ഒറ്റ സീസണിന് ശേഷം സ്ക്കമാക പ്രിമിയർ ലീഗ് വിട്ടേക്കും: വെസ്റ്റ്ഹാം താരത്തെ സ്വന്തമാക്കാൻ റോമ

സീരി എയിലെ പ്രകടനം ഇംഗ്ലീഷ് മണ്ണിൽ ആവർത്തിക്കാൻ സാധിക്കാതെ വന്നപ്പോൾ ജിയാൻലൂക്ക സ്ക്കമാകയുടെ വെസ്റ്റ്ഹാം കരിയറിന് താൽക്കാലിക വിരാമം ആയേക്കും. താരത്തിന് വേണ്ടി എഎസ് റോമ ശ്രമിക്കുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീം ഡയറക്ടർ തിയാഗോ പിന്റോ നേരിട്ട് ലണ്ടനിൽ എത്തിയിട്ടുണ്ട്. പരിക്കേറ്റ മുന്നേറ്റ താരം ടാമി എബ്രഹാമിന്റെ തിരിച്ച് വരവ് വൈകും എന്നതിനാൽ ആ സ്ഥാനത്തേക്കാണ് സ്ക്കമാകയെ റോമ ഉന്നം വെക്കുന്നത്. അതേ സമയം താരത്തെ ട്രാൻസ്ഫറിലൂടെ കൈമാറാനും വെസ്റ്റ്ഹാം സന്നദ്ധരാണ് എന്നാണ് സൂചന.

സീരി എയിൽ സസുളോക്ക് വേണ്ടി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സ്ക്കമാകയെ വമ്പൻ ടീമുകളുടെ റഡാറിൽ എത്തിച്ചത്. പതിനാറു ഗോളുകൾ ആണ് 2021-22 സീസണിൽ താരം കുറിച്ചത്. എന്നാൽ വെസ്റ്റ്ഹാമിലേക്ക് എത്തിയപ്പോൾ ആകെ എട്ടു ഗോളുകൾ മാത്രം നേടാനെ ഈ സീസണിൽ അദ്ദേഹത്തിന് സാധിച്ചുള്ളൂ. പക്ഷെ യൂറോപ്പ കോൺഫറൻസ് കിരീടം നേടി ടീം ചരിത്രം കുറിച്ചപ്പോൾ ടൂർണമെന്റിൽ അഞ്ച് ഗോളുകൾ താരം സ്വന്തം പേരിൽ കുറിച്ചു. താരത്തിന്റെ കഴിവിനൊത്ത ശൈലി അല്ല ടീം പിന്തുടരുന്നതെന്ന് സഹതാരം ആന്റണിയോയും മുൻപ് അഭിപ്രായപെട്ടിരുന്നു. ഏകദേശം 35 മില്യൺ യൂറോ മുടക്കിയാണ് ഇറ്റാലിയൻ താരത്തെ വെസ്റ്റ്ഹാം ടീമിലേക്ക് എത്തിച്ചത്.

കോൺഫറെൻസ് ലീഗ് കിരീടം വെസ്റ്റ് ഹാം യുണൈറ്റഡിന്, 43 വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനം

വെസ്റ്റ് ഹാം യുണൈറ്റഡ് കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കി. 43 വർഷങ്ങൾക്ക് ശേഷമാണ് വെസ്റ്റ് ഹാം ഒരു കിരീടം സ്വന്തമാക്കുന്നത്. പ്രാഹയിൽ നടന്ന മത്സരത്തിൽ ഫിയോറന്റീനയെ 2-1 ന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഹാം കിരീടം ഉയർത്തിയത്. 90ആം മിനുട്ടിൽ ആയിരുന്നു വെസ്റ്റ് ഹാം വിജയ ഗോൾ നേടിയത്.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 62ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെനറാമയാണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്. ഒരു ഹാൻഡ് ബോളിനായിരുന്നു പെനാൾട്ടി ലഭിച്ചിരുന്നത്. എന്നാൽ 4 മിനുട്ടുകൾക്ക് അകം ഫിയൊറെന്റിന സമനില നേടി. ബിണവെഞ്ചുറയിലൂടെ ആയിരുന്നു സമനില ഗോൾ വന്നത്.

