടെ 110 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചിരുന്നെങ്കിലും ന്യൂകാസിൽ അത് നിരസിച്ചിരുന്നു. എന്നിരുന്നാലും, സ്വീഡിഷ് ഫോർവേഡിൽ ലിവർപൂളിന് ഇപ്പോഴും താൽപ്പര്യമുണ്ട്.

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡും സെസ്കോയെ ഉറ്റുനോക്കുന്നുണ്ട്. ലെപ്സിഗ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബിഡ് എന്തായിരിക്കും എന്ന് ഉറ്റു നോക്കുകയാണ്.

Exit mobile version