ഒടുവിൽ ജയം കണ്ടെത്തി വെസ്റ്റ് ഹാം, ന്യൂകാസ്റ്റിലിനെ തോൽപ്പിച്ചു

248 ദിവസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ജയം കണ്ടെത്തി വെസ്റ്റ് ഹാം യുണൈറ്റഡ്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ആദ്യം ഗോൾ വഴങ്ങിയ ശേഷം വെസ്റ്റ് ഹാം ഒരു മത്സരം ജയിക്കുന്നത് 2024 മെയിന് ശേഷം ഇത് ആദ്യമായാണ്. പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ആദ്യ ജയം കൂടിയാണ് അവർക്ക് ഇത്. ഈ സീസണിലെ ലീഗിലെ വെറും രണ്ടാം ജയമാണ് അവർക്ക് ഇത്. മോശം തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ. നാലാം മിനിറ്റിൽ തന്നെ കൗണ്ടർ അറ്റാക്കിൽ ബ്രൂണോയുടെ പാസിൽ നിന്നു ജേക്കബ്‌ മർഫി വെസ്റ്റ് ഹാം വല കുലുക്കി.

എന്നാൽ തുടർന്ന് നന്നായി കളിച്ച വെസ്റ്റ് ഹാം പോപ്പിന്റെ പോസ്റ്റിനു നേരെ നിരന്തരം ഷോട്ടുകൾ ഉതിർത്തു. 35 മത്തെ മിനിറ്റിൽ ഫെർണാണ്ടസിന്റെ പാസിൽ നിന്നു ലൂക്കാസ് പക്വറ്റയുടെ ഉഗ്രൻ ഷോട്ട് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് വാൻ ബിസാക്കയുടെ ക്രോസ് തടയാനുള്ള ബോട്ട്മാന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ന്യൂകാസ്റ്റിലിന് വലിയ അവസരം ഒന്നും വെസ്റ്റ് ഹാം നൽകിയില്ല. ഇടക്ക് സൗചക് നേടിയ ഗോൾ വാർ ഓഫ് സൈഡ് വിളിച്ചു. എങ്കിലും മത്സരത്തിന്റെ അവസാന നിമിഷം കൗണ്ടർ അറ്റാക്കിൽ പോപ്പിന്റെ കയ്യിൽ തട്ടി തെറിച്ച പന്ത് വലയിലാക്കിയ തോമസ് സൗചക് വെസ്റ്റ് ഹാം യുണൈറ്റഡ് ജയം പൂർത്തിയാക്കുക ആയിരുന്നു. പരാജയത്തോടെ 13 സ്ഥാനത്ത് ആണ് ന്യൂകാസ്റ്റിൽ ഇപ്പോൾ.

ഗ്രഹാം പോട്ടറെ വെസ്റ്റ് ഹാം യുണൈറ്റഡ് പുറത്താക്കി


ലണ്ടൻ: വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ മുഖ്യ പരിശീലകനായ ഗ്രഹാം പോട്ടറുമായി വഴിപിരിഞ്ഞു. എട്ട് മാസം നീണ്ട ഈ പരിശീലന കാലയളവിൽ ക്ലബ്ബിന് മോശം പ്രകടനവും പ്രതീക്ഷക്കൊത്തുയരാത്ത ഫലങ്ങളുമാണുണ്ടായത്. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി മുതൽ 2025/26 പ്രീമിയർ ലീഗ് കാമ്പെയ്‌നിന്റെ തുടക്കം വരെയുള്ള മോശം പ്രകടനങ്ങളാണ് ഈ വേർപിരിയലിന് കാരണമായത്.


ബോർഡും ആരാധകരും വെച്ച പ്രതീക്ഷക്കൊത്ത് ഫലങ്ങളോ കളിയുടെ ശൈലിയോ ഉയരാത്തതിനാലാണ് പുതിയ നേതൃത്വത്തെ തേടാൻ ക്ലബ്ബ് നിർബന്ധിതരായതെന്ന് വെസ്റ്റ് ഹാം ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. പ്രീമിയർ ലീഗിലെ തങ്ങളുടെ നില മെച്ചപ്പെടുത്താനാണ് പുതിയ മാറ്റത്തിലൂടെ ക്ലബ്ബ് ലക്ഷ്യമിടുന്നത്.


