ആവേശം അവസാന പന്ത് വരെ, 6 വിക്കറ്റ് ജയം സ്വന്തമാക്കി ശ്രീലങ്ക

ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ വിജയം. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് 13 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 13 പന്തില്‍ 33 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെന്‍ ക്രീസില്‍ പന്തെറിയാനെത്തിയത് സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്.

ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഫാബിയന്‍ അല്ലെനെ അടുത്ത പന്തില്‍ പുറത്താക്കിയതോടെ മത്സരം ശ്രീലങ്കയുടെ കീശയിലായി. 2 ഫോറും 3 സിക്സും സഹിതം 15 പന്തില്‍ 37 റണ്‍സാണ് അല്ലെന്‍ നേടിയത്. തുടര്‍ന്ന് രണ്ട് റണ്‍സ് കൂടി മാത്രം ടീം നേടിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 301/9 എന്ന നിലയില്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ്(55), ധനന്‍ജയ ഡി സില്‍വ(51), ദിമുത് കരുണാരത്നേ(44), കുശല്‍ പെരേര(44), തിസാര പെരേര(38) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 307 റണ്‍സിലേക്ക് എത്തിച്ചത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് നാലും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഷായി ഹോപ്(72), സുനില്‍ ആംബ്രിസ്(60), നിക്കോളസ് പൂരന്‍(50) എന്നിവര്‍ അര്‍ദ്ധ ശതകവും കീറണ്‍ പൊള്ളാര്‍ഡ് 49 റണ്‍സും നേടി ശക്തമായ ചേസിംഗ് വിന്‍ഡീസിനായി കാഴ്ചവെച്ചുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഇന്ത്യ എ – വിന്‍ഡീസ് എ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍, ഷാഹ്ബാസ് നദീമിന് അഞ്ച് വിക്കറ്റ്

ഇന്ത്യ, വിന്‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 37/0 എന്ന് നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് മത്സരം അവസാനിക്കുമ്പോള്‍ 314/6 എന്ന നിലയിലായിരന്നു. 92 റണ്‍സ് നേടിയ ജെറമി സോളോസാനോ, 77 റണ്‍സ് നേടിയ ബ്രാണ്ടന്‍ കിംഗ്, 69 റണ്‍സുമായി സുനില്‍ ആംബ്രിസ് എന്നിവരാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്. 373 റണ്‍സ് വിജയിക്കുവാനായി നേടേണ്ടിയിരുന്ന വിന്‍ഡീസിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഷാഹ്ബാസ് നദീം ആണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

നദീം അഞ്ച് വിക്കറ്റാണ് നേടിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. മൂന്നാം മത്സരവും വിജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങളെയാണ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ തടയിട്ടത്.

നാണംകെട്ട് തോറ്റ് പുറത്തായി വിന്‍ഡീസ്, ഇന്ത്യയ്ക്ക് 125 റണ്‍സ് വിജയം

വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക വിജയം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 268/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 143 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ സുനില്‍ അംബ്രിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍ 28 റണ്‍സ് നേടി.

മുഹമ്മദ് ഷമിയാണ് വിന്‍ഡീസിന് ആദ്യ രണ്ട് പ്രഹരങ്ങള്‍ ഏല്പിച്ചത്. പിന്നീട് അംബ്രിസ്-പൂരന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഇരുവരെയും പുറത്താക്കി 71/2 എന്ന നിലയില്‍ നിന്ന് വിന്‍ഡീസിനെ 80/4 എന്ന നിലയിലേക്കാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിന്റെ ആധികാരിക വിജയം ഉറപ്പാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

റസ്സലിനി ലോകകപ്പിനില്ല, പകരക്കാരനെയും പ്രഖ്യാപിച്ച് വിന്‍ഡീസ്

പരിക്കേറ്റ് ആന്‍ഡ്രേ റസ്സല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. തന്റെ കാല്‍മുട്ടിന്റെ നിരന്തരമായ പ്രശ്നമാണ് താരത്തിന്റെ ടൂര്‍ണ്ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നത്. സുനില്‍ അംബ്രിസിനെയാണ് വിന്‍ഡീസ് 15 അംഗ സ്ക്വാഡില്‍ പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ താരത്തെ പരിക്ക് അലട്ടിയിരുന്നു. 4 മത്സരങ്ങളില്‍ മാത്രമാണ് റസ്സലിന് കളിക്കാനായത്.

പാക്കിസ്ഥാനെതിരെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ശേഷം പിന്നീട് റസ്സല്‍ നിറം മങ്ങിപ്പോകുകയായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റും 36 റണ്‍സുമാണ് റസ്സലിന്റെ ഇതുവരെയുള്ള ലോകകപ്പിലെ പ്രകടനം.

