കടം തീർത്തില്ലെങ്കിൽ ലിയോൺ ഫ്രഞ്ച് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടും

ഫ്രഞ്ച് ലീഗ് 1 വമ്പന്മാർ ആയ ഒളിമ്പിക് ലിയോൺ കടുത്ത പ്രതിസന്ധിയിൽ. ക്ലബിനെ നിലവിൽ താൽക്കാലികമായി രണ്ടാം ഡിവിഷൻ ആയ ഫ്രഞ്ച് ലീഗ് 2 ലേക്ക് തരം താഴ്ത്തിയത് ആയി ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഇത് കൂടാതെ ക്ലബിന് ട്രാൻസ്ഫർ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

2024-25 സീസൺ കഴിഞ്ഞാൽ നിലവിലുള്ള കടം വീട്ടാൻ ആയില്ലെങ്കിൽ ലിയോൺ തരം താഴ്ത്തൽ നേരിടും. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഉള്ള ലിയോണിന്റെ കടം 500 മില്യൺ യൂറോയിൽ അധികമാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ ബോർഡോ നാലാം ഡിവിഷനിലേക്ക് തരം താഴ്ത്തൽ നേരിട്ടത് സമാനമായ രീതിയിൽ ആയിരുന്നു. നിലവിൽ കടം വീട്ടാൻ ആയില്ലെങ്കിൽ ഫ്രഞ്ച് ഫുട്‌ബോൾ വമ്പന്മാരുടെ ഭാവി തന്നെ പ്രതിസന്ധിയിൽ ആവും എന്നുറപ്പാണ്.

വല കുലുക്കി എമ്പാപ്പെ, വല കാത്ത് അർനൗ; ആളെണ്ണം കുറഞ്ഞിട്ടും വിജയം വെട്ടിപ്പിടിച്ച് പിഎസ്ജി

ലീഗ് 1 ൽ ഇന്ന് നടന്ന മത്സരത്തിൽ വിജയപരമ്പര തുടർന്ന് പിഎസ്ജി. ലെ ഹവ്രെക്കെതിരെ എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫ്രഞ്ച് ചാമ്പ്യന്മാർ മൂന്ന് പോയിന്റ് കാരസ്ഥമാക്കുകയായിരുന്നു. വിറ്റിഞ്ഞാ, എംപാബെ എന്നിവർ ഗോളുകൾ കണ്ടെത്തി. നിലവിലെ ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡ് ആണ് പിഎസ്ജിക്കുള്ളത്. ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ ഏഴാം ജയമാണ് ഇത്.

പത്താം മിനിറ്റിൽ തന്നെ എതിർ താരത്തെ ഫൗൾ ചെയ്തതിന് ഡോന്നാറുമ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. പകരക്കാനായി പോസ്റ്റിന് കീഴിൽ എത്തിയ അർനൗ മാർട്ടിനസിന്റെ പ്രകടനം പിഎസ്ജിയുടെ ഫലത്തിൽ നിർണായ പങ്കു വഹിച്ചു. 23 ആം മിനിറ്റിൽ എംപാബെയിലൂടെ പിഎസ്ജി ലീഡ് നേടി. രണ്ടാം പകുതിയിൽ ആളെണ്ണം മുതലാക്കി എതിരാളികൾ ഇരമ്പി ആർത്തെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. അർനൗ മാർട്ടിനസിനൊപ്പം ഡാനിലോ പേരെരയും ഡിഫെൻസിൽ അടിയിറച്ചു നിന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിറ്റിഞ്ഞ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് ഒരു ഡിഫ്‌ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു.

സമനില കുരുക്ക്; ഗോൾ കണ്ടെത്താനാവാതെ പിഎസ്ജി

ലീഗ് വണ്ണിൽ ഗോൾ രഹിത സമനിലയിൽ കുരുങ്ങി പിഎസ്ജി. ഇന്ന് നടന്ന മത്സരത്തിൽ ക്ലെർമോണ്ട് ഫുട്ടുമായാണ് ലീഗ് ജേതാക്കൾ പോയിന്റ് പങ്കുവെച്ചത്. ഇതോടെ ടീമിന്റെ രണ്ടാം സ്ഥാനവും ഭീഷണിയിൽ ആയി. ഇതുവരെ രണ്ടു സമനില മാത്രം കൈമുതലായുള്ള ക്ലെർമോണ്ട് പതിനേഴാം സ്ഥാനത്താണ്.

