രോഹിതും സൈനിയും രണ്ടാം ടെസ്റ്റിൽ ഇല്ല

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ബൗളർ നവ്ദീപ് സൈനിയും ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ല. ഡിസംബർ 22 മുതൽ ആരംഭിക്കുന്ന ടെസ്റ്റിൽ കെ എൽ രാഹുൽ തന്നെ ടീമിനെ നയിക്കും.

രോഹിതിന്റെ തള്ളവിരലിനേറ്റ പരിക്ക് ഇനിയും ഭേദമായിട്ടില്ല. വയറിലെ പേശിവലിവ് മൂലം ഫാസ്റ്റ് ബൗളർ നവദീപ് സൈനിയും രണ്ടാം ടെസ്റ്റിൽ ഉണ്ടാകില്ല. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിന് എതിരെ വലിയ വിജയം നേടിയിരുന്നു.

പരിക്ക്, നവ്ദീപ് സൈനി ഇന്ത്യ എ ടീമിൽ ഉണ്ടാകില്ല, പകരം ആളെ പ്രഖ്യാപിച്ചു

ഇന്ത്യ എയുടെ ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ നിന്ന് നവ്ദീപ് സൈനി പുറത്തായി. നോർത്ത് സോണും സൗത്ത് സോണും തമ്മിലുള്ള ദുലീപ് ട്രോഫി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിനത്തിൽ നവദീപ് സൈനിക്ക് പരിക്കേറ്റു എന്നു ബി സി സി ഐ അറിയിച്ചു.

ഇപ്പോൾ നടക്കുന്ന ടൂർണമെന്റിൽ നിന്നും ഇന്ത്യ എയും ന്യൂസിലൻഡ് എയും തമ്മിലുള്ള വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്നും അദ്ദേഹം പുറത്തായി എന്നും ബി സി സി ഐ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചികിത്സയ്ക്ക് ആയി സൈനി എൻസിഎയിലേക്ക് പോകും. സെയ്‌നിക്ക് പകരക്കാരനായി ഋഷി ധവാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി.

കെന്റിനായി കൗണ്ടി അരങ്ങേറ്റം, 5 വിക്കറ്റ് നേടി നവ്ദീപ് സൈനി

കെന്റിനായി തന്റെ കൗണ്ടി അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി നവ്ദീപ് സൈനി. 18 ഓവറിൽ വെറും 72 റൺസ് വിട്ട് നൽകിയാണ് ഇന്ത്യന്‍ താരം ഈ അഞ്ച് വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളായ വാര്‍വിക്ക്ഷയറിനെ കെന്റ് 225 റൺസിൽ എറിഞ്ഞിടുകയായിരുന്നു.

നേരത്തെ കെന്റ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ വെറും 165 റൺസിന് ഓള്‍ഔട്ട് ആയിരുന്നു. പക്ഷേ സൈനിയുടെ പ്രകടനം കെന്റിന് 60 റൺസ് ലീഡ് മാത്രം വഴങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കെന്റ് 198/4 എന്ന നിലയിലാണ്. 138 റൺസിന്റെ ലീഡാണ് കെന്റിന്റെ കൈവശമുള്ളത്.

ലെസ്റ്റര്‍ഷയറിനെതിരെ തകര്‍പ്പന്‍ സ്കോറിലേക്ക് ഇന്ത്യ, ശ്രേയസ്സ് അയ്യര്‍ക്കും കോഹ്‍ലിയ്ക്കും ജഡേജയ്ക്കും അര്‍ദ്ധ ശതകം

ലെസ്റ്റര്‍ഷയറിനെതിരെയുള്ള സന്നാഹ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 364/7 എന്ന നിലയിൽ. മത്സരത്തിൽ ഇന്ത്യയ്ക്ക് 366 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

ശ്രേയസ്സ് അയ്യര്‍(62), രവീന്ദ്ര ജഡേജ(56*), വിരാട് കോഹ്‍ലി(67) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യയുടെ മികച്ച സ്കോര്‍. ശ്രീകര്‍ ഭരത് 43 റൺസ് നേടി.

