സീസണിൽ ആദ്യമായി എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്

സീസണിൽ ആദ്യമായി ഒരു എവെ മത്സരത്തിൽ ജയം കണ്ടു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. തുടക്കം മുതൽ ന്യൂകാസ്റ്റിൽ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ലൂയിസ് മൈലിയുടെ പാസിൽ നിന്നു ക്ലബിന് ആയി തന്റെ ആദ്യ ഗോൾ മലിക് തിയാ കണ്ടെത്തുക ആയിരുന്നു. തുടർന്ന് 25 മത്തെ മിനിറ്റിൽ ഡാൻ ബേർണിന്റെ പാസിൽ നിന്നു ലൂയിസ് മൈലി അവർക്ക് രണ്ടാം ഗോളും നേടി നൽകി.

ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ആന്റണി എലാങയുടെ പാസിൽ നിന്നു നിക്ക് വോൾട്ടമാഡ കൂടി ഗോൾ നേടിയതോടെ ന്യൂകാസ്റ്റിൽ ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ലൂയിസ് ഹാളിന്റെ ഉഗ്രൻ ക്രോസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ മലിക് തിയാ ആണ് ന്യൂകാസ്റ്റിൽ ജയം പൂർത്തിയാക്കിയത്. ബാരി എവർട്ടണിനു ആയി നേടിയ ഗോൾ ഹാന്റ് ബോൾ കാരണം വാർ നിഷേധിച്ചു എങ്കിലും ഡ്യൂസ്ബറി-ഹാൾ 69 മത്തെ മിനിറ്റിൽ നേടിയ ഉഗ്രൻ ഗോൾ അവർക്ക് ആശ്വാസം ആയി.

തിരിച്ചു വന്നു 7 ഗോൾ ത്രില്ലർ ജയിച്ചു സണ്ടർലാന്റ്, ബ്രന്റ്ഫോർഡിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ത്രില്ലർ മത്സരത്തിൽ ബോർൺമൗതിനെ 3-2 നു വീഴ്ത്തി സണ്ടർലാന്റ് നാലാം സ്ഥാനത്ത്. 2 ഗോൾ പിറകിൽ പോയ ശേഷം തിരിച്ചു വന്നാണ് സണ്ടർലാന്റ് സ്റ്റേഡിയം ഓഫ് ലൈറ്റിൽ അവിസ്മരണീയ ജയം നേടിയത്. ഏഴാം മിനിറ്റിൽ റീബോണ്ടിൽ അമീൻ ആദിലും 15 മത്തെ മിനിറ്റിൽ മൈതാനത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് നിന്നു ഉഗ്രൻ ഷോട്ടിൽ നിന്നു ടെയ്‌ലർ ആദംസും നേടിയ ഗോളുകളിൽ ബോർൺമൗത് വിജയം പ്രതീക്ഷിച്ചത് ആണ്. എന്നാൽ തീർത്തും അവിസ്മരണീയ പോരാട്ടം നടത്തുന്ന സണ്ടർലാന്റിനെ ആണ് പിന്നീട് കണ്ടത്. 30 മത്തെ മിനിറ്റിൽ എൻസോ ലീ ഫീ പെനാൽട്ടിയിലൂടെ ഒരു ഗോൾ മടക്കി. തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഗ്രാനിറ്റ് ഷാക്കയുടെ പാസിൽ നിന്നു ഗോൾ നേടിയ ബെർട്രാന്റ് ട്രയോരെ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

69 മത്തെ മിനിറ്റിൽ എൻസോ ലീ ഫീയുടെ പാസിൽ നിന്നു പകരക്കാരൻ ബ്രയാൻ ബ്രോബി സണ്ടർലാന്റിനു അർഹിച്ച ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ സമനില ഗോളിന് ആയുള്ള ബോർൺമൗത് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ലൂയിസ് കുക്ക് അവസാന നിമിഷം ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതും അവർക്ക് തിരിച്ചടിയായി. അതേസമയം ബ്രന്റ്ഫോർഡ് ബേർൺലിയെ 3-1 നു മറികടന്നു എട്ടാം സ്ഥാനത്തേക്ക് കയറി. സമനിലയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ 81 മത്തെ മിനിറ്റിൽ ഉഗ്രൻ ഫോമിലുള്ള ഇഗോർ തിയാഗോയുടെ പെനാൽട്ടി ഗോളിൽ ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ 85 മത്തെ മിനിറ്റിൽ ഫ്ലെമിങ് പെനാൽട്ടിയിലൂടെ ഈ ഗോൾ മടക്കി. എന്നാൽ തൊട്ടടുത്ത നിമിഷം തന്റെ രണ്ടാം ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് വീണ്ടും മുൻതൂക്കം നൽകി. 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡാൻഗോ ഒട്ടാര അവരുടെ ജയവും പൂർത്തിയാക്കുക ആയിരുന്നു.

