187/7 എന്ന നിലയിൽ കേരളത്തിന്റെ ഡിക്ലറേഷന്‍, രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടവുമായി നദീം

രഞ്ജി ട്രോഫിയിൽ അവസാന ദിവസം ജാര്‍ഖണ്ഡിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 187/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് കേരളം. ഇതോടെ 323 റൺസ് വിജയ ലക്ഷ്യം ആണ് ജാര്‍ഖണ്ഡിന് മുന്നിൽ കേരളം വെച്ചത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ജാര്‍ഖണ്ഡ് 102/4 എന്ന നിലയില്‍ ആണ്.

74 റൺസുമായി രോഹന്‍ പ്രേം ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റൺസ് നേടിയ ഷൗൺ റോജര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടി ഷഹ്ബാസ് നദീം ജാര്‍ഖണ്ഡിനായി തിളങ്ങി.

മഹീഷ് തീക്ഷണ ചെന്നൈയിലേക്ക്, ഷഹ്ബാസ് നദീം ലക്നൗവിലേക്ക്

ശ്രീലങ്കന്‍ പേസര്‍ മഹീഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 70 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് തീക്ഷണ ഐപിഎലിലേക്ക് എത്തുന്നത്. മുമ്പ് ചെന്നൈയുടെ നെറ്റ് ബൗളറായി താരം സഹകരിച്ചിട്ടുണ്ട്.

അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഷഹ്ബാസ് നദീമിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 555 റണ്‍സ്

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ വലിയ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 555 റണ്‍സാണ് നേടിയിട്ടുള്ളത്. 23 റണ്‍സുമായി ഡൊമിനിക്ക് ബെസ്സും 6 റണ്‍സ് നേടി ജാക്ക് ലീഷുമാണ് ക്രീസിലുള്ളത്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സാണ് നേടിയിട്ടുള്ളത്.

മൂന്നാം സെഷന്റെ തുടക്കത്തില്‍ ഒല്ലി പോപിനെയും ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും വലിയ തടസ്സമില്ലാതെ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുവാന്‍ ജോസ് ബ‍ട്‍ലറിനും ഡൊമിനിക് ബെസ്സിനും സാാധിക്കുകയായിരുന്നു.

പോപ് 34 റണ്‍സ് നേടിയപ്പോള്‍ അശ്വിനാണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. നദീമിനാണ് 218 റണ്‍സ് നേടിയ റൂട്ടിന്റെ വിക്കറ്റ്. തുടര്‍ന്ന് ജോസ് ബട്‍ലര്‍ – ഡൊമിനിക് ബെസ്സ് കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ 48 റണ്‍സാണ് നേടിയത്. ഇഷാന്ത് ശര്‍മ്മ ബട്‍ലറെയും(30) ജോഫ്ര ആര്‍ച്ചറെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

പരിക്കേറ്റ അക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല എന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തി ഇന്ത്യ. ജഡേജയ്ക്ക് ഓസ്ട്രേലിയയില്‍ ഏറ്റ പരിക്കാണ് താരത്തിനെ ഇന്ത്യ ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണമെങ്കിലും ആദ്യ ടെസ്റ്റിന് തൊട്ടുമുമ്പ് താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

രവീന്ദ്ര ജഡേജയുടേത് പോലെ മൂന്ന് ഡിപ്പാര്‍ട്മെന്റിലും മികവ് പുലര്‍ത്തുവാന്‍ കഴിയുന്ന താരമെന്നാണ് അക്സറിനെക്കുറിച്ച് വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് മുമ്പ് പറഞ്ഞത്. താരം തന്റെ അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് കരുതിയതെങ്കിലും പരിക്ക് വില്ലനായി മാറുകയായിരുന്നു.

ജഡേജ സെലക്ഷന് ലഭ്യമല്ലാത്തതിനാലാണ് അതേ കഴിവും പ്രതിബദ്ധതയുമുള്ള അക്സറിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനുള്ള കാര്യമെന്നും കോഹ്‍ലി വ്യക്തമാക്കിയിരുന്നു. അക്സറിന്റെ റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷം ബിസിസിഐ മെഡിക്കല്‍ ടീം താരത്തിന്റെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച കൂടുതല്‍ വിവരം പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ സ്കോര്‍

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിച്ചില്ല. പൊള്ളാര്‍ഡ് 25 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള ഡികോക്കിനെ നഷ്ടമായത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 13 പന്തില്‍ നിന്ന് 25 റണ്‍സാണ് ഡി കോക്ക് നേടിയത്. പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 42 റണ്‍സ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മികച്ച തിരിച്ചുവരവ് ടീമിനായി നടത്തി.

ഷഹ്ബാസ് നദീം ഒരേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സൗരഭ് തിവാരിയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 81/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് മുംബൈ വീണു.