മത്സരത്തിന്റെ തുടക്കം മുതൽ ക്ലെർമോണ്ട് പ്രതിരോധത്തെ പരീക്ഷിക്കാൻ ആവാതെ പിഎസ്ജി കുഴങ്ങി. ഷോട്ട് ഉതിർക്കാൻ പോലും ഇടം നൽകാതെ ക്ലെർമോണ്ട് താരങ്ങൾ കോച്ചിന്റെ പദ്ധതി കളത്തിൽ നടപ്പിലാക്കി. ഡെമ്പലെയുടെ ഷോട്ട് കീപ്പർ തട്ടിയകറ്റി. കൗഫ്രീസിന്റെ ഷോട്ട് കോർണർ വഴങ്ങി പിഎസ്‌ജി തടുത്തു. നിക്കോൾസന്റെ ഹേഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. എമ്പാപ്പെയുടെ ഷോട്ട് കീപ്പർ തട്ടിയക്കറ്റി. ഡെമ്പലെയുടെ ഷോട്ടും കീപ്പർ കോർണർ തടുത്തു. വിട്ടിഞ്ഞയുടെ ലോങ് റേഞ്ചറിനും ലക്ഷ്യം കാണാൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിക്കോൾസണിലൂടെ ആതിഥേയർ ഗോളിന് അടുത്തെത്തി. എന്നാൽ ഡൊന്നാറുമ ടീമിന്റെ രക്ഷകനായി. കോണാട്ടെയുടെ ഷോട്ടും ഇറ്റാലിയൻ താരം തടുത്തു. മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ പിഎസ്‌ജി താളം വീണ്ടെടുത്ത് തുടർച്ചയായ ആക്രമണങ്ങൾ നടത്തി. എമ്പാപ്പെ നൽകിയ അവസരത്തിൽ റാമോസിന്റെ ഷോട്ട് പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് എതിർ താരങ്ങളിൽ തട്ടി കോർണറിലേക്ക് പോയത് പിഎസ്‌ജിക്ക് നിരാശ നൽകി.പിന്നീടും ക്ലെർമോണ്ട് പ്രതിരോധം ഉറച്ചു നിന്നതോടെ പിഎസ്ജി സമനിലയിൽ കുരുങ്ങി.

മാഴ്സെക്ക് തന്ത്രങ്ങൾ ഓതാൻ ഗട്ടുസോ എത്തുന്നു

സീസൺ തുടങ്ങി ആഴ്ചകൾക്കുള്ളിൽ പുതിയ പരിശീലികനെ അന്വേഷിച്ചിറങ്ങിയ ഒളിമ്പിക് മാഴ്‌സെയുടെ തിരച്ചിൽ അവസാനിച്ചത് ഇതിഹാസ താരം ഗെന്നാരോ ഗാട്ടുസോയിൽ. നേരത്തെ മാഴ്സെലിനോയെ പുറത്താക്കാൻ നിർബന്ധിതരായതോടെയാണ് മാഴ്സെക്ക് പുതിയ പരിശീലകൻ ആവശ്യമായി വന്നത്. മാനേജ്‌മെന്റിനെതിരായ ആരാധക രോഷം കൊച്ചിനെതിരെയും തിരിഞ്ഞതോടെ സ്പാനിഷ് പരിശീലകൻ ടീം വിടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. നഗരത്തിൽ എത്തിയ ഗട്ടുസോ ഉടൻ ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു.