ഇഞ്ച്വറി സമയത്ത് ജയിച്ചു കയറി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം കണ്ടു
ബയേൺ മ്യൂണിക്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിന് എതിരായ പരാജയത്തിന് ശേഷം കളിക്കാൻ ഇറങ്ങിയ ബയേണിനെ സെന്റ് പൗളി തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. ആറാം മിനിറ്റിൽ ആന്ദ്രസിന്റെ ഗോളിൽ ബയേൺ മത്സരത്തിൽ പിറകിൽ പോയി. തുടർന്ന് നിരന്തരം ആക്രമിക്കുന്ന ബയേണിനെ ആണ് മത്സരത്തിൽ കണ്ടത്. 44 മത്തെ മിനിറ്റിൽ ബയേണിന്റെ സമനില ഗോൾ പിറന്നു.

ലൂയിസ് ഡിയാസിന്റെ പാസിൽ നിന്നു റാഫേൽ ഗുരേയിരോ ആണ് അവരുടെ സമനില ഗോൾ നേടിയത്. തുടർന്നു വിജയഗോളിന് ആയുള്ള ബയേണിന്റെ ശ്രമങ്ങൾ 90 മിനിറ്റും കടന്നു. 93 മത്തെ മിനിറ്റിൽ ഒടുവിൽ കിമ്മിച്ചിന്റെ ക്രോസിൽ നിന്നു മികച്ച ഗോളിലൂടെ ലൂയിസ് ഡിയാസ് ബയേണിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. തുടർന്ന് സമനില ഗോളിനായി എതിർ ടീം ഗോൾ കീപ്പർ കയറി വന്നത് മുതലാക്കിയ നിക്കോളാസ് ജാക്സൻ 96 മത്തെ മിനിറ്റിൽ ബയേണിന്റെ 3-1 ന്റെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ ഇപ്പോൾ ബഹുദൂരം മുന്നിലാണ് ബയേൺ.

എംബപ്പെക്ക് നാല് ഗോളുകൾ, 7 ഗോൾ ത്രില്ലർ ജയിച്ചു റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രീക്ക് ചാമ്പ്യന്മാർ ആയ ഒളിമ്പ്യാകാസ് ഉയർത്തിയ വെല്ലുവിളി മറികടന്നു റയൽ മാഡ്രിഡ്. നാലു ഗോളുകളും ആയി തിളങ്ങിയ കിലിയൻ എംബപ്പെയാണ് മാഡ്രിഡിനു 4-3 ന്റെ ത്രില്ലർ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കും റയൽ ഉയർന്നു. എട്ടാം മിനിറ്റിൽ പിറകിൽ പോയ റയലിന് ആയി 29 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന എംബപ്പെയാണ് മത്സരത്തിൽ കാണാൻ ആയത്.

വിനീഷ്യസ് ജൂനിയർ, ആർദ ഗുലർ, കാമവിങ എന്നിവർ ആണ് എംബപ്പെയുടെ ഗോളുകൾക്ക് അവസരം ഉണ്ടാക്കിയത്. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മെഹദി തരമിയിലൂടെ ഒരു ഗോൾ കൂടി ഗ്രീക്ക് ടീം മടക്കി. എന്നാൽ 59 മത്തെ മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ തന്റെ നാലാം ഗോൾ നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ റയൽ മുൻതൂക്കം വീണ്ടും കൂട്ടി. 81 മത്തെ മിനിറ്റിൽ എൽ കാപിയിലൂടെ ഒളിമ്പ്യാകാസ് ഒരു ഗോൾ കൂടി മടക്കിയതോടെ മത്സരം കൂടുതൽ ആവേശമായി. എന്നാൽ തുടർന്ന് ഗോൾ വഴങ്ങാതെ നിന്ന റയൽ പ്രതിരോധം ജയം ഉറപ്പിക്കുക ആയിരുന്നു.

