ഹോക്കി ലോകകപ്പിൽ ബെൽജിയം – ജര്‍മ്മനി ഫൈനൽ!!!

2023 ഹോക്കി ലോകകപ്പ് ഫൈനലില്‍ ബെൽജിയവും ജര്‍മ്മനിയും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ജര്‍മ്മനി ഓസ്ട്രേലിയയെയും ബെൽജിയം നെതര്‍ലാണ്ട്സിനെയും ആണ് പരാജയപ്പെടുത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരെ 4-3ന്റെ വിജയം ജര്‍മ്മനി നേടിയ്പ്പോള്‍ ബെൽജിയം നെതര്‍ലാണ്ട്സ് മത്സരം നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ അവസാനിച്ചു. പിന്നീട് ഷൂട്ടൗട്ടിൽ 3-2 ന്റെ വിജയം ബെൽജിയം കരസ്ഥമാക്കുകയായിരുന്നു.

ജര്‍മ്മനിയ്ക്കെതിരെ ഓസ്ട്രേലിയ 57ാം മിനുട്ടിൽ മത്സരത്തിൽ 3-2ന്റെ ലീഡ് നേടിയെങ്കിലും 58, 59 മിനുട്ടുകളിൽ ഗോളുകള്‍ മടക്കിയാണ് ജര്‍മ്മനി മത്സരം സ്വന്തമാക്കിയത്. ഗോൺസാലോ പെയ്ലാട്ട് ഹാട്രിക്ക് ഗോളുകള്‍ നേടിയപ്പോള്‍ നിക്ലാസ് വെല്ലന്‍ ആണ് വിജയ ഗോള്‍ നേടിയത്.

ഓസ്ട്രേലിയയ്ക്കായി ജെറമി ഹേവാര്‍ഡ്, നഥാന്‍ എഫാര്‍മസ്, ബ്ലേക്ക് ഗോവേഴ്സ്സ എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്.

ബെൽജിയം നെതര്‍ലാണ്ട്സ് മത്സരത്തിൽ 11ാം മിനുട്ടിൽ ജിപ് ജാന്‍സന്‍ നെതര്‍ലാണ്ട്സിന് ലീഡ് നേടിക്കൊടുത്തപ്പോള്‍ ടോം ബൂൺ 26ാം മിനുട്ടിൽ മത്സരം സമനിലയിലാക്കി. ജിപ് വീണ്ടും നെതര്‍ലാണ്ട്സിന് ലീഡ് നേടിക്കൊടുത്തുവെങ്കിലും 44ാം മിനുട്ടിൽ നികോളസ് ഡി കെര്‍പെൽ ബെൽജിയത്തിനായി വീണ്ടും സമനില പിടിച്ചു.

ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിൽ ജപ്പാനെ ഗോളിൽ മുക്കി ഇന്ത്യ, എട്ട് ഗോളിന്റെ ഏകപക്ഷീയ വിജയം

ആദ്യ പകുതിയിൽ ഒരു ഗോള്‍ പോലും നേടാനായില്ലെങ്കിലും രണ്ടാം പകുതിയിൽ എട്ട് ഗോളുകള്‍ നേടി ജപ്പാനെ നിഷ്പ്രഭമാക്കി ഇന്ത്യ. ലോകകപ്പ് ഹോക്കിയുടെ 9-16 സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസ്സിഫിക്കേഷന്‍ മത്സരത്തിലാണ് ഇന്ന് ഇന്ത്യ ജപ്പാനെ തകര്‍ത്തെറിഞ്ഞത്.

അഭിഷേക്, ഹര്‍മ്മന്‍പ്രീത് സിംഗ് എന്നിവര്‍ രണ്ട് വീതം ഗോളുകള്‍ നേടിയപ്പോള്‍ മന്‍ദീപ് സിംഗ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറര്‍മാര്‍.

ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന്‍ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയിൽസ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടിൽ 2-1ന് വെയിൽസ് വിജയം നേടി.