മുൻ എസി മിലാൻ, നാപോളി പരിശീലികൻ ആയ ഗട്ടുസോ, ഇതിനു മുൻപ് വലൻസിയയെ ആണ് പരിശീലിപ്പിച്ചത്. എന്നാൽ കാര്യമായ ഫലം കാണാൻ കഴിയാതെ വന്നതോടെ ക്ലബ്ബ് പുറത്താക്കി. സ്വിസ് ടീമായ സിയോണിലൂടെയാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. അതേ സമയം മുൻ പിഎസ്ജി പരിശീലകൻ ഗാൾട്ടിയറെ അടക്കം മാഴ്സെ പരിഗണിച്ചിരുന്നതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കളത്തിന് പുറത്തു കേസുകൾ നേരിടുന്നതടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ഗാൾട്ടിയർ തന്നെ ഇത് നിഷേധിച്ചു. ഇതോടെയാണ് ഫ്രഞ്ച് ക്ലബ്ബ് ഗട്ടുസോയിലേക്ക് എത്തുന്നത്. ഈ വാരം എഎസ് മൊണാക്കോകെതിരായ മത്സരത്തിലൂടെയാവും അദ്ദേഹം പുതിയ തട്ടകത്തിൽ ആരംഭം കുരിക്കുന്നത്.

ആരാധക രോഷം തിരിച്ചടി ആയി; മാർസെലിനൊ ഒളിമ്പിക് മാഴ്സെയിൽ നിന്നും പുറത്ത്

ദിവസങ്ങളായി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന ഒളിമ്പിക് മാഴ്‌സെയെ പരിശീലിപ്പിക്കാൻ സ്പാനിഷ് കോച്ച് മാർസെലിനൊ ഉണ്ടാവില്ല എന്ന് ഉറപ്പായി. മാർസെലിനോ ടീം വിട്ടതായി ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. കോച്ചിന് തുടരാൻ പറ്റിയ നല്ല സാഹചര്യം അല്ല ടീമിൽ ഉള്ളതെന്ന് വ്യക്തമാക്കിയ മാഴ്‌സെ, ജൂൺ 23 ന് മാത്രം ചുമതല ഏറ്റ കോച്ചിങ് സ്റ്റാഫുകൾക്ക് നോൺ-സ്പോർട്ടിംഗ് കാരണങ്ങൾ കൊണ്ട് ടീം വിടേണ്ടി വന്നത് ദുഃഖകരമാണെന്നും കൂടിച്ചെർത്തു.

സീസണിൽ ലീഗിൽ മോശമല്ലാത്ത തുടക്കമാണ് മാഴ്സെ കുറിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ടു ജയവും മൂന്ന് സമനിലയും അടക്കം മൂന്നാം സ്ഥാനത്തും ആണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ പനതിനയ്കോസിനോട് തോൽവി വഴങ്ങിയത് തിരിച്ചടി. ആയി ഇതിന് പുറമേ അവസാന ലീഗ് മത്സരത്തിൽ ടോളൂസെയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ക്ലബ്ബ് മാനേജ്‌മെന്റും ആരാധകരും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രതിഷേധം അണപൊട്ടി. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച ആരാധകർ കോച്ചിനെതിരെയും തിരിഞ്ഞു. മാർസെലിനൊയുടെ ടാക്ടിക്സുകളും വിമർശന വിധേയമായി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കോച്ച് നടത്തിയ നീക്കങ്ങൾ തിരിച്ചടി ആയിരുന്നു. എന്നാൽ ലീഗിലെ മോശമല്ലാത്ത പ്രകടനത്തിന് ശേഷവും ആരാധകർ തനിക്ക് നേരെ തിരിഞ്ഞതോടെ മാർസെലിനൊ രാജി സന്നദ്ധത മാനേജ്‌മെന്റിനേയും താരങ്ങളെയും അറിയിച്ചിരുന്നതായി ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം അയാക്‌സിനെതിരെയുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിന് തിരിച്ച ടീമിനോടൊപ്പം കോച്ച് ചേർന്നില്ല. ഇതോടെയാണ് മാർസെലിനോയുമായി വേർപ്പിരിയാനുള്ള തീരുമാനം ക്ലബ്ബ് എടുത്തത്. കൂടാതെ ക്ലബ്ബ് മാനേജ്‌മെന്റിലെ പ്രസിഡന്റ് അടക്കമുള്ളവരും ആരാധകരുടെ ആവശ്യം പരിഗണിച്ച് ചുമതലകളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുമെന്നാണ് സൂചന. പാച്ചോ അബർഡോനാഡോയെ മാഴ്സെയുടെ താൽക്കാലിക കോച്ച് ആയി നിയമിച്ചിട്ടുണ്ട്. അയാക്സിനെതിരെ ഇദ്ദേഹം തന്ത്രങ്ങൾ ഓതും.