8 ഗോൾ ത്രില്ലർ ജയിച്ചു പി.എസ്.ജി, ഇന്ററിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പി.എസ്.ജി. സ്വന്തം മൈതാനത്ത് വിറ്റീനിയയുടെ ഹാട്രിക് മികവിൽ ആണ് പാരീസ് ഇംഗ്ലീഷ് ടീമിനെ 8 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ആണ് പോർച്ചുഗീസ് താരം ഹാട്രിക് നേടുന്നത്. 35 മത്തെ മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വിറ്റീനിയയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുള്ളിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.

എന്നാൽ 3 മിനിറ്റിനുള്ളിൽ വിറ്റീനിയ വീണ്ടും പാരീസിനെ ഒപ്പം എത്തിച്ചു. 59 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പാരീസ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് 65 മത്തെ മിനിറ്റിൽ പാച്ചോ കൂടി ഗോൾ നേടിയതോടെ പാരീസ് ജയം ഉറപ്പിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റീനിയ പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടെങ്കിലും പാരീസ് ജയത്തിനെ അതൊന്നും ബാധിച്ചില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 സ്ഥാനത്തും ആണ്.

അതേസമയം മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ യൂലിയൻ അൽവാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗ്രീൻസ്മാന്റെ പാസിൽ നിന്നു ഹോസെ ഹിമനസ് അത്ലറ്റികോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഇന്റർ നാലാമതും 3 പോയിന്റ് പിറകിൽ അത്ലറ്റികോ ഒമ്പതാം സ്ഥാനത്തും ആണ്.

ആൻഫീൽഡിൽ ലിവർപൂൾ നാണം കെട്ടു, പി.എസ്.വിക്ക് എതിരെ 4-1 ന്റെ പരാജയം

തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്നിൽ അധികം ഗോളുകൾ വഴങ്ങി പരാജയപ്പെട്ടു ലിവർപൂൾ. 1953 നു ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ സ്വന്തം മൈതാനം ആയ ആൻഫീൽഡിൽ 4-1 ന്റെ നാണം കെട്ട പരാജയം ആണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. മത്സരം തീരുന്നതിനു മുമ്പ് ലിവർപൂൾ ആരാധകർ സ്റ്റേഡിയം വിടുന്ന കാഴ്ച ഇന്നും കാണാൻ ആയി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിൽ പോയി. വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇവാൻ പെരിസിച് ആണ് ഡച്ച് ടീമിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ മത്സരത്തിൽ ഒപ്പമെത്തി.

ലിവർപൂളിന് ദുസ്വപ്നങ്ങൾ സമ്മാനിച്ച രണ്ടാം പകുതിയാണ് തുടർന്ന് കണ്ടത്. 27 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്തെങ്കിലും അതൊന്നും ഡച്ച് ടീമിന്റെ പ്രതിരോധം ഒന്നു കൂടി വീഴ്ത്താൻ മതി ആയിരുന്നില്ല. 56 നത്തെ മിനിറ്റിൽ മൗറ ജൂനിയറിന്റെ പാസിൽ നിന്നു മികച്ച ഫിനിഷിലൂടെ ഗുസ്‌ ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ചൗയിബ് ഡ്രിയൊയച് ആണ് ലിവർപൂൾ പരാജയത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ 73 മത്തെ മിനിറ്റിൽ ഗോൾ നേടിയ 23 കാരനായ മൊറോക്കൻ താരം 91 മത്തെ മിനിറ്റിൽ ഡസ്റ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തി ലിവർപൂൾ നാണക്കേട് പൂർത്തിയാക്കി. ലിവർപൂൾ പരിശീലകൻ ആർണെ സ്ലോട്ടിനു മേൽ ഈ പരാജയം കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ 13 മതും പി.എസ്.വി 15 സ്ഥാനത്തും ആണ്.