90-ാം മിനിറ്റിൽ ഓഫ്സൈഡ് ട്രാപ്പ് വെട്ടിച്ച ജെറാഡ് ബോവന്റെ ഒരു കുതിപ്പ് ഫിയൊറെന്റിന പ്രതിരോധത്തെ കീഴ്പ്പെടുത്തി‌. ബോവൻ മനോഹര ഫിനിഷിലൂടെ വെസ്റ്റ് ഹാമിന് വിജയ ഗോളും കിരീടവും സമ്മാനിക്കുകയും ചെയ്തു‌‌.

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്ക്?!! വെസ്റ്റ് ഹാമിനോടും തോറ്റു

ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്ക്. ഇന്ന് ലീഗിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനോട് അവർ 3-1ന് പരാജയപ്പെട്ടു. ഇതോടെ അവർ 37 മത്സരങ്ങൾ കഴിഞ്ഞപ്പോഴും റിലഗേഷൻ സോണിൽ തന്നെ നിൽക്കുകയാണ്. അടുത്ത മത്സരത്തിൽ ലീഡ്സ് സ്പർസിനെ പരാജയപ്പെടുത്തുകയും എവർട്ടൺ ബൗണ്മതിനെതിരെ വിജയിക്കാതിരിക്കുകയും ചെയ്താലെ ലീഡ്സിന് ഇനി പ്രതീക്ഷ ഉള്ളൂ.

ഇന്ന് 17ആം മിനുട്ടിൽ റോഡ്രിഗോയുടെ ഒരു ഗോളിലൂടെ ലീഡ്സ് യുണൈറ്റഡ് ആയിരുന്നു ലീഡ് എടുത്തത്‌. എന്നാൽ അധികം ആ ലീഡ് നീണ്ടുനിന്നില്ല. 31ആം മിനുട്ടിൽ ഡക്ലൻ റൈസിലൂടെ വെസ്റ്റ് ഹാം സമനില നേടി. രണ്ടാം പകുതിയിൽ ബോവന്റെ ഫിനിഷ് വെസ്റ്റ് ഹാമിന് ലീഡ് നൽകി. ഇത് കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ ലാൻസിനി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നൽകി‌.

ഈ പരാജയത്തോടെ 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 31 പോയിന്റുമായി ലീഡ്സ് 18ആം സ്ഥാനത്ത് നിൽക്കുകയാണ്‌. 33 പോയിന്റുള്ള എവർട്ടൺ 17ആം സ്ഥാനത്തും നിൽക്കുന്നു. ഇരു ടീമുകൾക്കും 1 മത്സരം മാത്രമെ ബാക്കിയുള്ളൂ. 30 പോയിന്റുമായി 19ആം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ സിറ്റിക്ക് ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്.

വെസ്റ്റ് ഹാം യുണൈറ്റഡ് കോൺഫറൻസ് ലീഗ് ഫൈനലിൽ

യുഫേഫ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി വെസ്റ്റ് ഹാം യുണൈറ്റഡ്. ഇന്ന് നടന്ന രണ്ടാം പാദ സെമിഫൈനലിൽ 1-0 നു ഡച്ച് ക്ലബ് എസിയെ മറികടന്ന വെസ്റ്റ് ഹാം ഇരു പാദങ്ങളിലും ആയി 3-1 ന്റെ ജയം ആണ് കണ്ടത്തിയത്. ഡച്ച് ടീം പന്തിൽ ആധിപത്യം കാണിച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് വെസ്റ്റ് ഹാം ആയിരുന്നു. ഇടക്ക് വെസ്റ്റ് ഹാമിന്റെ ഒരു ശ്രമം ബാറിൽ തട്ടിയും മടങ്ങി.

ഗോൾ രഹിതമായ രീതിയിൽ അവസാനിക്കും എന്ന മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ആണ് വെസ്റ്റ് ഹാം വിജയഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ പാബ്ലോ ഫോർനാൽസ് ഗോൾ നേടി വെസ്റ്റ് ഹാം ഫൈനൽ പ്രവേശനം ഉറപ്പിക്കുക ആയിരുന്നു. ഇത് ഏതാണ്ട് 5 പതിറ്റാണ്ടിനു ശേഷമാണ് വെസ്റ്റ് ഹാക് ഒരു യൂറോപ്യൻ ഫൈനലിൽ എത്തുന്നത്. അതേസമയം കരിയറിലെ ആദ്യ യൂറോപ്യൻ ഫൈനൽ ആണ് പരിശീലകൻ ഡേവിഡ് മോയസിന് ഇത്.