എംബപ്പെയുടെ ഇരട്ടഗോളുകൾക്ക് മറുപടി നൽകി മോഫി, പി.എസ്.ജിയെ തോൽപ്പിച്ചു നീസ്

ഫ്രഞ്ച് ലീഗ് 1 ൽ പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി. സ്വന്തം മൈതാനത്ത് രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് പാരീസ് പരാജയം നേരിട്ടത്. പതിഞ്ഞ തുടക്കം ആണ് പി.എസ്.ജിയിൽ നിന്നു ഉണ്ടായത്. 21 മത്തെ മിനിറ്റിൽ പാരീസിനെ ഞെട്ടിച്ചു തരെം മോഫി നീസിന് ആയി ആദ്യ ഗോൾ നേടി. മോഫിയുടെ ശ്രമം പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. എംബപ്പെയുടെ പിഴവ് ആണ് ഗോളിൽ കലാശിച്ചത്. 8 മിനിറ്റിനുള്ളിൽ ഹകീമിയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബപ്പെ പി.എസ്.ജിയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ നീസ് പാരീസിനെ ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്.

53 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ മോഫിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലബോർഡെ നീസിനെ ഒരിക്കൽ കൂടി മുന്നിൽ എത്തിച്ചു. 68 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ നിന്നു ലബോർഡെയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ മോഫി നീസിന്റെ ജയം ഉറപ്പിച്ചു. തന്റെ ജേഴ്‌സി ഊരിയാണ് താരം ഗോൾ ആഘോഷിച്ചത്. 87 മത്തെ മിനിറ്റിൽ കൊലോ മുആനിയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ ക്യാപ്റ്റൻ കൂടിയായ എംബപ്പെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. നിലവിൽ പാരീസ് മൂന്നാം സ്ഥാനത്തും നീസ് രണ്ടാം സ്ഥാനത്തും ആണ്.

വിജയപാതയിൽ തിരിച്ചെത്തണം; ലോറന്റ് ബ്ലാങ്കിനെ പുറത്താക്കി ലിയോൺ

പ്രതീക്ഷിച്ച പോലെ ലോറന്റ് ബ്ലാങ്കിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി കൊണ്ട് ലിയോൺ. ഉഭയസമ്മത പ്രകാരം വേർപ്പിരിയാൻ കോച്ചും ക്ലബ്ബും തീരുമാനിച്ചതായി ലിയോൺ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. സീസണിലെ മോശം തുടക്കത്തിന് ശേഷം ദിവസങ്ങളായി ബ്ലാങ്കിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പതിനൊന്ന് മാസം മാത്രമാണ് അദ്ദേഹം ക്ലബ്ബിൽ ഉണ്ടായിരുന്നത്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിച്ചേക്കും.

പീറ്റർ ബോഷിന് പകരക്കാരൻ ആയാണ് ബ്ലാങ്ക് ലിയോണിന്റെ കോച്ചായി എത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗ് ഏഴാം സ്ഥാനത്ത് മാത്രം എത്താൻ സാധിച്ചതോടെ തന്നെ അദ്ദേഹത്തിനെതിരെ മുറവിളി ഉയർന്നിരുന്നു. ഇത്തവണ ആദ്യ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവിയും ഒരു സമനിലയും മാത്രമാണ് സമ്പാദ്യം. ഇതോടെ കോച്ചിനെ മാറ്റുമെന്ന് ഉറപ്പായി. ഗ്രഹാം പോട്ടറിനെ ലിയോൺ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചിരുന്നു. ഒലിവർ ഗ്ലാസ്നെറിന് വേണ്ടിയും നീക്കം നടത്തി. ഗട്ടുസോ ആണ് ക്ലബ്ബ് മാനേജ്‌മെന്റ് പരിഗണിക്കുന്ന മറ്റൊരു കോച്ച് എന്ന് ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള അവസാനിക്കുന്നതിന് മുൻപായി തന്നെ പുതിയ കോച്ചിനെ ലിയോൺ എത്തിക്കും.