പരാജയം അറിയാതെയുള്ള ബയേണിന്റെ കുതിപ്പിന് അന്ത്യം കുറിച്ച് ആഴ്‌സണൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണികിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. സീസണിൽ 18 കളികളിൽ പരാജയം അറിയാതെയെത്തിയ ബയേണിനെ സ്വന്തം മൈതാനത്ത് ആധികാരിക പ്രകടനം നടത്തിയാണ് ആഴ്‌സണൽ മറികടന്നത്. പ്രതിരോധത്തിൽ മൊസ്ക്വേര, മൈൽസ് ലൂയിസ് സ്‌കെല്ലി എന്നീ മാറ്റങ്ങളും ആയാണ് ആഴ്‌സണൽ എത്തിയത്. സെറ്റ് പീസുകളിൽ ബയേണിന്റെ മോശം റെക്കോർഡ് മുതലാക്കിയ ആഴ്‌സണൽ 22 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. ബുകയോ സാകയുടെ ഒന്നാന്തരം കോർണറിൽ നിന്നു യൂറിയൻ ടിമ്പർ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. എന്നാൽ 10 മിനിറ്റിനുള്ളിൽ ബയേൺ മത്സരത്തിൽ തിരിച്ചെത്തി.

കിമ്മിചിന്റെ മികച്ച ലോങ് ബോളിൽ നിന്നു ഗനാബ്രിയുടെ പാസിൽ നിന്നു 17 കാരനായ ലെനാർട്ട് കാൾ ബയേണിനു സമനില നൽകി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. ബയേണിന്റെ കാലിൽ പന്ത് കൂടുതൽ സമയം ഉണ്ടായിരുന്നു എങ്കിലും അവർക്ക് വലിയ അവസരങ്ങൾ ഒന്നും തുറക്കാൻ ആയില്ല. ആദ്യ പകുതിയിൽ ട്രൊസാർഡ് പരിക്കേറ്റ് പോയത് ആണ് ആഴ്‌സണലിന് ഏറ്റ ഏക തിരിച്ചടി. രണ്ടാം പകുതിയിൽ ഏതാണ്ട് പൂർണമായും ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. 69 മത്തെ മിനിറ്റിൽ ആഴ്‌സണൽ മത്സരത്തിൽ പകരക്കാരൻ നോനി മദുയെകയിലൂടെ മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ക്ലബിന് ആയുള്ള തന്റെ ആദ്യ ഗോൾ ആയിരുന്നു ഇംഗ്ലീഷ് താരത്തിന് ഇത്.

കളത്തിൽ ഇറങ്ങി തൊട്ടടുത്ത നിമിഷം തന്നെ മികച്ച ക്രോസിലൂടെ ഈ ഗോളിന് അവസരം ഉണ്ടാക്കിയത് റിക്കാർഡോ കാലഫിയോരി ആയിരുന്നു. 77 മത്തെ എസെ മറിച്ചു നൽകിയ പന്ത് കയറി വന്ന മാനുവൽ ന്യൂയറെ മറികടന്നു ഗോളാക്കി മാറ്റിയ മറ്റൊരു പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന നാലാം മത്സരത്തിൽ മാർട്ടിനെല്ലി നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്നും ആക്രമണം തുടർന്ന ആഴ്‌സണൽ കൂടുതൽ ഗോളുകൾ നേടാത്തത്‌ നിർഭാഗ്യം കൊണ്ടായിരുന്നു. മധ്യനിര അനായാസം ഭരിച്ച ഡക്ലൻ റൈസ് ആയിരുന്നു മത്സരത്തിലെ താരം. പരിക്കിൽ നിന്നു മോചിതനായി ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് കളത്തിൽ ഇറങ്ങുന്നതും ഇന്ന് കണ്ടു. നിലവിൽ 5 ഗ്രൂപ്പ് മത്സരവും ജയിച്ച ആഴ്‌സണൽ 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആണ്. ആദ്യ പരാജയം അറിഞ്ഞ ബയേൺ മൂന്നാം സ്ഥാനത്തും.

സെന്റ് ജെയിംസ് പാർക്കിൽ തീ പാറി, മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഉഗ്രൻ ഫോമിൽ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ സിറ്റിയെ വീഴ്ത്തിയത്. 2019 നു ശേഷം ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ സിറ്റിയെ ലീഗിൽ തോൽപ്പിക്കുന്നത്. ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. ഡോണരുമയുടെ ഉഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ് ആദ്യ പകുതിയിൽ സിറ്റിക്ക് തുണയായത്.

