ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു ലയണ്‍സിനെ പുറത്താക്കിയ ശേഷം ഇന്ത്യ എ ടീമിനോട് ഫോളോ ഓണിനു ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ലയണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സാണ് നേടിയിട്ടള്ളത്. മാക്സ് ഹോള്‍ഡന്‍(5*), ബെന്‍ ഡക്കറ്റ്(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

282/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 110 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന 7 വിക്കറ്റും ഇന്ന് നഷ്ടമാകുകയായിരുന്നു. ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍(117), കെഎല്‍ രാഹുല്‍(81) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് നേടിയ ശേഷമാണ് ബാക്കി വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് പൊടുന്നനെ നഷ്ടമായത്. പ്രിയാംഗ് പഞ്ചല്‍ (50) ഒന്നാം ദിവസം പുറത്താകുമ്പോള്‍ ഇന്ത്യ നേടിയ 282 റണ്‍സില്‍ തന്നെ ഇന്ന് ടീമിനു നാലാം വിക്കറ്റും നഷ്ടമായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റാണ് 110 റണ്‍സിനു നഷ്ടമായത്. കെഎസ് ഭരത് 46 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി സാക്ക് ചാപ്പല്‍ നാലും ഡാനി ബ്രിഗ്സ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 48.4 ഓവറിലാണ് 144 റണ്‍സിനു ഓള്‍ഔട്ട് ആയത്. 248 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ എ കരസ്ഥമാക്കിയത്. നവദീപ് സൈനിയും ഷാഹ്ബാസ് നദീമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ആരോണ്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. 25 റണ്‍സ് നേടിയ ഒല്ലി പോപ് ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

Exit mobile version