റഷീദ് ഖാന്‍ തന്റെ അവസാന ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും താരം തന്നെ കിഷന്റെ ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 19 റണ്‍‍സായിരുന്നു അപ്പോള്‍ ഇഷാന്‍ കിഷന്റെ സ്കോര്‍. 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മ പുറത്താക്കി.

നടരാജന്റെ ഓവറില്‍ ഔട്ട് വിധിക്കപ്പെട്ട കൈറണ്‍ പൊള്ളാര്‍ഡ് റിവ്യൂവിലൂടെ തീരുമാനം അതിജീവിച്ച ശേഷം മൂന്ന് സിക്സുകളാണ് ഓവറില്‍ നിന്ന് നേടിയത്. ജേസണ്‍ ഹോള്‍ഡറെയും സിക്സര്‍ പറത്തിയ പൊള്ളാര്‍ഡ് എന്നാല്‍ താരത്തിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് നേടി.

 

“വിരാട് കോഹ്‌ലി ഏറ്റവും മികച്ച ക്യാപ്റ്റൻ”

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്ന് സ്പിൻ ബൗളർ ഷഹബാസ് നദീം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് ഷഹബാസ് നദീം. ടെസ്റ്റിൽ നാല് വിക്കറ്റും താരം വീഴ്ത്തിയിരുന്നു.

“നിലവിൽ ലോക ക്രിക്കറ്റിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനാണ് വിരാട് കോഹ്‌ലി. ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‌ലി മറ്റുള്ളവർക്ക് മാതൃകയാണ്” നദീം പറഞ്ഞു. വിരാട് കോഹ്‌ലി ജന്മം കൊണ്ട് തന്നെ ഒരു ക്യാപ്റ്റൻ ആണെന്നും ഗ്രൗണ്ടിൽ മാത്രമല്ല ഡ്രസിങ് റൂമിൽ പോലും വിരാട് കോഹ്‌ലി ആവേശം നിലനിർത്തുന്നുണ്ടെന്നും നദീം പറഞ്ഞു.

ഗ്രൗണ്ടിൽ എല്ലാ ബൗളര്മാരെയും വിരാട് കോഹ്‌ലി സഹായിക്കുന്നുണ്ടെന്നും താരത്തിന്റെ ആക്രമണ സ്വാഭാവവും ബാറ്റിംഗ് പ്രകടനവും ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ തലത്തിൽ എത്തിച്ചെന്നും നദീം പറഞ്ഞു. തന്നിൽ വിരാട് കോഹ്‌ലി അർപ്പിച്ച വിശ്വാസത്തിന് നദീം നന്ദി പറയുകയും ചെയ്തു. പരിക്കേറ്റ കുൽദീപ് യാദവിന് പകരക്കാരനായിട്ടാണ് അവസാന നിമിഷം ഷഹബാസ് നദീം ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്.

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന നിലയിലാണ്.

62 റണ്‍സ് നേടിയ സുബൈര്‍ ഹംസയും 32 റണ്‍സ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്നത്. തലേ ദിവസത്തെ സ്കോറായ 9/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ വേഗത്തില്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേര്‍ന്ന് സ്കോര്‍ 107ലേക്ക് എത്തിച്ചുവെങ്കിലും സുബൈറിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ ടെംബ ബാവുമയെ ഷഹ്ബാസ് നദീം പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. നദീം തന്റെ ടെസ്റ്റിലെ ആദ്യ വിക്കറ്റാണ് ബാവുമയെ പുറത്താക്കി നേടിയത്.

107/3 എന്ന നിലയില്‍ നിന്ന് 107/5 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്കയെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ക്ലാസ്സനെ പുറത്താക്കി രവീന്ദ്ര ജഡേജ സന്ദര്‍ശകരുടെ നില കൂടുതല്‍ ദയനീയമാക്കി.

368 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കായി ഇപ്പോള്‍ 10 റണ്‍സുമായി ജോര്‍ജ്ജ് ലിന്‍ഡേയും 4 റണ്‍സ് നേടിയ ഡെയ്ന്‍ പീഡെടുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ് യാദവും ഷഹ്ബാദ് നദീമും

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന് പിഴുതെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടീമിന് 17 റണ്‍സിന്റെ നേരിയ ലീഡ് നല്‍കുകയായിരുന്നു. കുല്‍ദീപ് യാദവ് 4 വിക്കറ്റും ഷഹ്ബാസ് നദീം 3 വിക്കറ്റും നേടിയപ്പോള്‍ 109.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 400 റണ്‍സിന് ഓള്‍ഔട്ട് ആയി.

