പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലാണ്ട്സ്

പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനു 5-1ന്റെ ജയം. ഏഷ്യയിലെ മുന്‍ ശക്തികളായ പാക്കിസ്ഥാനെയാണ് ഡച്ച് പട തച്ച് തകര്‍ത്തത്. ആദ്യ പകുതിയില്‍ 2-1നായിരുന്നു നെതര്‍ലാണ്ട്സ് മുന്നില്‍. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ഓറഞ്ച് പട വിജയം കൊയ്തു.

മത്സരത്തിന്റെ 7ാം മിനുട്ടില്‍ തിയറി ബ്രിങ്ക്മാന്‍ നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ചുവെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ഉമര്‍ ഭുട്ട പാക്കിസ്ഥാനു വേണ്ടി ഗോള്‍ മടക്കി. 27ാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാണ്ട്സിനു ലീഡ് നേടിക്കൊടുത്തു. ബോബ ഡി വൂഗ്ഡ്, ജോറിത് ക്രൂണ്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ മറ്റു സ്കോറര്‍മാര്‍.

ഈ വിജയം കാലങ്ങളോളം ഓര്‍മ്മയിലുണ്ടാകും: കെയിന്‍ വില്യംസണ്‍

ന്യൂസിലാണ്ടിലെ പാക്കിസ്ഥാനിലെ പരമ്പര വിജയം ഏറെ പ്രാധാന്യമുള്ളതായിരുന്നു. 1969നു ശേഷം പാക്കിസ്ഥാനെതിരെ എവേ പരമ്പര വിജയം നേടകുയായിരുന്നു ന്യൂസിലാണ്ട്. അബുദാബിയില്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ശേഷമായിരുന്നു മൂന്നാം ടെസ്റ്റിലെ ന്യൂസിലാണ്ടിന്റെ 123 റണ്‍സ് ജയം.

ഈ വിജയത്തെ ഏറെ പ്രത്യേകതയുള്ളതും കാലങ്ങളോളം ഓര്‍മ്മയിലുണ്ടാകുന്നതായിരുക്കുമെന്നാണ് കെയിന്‍ വില്യംസണ്‍ പറഞ്ഞത്. പാക്കിസ്ഥാനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ വിജയിക്കുക എന്നത് ഏറെ പ്രത്യേകതയും പ്രാധാന്യമുള്ളതാണെന്നും വില്യംസണ്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയപ്പോള്‍ തന്നെ മത്സരത്തില്‍ സാധ്യതയുണ്ടെന്നാണ് കെയിന്‍ വില്യംസണ്‍ പറഞ്ഞത്.

നാലാം ദിവസം അവസാനിക്കുമ്പോള്‍ മത്സരം സമനിലയിലാകുമെന്നാണ് കരുതിയതെങ്കിലും നിര്‍ണ്ണായകമായത് ന്യൂസിലാണ്ടിന്റെ അഞ്ചാം ദിവസത്തെ പ്രകടനമായിരുന്നു. 9 ഓവറുകളില്‍ നിന്ന് 81 റണ്‍സ് നേടി ടീം ഡിക്ലറേഷന്‍ നടത്തിയപ്പോള്‍ ന്യൂസിലാണ്ട് വിജയ പ്രതീക്ഷ പുലര്‍ത്തി. ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ജയം അനായാസമാകുകയായിരുന്നു.

ഫകര്‍ സമനും മുഹമ്മദ് അമീറും തിരികെ എത്തുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മുഹമ്മദ് അമീര്‍, ഫകര്‍ സമന്‍ എന്നിവര്‍ ടീമിലേക്ക് തിരികെ എത്തുന്നു എന്നതാണ് പ്രധാനം. ബിലാല്‍ ആസിഫ്, മിര്‍ ഹംസ, സാദ് അലി എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. മോശം ഫോമില്‍ തുടരുകയായിരുന്ന മുഹമ്മദ് അമീറിനെ ഏഷ്യ കപ്പിനു ശേഷം പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മുഹമ്മദ് ഹഫീസ് വിരമിച്ചതിനെത്തുടര്‍ന്ന് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ ഷാന്‍ മക്സൂദിനെയും ഫകര്‍ സമനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമന്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും താരത്തിനു പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിനു പുറത്ത് പോകുകയായിരുന്നു. ഡിസംബര്‍ 26നു സെഞ്ചൂറിയണിലാണ് ആദ്യ ടെസ്റ്റ്. ജനുവരി 3നു കേപ് ടൗണിലും ജനുവരി 11നു ജോഹന്നസ്ബര്‍ഗിലുമാണ് മറ്റു മത്സരങ്ങള്‍.