മറ്റൊരു മത്സരത്തിൽ ചിലിയെ എട്ട് ഗോളുകള്‍ക്ക് അര്‍ജന്റീന തകര്‍ക്കുകയായിരുന്നു.

 

വീണ്ടും ഏഷ്യന്‍ സാന്നിദ്ധ്യമില്ലാതെ ഒരു ഹോക്കി ലോകകപ്പ് സെമി ലൈനപ്പ്, കൊറിയയെ തകര്‍ത്തെറിഞ്ഞ് നെതര്‍ലാണ്ട്സ്

കൊറിയയ്ക്കെതിരെ 5-1 എന്ന വിജയം നേടി നെതര്‍ലാണ്ട്സ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന്റെ ലീഡ് മാത്രമുണ്ടായിരുന്ന നെതര്‍ലാണ്ട്സ് രണ്ടാം പകുതിയിൽ 4 ഗോളുകള്‍ നേടി. ദക്ഷിണ കൊറിയ ഒരു ഗോള്‍ മടക്കി. 2006 ലോകകപ്പിൽ ദക്ഷിണ കൊറിയ സെമിയിൽ പരാജയപ്പെട്ടതിന് ശേഷം ഒരു ഏഷ്യന്‍ ടീമും ലോകകപ്പ് സെമിയിൽ ഇടം പിടിച്ചിട്ടില്ല.

ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ജര്‍മ്മനി ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിന് ഇരു ടീമുകളും പിരിഞ്ഞപ്പോള്‍ ജര്‍മ്മനി ഷൂട്ട്ഔട്ടിൽ 4-3 എന്ന സ്കോറിന് വിജയം കുറിച്ചു.

ആവേശപ്പോരിൽ സ്പെനിയിനെ പിന്തള്ളി ഓസ്ട്രേലിയ, ബെൽജിയവും സെമിയിൽ

ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഓസ്ട്രേലിയയും ബെൽജിയവും. ന്യൂസിലാണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെൽജിയം സെമിയിലെത്തിയതെങ്കിൽ സ്പെയിനിന്റെ കടുത്ത ചെറുത്ത്നില്പ് മറികടന്നാണ് ഓസ്ട്രേലിയ സെമി സ്ഥാനം നേടിയത്.

മത്സരത്തിന്റെ ഒരു ഘട്ടത്തിൽ സ്പെയിന്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതി അവസാനിക്കുവാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ 2-0ന് മുന്നിലായിരുന്ന സ്പെയിനിനെതിരെ ഓസ്ട്രേലിയ ഒരു ഗോള്‍ മടക്കി.

അതിന് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ഓസ്ട്രേലിയ 3 ഗോളുകള്‍ നേടി മത്സരത്തിൽ 4-2ന്റെ ലീഡ് നേടി. സ്പെയിന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ കണ്ടെത്തുവാന്‍ അവര്‍ക്കായില്ല.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

ഹോക്കി പുരുഷ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. ഇന്ന് നടന്ന ക്രോസ്ഓവര്‍ മത്സരത്തിൽ നിശ്ചിത സമയത്ത് ന്യൂസിലാണ്ടിനെതിരെ സമനിലയിൽ അവസാനിച്ചുവെങ്കിലും ഇന്ത്യയെ ഷൂട്ട്ഔട്ടിൽ ന്യൂസിലാണ്ട് മറികടക്കുകയായിരുന്നു.

നിശ്ചിത സമയത്ത് 3-3 എന്ന സമയത്ത് പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടിൽ ന്യൂസിലാണ്ട് 5-4ന് വിജയം കൈവരിച്ചു. നിശ്ചിത സമയത്ത് 17, 24 മിനുട്ടുകളിൽ ലളിത് കുമാര്‍ ഉപാദ്ധ്യായയും 24ാം മിനുട്ടിൽ സുഖ്ജീത് സിംഗും ഇന്ത്യയ്ക്ക് ലീഡേ നേടികൊടുത്തപ്പോള്‍ സാം ലെയിന്‍ 28ാം മിനുട്ടിൽ ന്യൂസിലാണ്ടിനായി ഗോള്‍ മടക്കി.