ആദ്യ പാദ സെമിയിൽ തിരിച്ചു വന്നു ജയിച്ചു വെസ്റ്റ് ഹാം

യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിഫൈനലിൽ സ്വന്തം മൈതാനത്ത് തിരിച്ചു വന്നു ജയം കണ്ടു വെസ്റ്റ് ഹാം യുണൈറ്റഡ്. ഡച്ച് ക്ലബ് എസിക്ക് എതിരെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് ഹാമേഴ്സ് ജയം കണ്ടത്. മത്സരത്തിൽ ആദ്യം ലഭിച്ച അവസരത്തിൽ ബോവന്റെ ഷോട്ട് എന്നാൽ മാറ്റ് റയാൻ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിനു നാലു മിനിറ്റിനു മുമ്പ് എന്നാൽ ഡച്ച് ക്ലബ് മത്സരത്തിൽ മുന്നിലെത്തി. മിഹ്‌നാനസിന്റെ പാസിൽ നിന്നു റെഹിന്റെഴ്സ് ആണ് അവരുടെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ എന്നാൽ വെസ്റ്റ് ഹാം കൂടുതൽ ആക്രമണം നടത്തി. 67 മത്തെ മിനിറ്റിൽ ക്രോസ് തട്ടിയകറ്റാനുള്ള ശ്രമത്തിൽ ഗോൾ കീപ്പർ മാറ്റ് റയാൻ ബോവന്റെ മുഖത്ത് ഇടിച്ചതോടെ റഫറി വെസ്റ്റ് ഹാമിനു അനുകൂലമായ പെനാൽട്ടി വിധിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സെയ്ദ് ബെൻറഹ്മ അവർക്ക് സമനില സമ്മാനിച്ചു. 75 മത്തെ മിനിറ്റിൽ റൈസിന്റെ ക്രോസിൽ നിന്നു അഗ്വർഡിന്റെ ഹെഡർ ലൈനിൽ വച്ചു ഡച്ച് ടീം രക്ഷിച്ചു എങ്കിലും റീ ബോണ്ടിൽ മിഖായേൽ അന്റോണിയോ വെസ്റ്റ് ഹാം ജയം ഉറപ്പിക്കുക ആയിരുന്നു. 47 വർഷങ്ങൾക്ക് ശേഷം ഹാമേഴ്‌സിന് യൂറോപ്യൻ ഫൈനൽ ഇനി ഒരു മത്സരം മാത്രം അകലെയാണ്.

ഡി ഹിയയുടെ പിഴവിന് വലിയ വില കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചാമ്പ്യൻസ് ലീഗ് യോഗ്യത ആശങ്കയിൽ ആകുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ. ഇന്ന് ലണ്ടണിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ മൂന്നാം സ്ഥാനത്ത് എത്താമായിരുന്ന യുണൈറ്റഡ് ഈ തോൽവിയോട് നാലാം സ്ഥാനത്ത് പോലും ആശങ്കയിൽ ഇരിക്കുകയാണ്. ഡി ഹിയയുടെ പിഴവാണ് ഇന്ന് യുണൈറ്റഡിന് തിരിച്ചടിയായത്.

കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണ് എതിരെ എന്ന പോലെ നിരവധി നല്ല അവസരങ്ങൾ യുണൈറ്റഡ് ഇന്നും തുടക്കത്തി സൃഷ്ടിച്ചു. പക്ഷെ ഒന്നും ഗോളാക്കാൻ യുണൈറ്റഡിന് ആയില്ല. മത്സരത്തിന്റെ 27ആം മിനുട്ടിൽ ബെൻറാമയുടെ ഒരു അനായാസം സേവ് ചെയ്യാമായിരുന്ന ഷോട്ട് ആണ് ഡി ഹിയയുടെ പിഴവ് കൊണ്ട് ഗോളായി മാറിയത്. സ്കോർ 1-0.

ഈ ഗോളിന് മറുപടി കൊടുക്കാൻ യുണൈറ്റഡിന് ആയില്ല. യുണൈറ്റഡ് നിരവധി മാറ്റങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫബിയൻസ്കിയെ കാര്യമായി പരീക്ഷിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ 34 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്. 35 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിറകിൽ ഉണ്ട്. വെസ്റ്റ് ഹാം ഇന്നത്തെ വിജയത്തോടെ 37 പോയിന്റുമായി ലീഗിൽ 15ആം സ്ഥാനത്ത് നിൽക്കുകയാണ്. അവരുടെ റിലഗേഷൻ ഭീഷണി ഈ വിജയത്തോടെ ഏതാണ്ട് ഒഴിഞ്ഞെന്നു പറയാം.