തിരിച്ചു വരവിൽ ഗോളുമായി എംബപ്പെ, എന്നിട്ടും രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ടളോസി പാരീസിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പാരീസ് ടീമിലേക്ക് കിലിയൻ എംബപ്പെയുടെ മടങ്ങി വരവും ഇന്ന് കണ്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം എംബപ്പെയെയും, ബാഴ്‌സലോണയിൽ നിന്നു ടീമിൽ എത്തിയ ഡെമ്പേലയെയും ലൂയിസ് എൻറിക്വ ഇറക്കിയതോടെ കളിക്ക് ജീവൻ വെച്ചു.

കളത്തിൽ ഇറങ്ങി 13 മത്തെ മിനിറ്റിൽ തന്നെ എംബപ്പെ പാരീസിന് ആയി ഗോൾ നേടി. താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രഞ്ച് താരം പി.എസ്.ജിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 87 മത്തെ മിനിറ്റിൽ സക്കറിയയെ ഹകീമി പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതോടെ ആതിഥേയർക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സക്കറിയ ആതിഥേയർക്ക് സമനില സമ്മാനിച്ചു. വിജയഗോളിന് ആയി പി.എസ്.ജി ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം കുലുങ്ങിയില്ല.

ഗോൾ രഹിതമായി എൻറിക്വെക്ക് ഒപ്പം സീസണിന് തുടക്കം കുറിച്ച് പിഎസ്ജി

പുതിയ കോച്ചും പുതിയ താരങ്ങളുമായി ഇറങ്ങിയ പിഎസ്ജിക്ക് ലീഗിലെ ആദ്യ മത്സരത്തിൽ സമനിലയോടെ ആരംഭം. സ്വന്തം തട്ടകത്തിൽ ലോറിയന്റുമായാണ് ഫ്രഞ്ച് ചാമ്പ്യന്മാർ ഗോൾ രഹിതമായി പിരിഞ്ഞത്. ടീം വിടുമെന്ന് ഉറപ്പായ എംബപ്പെ, നെയ്മർ എന്നിവർ പ്രതീക്ഷിച്ച പോലെ സക്വാഡിൽ ഉണ്ടായിരുന്നില്ല. ബാഴ്‌സയിൽ നിന്നെത്തിയ ഡെംബലെയേയും അടുത്ത മത്സരത്തോടെ മാത്രമേ പിഎസ്ജി ജേഴ്‌സിയിൽ കാണാൻ സാധിക്കൂ.

ട്രാൻസ്ഫർ വിൻഡോയിൽ അടിമുടി മാറിയ പിഎസ്ജി പുതിയ താരങ്ങളെ എല്ലാം ആദ്യ ഇലവനിൽ തന്നെ ഇറക്കി. ലീ കാങ് ഇനും അസെൻസിയോയും ഗോൺസാലോ റാമോസും മുന്നേറ്റം നയിച്ചു. വിടിഞ്ഞക്കൊപ്പം മാനുവൽ ഉഗാർതെ ടീമിൽ എത്തി. പ്രതിരോധത്തിൽ സ്ക്രിനിയർ, ലൂക്കസ് ഹെർണാണ്ടസ് എന്നിവരും അണിനിരന്നു. പിഎസ്ജിക്ക് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കൃത്യമായ മുന്നേറ്റം. എട്ടാം മിനിറ്റിൽ അസെൻസിയോയുടെ പാസിൽ റാമോസിന്റെ ഷോട്ട് കീപ്പർ തട്ടിയകറ്റി. ഹെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.