40ാം മിനുട്ടിൽ വരുൺ കുമാര്‍ ഇന്ത്യയ്ക്ക് വീണ്ടും രണ്ട് ഗോള്‍ ലീഡ് നേടിയെങ്കിലും 43ാം മിനുട്ടിൽ കെയിന്‍ റസ്സലും 49ാം മിനുട്ടിൽ ഷോൺ ഫിന്‍ഡ്ലേയും ഓരോ ഗോളുകള്‍ നേടി ന്യൂസിലാണ്ടിന്റെ തിരിച്ചുവരവ് ഒരുക്കി.

ഇന്ത്യയെ വിറപ്പിച്ച് വെയിൽസ്, ഒടുവിൽ രണ്ട് ഗോള്‍ വ്യത്യാസത്തിൽ വിജയം

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. 4-2 എന്ന സ്കോറിന് ആണ് വെയിൽസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 2-0ന് മുന്നിട്ട് നിൽക്കുകയായിരുന്ന ഇന്ത്യയയ്ക്കെതിരെ രണ്ട് ഗോളുകള്‍ മടക്കി വെയിൽസ് ഒപ്പമെത്തിയപ്പോള്‍ വീണ്ടും ആകാശ്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു.

മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ട് ബാക്കിയുള്ളപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആകാശ്ദീപ് സിംഗ് രണ്ടും, ഷംഷേര്‍ സിംഗ് രണ്ടും ഗോളുകളാണ് ഇന്ത്യയ്ക്കായി നേടിയത്. വെയിൽസിനായാി ഗാരത് ഫര്‍ലോംഗും ജേക്കബ് ഡ്രേപ്പറും ഓരോ ഗോള്‍ നേടി.

മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് സ്പെയിനിനെ ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇതോടെ പൂള്‍ ഡിയിലെ ഒന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യയാകട്ടെ ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലാണ്ടുമായി ക്രോസ് ഓവര്‍ മത്സരം വിജയിച്ചാൽ മാത്രമേ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയുള്ളു.

ഒന്നും രണ്ടുമല്ല 14 ഗോളുകള്‍!!! ചിലിയുടെ വല നിറച്ച് നെതര്‍ലാണ്ട്സ്

ഹോക്കി ലോകകപ്പിൽ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 14-0 എന്ന നിലയിൽ ഏകപക്ഷീയമായ വിജയം ആണ് നെതര്‍ലാണ്ട്സ് പൂള്‍ സിയിൽ നേടിയത്.

ജിപ് ജാന്‍സന്‍ നാലും തിയറി ബ്രിങ്ക്മാന്‍ മൂന്നും ഗോള്‍ നേടിയപ്പോള്‍ മറ്റ് ആറ് താരങ്ങള്‍ കൂടി ഗോള്‍ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ നെതര്‍ലാണ്ട്സ് 5-0 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 9 ഗോളുകള്‍ കൂടി ടീം നേടി.

ഇന്നത്തെ ആദ്യ മത്സരത്തിൽ ആവേശകരമായ മത്സരത്തിൽ ന്യൂസിലാണ്ടിനെ മലേഷ്യ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി.

ജര്‍മ്മനി – ബെൽജിയം മത്സരം സമനിലയിൽ, ജപ്പാനെ വീഴ്ത്തി കൊറിയ

ഇന്നത്തെ ഹോക്കി ലോകകപ്പ് മത്സരത്തിൽ ജപ്പാനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി കൊറിയ. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ജര്‍മ്മനി ബെൽജിയം പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരു ടീമുകളും 2 വീതം ഗോളുകള്‍ നേടിയാണ് പിരിഞ്ഞത്.