ത്രില്ലറിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ്, ചെൽസിക്കും മുകളിൽ

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ഒരു ത്രില്ലറിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് തോൽപ്പിച്ചു. സെൽഹുസ് പാർക്കിൽ നടന്ന മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് പാലസ് വിജയിച്ചത്‌. ഈ വിജയത്തോടെ പാലസ് പോയിന്റ് ടേബിളിൽ ചെൽസിയെ മറികടന്ന് 11ആം സ്ഥാനത്ത് എത്തി. ചെൽസി 12ആം സ്ഥാനത്തേക്ക് താഴ്ന്നു‌.

ഇന്ന് ഒമ്പതാം മിനുട്ടിൽ സൗചകിലൂടെ വെസ്റ്റ് ഹാം ആണ് ആദ്യം ഗോൾ നേടിയത്‌. ഈ ഗോളിനോട് പെട്ടെന്ന് തന്നെ പാലസ് പ്രതികരിച്ചു. 15ആം മിനുട്ടിൽ ജോർദൻ ആയുവിലൂടെ പാലസ് സമനില നേടി. പിന്നാലെ 20ആം മിനുട്ടിൽ സാഹയുടെ ഗോൾ പാലസിന് ലീഡും നൽകി. ആക്രമം തുടർന്ന പാലസ് 30ആം മിനുട്ടിൽ ഷുൾപ്പിലൂടെ മൂന്നാം ഗോളും നേടി.സ്കോർ 3-1.

35ആം മിനുട്ടിൽ അന്റോണിയോ ഗോൾ നേടിയതോടെ സ്കോർ 3-2 എന്നായി‌. ഇത് കളി ആവേശകരമാക്കി. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ എസെയുടെ പെനാൾട്ടി സ്കോർ 4-2 എന്നാക്കി. 72ആം മിനുട്ടിൽ വെസ്റ്റ് ഹാമിനായി അഗ്വേർഡ് ഗോൾ നേടി. സ്കോർ 4-3. വെസ്റ്റ് ഹാം പൊരുതി നോക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. 34 പോയിന്റുമായി വെസ്റ്റ് ഹാം 15ആം സ്ഥാനത്താണ്.

സ്കോർപ്പിയൻ കിക്ക് ഗോളുമായി ഫോർനാൽസ്! വമ്പൻ ജയവുമായി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗത്തിനു എതിരെ വമ്പൻ ജയവുമായി വെസ്റ്റ് ഹാം യുണൈറ്റഡ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ യൂറോപ്പിൽ നേടിയ മികച്ച ജയത്തിന്റെ ആത്മവിശ്വാസവും ആയാണ് വെസ്റ്റ് ഹാം കളിക്കാൻ ഇറങ്ങിയത്. എതിരാളികളുടെ മൈതാനത്ത് കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ അവർ മുന്നിൽ എത്തി. ആരോൺ ക്രസ്വലിന്റെ ക്രോസിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ മിഖേൽ അന്റോണിയോ ആണ് ഹാമേഴ്സിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 12 മത്തെ മിനിറ്റിൽ കൗഫലിന്റെ ക്രോസിൽ നിന്നു മറ്റൊരു ഹെഡറിലൂടെ കളം നിറഞ്ഞു കളിച്ച ബ്രസീലിയൻ താരം ലൂകാസ് പക്വറ്റ വെസ്റ്റ് ഹാമിനു രണ്ടാം ഗോൾ സമ്മാനിച്ചു.

43 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച ക്യാപ്റ്റൻ ഡക്ലൻ റൈസ് ഹാമേഴ്സിന്റെ ജയം ആദ്യ പകുതിയിൽ തന്നെ ഉറപ്പിച്ചു. പന്ത് കൈവശം വക്കുന്നതിൽ ആധിപത്യം കാണിച്ച ആതിഥേയർക്ക് പക്ഷെ അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. 72 മത്തെ മിനിറ്റിൽ റൈസിന്റെ പാസ് സ്വീകരിച്ചു മുന്നേറിയ ജെറോഡ് ബോവന്റെ ക്രോസിൽ നിന്നു സ്കോർപ്പിയൻ കിക്കിലൂടെ ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ പാബ്ലോ ഫോർനാലസ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷം കോർണറ്റെ അഞ്ചാം ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്ന് വിധിച്ചു. ജയത്തോടെ 31 കളികളിൽ നിന്നു 34 പോയിന്റുകൾ ഉള്ള വെസ്റ്റ് ഹാം പതിമൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം 32 കളികളിൽ നിന്നു 33 പോയിന്റുകൾ നേടിയ ബോർൺമൗത് 15 മത് ആണ്.