അസിസ്റ്റന്റ് കോച്ച് ബ്രൂണോ സാൾട്ടർ, ഫസ്റ്റ് ടീം കോച്ചുമാരായ ബില്ലി റീഡ്, നർസിസ് പെലാച്ച്, ഗോൾകീപ്പർ കോച്ചുമാരായ കാസ്പർ അങ്കർഗ്രെൻ, ലിനസ് കണ്ടോളിൻ എന്നിവരും ക്ലബ്ബിൽ നിന്ന് വിട്ടുപോകും. ബ്രൈറ്റൺ വിട്ട ശേഷാം പരിശീലകനായി തിളങ്ങാൻ ഇതുവരെ പോട്ടറിന് ആയിട്ടില്ല.

ഫാബിയാൻസ്കിയെ വീണ്ടും ടീമിൽ എത്തിച്ച് വെസ്റ്റ് ഹാം


മുൻ താരം ലൂക്കാസ് ഫാബിയാൻസ്കിയെ ഒരു വർഷത്തെ കരാറിൽ വെസ്റ്റ് ഹാം യുണൈറ്റഡ് തിരികെ കൊണ്ടുവന്നു. ഫ്രീ ഏജന്റായി ക്ലബ് വിട്ട് ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പോളണ്ട് ഗോൾകീപ്പർ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്.

ഏഴ് വർഷം നീണ്ട തന്റെ കരിയറിൽ 216 മത്സരങ്ങളിൽ ഈ 40-കാരൻ വെസ്റ്റ് ഹാമിനായി കളിച്ചിട്ടുണ്ട്. വെസ് ഫോഡറിംഗ്ഹാം അരിസ് ലിമാസോളിലേക്ക് മാറിയതോടെ രണ്ട് സീനിയർ ഗോൾകീപ്പർമാർ മാത്രമുണ്ടായിരുന്ന വെസ്റ്റ് ഹാമിന് ഫാബിയാൻസ്കിയുടെ മടങ്ങി വരവ് വലിയ ആശ്വാസമാകും.


ഫാബിയാൻസ്കിയുടെ പ്രൊഫഷണലിസത്തെയും ഡ്രെസ്സിങ് റൂമിലെ സ്വാധീനത്തെയും മാനേജർ ഗ്രഹാം പോട്ടർ പ്രശംസിച്ചു.

ഫോറസ്റ്റിനെ തകർത്തു സീസണിലെ ആദ്യ ജയവുമായി വെസ്റ്റ് ഹാം യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ജയം കുറിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ഗോൾ രഹിതം ആവും എന്നു കരുതിയ മത്സരത്തിൽ 84 മിനിറ്റിനു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. പകരക്കാരനായി ഇറങ്ങിയ സമ്മർവില്ലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജെറാർഡ് ബോവൻ ആണ് വെസ്റ്റ് ഹാമിനു മുൻതൂക്കം നൽകിയത്.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമ്മർവില്ലിനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടിയും ലഭിച്ചു. ഇത് ലക്ഷ്യം കണ്ട ലൂക്കാസ് പക്വറ്റ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി. 91 മത്തെ മിനിറ്റിൽ എൽ ഡിയോഫിന്റെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ കലം വിൽസൻ ആണ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്

8 വർഷങ്ങൾക്ക് ശേഷമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്. തങ്ങളുടെ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ തകർക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക ക്യാപ്റ്റൻ ആയി പുത്തൻ താരങ്ങളും ആയി കളത്തിൽ ഇറങ്ങിയ സണ്ടർലാന്റ് വെസ്റ്റ് ഹാമിനെ ഞെട്ടിക്കുക തന്നെയായിരുന്നു.

മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ ഗോൾ നേടിയ മയെണ്ട ആൽഡറെറ്റയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ 61 മത്തെ മിനിറ്റിൽ സണ്ടർലാന്റിന് 8 വർഷത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോൾ സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ ഗോൾ നേടിയ മുൻ ആഴ്‌സണൽ അക്കാദമി താരം ഡാൻ ബല്ലാർഡ് സണ്ടർലാന്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ തലിബിയുടെ പാസിൽ നിന്നു ഗോൾ നേടിയ വിൽസൻ ഇസിഡോർ സണ്ടർലാന്റിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.

വെസ്റ്റ് ഹാം മാഡ്‌സ് ഹെർമാൻസനെ സ്വന്തമാക്കുന്നു, 19 മില്യൺ യൂറോയുടെ കരാർ


ഡാനിഷ് ഗോൾകീപ്പർ മാഡ്‌സ് ഹെർമാൻസനെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി. 19 മില്യൺ യൂറോയുടെ കരാറിൽ ലെസ്റ്റർ സിറ്റിയിൽ നിന്നാണ് താരം വെസ്റ്റ് ഹാമിലെത്തുന്നത്. 25-കാരനായ ഹെർമാൻസൻ ലണ്ടനിൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനായി. ഗ്രഹാം പോട്ടർക്ക് കീഴിൽ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഗോൾകീപ്പിംഗ് നിര ശക്തമാക്കുകയാണ് ഈ ട്രാൻസ്ഫറിലൂടെ വെസ്റ്റ് ഹാം ലക്ഷ്യമിടുന്നത്.


ലെസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹെർമാൻസൻ, ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാമിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാളായിരുന്നു.

മുഹമ്മദ് കുദൂസിനായുള്ള സ്പർസിന്റെ 50 മില്യൺ പൗണ്ട് ബിഡ് വെസ്റ്റ് ഹാം തള്ളി


വെസ്റ്റ് ഹാമിന്റെ ഘാന താരമായ മുഹമ്മദ് കുദൂസിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്ട്‌സ്പറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. 50 മില്യൺ പൗണ്ടിന്റെ ബിഡ് വെസ്റ്റ് ഹാം യുണൈറ്റഡ് തള്ളി. എന്നാൽ, കുദൂസ് സമ്മറിൽ ലണ്ടൻ സ്റ്റേഡിയം വിടാൻ ആഗ്രഹിക്കുന്നതിനാൽ ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.


24 വയസ്സുകാരനായ കുദൂസിന്റെ വെസ്റ്റ് ഹാമുമായുള്ള കരാർ 2028 വരെയാണ്. ഈ കരാറിൽ ഒരു ബൈഔട്ട് ക്ലോസ് ഉൾപ്പെടുന്നുണ്ട്, ഇത് ജൂലൈ മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ മാത്രമാണ് സജീവമാകുന്നത്. യൂറോപ്യൻ ക്ലബ്ബുകൾക്ക് 80 മില്യൺ പൗണ്ടും, പ്രീമിയർ ലീഗ് ടീമുകൾക്ക് 85 മില്യൺ പൗണ്ടും, സൗദി പ്രോ ലീഗ് ടീമുകൾക്ക് 120 മില്യൺ പൗണ്ടുമാണ് ഈ ക്ലോസിൽ നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ ഈ വിൻഡോ സജീവമായതിനാൽ, റിലീസ് ക്ലോസ് സജീവമാക്കാൻ ടോട്ടൻഹാം തങ്ങളുടെ ഓഫർ ഗണ്യമായി വർദ്ധിപ്പിക്കേണ്ടി വന്നേക്കാം.
2023-ൽ അയാക്സിൽ നിന്ന് 41.5 ദശലക്ഷം യൂറോയ്ക്ക് വെസ്റ്റ് ഹാമിൽ ചേർന്ന കുടുസ്, തന്റെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 18 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും, 2024-25 സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലീഗിൽ 14-ാം സ്ഥാനത്തെത്തിയ വെസ്റ്റ് ഹാമിനായി 35 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം നേടിയത്.


