മിക്കി ആര്‍തര്‍ക്ക് ഒരു ഡീമെറിറ്റ് പോയിന്റ്

അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയും വിസ്സമതം കാണിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ കോച്ച് മിക്ക് ആര്‍തറുടെ നിലപാടിനെതിരെ ഐസിസിയുടെ നടപടി. മിക്കിയ്ക്കെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ഔദ്യോഗിക താക്കീതുമാണ് ഐസിസി പ്രഖ്യാപിച്ചത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 6 വിക്കറ്റിന്റെ വിജയം പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ ഡീന്‍ എല്‍ഗാറിന്റെ ക്യാച്ച് അസ്ഹര്‍ അലി എടുത്തത് സംശയാസ്പദമായ രീതിയില്‍ ബാറ്റ്സ്മാനു അനുകൂലമായ വിധി ടിവി അമ്പയര്‍ വിധിച്ചതിനെതിരെയായിരുന്നു പാക്കിസ്ഥാന്‍ കോച്ചിന്റെ പ്രതികരണം.

സോഫ്റ്റ് സിഗ്നല്‍ ഔട്ട് ആയിരുന്നുവെങ്കിലും മൂന്നാം അമ്പയര്‍ ബാറ്റ്സ്മാനു അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന ടിവി അമ്പയറുടെ റൂമിലേക്ക് കയറിയ മിക്കി ആര്‍തര്‍ അമ്പയര്‍ ജോയല്‍ വില്‍സണ്‍ തീരുമാനത്തെ ചോദ്യം ചെയ്യുകയായിരുന്നു. മാച്ച് റഫറി ഡേവിഡ് ബൂണ്‍ നിര്‍ദ്ദേശിച്ച ശിക്ഷ നടപടികള്‍ മിക്കി ആര്‍തര്‍ അംഗീകരിക്കുകയായിരുന്നു.

മികച്ച തുടക്കത്തിനു ശേഷം ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കുവാന്‍ 149 റണ്‍സ്

സെഞ്ചൂറിയന്‍ ടെസ്റ്റ് വിജയിക്കുവാന്‍ ദക്ഷിണാഫ്രിക്ക നേടേണ്ടത് 149 റണ്‍സ്. 127/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ആതിഥേയരെ സഹായിച്ചത് റണ്‍സ് നേടിയ ടെംബ ബാവുമയും റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കുമാണ്. ഡെയില്‍ സ്റ്റെയിന്‍(23), കാഗിസോ റബാഡ(19) എന്നിവരും പ്രധാന സ്കോറര്‍മാരായി. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും ഷഹീന്‍ അഫ്രീദിയും 4 വീതം വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ മികച്ച തുടക്കം നേടിയ ശേഷമാണ് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. ഇമാം-ഉള്‍-ഹക്ക്(57)-ഷാന്‍ മസൂദ്(65) കൂട്ടുകെട്ട് പാക്കിസ്ഥാനെ 101/1 എന്ന നിലയിലേക്ക് നയിച്ച ശേഷമാണ് മത്സരത്തില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 101/1 എന്ന നിലയില്‍ നിന്ന് 190 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ഡുവാനെ ഒളിവിയര്‍ 5 വിക്കറ്റും കാഗിസോ റബാഡ മൂന്നും ഡെയില്‍ സ്റ്റെയിന്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യ ഇന്നിംഗ്സിലും ആറ് വിക്കറ്റ് നേടി ഡുവാനെ തന്നെയാണ് പാക്കിസ്ഥാനെ നടുവൊടിച്ചത്.

സയ്യിദ് അന്‍വറിനൊപ്പമെത്തി ഇമാം ഉള്‍ ഹക്ക്

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ അര്‍ദ്ധ ശതകം നേടിയ പാക് താരങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അവരുടെ കൂട്ടത്തിലേക്ക് ഇന്ന് പുതിയൊരാള്‍ കൂടിയെത്തി. ഇന്ന് സെഞ്ചൂറിയണില്‍ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരില്‍ ദക്ഷിണാഫ്രിക്കയില്‍ അര്‍ദ്ധ ശതകമോ അതിലധികമോ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് ഇമാം-ഉള്‍-ഹക്ക് സ്വന്തമാക്കിയത്.