വോൾട്ട്മഡയുടെ ഷോട്ടുകൾ ഒക്കെ അസാധ്യമായാണ് ഇറ്റാലിയൻ ഗോൾ കീപ്പർ രക്ഷിച്ചത്. ഇടക്ക് കിട്ടിയ സുവർണാവസരം ഹാർവി ബാർൺസ് പാഴാക്കിയത് ന്യൂകാസ്റ്റിൽ ആരാധകർ അവിശ്വസനീയതോടെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും പെനാൽട്ടി അപ്പീലുകൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കുന്നതും കാണാൻ ആയി. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം ഹാളണ്ടിന് ലക്ഷ്യം കാണാനും ആയില്ല. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മികവ് കാണിച്ചെങ്കിലും ന്യൂകാസ്റ്റിൽ അവസരങ്ങൾ തുറന്നു. 63 മത്തെ മിനിറ്റിൽ ബ്രൂണോ ഗുമിരാസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ റൂബൻ ഡിയാസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനുള്ളിൽ ന്യൂകാസ്റ്റിൽ മുൻതൂക്കം തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ വോൾട്ട്മഡയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടാനുള്ള ബ്രൂണോ ഗുമിരാസിന്റെ ശ്രമം ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ലക്ഷ്യം കണ്ട ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് വീണ്ടും മുൻതൂക്കം നൽകി. ഓഫ് സൈഡിന് ആയി നീണ്ട വാർ പരിശോധന നടന്നെങ്കിലും റഫറി ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി ശ്രമം നടത്തിയെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിലവിൽ സിറ്റി ലീഗിൽ മൂന്നാമതും ന്യൂകാസ്റ്റിൽ പതിനാലാം സ്ഥാനത്തും ആണ്.

ക്യാമ്പ് നൗവ് തിരിച്ചു വരവ് ആഘോഷമാക്കി ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ തങ്ങളുടെ ഹോം മൈതാനം ആയ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ബാഴ്‌സലോണ. പുതിയ അറ്റകുറ്റപ്പണികൾക്ക് ശേഷം തങ്ങളുടെ പ്രസിദ്ധ മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ തിരിച്ചെത്തിയ ബാഴ്‌സലോണ ഗംഭീര പ്രകടനം ആണ് അത്ലറ്റിക് ബിൽബാവോക്ക് എതിരെ പുറത്ത് എടുത്തത്. 4-0 നു അവരെ തകർത്ത ബാഴ്‌സലോണ റയൽ മാഡ്രിഡിനെ മറികടന്നു ലീഗിൽ ഒന്നാമതും എത്തി. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാഴ്‌സ മത്സരത്തിൽ മുന്നിലെത്തി.

തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലമീൻ യമാലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സലോണക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ഫെർമിൻ ലോപ്പസ് കൂടി ഗോൾ കണ്ടെത്തിയതോടെ ബാഴ്‌സലോണ വലിയ ജയം ഉറപ്പിച്ചു. 54 മത്തെ മിനിറ്റിൽ ഫെർമിനു എതിരായ മോശം ഫൗളിന് സാൻസെറ്റിന് വാർ പരിശോധന ശേഷം ചുവപ്പ് കാർഡ് കൂടി ലഭിച്ചതോടെ അത്ലറ്റിക് ക്ലബ് പരാജയം സമ്മതിച്ചു. 90 മത്തെ മിനിറ്റിൽ യമാലിന്റെ ത്രൂ പാസിൽ നിന്നു ഗോൾ നേടിയ ഫെറാൻ ടോറസ് ബാഴ്‌സയുടെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിയെ നേരിടും മുമ്പ് ഈ ജയം ബാഴ്‌സക്ക് വലിയ ആത്മവിശ്വാസം ആവും നൽകുക.

