ഡി കോക്കിനു ശതകം, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 381 റണ്‍സിന്റെ ശ്രമകരമായ വിജയ ലക്ഷ്യമാണ് പാക്കിസ്ഥാനു മുന്നില്‍ ആതിഥേയര്‍ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക് നേടിയ ശതകത്തിന്റെ ബലത്തില്‍ 135/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 303 റണ്‍സ് വരെ എത്തിയ്ക്കുകയായിരുന്നു. ഡി കോക്ക് 138 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയപ്പോള്‍ 380 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഷദബ് ഖാനും ഫഹീം അഷ്റഫും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് അമീര്‍ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട തുടക്കമാണ് പാക്കിസ്ഥാനു ലഭിച്ചത്. എന്നാല്‍ പതിവു പോലെ ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാനാകാതെ പോയത് ടീമിനു തിരിച്ചടിയാകുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹക്കിനെയും(35) ഷാന്‍ മക്സൂദിനെയും(37) ഡെയില്‍ സ്റ്റെയിന്‍ പുറത്താക്കിയപ്പോള്‍ അസ്ഹര്‍ അലിയെ(15) ഡുവാനെ ഒളിവിയര്‍ മടക്കി.

49 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാനെ 153/3 എന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. വിജയത്തിനായി ഏഴ് വിക്കറ്റുകള്‍ കൈവശം ഇരിക്കെ 228 റണ്‍സ് കൂടി പാക്കിസ്ഥാന്‍ നേടേണ്ടതുണ്ട്. ശ്രമകരമായ ദൗത്യമാണെങ്കിലും അസാദ് ഷഫീക്ക്-ബാബര്‍ അസം കൂട്ടുകെട്ട് ക്രീസില്‍ നില്‍ക്കുന്നിടത്തോളം കാലം പാക്കിസ്ഥാന്‍ ക്യാമ്പില്‍ പ്രതീക്ഷയുണ്ടാകും. ഷഫീക്ക് 4 റണ്‍സും ബാബര്‍ അസം 17 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്.

ടീമിനു ഇനിയും സാധ്യതയുണ്ട്, മൂന്ന് മോശം ഷോട്ടുകള്‍ തിരിച്ചടിയായി

ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും ബൗളര്‍മാരുടെ കരുത്തില്‍ മത്സരത്തില്‍ തിരിച്ചെത്തിയ പാക്കിസ്ഥാനു ഇനിയും വിജയ സാധ്യതയുണ്ടെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. 212 റണ്‍സിന്റെ ലീഡ് കൈവശമുള്ള ദക്ഷിണാഫ്രിക്കയുടെ കൈയ്യില്‍ 5 വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ അവശേഷിക്കുന്നത്. 135/5 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയെ മൂന്നാം ദിവസം കുറഞ്ഞ സ്കോറിനു പുറത്താക്കി വിജയ പ്രതീക്ഷ പുലര്‍ത്താമെന്നാണ് പാക്കിസ്ഥാന്‍ നായകന്‍ കരുതുന്നത്. എന്നാല്‍ പരമ്പരയില്‍ ഉടനീളം ബൗളര്‍മാര്‍ ടീമിനെ താങ്ങി നിര്‍ത്തുമ്പോളും പാക് ബാറ്റിംഗ് ടീമിനെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

ജോഹാന്നസ്ബര്‍ഗിലും പാക്കിസ്ഥാന്‍ 200 കടക്കാനാകാതെ ഓള്‍ഔട്ട് ആകുകയായിരുന്നു. പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ ഒന്നില്‍ മാത്രമാണ് പാക്കിസ്ഥാനു 200 കടക്കാനായിട്ടുള്ളത്. 38 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ സര്‍ഫ്രാസ് രണ്ട് പന്തുകള്‍ക്ക് ശേഷം പുറത്തായതും ബാബര്‍ അസം പുറത്തായതും ടീമിനു തിരിച്ചടിയായി മാറുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ 262 റണ്‍സ് നേടാമായിരുന്നുവെന്നും തനിക്ക് 50 റണ്‍സിലധികം നേടാനാകാതെ പോയതും ടീമിനു തിരിച്ചടിയായെന്ന് സര്‍ഫ്രാസ് പറഞ്ഞു. താനും ബാബറും ഉള്‍പ്പെടെയുള്ളവര്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. ഫഹീം അഷ്റഫും സമാനമായ ഷോട്ടിലൂടെയാണ് പുറത്തായത്. ഈ തെറ്റുകള്‍ അവര്‍ത്തിക്കാതിരുന്നിരുന്നേല്‍ ടീം ഇതിലും മികച്ച സ്ഥിതിയിലാകുമായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, പ്രതീക്ഷ ബാബര്‍ അസമില്‍ മാത്രം