രണ്ടാം പകുതിയിലും കാര്യങ്ങൾ മാറിയില്ല. പല തവണ എതിർ ബോക്സിലേക്ക് എത്തിയിട്ടും ലക്ഷ്യം കാണുന്നതിൽ മാത്രം പിഎസ്ജിക്ക് പിഴച്ചു. മത്സരത്തിൽ ആകെ 78% ഓളം പന്ത് കൈവശം വെച്ചത് പിഎസ്ജി ആയിയുന്നു. ആയിരത്തോളം പാസും പൂർത്തിയാക്കി. മത്സരത്തിലെ മികച്ച അവസരങ്ങളിൽ ഒന്നിൽ ഫാബിയൻ റൂയിസ് ബോസ്‌കിനുള്ളിൽ നിന്നും തൊടുത്ത ഷോട്ട് ലോറിയന്റ് പ്രതിരോധം തടുത്തു. ഇടക്ക് ലോറിയന്റ് എതിർ ബോക്സിലേക്ക് എത്തിയെങ്കിലും ഡോന്നറുമയെ പരീക്ഷിക്കാൻ മാത്രം മൂർച്ചയുള്ള ആക്രമണം മെനയാൻ അവർക്കായില്ല. ഇഞ്ചുറി ടൈമിൽ സോളറുടെ ഷോട്ട് കീപ്പർ തടുത്തപ്പോൾ മത്സരത്തിലെ അവസാന അവസരത്തിൽ ഉഗാർതെയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

വംശീയ പരാമർശം, പി.എസ്.ജി പരിശീലകൻ പോലീസ് കസ്റ്റഡിയിൽ

പി.എസ്.ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറും മകനും നീസ് പോലീസ് കസ്റ്റഡിയിൽ. മുമ്പ് നീസ് പരിശീലകൻ ആയിരുന്നപ്പോൾ കറുത്ത വർഗ്ഗക്കാർ ആയ കളിക്കാർക്കും മുസ്ലിം കളിക്കാർക്കും എതിരായ ഗാൽറ്റിയറിന്റെ വംശീയ പരാമർശങ്ങൾ കാരണം ആണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ഇ-മെയിലിൽ നീസ് ടീം മുഴുവനും മാലിന്യം ആണെന്ന് പറഞ്ഞ ഗാൽറ്റിയർ ഈ ടീമിൽ മുഴുവൻ കരുത്തവരും പകുതിയുള്ളവർ വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരും ആണെന്ന വംശീയ പരാമർശം നടത്തിയിരുന്നു.

ഇതിനു പുറമെ പലപ്പോഴും ഫ്രഞ്ച് പരിശീലകൻ വംശീയ പരാമർശം നടത്തിയത് ആയി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ ഫ്രാൻസിൽ നടക്കുന്ന വംശീയ കലാപത്തിന്റെ അവസരത്തിൽ കൂടിയാണ് ഗാൽറ്റിയറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പി.എസ്.ജി പരിശീലക സ്ഥാനത്ത് നിന്ന് ഏതാണ്ട് പുറത്താകും എന്നു ഉറപ്പായ ഫ്രഞ്ച് പരിശീലകനു ഇത് മറ്റൊരു വലിയ തിരിച്ചടി കൂടിയായി. ഫ്രാൻസിൽ വംശീയതക്ക് എതിരെ നടക്കുന്ന നടപടികളുടെ കൂടി ഭാഗമാണ് ഈ നടപടി.