1998ല്‍ സയ്യിദ് അനവറും 2003ല്‍ തൗഫീക്ക് ഉമറും 2007ല്‍ ഇമ്രാന്‍ ഫര്‍ഹത്തുമാണ് ഈ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരം. ഇതില്‍ അന്‍വറും ഉമറും രണ്ട് തവണ ടൂറില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു

അടിയ്ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയുടെയും പാതി സംഘം പവലിയനില്‍

സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റുകള്‍. 181 റണ്‍സിനു പാക്കിസ്ഥാനെ പുറത്താക്കിയ ശേഷം ദക്ഷിണാഫ്രിക്ക 127/5 എന്ന നിലയിലാണ്. 54 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ പാക്കിസ്ഥാന്റെ സ്കോറിനൊപ്പം എത്തുവാന്‍ ടീമിനു സാധിക്കുകയുള്ളു. ഡുവാനെ ഒളിവിയര്‍ ആറ് വിക്കറ്റ് നേടി പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് ആതിഥേയരെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഡുവാനെയ്ക്ക് പുറമേ കാഗിസോ റബാ‍ഡ 3 വിക്കറ്റും ഡെയില്‍ സ്റ്റെയിന്‍ ഒരു വിക്കറ്റും നേടി. 71 റണ്‍സ് നേടിയ ബാബര്‍ അസവും 36 റണ്‍സ് നേടിയ അസ്ഹര്‍ അലിയ്ക്കും ഒപ്പം ഹസന്‍ അലി പുറത്താകാതെ 21 റണ്‍സ് നേടിയാണ് പാക്കിസ്ഥാന്‍ സ്കോര്‍ 181 റണ്‍സിലേക്ക് എത്തിച്ചത്. 111/8 എന്ന നിലയില്‍ നിന്ന് ബാബര്‍ അസവും ഹസന്‍ അലിയും ചേര്‍ന്നാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ അവസരം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയും മത്സരം തുടങ്ങിയത്. ഡീന്‍ എല്‍ഗാര്‍(22), ത്യൂണിസ് ഡി ബ്രൂയിന്‍(29) എന്നിവര്‍ തുടക്കം ലഭിച്ച ശേഷം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ മടങ്ങുകയായിരുന്നു. ടെംബ ബാവുമ(38*) ഡെയില്‍ സ്റ്റെയിന്‍(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

43/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത് അഞ്ചാം വിക്കറ്റില്‍ ഡി ബ്രൂയിനും ടെംബ ബാവുമയും ചേര്‍ന്ന് നേടിയ 69 റണ്‍സാണ്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന്‍ പതറുന്നു

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനു നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു തുടക്കത്തിലെ തന്നെ ഓപ്പണര്‍ ഇമാം-ഉള്‍-ഹക്കിനെ നഷ്ടമായി. ഏറെ വൈകാതെ ഫകര്‍ സമനെ പുറത്താക്കി സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരവുമായി. അസ്ഹര്‍ അലി ഒരു വശത്ത് ചെറുത്ത് നില്പുമായി നില്‍ക്കുന്നതാണ് ആദ്യ സെഷനില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പാക്കിസ്ഥാനു 76 റണ്‍സ് നേടുവാന്‍ സഹായിച്ചത്.

അസ്ഹര്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഒപ്പം തുണയായിയുള്ളത് 6 റണ്‍സ് നേടിയ ബാബര്‍ അസം ആണ്. ദക്ഷിണാഫ്രിക്കയ്ക്കായി റബാഡയ്ക്കും സ്റ്റെയിനിനും പുറമെ ഡുവാന്നെ ഒളിവിയര്‍ രണ്ട് വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയെ യസീര്‍ ഷാ ബുദ്ധിമുട്ടുക്കുമെന്ന പ്രതീക്ഷയില്‍ സര്‍ഫ്രാസ് അഹമ്മദ്

തന്റെ ഫോമിന്റെ ഏറ്റവും ഉന്നതിയിലുള്ള യസീര്‍ ഷായ്ക്ക് ദക്ഷിണാഫ്രിക്കയെ വെള്ളം കുടിയ്പ്പിക്കാനാകുമന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലെ പിച്ച് പൊതുവേ പേസിനും ബൗണ്‍സിനും തുണയുള്ളതാണെങ്കില്‍ അടുത്തിടെ സ്പിന്‍ ബൗളര്‍മാര്‍ക്കും ഇത് മികച്ച പിന്തുണ നല്‍കുന്നുവെന്നാണ് പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ പ്രതികരണം.