17/2 എന്ന നിലയില്‍ ജോഹാന്നസ്ബര്‍ഗിലെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം. ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 111/5 എന്ന നിലയില്‍ എത്തി നില്‍ക്കുന്നത്. വെറോണ്‍ ഫിലാന്‍ഡര്‍ 43 റണ്‍സ് നേടിയ ഇമാമിനെ പുറത്താക്കിയപ്പോള്‍ വാലറ്റക്കാരന്‍ മുഹമ്മദ് അബ്ബാസിനെയും(11) റണ്ണെടുക്കാതെ അസാദ് ഷഫീക്കിനെയും ഡുവാനെ ഒളിവിയര്‍ പുറത്താക്കി

41 റണ്‍സുമായി ബാബര്‍ അസവും 8 റണ്‍സ് നേടി സര്‍ഫ്രാസ് അഹമ്മദുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 151 റണ്‍സ് പിന്നിലായാണ് പാക്കിസ്ഥാന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നത്.

അവസാന സെഷനില്‍ വീണത് 9 വിക്കറ്റ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് പാക്കിസ്ഥാന്‍, പാക്കിസ്ഥാന്റെയും തുടക്കം പാളി

ജോഹാന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ദിവസം വീണത് 12 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 262 റണ്‍സിനു പാക്കിസ്ഥാന്‍ എറിഞ്ഞിട്ട ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ടീമിനു 17 റണ്‍സ് നേടുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിനെ നഷ്ടമായെങ്കില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ നേടുമെന്ന പ്രതീതിയാണ് പിന്നീടുള്ള സെഷനുകള്‍ കണ്ടത്. എയ്ഡന്‍ മാര്‍ക്രവും ഹാഷിം അംലയും ടീമിനു വേണ്ടി രണ്ടാം വിക്കറ്റില്‍ 126 റണ്‍സ് നേടി മുന്നോട്ട് നയിക്കുകയായിരുന്നു.

90 റണ്‍സ് നേടിയ മാര്‍ക്രം ആണ് ആദ്യം പുറത്താകുന്നത്. 41 റണ്‍സ് നേടിയ അംല പുറത്തായ ശേഷം ത്യൂനിസ് ഡി ബ്രൂയിന്‍(49) സുബൈര്‍ ഹംസ(41) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 229/3 എന്ന നിലയില്‍ എത്തിച്ച ശേഷമാണ് പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് അവസാന സെഷനില്‍ നടത്തിയത്. 33 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴ് വിക്കറ്റുകളാണ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

ഫഹീം അഷ്റഫ് 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീര്‍, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വെറോണ്‍ ഫിലാന്‍ഡറിന്റെ ബൗളിംഗിനു മുന്നിലാണ് പാക്കിസ്ഥാന്റെ തുടക്കം പാളിയത്.

ലോകത്തെവിടെയും ജയിക്കുവാനാകുന്ന ടീം സൃഷ്ടിക്കുക ലക്ഷ്യം, ദക്ഷിണാഫ്രിക്കയില്‍ പരമ്പര കൈവിട്ട ശേഷം പാക് കോച്ചിന്റെ വാക്കുകള്‍ ഇങ്ങനെ

ന്യൂസിലാണ്ടിനെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ശേഷം ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയ പാക്കിസ്ഥാന്റെ മുഖ്യ കോച്ച് മിക്കി ആര്‍തര്‍ പറയുന്നത് ലോകത്തെവിടെയും കളിച്ച് ജയിക്കുവാന്‍ കഴിയുന്ന ടീമിനെ വാര്‍ത്തെടുക്കലാണ് തന്റെ ലക്ഷ്യമെന്നാണ്. കഴിഞ്ഞ പത്ത് ടെസ്റ്റില്‍ അഞ്ചെണ്ണവും തോറ്റാണ് പാക്കിസ്ഥാന്‍ നിലവില്‍ സ്ഥിതി ചെയ്യുന്നത്.

സെഞ്ചൂറിയണില്‍ ടെസ്റ്റ് വിജയിക്കുവാനുള്ള അവസരം സൃഷ്ടിച്ചു എന്നിട്ടാണ് മത്സരം ടീം കൈവിട്ടത്. അത് പോലെ എല്ലാ മത്സരങ്ങളിലും ടീമിനു പ്രകടനം പുറത്തെടുക്കുവാന്‍ പറ്റണം. മത്സരത്തില്‍ 250 റണ്‍സ് ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരുന്നുവെങ്കില്‍ ടീം വിജയിക്കുമായിരുന്നുവെന്നാണ് പാക് കോച്ച് പറയുന്നത്. ഒരു ഘട്ടത്തില്‍ 100/1 എന്ന നിലയിലായിരുന്നു ടീം അവിടെ നിന്നാണ് ടീം പരാജയപ്പെട്ടത്.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിയ്ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ിപ്പിനു വേണ്ടി ടീമിനെ ഒരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും മിക്കി പറഞ്ഞു. ലോകത്ത് എവിടെയും വിജയിക്കുവാനുള്ള ശേഷിയും കഴിവുമുള്ള താരങ്ങളെ ചേര്‍ത്തൊരു ടീം അതാണ് തന്റെ ലക്ഷ്യമെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു.