ടോഡിബോ വെസ്റ്റ് ഹാമിൽ സ്ഥിര കരാറിൽ ഒപ്പുവെച്ചു


ഒ.ജി.സി. നൈസിൽ നിന്ന് ഫ്രഞ്ച് പ്രതിരോധ താരം ജീൻ-ക്ലെയർ ടോഡിബോയെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്ഥിരമായി സ്വന്തമാക്കിയതായി ഫ്രഞ്ച് ക്ലബ്ബ് ജൂൺ 6-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024/25 സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ടോഡിബോ ഹാമഴ്സിൽ ചേർന്നത്. അന്ന് വെസ്റ്റ് ഹാം പ്രീമിയർ ലീഗ് പദവി നിലനിർത്തുകയാണെങ്കിൽ 39 ദശലക്ഷം യൂറോയ്ക്ക് താരത്തെ വാങ്ങാൻ ബാധ്യതയുണ്ടായിരുന്നു.


വെസ്റ്റ് ഹാം തരംതാഴ്ത്തപ്പെടാതെ പ്രീമിയർ ലീഗിൽ തുടർന്നതോടെ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. സീസൺ അവസാനിച്ചതോടെ, ടോഡിബോയുടെ ട്രാൻസ്ഫർ ഇപ്പോൾ സ്ഥിരമായി.


25 വയസ്സുകാരനായ ഫ്രഞ്ച് അന്താരാഷ്ട്ര താരം വെസ്റ്റ് ഹാമിനായി പ്രീമിയർ ലീഗിൽ 27 മത്സരങ്ങളിൽ കളിച്ചു. അതിൽ 21 മത്സരങ്ങളിലും അദ്ദേഹം ആദ്യ ഇലവനിൽ ഉൾപ്പെട്ടു. പരിക്ക് കാരണം ചില മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും, ക്ലബ്ബിന്റെ പ്രതിരോധനിരയിൽ അദ്ദേഹം ഒരു വിലപ്പെട്ട മുതൽക്കൂട്ടായി മാറി. 2021-ൽ ബാഴ്സലോണയിൽ നിന്ന് നീസിലേക്ക് വന്നതിന് ശേഷം അവിടെ 136 മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നു.

ആഴ്സണൽ കിരീട പോരാട്ടത്തിൽ നിന്ന് പിന്നോട്ട്, വെസ്റ്റ് ഹാമിനോട് തോൽവി

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്സണലിന് വലിയ തിരിച്ചടി. അവർ ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാമിനോട് പരാജയം ഏറ്റുവാങ്ങി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ ഫലം ലിവർപൂളിന്റെ കിരീടത്തിലേക്കുള്ള യാത്ര സുഖമമാക്കും.

ഇന്ന് ആദ്യ പകുതിയുടെ അവസാനം 44ആം മിനുറ്റിൽ ജെറാഡ് ബോവനിലൂടെ ആണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ആഴ്സണൽ സമനിലക്ക് ആയി പൊരുതവെ അവരുടെ യുവതാരം ലൂയിസ് സ്കെല്ലി 64ആം മിനുറ്റിൽ ചുവപൊ കാർഡ് കണ്ട് മടങ്ങി. ഇതോടെ ആഴ്സണൽ 10 പേരായി ചുരുങ്ങി.

ആഴ്സണൽ അവസാന നിമിഷം വരെ പൊരുതി നോക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. ഈ പരാജയത്തോടെ ആഴ്സണൽ 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റിൽ നിൽക്കുകയാണ്. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 8 പോയിന്റ് പിറകിലാണ് അവർ.

ജെയിംസ് വാർഡ്-പ്രൗസിനെ വെസ്റ്റ് ഹാം ലോണിൽ നിന്ന് തിരിച്ചുവിളിച്ചു

വെസ്റ്റ് ഹാം യുണൈറ്റഡ് ജെയിംസ് വാർഡ്-പ്രൗസിനെ ലോണിൽ നിന്ന് തിരിച്ചുവിളിക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റിലെ ലോൺ കാലയളവ് അവസാനിപ്പിച്ച് താരം ഇതോടെ വെസ്റ്റ് ഹാമിൽ എത്തി.