ന്യൂസിലാണ്ടിനെതിരെയും പൊതുവേ ഈ സീസണില്‍ മികച്ച ഫോമിലുള്ള യസീര്‍ ഷായുടെ മികവില്‍ തങ്ങള്‍ക്ക് പ്രതീക്ഷിക്കുവാന്‍ വകയുണ്ടെന്നാണ് പാക്കിസ്ഥാന്‍ നായകന്റെ അഭിപ്രായം. സെഞ്ചൂറിയണില്‍ നാലാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുക ശ്രമകരമാണെന്നിരിക്കെ യസീറിനെപ്പോലുള്ള താരം ടീമിലുള്ളത് പാക്കിസ്ഥാനു ഗുണം ചെയ്യും.

മുഹമ്മദ് അബ്ബാസും ഷദബ് ഖാനും സെലക്ഷനു ലഭ്യമല്ലെങ്കിലും തന്റെ ടീമില്‍ മികവുള്ള ബൗളര്‍മാര്‍ വേറെയുമുണ്ടെന്നും ദക്ഷിണാഫഅരിക്കയെ പ്രതിരോധത്തിലാക്കുവാനുള്ള ബൗളിംഗ് കരുത്ത് തങ്ങള്‍ക്കുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

പാക്കിസ്ഥാനു തിരിച്ചടിയായി ആദ്യ ടെസ്റ്റില്‍ രണ്ട് സൂപ്പര്‍ താരങ്ങളില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുവാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയ്ക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. ന്യൂസിലാണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനു മുമ്പ് പരിക്കേറ്റ താരം ഇതുവരെ മാച്ച് ഫിറ്റ് ആകുവാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ഇത് അറിയിക്കുകയായിരുന്നു. ലെഗ് സ്പിന്നര്‍ ഷദബ് ഖാനും ടീമിനു വേണ്ടി ആദ്യ മത്സരത്തില്‍ കളിക്കില്ല. താരവും പരിക്കിനെത്തുടര്‍ന്നാണ് കളത്തിനു പുറത്തിരിക്കുന്നത്.

അതേ സമയം ഓപ്പണര്‍ ഫകര്‍ സമന്‍ പരിക്ക് ഭേദമായി തിരികെ ടീമിലെത്തുമെന്നാണ് അറിയുന്നത്. ഷദബ് ഖാനും മുഹമ്മദ് അബ്ബാസും രണ്ടാം ടെസ്റ്റില്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെറോണ്‍ ഫിലാന്‍ഡറിനു പകരം ഡെയിന്‍ പാറ്റേര്‍സണ്‍

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ വെറണ്‍ ഫിലാന്‍ഡറിനു പകരം ഡെയിന്‍ പാറ്റേര്‍സണിലെ ടീമിലുള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. മൂന്ന് ടെസ്റ്റില്‍ ആദ്യത്തെ മത്സരം ഡിസംബര്‍ 26നു ആരംഭിക്കുവാനിരിക്കെയാണ് ഈ തീരൂമാനം. 29 വയസ്സുകാരന്‍ ഡെയിന്‍ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. മൂന്ന് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും പാറ്റേര്‍സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

എന്നാല്‍ താരത്തിനു ആദ്യ ടെസ്റ്റില്‍ അവസരം ലഭിയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. പരിക്കേറ്റ് ലുംഗിസാനി ഗിഡിയ്ക്ക് പകരം ടീമിലെത്തിയ ഡുവാനേ ഒളിവിയര്‍ ആണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്ന താരം.

തള്ള വിരലൊടിഞ്ഞു, ദക്ഷിണാഫ്രിക്കന്‍ താരം ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിയ്ക്കില്ല

പാക്കിസ്ഥാനെതിരെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ വെറോണ്‍ ഫിലാന്‍ഡര്‍ കളിയ്ക്കില്ല. താരത്തിന്റെ കൈവിരലിനേറ്റ പരിക്കാണ് കാരണം. പാക്കിസ്ഥാനെതിരെ ഡിസംബര്‍ 26നു ആരംഭിയ്ക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം കളിയ്ക്കില്ല എന്ന് ഉറപ്പായിരിക്കുന്നത്. ലുംഗിസാനി ഗിഡിയും പരിക്കിന്റെ പിടിയിലായതിനാല്‍ വെറ്ററന്‍ താരം ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കുമാകും അധിക ചുമതല.