9.5 ഓവറില്‍ 9 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ലക്ഷ്യമായ 41 റണ്‍സ് വെറും 9.5 ഓവറില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാറിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരീക്ഷിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. ഹാഷിം അംല 2 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയെങ്കിലും ഡീന്‍ എല്‍ഗാര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി. ഫാഫ് ഡു പ്ലെസി 3 റണ്‍സുമായി പുറത്താകാതെ വിജയ സമയത്ത് ക്രീസില്‍ നിന്നു.

മുഹമ്മദ് അബ്ബാസിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് ലഭിച്ചത്.

വീണ്ടും തകര്‍ന്ന് പാക്കിസ്ഥാന്‍, കൈവശം നേരിയ ലീഡ് മാത്രം

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യ നിര പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിലയില്‍ നിന്ന് ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കും മുന്നില്‍ കീഴടങ്ങി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റ് ചെയ്യാനിറക്കാമെന്ന കാര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാനു ആശ്വസിക്കാവുന്നത്. ഒരു ഘട്ടത്തില്‍ 194/3 എന്ന നിലയില്‍ നിന്ന് 294 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ കൈവശം 40 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റ് വിജയിക്കുവാന്‍ വേണ്ടത് 41 റണ്‍സ് മാത്രം.

അസാദ് ഷഫീക്ക് 88 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ്(61), ബാബര്‍ അസം(72) എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങി. ഡെയില്‍ സ്റ്റെയിന്‍ കാഗിസോ റബാഡയും നാല് വീതം വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.

നാല് വീതം വിക്കറ്റുമായി അമീറും ഷഹീനും, 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

കേപ് ടൗണ്‍ ടെസ്റ്റില്‍ 431 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. 382/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച വിക്കറ്റുകള്‍ 49 റണ്‍സിനു വീഴുകയായിരുന്നു. മുഹമ്മദ് അമീര്‍ ആയിരുന്നു മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത്. അമീര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

ക്വിന്റണ്‍ ഡിക്കോക്കിന്റെ(59) വിക്കറ്റ് ആണ് മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. വെറോണ്‍ ഫിലാന്‍ഡറെയും(16), കാഗിസോ റബാഡയെയും(11) അമീര്‍ പുറത്താക്കിയപ്പോള്‍ ഡെയില്‍ സ്റ്റെയിനിനെ(13) ഷഹീന്‍ അഫ്രീദിയാണ് മടക്കിയയച്ചത്. 10 റണ്‍സുമായി ഡുവാനെ ഒളിവിയര്‍ പുറത്താകാതെ നിന്നു.

ഡു പ്ലെസിയ്ക്ക് ശതകം, ദക്ഷിണാഫ്രിക്ക് മികച്ച സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക് ആതിഥേയര്‍ നീങ്ങുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 205 റണ്‍സ് ലീഡ് നേടിയിരിക്കുന്നത്. ഇന്ന് വീണ് നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുന്നതിനു ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ 103 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത് ടീമിനു തിരിച്ചടിയായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 55 റണ്‍സുമയായി ക്വിന്റണ്‍ ഡിക്കോക്കും 6 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

ഒന്നാം ദിവസത്തെ സ്കോറായ 123/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പ്രഹരം നല്‍കുവാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നു. മുഹമ്മദ് അബ്ബാസ് 24 റണ്‍സ് നേടിയ ഹാഷിം അംലയെ പുറത്താക്കിയ ശേഷം ത്യൂനിസ് ഡി ബ്രൂയിനിനെ(13) ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു.

അതിനു ശേഷം ദക്ഷിണാഫ്രിക്ക ശക്തമായ പിടി മത്സരത്തില്‍ മുറുക്കുന്നതാണ് കണ്ടത്. 166 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം ഡു പ്ലെസി-ടെംബ ബാവുമ കൂട്ടുകെട്ടിനെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 75 റണ്‍സാണ് ബാവുമ നേടിയത്.