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റ് വിജയം നേടുകയായിരുന്നു.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം(135) പോള്‍ സ്റ്റിര്‍ലിംഗ്(77), കെവിന്‍ ഒബ്രൈന്‍(63) എന്നിവര്‍ തിളങ്ങിയപ്പോള്‍ 327 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു തുണയായത് സുനില്‍ ആംബ്രിസിന്റെ ശതകമാണ്. താരം 148 റണ്‍സ് നേടി പുറത്തായപ്പോള്‍ റോഷ്ടണ്‍ ചേസ്(46), ജോനാഥന്‍ കാര്‍ട്ടര്‍(43*), ജേസണ്‍ ഹോള്‍ഡര്‍(36), ഷായി ഹോപ്(30) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 40 ഓവറില്‍ സുനില്‍ ആംബ്രിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 252 റണ്‍സാണ് നേടിയിരുന്നത്.

പിന്നീട് ഹോള്‍ഡറും ജോനാഥന്‍ കാര്‍ട്ടറും ചേര്‍ന്ന് അതിവേഗത്തില്‍ നേടിയ 75 റണ്‍സാണ് ലക്ഷ്യത്തിനു തൊട്ടരികെ വിന്‍ഡീസിനെ എത്തിച്ചത്. വെറും 27 പന്തില്‍ നിന്നാണ് കാര്‍ട്ടര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നത്. ജേസണ്‍ ഹോള്‍ഡര്‍ 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്തായി. ബോയഡ് റാങ്കിന്‍ അയര്‍ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

തുടക്കത്തിലെ തകര്‍ച്ച വിനയായി, 64 റണ്‍സിനു തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ്

ബംഗ്ലാദേശിനെ 125 റണ്‍സിനു പുറത്താക്കിയെങ്കിലും ലക്ഷ്യമായ 204 റണ്‍സ് നേടുവാനിറങ്ങിയ വിന്‍ഡീസിനു വിനയായി ടോപ് ഓര്‍ഡര്‍ തകര്‍ച്ച. ലഞ്ചിനു പിരിയുമ്പോള്‍ 11/4 എന്ന നിലയിലേക്ക് വീണ ടീം പിന്നീട് കരകയറുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു. മധ്യനിരയില്‍ സുനില്‍ ആംബ്രിസും(43) വാലറ്റത്തില്‍ ജോമല്‍ വാരിക്കന്‍ നേടിയ 41 റണ്‍സാണ് ടീമിനെ 139 റണ്‍സിലേക്ക് എത്തിച്ചതും തോല്‍വിയുടെ ആഘാതം കുറച്ചതും. എന്നാല്‍ ജയിക്കാവുന്ന മത്സരം കൈവിട്ടതിനു ടീമിനെ സ്വയം പഴിക്കുകയെ നിവര്‍ത്തിയുള്ളു. 11 റണ്‍സ് എടുക്കുന്നതിനിടെ നാല് മുന്‍ നിര താരങ്ങള്‍ പുറത്തായാല്‍ ലക്ഷ്യം ചെറുതാണെങ്കിലും നേടുക ശ്രമകരമാകുമെന്നത് ഓര്‍ക്കാതെയാണ് പല വിന്‍ഡീസ് താരങ്ങളും ബാറ്റ് വീശിയത്. മൂന്നാം ദിവസം രണ്ടാം സെഷനില്‍ തന്നെ മത്സരം അവസാനിക്കുകയാണുണ്ടായത്.

സുനില്‍ ആംബ്രിസ് അവസാന വിക്കറ്റായി പുറത്തായപ്പോള്‍ ബംഗ്ലാദേശ് 64 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഒമ്പതാം വിക്കറ്റില്‍ വാരിക്കന്‍-ആംബ്രിസ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഒന്ന് അമ്പരന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ വിന്‍ഡീസ് ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.

41 റണ്‍സ് നേടിയ ജോമല്‍ വാരിക്കനെ മെഹ്ദി ഹസന്‍ പുറത്താക്കിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ വിക്കറ്റ് ഉള്‍പ്പെടെ 6 വിക്കറ്റ് നേടിയ തൈജുല്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ വിജയം ഒരുക്കിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 27 റണ്‍സ് നേടി പുറത്തായി. ഷാക്കിബും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് നേടി.

ബംഗ്ലാദേശ്: 324, 125
വിന്‍ഡീസ്: 246, 139

യാദവിനൊപ്പം ജഡേജയും, വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിനു തിരശ്ശീല

ഉമേഷ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 127 റണ്‍സിനു പുറത്തായി സന്ദര്‍ശകര്‍. 38 റണ്‍സ് നേടിയ സുനില്‍ അംബ്രിസും 19 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ചായയ്ക്ക് ശേഷം വിന്‍ഡീസ് ചെറുത്ത് നില്പിന്റെ പ്രതീകമായി മാറുമെന്ന് തോന്നിയ നിമിഷത്തിലാണ് രവീന്ദ്ര ജഡേജ ഇരുവരുടെയും അന്തകനായി അവതരിച്ചത്.

ഏറെ വൈകാതെ 46.1 ഓവറില്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിനു 127 റണ്‍സില്‍ തിരശീല വീഴുമ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് സ്വന്തമാക്കുവാനായി നേടേണ്ടത് 72 റണ്‍സ് മാത്രമാണ്. രണ്ടാം ഇന്നിംഗ്സിലെ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് ഉമേഷ് യാദവ് നേടിയത്. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ കുല്‍ദീപ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു.

Exit mobile version