തങ്ങളുടെ രണ്ട് പ്രധാന പേസ് ബൗളര്‍മാരില്ലാതെയാവും ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെതിരെ മത്സരിക്കുവാനെത്തുന്നത്. സെഞ്ചൂറിയണില്‍ നടക്കുന്ന ടെസ്റ്റില്‍ ഇപ്പോള്‍ വെറോണ്‍ ഫിലാന്‍ഡറും ഇല്ലാതാകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടി പ്രഹരം ആയിട്ടുണ്ട്.

അടുത്ത ഏഷ്യ കപ്പ് നടത്തിപ്പവകാശം പാക്കിസ്ഥാന്‍ ബോര്‍ഡിനു

2020 ഏഷ്യ കപ്പിന്റെ ആതിഥേയത്വം പിസിബി വഹിക്കും. എന്നാല്‍ പാക്കിസ്ഥാനിലായിരിക്കുമോ അതോ യുഎഇയിലാവുമോ മത്സരങ്ങള്‍ നടക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലോക ടി20യ്ക്ക് ഒരു മാസം മുമ്പ് സെപ്റ്റംബറിലാവും ഈ ടൂര്‍ണ്ണമെന്റ് നടക്കുുന്നത്. അടുത്ത ഏഷ്യ കപ്പ് പതിപ്പ് ടി20യായിരിക്കുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.

ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ബന്ധവും രാജ്യത്തിലെ സുരക്ഷയുടെ വിലയിരുത്തലിനെയും ആശ്രയിച്ചായിരിക്കും പാക്കിസ്ഥാനാവുമോ അതോ യുഎഇയോ മലേഷ്യയോ പോലുള്ള സ്ഥലങ്ങള്‍ വേദിയായി തീരമാനിക്കുമോ എന്നതിലുള്ള തീരുമാനം വരിക. കഴിഞ്ഞ ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ആതിഥേയരെങ്കിലും പാക്കിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനു വേണ്ടി ടൂര്‍ണ്ണമെന്റ് യുഎഇയിലാണ് നടത്തിയിരുന്നത്.

പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിനു, ഇന്ത്യ എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് ഫൈനലില്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഏഷ്യന്‍ ശക്തികളും ബദ്ധ വൈരികളുമായ പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യ 172 റണ്‍സിനു 44.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 67 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും(62) മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി മയാംഗ് മാര്‍ക്കണ്ടേ നാല് വിക്കറ്റ് നേടിയപ്പോള്‍ ജയന്ത് യാദവും അങ്കിത് രാജ്പുതും നാല് വീതം വിക്കറ്റ് നേടി.

3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 27.3 ഓവറില്‍ നിന്നാണ് ടീമിന്റെ ഏഴ് വിക്കറ്റ് വിജയം. പുറത്താകാതെ നിന്ന നിതീഷ് റാണയും ഹിമ്മത് സിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ പത്തോവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും 126 റണ്‍സ് കൂട്ടുകെട്ടുമായി റാണ-സിംഗ് എന്നിവര്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യത ഉറപ്പാക്കി. നിതീഷ് റാണ 60 റണ്‍സും ഹിമ്മത് സിംഗ് 59 റണ്‍സുമാണ് നേടിയത്.

ക്വാര്‍ട്ടര്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്ത്, ബെല്‍ജിയത്തിനോട് നാണംകെട്ട തോല്‍വി

ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്തായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ബെല്‍ജിയം ആണ് പാക്കിസ്ഥാന്റെ പുറത്താകല്‍ സാധ്യമാക്കിയത്. ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു ബെല്‍ജിയം. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി ബെല്‍ജിയം ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് പത്താം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്കോറിംഗ് തോമസ് ബ്രൈല്‍സ്, സെഡ്രിക് ാര്‍ലിയര്‍, സെബാസ്റ്റ്യന്‍ ഡോക്കിയര്‍, ടോം ബൂണ്‍ എന്നിവര്‍ തുടര്‍ന്ന് ബെല്‍ജിയത്തിനു വലിയ വിജയം സമ്മാനിക്കുകയായിരുന്നു.

Exit mobile version