ലോണിൽ ഫോറസ്റ്റിൽ പോയ താരം ആകെ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രം ആണ് കളിച്ചത്.

2023 ൽ സതാംപ്ടണിൽ നിന്ന് വെസ്റ്റ് ഹാമിൽ ചേർന്ന ഇംഗ്ലീഷ് താരം വെസ്റ്റ് ഹാം ക്ലബ്ബിനായി 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം 15-ാം സ്ഥാനത്താണ്, അദ്ദേഹത്തിന്റെ ഗ്രഹാം പോട്ടർ മിഡ്ഫീൽഡിൽ അവസരം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രൈറ്റൺ യുവ സ്ട്രൈക്കർ ഇവാൻ ഫെർഗൂസണെ വെസ്റ്റ് ഹാം സ്വന്തമാക്കുന്നു

സീസണിന്റെ ശേഷിക്കുന്ന സമയത്തേക്കായി ബ്രൈറ്റൺ & ഹോവ് ആൽബിയൻ സ്‌ട്രൈക്കർ ഇവാൻ ഫെർഗൂസണെ ലോൺ കരാറിൽ ഒപ്പുവയ്ക്കാൻ വെസ്റ്റ് ഹാം യുണൈറ്റഡ് തീരുമാനിച്ചു. 20 കാരനായ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും, തുടർന്ന് നീക്കം അന്തിമമാക്കും.

2029 വരെ ബ്രൈറ്റണുമായി കരാറിലേർപ്പെട്ടിരിക്കുന്ന ഫെർഗൂസൺ, ഈ സീസണിൽ പതിവ് അവസരത്തിനായി പാടുപെട്ടു‌ ആകെ 15 മത്സരങ്ങളിൽ മാത്രമെ കളിച്ചിള്ളൂ. ഡാനി വെൽബെക്കും ജോവോ പെഡ്രോയും ഉള്ളത് കൊണ്ട് ബ്രൈറ്റണിൽ അവസരം കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് താരം ക്ലബ് വിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതം തുടരുന്നു, വെസ്റ്റ് ഹാമിനോടും തോറ്റു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ യാത്ര തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടു. ലണ്ടണിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് വിജയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 9 ലീഗ് മത്സരങ്ങൾക്ക് ഇടയിലെ നാലാം പരാജയമാണിത്.

ഇന്ന് തുടക്കത്തിൽ നല്ല അവസരങ്ങൾ തുലച്ചതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്. ആദ്യ പകുതിയിൽ യുണൈറ്റഡിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും ഒന്ന് പോലും ഗോളായി മാറിയില്ല. 9 മത്സരങ്ങളിൽ നിന്ന് ഇതുവരെ ആകെ 8 ഗോളുകളാണ് യുണൈറ്റഡ് നേടിയത്.

രണ്ടാം പകുതിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ചില മാറ്റങ്ങൾ നടത്തിയതോടെ കളി അവരുടെ നിയന്ത്രണത്തിൽ ആയി. 74ആം മിനുട്ടിൽ സമ്മർവിലെയിലൂടെ വെസ്റ്റ് ഹാം യുണൈറ്റഡ് അർഹിച്ച ലീഡ് എടുത്തു. ഇതിനു പിന്നാലെ കസെമിറോയുടെ ഹെഡറിലൂടെ സമനില പിടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. സ്കോർ 1-1.

എന്നാൽ കളിയുടെ അവസാനം ഒരു വിവാദ പെനാൾട്ടി തീരുമാനം വെസ്റ്റ് ഹാമിന് വിജയ ഗോൾ കണ്ടെത്താൻ സഹായകമായി. ഇംഗ്സിനെ ഡി ലിറ്റ് വീഴ്ത്തിയതിന് കിട്ടിയ പെനാൾറ്റി ജെറാഡ് ബോവൻ ലക്ഷ്യത്തിൽ എത്തിച്ച് വെസ്റ്റ് ഹാമിന് ജയം നൽകി.

ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 11 പോയിന്റുമായി ലീഗിൽ 14ആം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version