ലെസ്റ്ററിന് വേണ്ടി കളിച്ച ഇന്ത്യയ്കാരായ നവ്ദീപ് സൈനി മൂന്നും കമലേഷ് നാഗര്‍കോടി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തനിക്ക് ശ്രീശാന്ത് ആവേണ്ട, ബ്രെറ്റ് ലീ ആയാല്‍ മതി – നവ്ദീപ് സൈനിയുടെ പഴയ കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജൂണ്‍ 2013ല്‍ നവ്ദീപ് സൈനി നടത്തിയ കമന്റ് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫേസ്ബുക്കില്‍ താന്‍ ട്രോഫിയുമായി നില്‍ക്കുന്ന ഒരു ഫോട്ടോ ഇട്ടതില്‍ വന്ന കമന്റില്‍ ഒരു ആരാധകന്‍ സൈനിയെ ജൂനിയര്‍ ശ്രീശാന്ത് എന്ന് വിളിച്ചതിന് മറുപടിയായാണ് സൈനി ഇത്തരത്തില്‍ കമന്റ് ചെയ്തത്.

തനിക്ക് ശ്രീശാന്ത ആവേണ്ടെന്നും ബെറ്റ്‍ ലീയെ പോലെയാകണമെന്നാണ് തന്റെ ആഗ്രഹം എന്നും സൈനി മറുപടി കൊടുത്തു. ഈ പോസ്റ്റിന് ഏതാനും ആഴ്ച മുമ്പെയാണ് സ്പോട്ട് ഫിക്സിംഗ് വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തും മറ്റു രണ്ട് താരങ്ങളും അറസ്റ്റിലാവുന്നത്.

ഓസ്ട്രേലിയയുടെ ലീഡ് മുന്നൂറിനടുത്തേക്ക്, ലാബൂഷാനെയ്ക്കും സ്മിത്തിനും അര്‍ദ്ധ ശതകം

സിഡ്നി ടെസ്റ്റില്‍ നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 182/4 എന്ന നിലയില്‍. മത്സരത്തില്‍ 276 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്ക് കൈവശമുള്ളത്. മത്സരത്തില്‍ അഞ്ച് സെഷനുകള്‍ അവശേഷിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. മാര്‍നസ് ലാബൂഷാനെ, മാത്യു വെയിഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് ഇന്ന് നഷ്ടമായത്.

73 റണ്‍സ് നേടിയ ലാബൂഷാനെയുടെയും 4 റണ്‍സ് നേടിയ മാത്യു വെയിഡിന്റെയും വിക്കറ്റുകള്‍ നവ്ദീപ് സൈനി ആണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി 58 റണ്‍സുമായി സ്മിത്തും 20  റണ്‍സ് നേടി കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുള്ളത്.

അരങ്ങേറ്റക്കാരനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍, വില്‍ പുകോവസ്കിയുടെ വിക്കറ്റ് നേടി നവ്ദീപ് സൈനി

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ വിക്കറ്റ് കരസ്ഥമാക്കി നവ്ദീപ് സൈനി. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ താരം വില്‍ പുകോവസ്കിയെ പുറത്താക്കിയാണ് തന്റെ കന്നി വിക്കറ്റ് നേടിയത്. 110 പന്തില്‍ 62 റണ്‍സ് നേടിയ പുകോവസ്കിയെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും തമ്മിലുള്ള 100 റണ്‍സ് കൂട്ടുകെട്ടാണ് സൈനി തകര്‍ത്തത്.

നടരാജനില്ല, നവ്ദീപ് സൈനിയ്ക്ക് അരങ്ങേറ്റം

സിഡ്നിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളതെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും. മയാംഗ് അഗര്‍വാളിന് പകരം ഇന്ത്യ രോഹിത് ശര്‍മ്മയെ ഓപ്പണറായി പരിഗണിക്കുമെന്നും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കി.

പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചിട്ടുണ്ട്. അഡിലെയ്ഡിലെ ബാറ്റിംഗ് പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര സമനിലയിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഇലവന്‍: അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി

രോഹിത്തിനെയും സംഘത്തിനെയും കരുതല്‍ ഐസൊലേഷനിലേക്ക് മാറ്റി

മെല്‍ബേണില്‍ ന്യൂ ഇയറിന്റെ അന്ന് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരോട് കരുതലെന്ന രീതിയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഈ സംഭവത്തെ അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

ഇന്ത്യന്‍ ഓസ്ട്രേലിയന്‍ മെഡിക്കല്‍ ടീമുകളുടെ നിര്‍ദ്ദേശപ്രകാരമാണ് താരങ്ങളോട് കരുതലെന്ന നിലയില്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടത്. പരിശീലനത്തിനായി ഇന്ത്യന്‍ ഓസ്ട്രേലിയന്‍ ടീമുകള്‍ യാത്രയാകുമ്പോളും ഈ താരങ്ങള്‍ വേറെ സംഘമായി തുടരേണ്ടതുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കുറിപ്പില്‍ അറിയിച്ചു.

അടുത്തിടെ ബിഗ് ബാഷില്‍ ക്രിസ് ലിന്‍, ഡാന്‍ ലോറന്‍സ് എന്നിവരും സമാനമായ ലംഘനം നടത്തിയപ്പോള്‍ ഇതേ നടപടിയാണ് ഓസ്ട്രേലിയ സ്വീകരിച്ചത്.

ഒരു ആരാധകന്‍ ഇവര്‍ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ ആരാധകന്‍ ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചുവെന്നും ട്വീറ്റ് ചെയ്തുവെങ്കിലും പിന്നീട് അത് തിരുത്തുകയായിരുന്നു.

താരങ്ങള്‍ക്ക് പൊതു വേദികളില്‍ പോകുവാന്‍ അനുവാദമുണ്ടെങ്കിലും ഭക്ഷണശാലകളില്‍ ഓപ്പണ്‍-എയര്‍ സ്പേസില്‍ ഇരുന്നേ ഭക്ഷണം കഴിക്കാവൂ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കോവിഡ് പ്രൊട്ടോക്കോള്‍.

ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ ഓസ്ട്രേലിയ എ 108 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മത്സരത്തില്‍ 86 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടി.

32 റണ്‍സ് നേടിയ അലെക്സ് കാറെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാര്‍ക്കസ് ഹാരിസ് 26 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ആദ്യ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജോ ബേണ്‍സ് പൂജ്യത്തിന് പുറത്തായി. ഇന്ത്യയ്ക്കായി ഷമിയും സൈനിയും മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും ലഭിച്ചു. അവസാന വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

സൈനിയുടെ ബാക്കപ്പായി നടരാജന്‍ ഏകദിന സ്ക്വാഡില്‍

ഇന്ത്യയുടെ ഏകദിന ടീമില്‍ നവ്ദീപ് സൈനിയ്ക്ക് ബാക്കപ്പ് എന്ന നിലയില്‍ ടി നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തി ബിസിസിഐ. സൈനി തന്റെ പുറംവേദനയെക്കുറിച്ച് ടീം മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. എന്നാല്‍ ആദ്യ മത്സരത്തില്‍ അന്തിമ ഇലവനില്‍ സൈനി കളിക്കുന്നുണ്ട്.

എന്തെങ്കിലും പ്രശ്നം സംഭവിക്കുകയാണെങ്കില്‍ പകരം താരമെന്ന നിലയിലാണ് നടരാജനെ ഉള്‍പ്പെടുത്തയിരിക്കുന്നത്. നേരത്തെ ടൂറിനുള്ള നെറ്റ്സ് ബൗളര്‍മാരില്‍ ഒരാളായാണ് നടരാജനെ ഉള്‍പ്പെടുത്തിയതെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുട പരിക്ക് താരത്തിന് ടി20 സ്ക്വാഡില്‍ അവസരം നല്‍കുകയായിരുന്നു.

കമലേഷ് നാഗര്‍കോടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറെല്‍ എന്നിവരാണ് മറ്റു നെറ്റ്സ് ബൗളര്‍മാര്‍.

ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി മറിയുകയായിരുന്നു. ബൈര്‍സ്റ്റോയെയും വിജയ് ശങ്കറെയും പുറത്താക്കിയ ചഹാലിന്റെ ഓവറിന് ശേഷം ഹൈദ്രാബാദ് നിര തകരുകയായിരുന്നു.