വോൾവ്സിന്റെ ദുരിതം തുടരുന്നു, പാലസിനോടും തോറ്റു, സണ്ടർലാന്റിനെ വീഴ്ത്തി ഫുൾഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത്രണ്ടാം മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 2-0 നും കൂടി തോറ്റതോടെ 12 മത്സരങ്ങൾക്ക് ശേഷം വെറും 2 പോയിന്റുകളും ആയി അവസാന സ്ഥാനത്ത് ആണ് അവർ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് പാലസ് വോൾവ്സ് പ്രതിരോധം ഭേദിച്ചത്. 63 മത്തെ മിനിറ്റിൽ ഡാനിയേൽ മൂനോസും 69 മത്തെ മിനിറ്റിൽ യെറമി പിനോയും ആണ് പാലസ് ഗോളുകൾ നേടിയത്. ജയത്തോടെ പാലസ് 12 കളികളിൽ നിന്നു 20 പോയിന്റും ആയി ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

അതേസമയം മറ്റൊരു മത്സരത്തിൽ ഫുൾഹാം സണ്ടർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 84 മത്തെ മിനിറ്റിൽ റോൾ ഹിമനസ് ആണ് ഫുൾഹാമിനു ജയം സമ്മാനിച്ചത്. പരാജയത്തോടെ സണ്ടർലാന്റ് ആറാം സ്ഥാനത്തേക്ക് വീണു. ബ്രന്റ്ഫോർഡിനെ 2-1 നു ബ്രൈറ്റൺ മറികടന്നപ്പോൾ ബോർൺമൗത് വെസ്റ്റ് ഹാം മത്സരം 2-2 സമനിലയിൽ അവസാനിച്ചു. 2 ഗോൾ പിറകിൽ നിന്ന ശേഷം ബോർൺമൗത് സമനില കണ്ടെത്തിയപ്പോൾ 1-0 നു പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ജയം കാണുക ആയിരുന്നു ബ്രൈറ്റൺ. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്കും അവർ കയറി.

ഹാട്രിക് അസിസ്റ്റ്! 2 ഗോളുകൾ! ഒലിസെ ആട്ടത്തിൽ വമ്പൻ ജയം കുറിച്ച് ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ സമനിലയിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തി ബയേൺ മ്യൂണിക്. ഫ്രയ്ബർഗിന് എതിരെ ആദ്യ 17 മിനിറ്റിൽ രണ്ടു ഗോളിന് പിന്നിൽ പോയ ശേഷമാണ് ബയേൺ വമ്പൻ തിരിച്ചു വരവ് നടത്തി 6-2 ന്റെ വലിയ ജയം കുറിച്ചത്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിനെ നേരിടുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസം ആവും ബയേണിനു ഈ ജയം നൽകുക. തുടക്കത്തിലെ ഞെട്ടലിന് ശേഷം ബയേണിന്റെ സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

22 മത്തെ മിനിറ്റിൽ ലെനാർട്ട് കാർലിന്റെ ഗോളിന് അവസരം ഒരുക്കിയ മൈക്കിൾ ഒലിസെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബയേണിനു മത്സരത്തിൽ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഉപമകാനോയുടെ ഗോളിനും ഒലിസെ അവസരം ഒരുക്കി. തുടർന്ന് 60 മത്തെ മിനിറ്റിൽ ഹാരി കെയിൻ ഗോൾ നേടിയതോടെ ബയേൺ ജയം ഉറപ്പിച്ചു. 78 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ജാക്സന്റെ ഗോളിന് അവസരം ഒരുക്കി ഹാട്രിക് അസിസ്റ്റുകൾ നേടിയ ഒലിസെ 84 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ ബയേണിന്റെ വലിയ ജയവും പൂർത്തിയാക്കി. ലീഗിൽ എതിരാളികൾ ഇല്ലാതെ ബയേൺ കുതിക്കുകയാണ്.

പ്ലെ ഓഫ് സെമിയിൽ ഇറ്റലിക്ക് വടക്കൻ അയർലൻഡ് എതിരാളികൾ, യൂറോപ്യൻ പ്ലെ ഓഫ് ഫിക്സ്ചർ ആയി