രണ്ടാം പകുതിയിൽ തീയായി വെസ്റ്റ് ഹാം യുണൈറ്റഡ്, കോൺഫറൻസ് ലീഗ് സെമിഫൈനലിൽ

യുഫേഫ കോൺഫറൻസ് ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി വെസ്റ്റ് ഹാം യുണൈറ്റഡ്. ആദ്യ പാദത്തിൽ ബെൽജിയം ക്ലബ് ജെന്റും ആയി 1-1 ന്റെ സമനില വഴങ്ങിയ വെസ്റ്റ് ഹാം രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സ്വന്തം മൈതാനത്ത് ജയം കണ്ടത്. മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ഹൂഗോ സെയ്പെഴ്സിലൂടെ ബെൽജിയം ക്ലബ് ആണ് മുന്നിൽ എത്തിയത്. എന്നാൽ 11 മിനിറ്റിനുള്ളിൽ ജെറോഡ് ബോവന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മിഖേൽ അന്റോണിയോ ഇംഗ്ലീഷ് ക്ലബിന് സമനില സമ്മാനിച്ചു.

രണ്ടാം പകുതിയിൽ വെസ്റ്റ് ഹാമിനു സ്വപ്ന തുടക്കം ആണ് ലഭിച്ചത്. 58 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബ്രസീലിയൻ താരം ലൂകാസ് പക്വറ്റ വെസ്റ്റ് ഹാമിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. മൂന്നു മിനിറ്റിനുള്ളിൽ പക്വറ്റ നൽകിയ പന്ത് സ്വന്തം ഹാഫിൽ നിന്നു സ്വീകരിച്ചു കുതിച്ച ഡക്ലൻ റൈസ് അതുഗ്രൻ സോളോ ഗോളിലൂടെ വെസ്റ്റ് ഹാമിനു കാര്യങ്ങൾ എളുപ്പമാക്കി. 63 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി പക്വറ്റയുടെ പാസിൽ നിന്നു പ്രത്യാക്രമണത്തിൽ ഗോൾ നേടിയ അന്റോണിയോ വെസ്റ്റ് ഹാമിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.

അവസാനം ആഴ്സണൽ കലമുടക്കുമോ!! കിരീട പോരാട്ടത്തിൽ വീണ്ടും ട്വിസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഒരു ട്വിസ്റ്റ് കൂടെ. ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ ഒരിക്കൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ ഒരു ഘട്ടത്തിൽ 2-0ന് മുന്നിൽ ആയിരുന്നു, ആ ലീഡ് തുലച്ച ആഴ്സണൽ 2-2ന്റെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ ആഴ്സണലിന് സ്വപ്ന തുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ പത്തു മിനുട്ടിൽ തന്നെ അവർ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടു ഒന്നിനൊന്ന് മെച്ചമായിരുന്ന ടീം ഗോളായിരുന്നു. ആദ്യം ഏഴാം മിനുട്ടിൽ വെസ്റ്റ് ഹാമിനെ വട്ടം കറക്കിയ പാസിംഗിന് ഒടുവിൽ വന്ന ഗബ്രിയേൽ ജീസുസിന്റെ ഫിനിഷ്. അതു കഴിഞ്ഞു മൂന്ന് മിനുട്ടുകൾക്ക് ശേഷം ഒഡെഗാർഡിന്റെ അനായാസമായ ഒരു ഫിനിഷും. സ്കോർ 2-0.

വെസ്റ്റ് ഹാം ആ ഞെട്ടലിൽ നിന്ന് കരകയറാൻ സമയം എടുത്തു. 33ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വെസ്റ്റ് ഹാമിന് കളിയിലേക്ക് തിരികെ വരാൻ ആയി. ബെൻറാമ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ. ആദ്യ പകുതിയിൽ വെസ്റ്റ് ഹാം 2-1ന് പിറകിൽ. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ആഴ്സണലിനും ഒരു പെനാൾട്ടി കിട്ടി. പക്ഷെ സാക എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല.