355/6 എന്ന നിലയില്‍ നിന്ന് അവസാന 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 45 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 161 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 14/0 എന്ന നിലയിലാണ്. പ്രിയാംഗ് പഞ്ചല്‍ 9 റണ്‍സും അഭിമന്യൂ ഈശ്വരന്‍ 5 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക 31 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രവും ത്യൂണിസ് ഡി ബ്രൂയിനും ചേര്‍ന്ന് മികച്ച നിലയിലേക്ക് സന്ദര്‍ശകരെ നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരായ ഷഹ്ബാസ് നദീമും കുല്‍ദീപ് യാദവും കനത്ത പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു.

83 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം ഒരറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിരിച്ചടി നല്‍കി. ഷഹ്ബാസും കുല്‍ദീപും രണ്ട് വീതം വിക്കറ്റാണ് നേടിയത്. ത്യൂണിസ് ഡി ബ്രൂയിന്‍ 41 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം ദിവസം സ്റ്റംപ്സിന് പിരിയുമ്പോള്‍ വിയാന്‍ മുള്‍ഡര്‍ 9 റണ്‍സുമായി മാര്‍ക്രത്തിന് കൂട്ടായി നിലകൊള്ളുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 258 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ എ – വിന്‍ഡീസ് എ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍, ഷാഹ്ബാസ് നദീമിന് അഞ്ച് വിക്കറ്റ്

ഇന്ത്യ, വിന്‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 37/0 എന്ന് നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് മത്സരം അവസാനിക്കുമ്പോള്‍ 314/6 എന്ന നിലയിലായിരന്നു. 92 റണ്‍സ് നേടിയ ജെറമി സോളോസാനോ, 77 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗ്, 69 റണ്‍സുമായി സുനില്‍ ആംബ്രിസ് എന്നിവരാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്. 373 റണ്‍സ് വിജയിക്കുവാനായി നേടേണ്ടിയിരുന്ന വിന്‍ഡീസിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഷാഹ്ബാസ് നദീം ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

നദീം അഞ്ച് വിക്കറ്റാണ് നേടിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. മൂന്നാം മത്സരവും വിജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങളെയാണ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ തടയിട്ടത്.

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യ എ യ്ക്ക് മേല്‍ക്കൈ

വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക ആദ്യ ടെസ്റ്റില്‍ ആദ്യ ദിവസം കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്നലെ ആന്റിഗ്വയില്‍ ആരംഭിച്ച മത്സരത്തില്‍ ആതിഥേയരെ 228 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഷഹ്ബാസ് നദീമിന്റെ ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 70/1 എന്ന നിലയിലാണ് നില്‍ക്കുന്നത്. 28 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഷഹ്ബാസ് നദീം 62 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും ശിവം ഡൂബേ ഒരു വിക്കറ്റും നേടുകയായിരുന്നു. 59 റണ്‍സ് നേടിയ റഖീം കോര്‍ണ്‍വാല്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 53 റണ്‍സുമായി പ്രതിരോധം തീര്‍ക്കുവാന്‍ ശ്രമിച്ചു.

ഇന്ത്യയ്ക്കായി 31 റണ്‍സുമായി പ്രിയാംഗ് പഞ്ചലും 9 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു ലയണ്‍സിനെ പുറത്താക്കിയ ശേഷം ഇന്ത്യ എ ടീമിനോട് ഫോളോ ഓണിനു ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ലയണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സാണ് നേടിയിട്ടള്ളത്. മാക്സ് ഹോള്‍ഡന്‍(5*), ബെന്‍ ഡക്കറ്റ്(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

282/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 110 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന 7 വിക്കറ്റും ഇന്ന് നഷ്ടമാകുകയായിരുന്നു. ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍(117), കെഎല്‍ രാഹുല്‍(81) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് നേടിയ ശേഷമാണ് ബാക്കി വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് പൊടുന്നനെ നഷ്ടമായത്. പ്രിയാംഗ് പഞ്ചല്‍ (50) ഒന്നാം ദിവസം പുറത്താകുമ്പോള്‍ ഇന്ത്യ നേടിയ 282 റണ്‍സില്‍ തന്നെ ഇന്ന് ടീമിനു നാലാം വിക്കറ്റും നഷ്ടമായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റാണ് 110 റണ്‍സിനു നഷ്ടമായത്. കെഎസ് ഭരത് 46 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി സാക്ക് ചാപ്പല്‍ നാലും ഡാനി ബ്രിഗ്സ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 48.4 ഓവറിലാണ് 144 റണ്‍സിനു ഓള്‍ഔട്ട് ആയത്. 248 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ എ കരസ്ഥമാക്കിയത്. നവദീപ് സൈനിയും ഷാഹ്ബാസ് നദീമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ആരോണ്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. 25 റണ്‍സ് നേടിയ ഒല്ലി പോപ് ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

Exit mobile version