ചർച്ചകൾ മുറുകി; നാഗെൽസ്മാൻ പിഎസ്ജിലേക്ക് അടുക്കുന്നു

ക്രിസ്റ്റഫ്‌ ഗാൾട്ടിയർക്ക് പകരക്കാരനായി പിഎസ്ജി പരിശീലക സ്ഥാനത്തേക്ക് ജൂലിയൻ നാഗെൽസ്മാൻ തന്നെ എത്തുമെന്ന് ഉറപ്പാവുന്നു. മുൻ ബയേൺ പരിശീലകനുമായുള്ള ഫ്രഞ്ച് ടീമിന്റെ ടീമിന്റെ ചർച്ചകൾ അവസാന മണിക്കൂറുകളിൽ വളരെയധികം പുരോഗമിച്ചതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്തു. ഒരേയൊരു സീസണിൽ മാത്രം ടീമിനെ പരിശീലിപ്പിച്ച ഗാൾട്ടിയറെ പുറത്താക്കുമെന്ന തീരുമാനം എടുത്ത ഉടൻ തന്നെ പകരക്കാരനായി പിഎസ്ജി അന്വേഷണം തുടങ്ങിയിരുന്നു. സിദാൻ അടക്കമുള്ളവരുടെ പേരുകൾ ഒരിക്കൽ കൂടി ഉയർന്ന് വന്നെങ്കിലും അവസാനം നാഗെൽസ്മാനിൽ തന്നെ തിരച്ചിൽ അവസാനിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന മുറക്ക് ഉടൻ തന്നെ പിഎസ്ജി നാഗെൽസ്മാനുമായി ധാരണയിൽ എത്തും.

അതേ സമയം പിഎസ്‌ജിലേക്ക് സിദാൻ എത്തുമെന്ന അഭ്യൂഹങ്ങൾ താരവുമായി ബദ്ധപ്പെട്ടവർ നിഷേധിച്ചതായി ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് സിദാനുമായി നേരിട്ടുള്ള ഒരു ചർച്ചകളും നടന്നിട്ടില്ലെന്ന് ആർഎംസി അറിയിച്ചു. പിഎസ്ജിയുടെ ഓഫർ സിദാൻ നിറസിച്ചതായിട്ടായിരുന്നു നേരത്തെ സൂചന. പല കോച്ചുമാരും താരങ്ങാളും വന്നുപോയിട്ടും യൂറോപ്യൻ പോരാട്ടങ്ങളിൽ വീണു പോകുന്ന പിഎസ്ജി ഒരിക്കൽ കൂടി മികച്ച കോച്ചിനെയും താരങ്ങളെയും എത്തിക്കാനുള്ള നീക്കത്തിൽ ആണ്. ബയേണിൽ നിന്നും ലൂക്കസ് ഹെർണാണ്ടസിനെ എത്തിക്കാനുള്ള ശ്രമങ്ങളും ടീം നടത്തുന്നുണ്ട്.

സൗദി സന്ദർശനം, മെസ്സിയെ സസ്‌പെന്റ് ചെയ്തു പി.എസ്.ജി! കരാറും പുതുക്കില്ല

അനുവാദം ഇല്ലാതെ സൗദി സന്ദർശിച്ച അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെ സസ്‌പെന്റ് ചെയ്തു ക്ലബ് പാരീസ് സെന്റ് ജർമൻ. 2 ആഴ്ചത്തേക്ക് ആണ് താരത്തെ ക്ലബ് വിലക്കിയത് എന്നാണ് റിപ്പോർട്ട്. നിലവിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ക്ലബ് തീരുമാനം എടുത്തു എന്നാണ് സൂചന.

സൗദി അറേബ്യ ടൂറിസം അമ്പാസിഡർ കൂടിയായ മെസ്സി കുടുബം അടക്കം ആണ് അവിടെ എത്തിയത്. സസ്‌പെൻഷൻ വന്നതോടെ 2 മത്സരങ്ങളും ഗ്രൂപ്പ് പരിശീലനവും മെസ്സിക്ക് നഷ്ടമാകും, ഒപ്പം ശമ്പളവും ലഭിക്കില്ല. നിലവിൽ പി.എസ്.ജിയിൽ തുടരാനും മെസ്സിക്ക് താൽപ്പര്യം ഇല്ലെന്നു ആണ് സൂചന. ലോകകപ്പ് ജേതാവ് ഉടൻ തന്റെ മുൻ ക്ലബ് ബാഴ്‌സലോണയിൽ എത്തും എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

Exit mobile version