അവസാന ഓവറില്‍ 18 റണ്‍സ് ജയിക്കാന്‍ നേടേണ്ടിയിരുന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 10 റണ്‍സിന്റെ വിജയം നേടി.

ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഡേവിഡ് വാര്‍ണറെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പിന്നീട് കണ്ടത് ജോണി ബൈര്‍സ്റ്റോ – മനീഷ് പാണ്ടേ കൂട്ടുകെട്ട് ബാംഗ്ലൂര്‍ ബൗളര്‍മാരെ ആക്രമിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെയാണ് ഇരുവരും കൂടുതലായി തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്.

തുടക്കത്തില്‍ മനീഷാണ് ആക്രമിച്ച് കളിച്ചതെങ്കിലും അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ തന്റെ ഉഗ്രരൂപം പുറത്തെടുത്ത് ആക്രമോത്സുക ബാറ്റിംഗ് പുറത്തെടുത്തു. പത്തോവറില്‍ സണ്‍റൈസേഴ്സിന് 78 റണ്‍സാണ് നേടാനായത്. ഇത് ബാംഗ്ലൂരിന്റെ പത്തോവര്‍ സ്കോറിനെക്കാള്‍ 8 റണ്‍സ് മാത്രമായിരുന്നു കുറവ്.

ഇതിനിടെ ബൈര്‍സ്റ്റോ 40ല്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ ക്യാച്ച് ആരോണ്‍ ഫിഞ്ച് കൈവിട്ടു. പത്താം ഓവറിന് ശേഷം സണ്‍റൈസേഴ്സിന്റെ കുതിപ്പിന് തടയിടുവാന്‍ ചഹാലിനും നവ്ദീപ് സൈനിയ്ക്കും സാധിക്കുകയും ചഹാല്‍ മനീഷ് പാണ്ടേയെ പുറത്താക്കുകയും ചെയ്തപ്പോള്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും സാധ്യതയുയര്‍ന്നു. 33 പന്തില്‍ നിന്ന് 34 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

പത്താം ഓവറിന് ശേഷമുള്ള മൂന്ന് ഓവറില്‍ വെറും 16 റണ്‍സ് വിട്ട് നല്‍കിയ ആര്‍സിബി മനീഷ് പാണ്ടേയെ പുറത്താക്കി മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ശിവം ഡുബേ ഒരോവര്‍ എറിഞ്ഞ് വെറും മൂന്ന് റണ്‍സ് വിട്ട് മാത്രം നല്‍കി പ്രിയം ഗാര്‍ഗിനെ സമ്മര്‍ദ്ദത്തിലാക്കി.

അടുത്ത ഓവര്‍ എറിയാനെത്തിയ ഉമേഷ് യാദവ് ബൈര്‍സ്റ്റോയുടെ വിക്കറ്റ് നേടുവാന്‍ വീണ്ടും അവസരം സൃഷ്ടിച്ചുവെങ്കിലും ഡെയില്‍ സ്റ്റെയിന്‍ ശ്രമകരമായൊരു അവസരം കൈവിടുകയായിരുന്നു. അതിന് ശേഷം ജോണി ബൈര്‍സ്റ്റോ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 30 പന്തില്‍ 43 റണ്‍സായിരുന്നു. ചഹാലെറിഞ്ഞ ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ താരം പുറത്താക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 61 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറെ പുറത്താക്കി ചഹാല്‍ സണ്‍റൈസേഴ്സിനെ കൂടുതല്‍ കുഴപ്പത്തിലാക്കി.

നവ്ദീപ് സൈനി എറിഞ്ഞ അടുത്ത ഓവറില്‍ സണ്‍റൈസേഴ്സിന് ഭുവനേശ്വര്‍ കുമാറിനെയും റഷീദ് ഖാനെയും നഷ്ടമായി. ലക്ഷ്യത്തിന്10 റണ്‍സ് അകലെ സണ്‍റൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യൂസുവേന്ദ്ര ചഹാല്‍ മൂന്നും നവ്ദീപ് സൈനി, ശിവം ഡുബേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version