പാക്കിസ്ഥാന്‍: ഇമാം-ഉള്‍-ഹക്ക്, ഫകര്‍ സമന്‍, ഷാന്‍ മക്സൂദ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് റിസ്വാന്‍, യസീര്‍ ഷാ, ഷദബ് ഖാന്‍, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി

ചരിത്ര വിജയം കുറിച്ച് ന്യൂസിലാണ്ട്, 1969നു ശേഷം പാക്കിസ്ഥാനെതിരെയുള്ള എവേ പരമ്പര ജയം

49 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ ഒരു എവേ പരമ്പര ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ ടെസ്റ്റില്‍ 4 റണ്‍സിന്റെ വിജയം പിടിച്ചെടുത്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് ഇന്നിംഗ്സ് തോല്‍വിയാണ് ന്യൂസിലാണ്ടിനെ കാത്തിരുന്നത്. രണ്ടാം ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് കെയിന്‍ വില്യംസണും ഹെന്‍റി നിക്കോളസും ടീമിനെ തിരികെ മത്സരത്തിലേക്ക് ബാറ്റ് വീശിയെത്തിച്ച ശേഷം 279 റണ്‍സ് ലീഡില്‍ നില്‍ക്കെ ന്യൂസിലാണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ന് ബാറ്റ് ചെയ്ത 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ന്യൂസിലാണ്ട് തങ്ങളുടെ തന്ത്രം വ്യക്തമാക്കിയിരുന്നു.

ടിം സൗത്തിയും അജാസ് പട്ടേലും വില്യം സോമര്‍വില്ലേയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ 156 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് 13 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 51 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. സര്‍ഫ്രാസ് അഹമ്മദ് 28 റണ്‍സും ഇമാം ഉള്‍ ഹക്ക് 22 റണ്‍സും നേടി.

ന്യൂസിലാണ്ടിനു ജയം അരികെ, പാക്കിസ്ഥാനു അഞ്ച് വിക്കറ്റ് നഷ്ടം

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ 280 റണ്‍സ് വിജയത്തിനായി ചേസ് ചെയ്യുന്ന പാക്കിസ്ഥാനു കൂട്ട തകര്‍ച്ച. അഞ്ചാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 55/5 എന്ന നിലയിലാണ്. ജയത്തിനായി 225 റണ്‍സ് കൂടി നേടേണ്ടിയിരിക്കുന്ന പാക്കിസ്ഥാന്‍ അതിജീവിക്കേണ്ടത് രണ്ട് സെഷനുകളാണ്. ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ അത് അസാധ്യം തന്നെയാണ്.

വില്യം സോമര്‍വില്ലേ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി, കോളിന്‍ ഡി ഗ്രാന്‍ഡോം, അജാസ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 22 റണ്‍സ് നേടി പുറത്തായ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹക്ക് ആണ് ഇതുവരെയുള്ള ടോപ് സ്കോറര്‍.

അഞ്ചാം ദിവസം വെടിക്കെട്ടുമായി ന്യൂസിലാണ്ട്, 9 ഓവറുകള്‍ക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു

അഞ്ചാം ദിവസം പുതിയ ബാറ്റിംഗ് തന്ത്രവുമായി ന്യൂസിലാണ്ട്. 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ടീം പാക്കിസ്ഥാനു 280 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് 79 ഓവറില്‍ നിന്ന് നല്‍കിയത്. തങ്ങളുടെ ഇന്നിംഗ്സ് അധികം ദീര്‍ഘിപ്പിക്കാതെ ആക്രമിച്ച് കളിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലാണ്ട് അഞ്ചാം ദിവസം ഗ്രൗണ്ടിലിറങ്ങിയത്.