ഇത് വെസ്റ്റ് ഹാമിന് ഊർജ്ജം നൽകി. 55ആം മിനുട്ടിൽ ജെറാദ് ബോവന്റെ ഒരു അപ്രതീക്ഷിത ഫിനിഷ് വെസ്റ്റ് ഹാമിനെ സമനിലയിലേക്ക് എത്തിച്ചു. സ്കോർ 2-2. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോടും ആഴ്സണൽ 2 ഗോൾ ലീഡ് ഇതുപോലെ കളഞ്ഞിരുന്നു.

സ്കോർ 2-2 ആയതിനു ശേഷം വെസ്റ്റ് ഹാം നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. അന്റോണിയോയുടെ ഒരു ഹെഡർ പോസ്റ്റിക് തട്ടി മടങ്ങി.

ഈ സമനിലയോടെ ആഴ്സണൽ 74 പോയിന്റുനായി ലീഗിൽ ഒന്നാമത് തുടരുന്നു‌. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 70 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു‌. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത ലീഗ് മത്സരം ആഴ്സണലിന് എതിരെയാണ്.

യുഫേഫ കോൺഫറൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ വെസ്റ്റ് ഹാമിനു സമനില

യുഫേഫ കോൺഫറൻസ് ലീഗിൽ ഇത് വരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചു വന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ സമനില. ബെൽജിയം ടീം ഗെന്റ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിനെ 1-1 എന്ന സ്കോറിനു സമനിലയിൽ തളച്ചത്. മികച്ച തുടക്കം ലഭിച്ച ഗെന്റ് ആയിരുന്നു ആദ്യ പകുതിയിൽ മികച്ച ടീം. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഗെന്റ് ബോൾ ബോയി പെട്ടെന്ന് നൽകിയ പന്ത് കൗഫൽ ത്രോയിലൂടെ ജെറോഡ് ബോവനു നൽകി. തുടർന്ന് ബോവന്റെ പാസിൽ നിന്നു ഡാനി ഇങ്സ് വെസ്റ്റ് ഹാമിനു മുൻതൂക്കം സമ്മാനിക്കുന്ന ഗോളും നേടുക ആയിരുന്നു.

ഇത് ആദ്യമായാണ് ഇങ്സ് യൂറോപ്പിൽ ഒരു ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ ഇതിനു മുമ്പ് വെസ്റ്റ് ഹാം നേടിയ ഗോൾ ഹാന്റ് ബോളിന് അനുവദിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ആതിഥേയർ സമനില ഗോൾ കണ്ടത്തി. മോന്റെസിന്റെ പാസിൽ നിന്നു ഹ്യുഗോ സുയിപേഴ്‌സ് ആണ് അവരുടെ ഗോൾ കണ്ടത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗെന്റ് പ്രതിരോധതാരം പിയറ്റ്കോവ്സ്കിയെ ലൂകാസ് പക്വറ്റയെ വീഴ്ത്തിയതിനു റഫറി ചുവപ്പ് കാർഡ് കാണിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ കാർഡ് പിൻവലിച്ചു. അടുത്ത ആഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ ആണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ.

ഫുൾഹാമിനെ ലണ്ടൻ ഡാർബിയിൽ വീഴ്ത്തി വെസ്റ്റ് ഹാം, ഡേവിഡ് മോയസിന് ആശ്വാസം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. ജയത്തോടെ ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് ഉയരാൻ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാമിനു ആയി. അതേസമയം പത്താമത് ആണ് ഫുൾഹാം. വിലക്ക് നേരിട്ട പരിശീലകൻ മാർകോ സിൽവ മുന്നേറ്റ നിര താരം അലക്‌സാണ്ടർ മിട്രോവിചും ഇല്ലാതെ ഇറങ്ങിയ ഫുൾഹാമിനു എതിരായ ജയം ഡേവിഡ് മോയസിനും സംഘത്തിനും വലിയ ആശ്വാസമായി.

വിരസമായ മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ജെറോഡ് ബോവന്റെ ഷോട്ട് ഹാരിസൺ റീഡിന്റെ കാലിൽ തട്ടി സെല്ഫ് ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി ഫുൾഹാം നടത്തിയ ശ്രമങ്ങൾ എല്ലാം എളുപ്പത്തിൽ പരിഹരിക്കാൻ വെസ്റ്റ് ഹാം പ്രതിരോധത്തിന് ആയി. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന കടുത്ത സമ്മർദത്തിൽ ഉള്ള മോയസിനും സംഘത്തിനും ജയം വലിയ ഊർജ്ജം തന്നെയാണ് പകരുക.

Exit mobile version