ഫിഫ ലോകകപ്പ് യോഗ്യതക്ക് ആയുള്ള യൂറോപ്യൻ പ്ലെ ഓഫ് ഫിക്സ്ചർ ആയി. 16 ടീമുകൾ മത്സരിക്കുന്ന പ്ലെ ഓഫിൽ നിന്നു നാലു ടീമുകൾ ആണ് ഇനി ലോമകപ്പിലേക്ക് യോഗ്യത നേടുക. മാർച്ചിൽ നടക്കുന്ന പ്ലെ ഓഫ് ഒരൊറ്റ സെമിഫൈനൽ, ഒരു ഫൈനൽ എന്ന രീതിയിൽ ആണ് നടക്കുക. 2014 നു ശേഷം ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത നാലു തവണ ലോക ചാമ്പ്യന്മാർ ആയ ഇറ്റലിക്ക് ഒന്നാം പ്ലെ ഓഫ്‌ സെമിഫൈനലിൽ വടക്കൻ അയർലൻഡ് ആണ് എതിരാളികൾ. സ്വന്തം രാജ്യത്ത് ആവും ഇറ്റലി വടക്കൻ അയർലൻഡിനെ നേരിടുക. ഈ മത്സരത്തിൽ ജയിക്കുന്ന ടീം രണ്ടാം പ്ലെ ഓഫ് സെമിഫൈനലിലെ വിജയിയെ ആവും പ്ലെ ഓഫ് ഫൈനലിൽ നേരിടുക. ഇതിൽ വെയിൽസ് സ്വന്തം മൈതാനത്ത് ബോസ്നിയ ആന്റ് ഹെർസെഗോവിനയെ ആണ് നേരിടുക. സെമിഫൈനലിൽ ജയിക്കുന്ന ടീമിൽ ഏറ്റവും മികച്ച ഫിഫ റാങ്ക് ഉള്ള ടീമിന്റെ രാജ്യത്ത് ആവും പ്ലെ ഓഫ് ഫൈനൽ നടക്കുക.

മൂന്നാം പ്ലെ ഓഫ് ഫൈനലിൽ ഉക്രൈൻ സ്വീഡനെ ആണ് നേരിടുക, ഇതിൽ ഹോം അഡ്വാന്റേജ് ഉക്രൈനു ആണ് ലഭിക്കുക. പ്ലെ ഓഫ് ഫൈനലിൽ നാലാം പ്ലെ ഓഫ് സെമിഫൈനലിലെ പോളണ്ട് അൽബാനിയ മത്സരവിജയിയെ ആവും ഇവർ നേരിടുക. പോളണ്ടിൽ ആവും നാലാം പ്ലെ ഓഫ് സെമിഫൈനൽ നടക്കുക. അഞ്ചാം പ്ലെ ഓഫ് സെമിഫൈനലിൽ തുർക്കി സ്വന്തം മൈതാനത്ത് റൊമാനിയയെ നേരിടുമ്പോൾ ആറാം പ്ലെ ഓഫ് സെമിയിൽ സ്ലൊവാക്യ സ്വന്തം മൈതാനത്ത് കൊസോവയെ നേരിടും. അഞ്ചും ആറും സെമിഫൈനൽ വിജയികൾ ആണ് പ്ലെ ഓഫ് ഫൈനലിൽ ഏറ്റുമുട്ടുക. അവസാന മത്സരത്തിൽ സ്കോട്ടിഷ് വീര്യത്തിൽ ലോകകപ്പ് അവസരം നേരിട്ട് നഷ്ടമായ ഡെന്മാർക്ക് സ്വന്തം നാട്ടിൽ നോർത്ത് മസഡോണിയയെ ഏഴാം പ്ലെ ഓഫ് സെമിഫൈനലിൽ നേരിടും. ഇവരിലെ വിജയി എട്ടാം പ്ലെ ഓഫ് സെമിഫൈനൽ വിജയിയെ ആണ് പ്ലെ ഫൈനലിൽ നേരിടുക. സ്വന്തം മൈതാനത്ത് ചെക് റിപ്പബ്ലിക് അവിശ്വസനീയം ആയ രീതിയിൽ ലോകകപ്പ് പ്ലെ ഓഫ് യോഗ്യത നേടിയ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ആണ് എട്ടാം പ്ലെ ഓഫ് സെമിഫൈനലിൽ നേരിടുക. 16 ടീമുകളിൽ നിന്നു ഏതൊക്കെ നാല് ടീമുകൾ ലോകകപ്പിൽ എത്തും എന്നു മാർച്ചിൽ അറിയാൻ സാധിക്കും.

Exit mobile version