ആടിയുലഞ്ഞ് പാക്കിസ്ഥാന്‍ 177 റണ്‍സിനു ഓള്‍ഔട്ട്, ലീഡ് പിടിയ്ക്കാനായി ദക്ഷിണാഫ്രിക്ക

കേപ് ടൗണിലെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ലീഡിനു 54 റണ്‍സ് അകലെ നില്‍ക്കുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 177 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഇന്നിംഗ്സില്‍ 123/2 എന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രത്തിന്റെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 78 റണ്‍സ് നേടിയ മാര്‍ക്രവും 20 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറുമാണ് പുറത്തായ താരങ്ങള്‍.

ഡീന്‍ എല്‍ഗാര്‍ ആണ് പുറത്തായ ആദ്യ താരം 78 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം പുറത്തായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 24 റണ്‍സുമായി ഹാഷിം അംലയാണ് ക്രീസില്‍ നില്‍ക്കുന്നത്. പാക്കിസ്ഥാനായി ഷാന്‍ മക്സൂദ്, മുഹമ്മദ് അമീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഡുവാനെ ഒളിവിയര്‍, ഡെയില്‍ സ്റ്റെയിന്‍ എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ‍ഡെയില്‍ സ്റ്റെയിന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒളിവിയര്‍ 4 വിക്കറ്റ് നേടി. കാഗിസോ റബാഡയ്ക്ക് രണ്ടും വെറോണ്‍ ഫിലാന്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

പാക്കിസ്ഥാനു വേണ്ടി സര്‍ഫ്രാസ് അഹമ്മദ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ് 44 റണ്‍സ് നേടി മികവ് പുലര്‍ത്തി. അസാദ് ഷഫീക്ക്(20), മുഹമ്മദ് അമീര്‍(22) എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

പരിക്ക്, പാക് താരം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നു

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാന്‍ ഹാരിസ് സൊഹൈല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നു. ഇതേ പരിക്ക് മൂലം താരം പരമ്പരയിലെ ആദ്യ ടെസ്റ്റിലും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നതിനു മുമ്പ് തന്നെ താരത്തെ പരിക്ക് അലട്ടുന്നുണ്ടായിരുന്നുവെന്നും ഇവിടെ എത്തിയ ശേഷം കൂടുതല്‍ വഷളാവുകയായിരുന്നു സ്ഥിതിയെന്നും വേണം മനസ്സിലാക്കുവാന്‍.

ബോക്സിംഗ് ഡേ ടെസ്റ്റിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ഷാന്‍ മക്സൂദിനെ ടീമിലേക്ക് പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയത്. ഹാരിസ് സൊഹൈലിനു കളിക്കുവാനാകില്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഇത്. മക്സൂദ് തനിക്ക് ലഭിച്ച അവസരം 65 റണ്‍സ് നേടി ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സിലെ പരാജയം മാനസിക സമ്മര്‍ദ്ദം മൂലം

പാക്കിസ്ഥാന്‍ ടീമിന്റെ കൂടപ്പിറപ്പുകളായ ബാറ്റിംഗ് തകര്‍ച്ച, പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്സുകളിലേതിനു കാരണം ടീമംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദമാണെന്ന് തുറന്ന് പറ‍ഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തുടക്കത്തിനു ശേഷം 90 റണ്‍സിനു 9 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ പാക്കിസ്ഥാന്‍ താരങ്ങളോട് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞത് നിങ്ങള്‍ ഒരു മണിക്കൂറില്‍ കളി കളഞ്ഞുവെന്നാണ്.

ടീമംഗങ്ങളെ തങ്ങളുടെ മോശം ഷോട്ട് സെലക്ഷനു നിശിതമായി വിമര്‍ശിച്ച മിക്കി ആര്‍തറും സര്‍ഫ്രാസും ശരിവയ്ക്കുന്നത് ഇതിന്റെ ഉത്തരവാദിത്വം എല്ലാ താരങ്ങള്‍ക്കുമാണെന്നാണ്. തങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ഇന്നിംഗ്സുകള്‍ ഒരു കീറാമുട്ടിയായിട്ടുണ്ടെന്ന് പാക് നായകന്‍ തുറന്ന് സമ്മതിച്ചു.

തുടക്കങ്ങള്‍ ലഭിയ്ക്കുന്നുണ്ടെങ്കിലും ഒരു വിക്കറ്റ് വീണാല്‍ പിന്നെ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചയാണ് ടീമിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു. 2016ല്‍ ഹാമിള്‍ട്ടണില്‍ 159/1 എന്ന നിലയില്‍ നിന്ന് 230 റണ്‍സിനു ഓള്‍ഔട്ട് ആയത് മുതല്‍ ഇത് സ്ഥിരം സംഭവമാണ്. താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ഇതിനു പിന്നിലെ ഉത്തരവാദിത്വമുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.

Exit mobile version