കെയിന്‍ വില്യംസണെ(139) നഷ്ടമായ ശേഷം ഹെന്‍റി നിക്കോളസും(129*), കോളിന്‍ ഡി ഗ്രാന്‍ഡോം(26), ടിം സൗത്തി(15*) എന്നിവര്‍ ചേര്‍ന്ന് ടീം സ്കോര്‍ 353/7 എന്നെത്തിച്ചപ്പോളാണ് ന്യൂസിലാണ്ടിന്റെ ഡിക്ലറേഷന്‍ വന്നത്. ഇന്ന് വീണ മൂന്ന് വിക്കറ്റുകളില്‍ യസീര്‍ ഷാ രണ്ടും ഹസന്‍ അലി ഒരു വിക്കറ്റും നേടി. ഷാ ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം 4 ആയി.

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 13 അംഗ ടീമിലേക്ക് പരിക്കേറ്റ ലുംഗിസാനി ഗിഡിയ്ക്ക് പകരം ഡുവാനെ ഒളിവിയര്‍ ടീമിലെത്തി. 2017 ഒക്ടോബറില്‍ അവസാന ടെസ്റ്റ് കളിച്ച ഒളിവിയര്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഡിസംബര്‍ 26നു സെഞ്ചൂറിയണിലാണ് ടെസ്റ്റ് പരമ്പരയുടെ ആരംഭം. അടുത്ത മത്സരങ്ങള്‍ 2019 ജനുവരിയുടെ ആദ്യ പകുതിയില്‍ കേപ് ടൗണിലും ജോഹാന്നസ്ബര്‍ഗിലുമായി നടക്കും.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ത്യൂണിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡിക്കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡുവാനെ ഒളിവിയര്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍

പിസിബിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി വസീം ഖാനെ നിയമിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു പുതിയ മാനേജിംഗ് ഡയറക്ടര്‍. വസീം ഖാനെയാണ് പുതിയ റോളിലേക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് എത്തിച്ചത്. ലെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ വസീം ഫെബ്രുവരി 2019 മുതല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതലയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. വാര്‍വിക്ഷയര്‍, സസ്സെക്സ്, ഡെര്‍ബിഷയര്‍ എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് വസീം ഖാന്‍.

പിസിബിയുടെ വിജ്ഞാപനത്തിനു അപേക്ഷിച്ച 350ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളായിരുന്നു പാക്കിസ്ഥാന്‍. ഇവരില്‍ നിന്ന് 9 പേരെയും പിന്നീട് മൂന്ന് പേരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷമാണ് പാക്കിസ്ഥാന്റെ ഈ നിയമനം.

പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകര്‍ത്ത് കെയിന്‍ വില്യംസണും ഹെന്‍റി നിക്കോളസും

വിജയത്തോടെ പരമ്പര സ്വന്തമാക്കുക എന്ന സ്വപ്നത്തിന്റെ പാതി ദൂരം പാക്കിസ്ഥാന്‍ നടന്നതായിരുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ യസീര്‍ ഷായും ഷഹീന്‍ അഫ്രീദിയും വീഴ്ത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ന്യൂസിലാണ്ട് 60/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് മത്സരം തിരിച്ചു കൊണ്ടുവന്നത് അഞ്ചാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെയിന്‍ വില്യംസണ്‍ – ഹെന്‍റി നിക്കോളസ് കൂട്ടുകെട്ടാണ്. 212 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെ 272/4 എന്ന നിലയിലെത്തിച്ചു. മത്സരത്തില്‍ 198 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകരുടെ കൈവശമിപ്പോളുള്ളത്.

വില്യംസണ്‍ 139 റണ്‍സ് നേടി പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഹെന്‍റി നിക്കോളസ് 90 റണ്‍സുമായി തന്റെ ശതകത്തിലേക്ക് അടുക്കുകയാണ്. നാളെ മത്സരത്തിന്റെ അവസാന ദിവസം ജയം നേടാമെന്ന പ്രതീക്ഷ ന്യൂസിലാണ്ടിനാവും ഏറെ കൂടുതലുണ്ടാവുക. ജയമില്ലെങ്കിലും തോല്‍വിയുണ്ടാകരുതെന്ന് ഉറപ്പാക്കുകയാവും ഇരു ബാറ്റ്സ്മാന്മാരുടെയും പ്രഥമ ലക്ഷ്യം.

വില്യംസണ്‍ പൊരുതുന്നു, കൈവശം 38 റണ്‍സിന്റെ ലീഡ് മാത്രം

പരമ്പരയുടെ ഗതി നിര്‍ണ്ണയിക്കുന്ന മൂന്നാം ടെസ്റ്റില്‍ ന്യൂസിലാണ്ട് പൊരുതുന്നു. നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് 112/4 എന്ന നിലയിലാണ്. പാക് ബൗളിംഗിനെ സധൈര്യം നേരിട്ട് അര്‍ദ്ധ ശതകം തികച്ച കെയിന്‍ വില്യംസണിന്റെ പോരാട്ട മികവില്‍ മത്സരത്തില്‍ 38 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ക്ക് ഇപ്പോളുള്ളത്.

55 റണ്‍സ് നേടിയ കെയിന്‍ വില്യംസണ് കൂട്ടായി ഹെന്‍റി നിക്കോളസ് 20 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. വില്യം സോമര്‍വില്ലേയെ യസീര്‍ ഷാ പുറത്താക്കിയപ്പോള്‍ 22 റണ്‍സ് നേടിയ റോസ് ടെയിലറെ ഷഹീന്‍ അഫ്രീദി പുറത്താക്കി.

പാക്കിസ്ഥാന്‍ 348 റണ്‍സിനു പുറത്ത്, 4 വിക്കറ്റുമായി വില്യം സോമര്‍വില്ലേ

മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയിരുന്നു. വില്യം സോമര്‍വില്ലേയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 286/3 എന്ന നിലയില്‍ നിന്നാണ്. 60 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ശതകങ്ങള്‍ നേടിയ അസ്ഹര്‍ അലി(134)-അസാദ് ഷഫീക്ക്(104) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 201 റണ്‍സാണ് നേടിയത്. അസ്ഹര്‍ അലിയെ പുറത്താക്കി സോമര്‍വില്ലേയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏറെ വൈകാതെ അസാദ് ഷഫീക്കിനെയും ടീമിനു നഷ്ടമായി. ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെയും സോമര്‍വില്ലേ തന്നെയാണ് പുറത്താക്കിയത്.

4 വിക്കറ്റുകള്‍ നേടിയ താരത്തിനു കൂട്ടായി അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് പാക്കിസ്ഥാന്‍ നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റാണ് ന്യൂസിലാണ്ടിനു മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നഷ്ടമായത്. 26/2 എന്ന നിലയിലാണ് ന്യൂസിലാണ്ട് നിലവില്‍ 48 റണ്‍സ് പിന്നിലായാണ് ടീം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ജീത്ത് റാവല്‍, ടോം ലാഥം എന്നിവരെയാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കെയിന്‍ വില്യംസണ്‍(14*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ഒപ്പം ഒരു റണ്‍സുമായി വില്യം സോമര്‍വില്ലേയും. ഷഹീന്‍ അഫ്രീദി, യസീര്‍ ഷാ എന്നിവര്‍ക്കാണ് ഓരോ വിക്കറ്റ് ലഭിച്ചത്. .

പാക്കിസ്ഥാന്‍ മലേഷ്യ പോര് സമനിലയില്‍

പാക്കിസ്ഥാനും മലേഷ്യയും തമ്മിലുള്ള തമ്മിലുള്ള പൂള്‍ ഡി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനുട്ടിലാണ് ഇരു ഗോളുകളും വീണത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ച ശേഷം 51ാം മിനുട്ടില്‍ മുഹമ്മദ് ആതീക്ക് ആണ് പാക്കിസ്ഥാനെ മുന്നിലെത്തിച്ചത്.

എന്നാല്‍ നാല് മിനുട്ടിനുള്ളില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ തകര്‍ത്ത് ഫൈസല്‍ സാരി പെനാള്‍ട്ടി കോര്‍ണറിലൂടെ മലേഷ്യയെ ഒപ്പമെത്തിച്ചു.

Exit mobile version