പൂള്‍ ബിയിൽ ബെൽജിയവും ജര്‍മ്മനിയും നാല് പോയിന്റുമായി നിൽക്കുമ്പോള്‍ ഗോള്‍ വ്യത്യാസത്തിൽ ബെൽജിയം ആണ് ഒന്നാം സ്ഥാനത്ത്. ജര്‍മ്മനി രണ്ടാമതും മൂന്ന് പോയിന്റ് നേടിയ കൊറിയ മൂന്നാം സ്ഥാനത്തുമുണ്ട്.

അതേ സമയം ജപ്പാന് ഇതുവരെ വിജയം നേടുവാന്‍ സാധിച്ചിട്ടില്ല.

ഹാര്‍ദ്ദിക് സിംഗിന്റെ പരിക്ക്, ഇന്ത്യയ്ക്ക് ലോകകപ്പിൽ കനത്ത തിരിച്ചടി

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വെയിൽസിനെതിരെയുള്ള അവസാന പൂള്‍ മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് ഹാര്‍ദ്ദിക് സിംഗിന്റെ പരിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. താരം വെയിൽസിനെതിരെ മാത്രമല്ല ടൂര്‍ണ്ണമെന്റിൽ തന്നെ കളിക്കുന്നത് സംശയത്തിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആദ്യ മത്സരത്തിൽ സ്പെയിനിനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ബ്രിട്ടനോട് ഗോള്‍രഹിത സമനിലയിൽ പിരിയുകയായിരുന്നു.

 

വമ്പന്മാര്‍ വിജയത്തോടെ തുടങ്ങി, ഗോള്‍ മഴ തീര്‍ത്ത് ബെൽജിയം, ജര്‍മ്മനിയ്ക്കും നെതര്‍ലാണ്ട്സിനും വിജയം

ഹോക്കി ലോകകപ്പിൽ ഇന്ന് നടന്ന മത്സരങ്ങളിൽ വമ്പന്മാരായ ബെൽജിയം, ജര്‍മ്മനി, നെതര്‍ലാണ്ട്സ് എന്നിവര്‍ക്ക വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചിലിയെ ന്യൂസിലാണ്ട് 3-1ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തിൽ നെതര്‍ലാണ്ട്സ് ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് മലേഷ്യയെ പരാജയപ്പെടുത്തി.

ബെൽജിയം 5-0 എന്ന സ്കോറിന് കൊറിയയെ തകര്‍ത്തപ്പോള്‍ ജര്‍മ്മനി 3-0 എന്ന സ്കോറിന് ജപ്പാനെ വീഴ്ത്തി.

ജയിച്ച് തുടങ്ങി ഇന്ത്യ, സ്പെയിനിനെതിരെ രണ്ട് ഗോളിന്റെ ഏകപക്ഷീയമായ വിജയം

ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ വിജയിച്ച് തുടങ്ങി ഇന്ത്യ. ഇന്ന് നടന്ന പൂള്‍ ഡി മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ 2-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 12ാം മിനുട്ടിൽ പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി അമിത് രോഹിദാസ് ആണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 26ാം മിനുട്ടിൽ ഹാര്‍ദ്ദിക് സിംഗ് ഫീൽഡ് ഗോളിലൂടെ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നീടുള്ള ഇരു ക്വാര്‍ട്ടറുകളിലും ഇന്ത്യയ്ക്കോ സ്പെയിനിനോ ഗോള്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യ മത്സരം സ്വന്തമാക്കി.

ഇന്നത്തെ ആദ്യ മത്സരത്തിൽ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ 1-0 ന് പരാജയപ്പെടുത്തിയപ്പോള്‍ പൂള്‍ എയിലെ തന്നെ രണ്ടാം മത്സരത്തിൽ ഫ്രാന്‍സിനെതിരെ ഗോള്‍ മഴ തീര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പ് പര്യടനം ആരംഭിച്ചത്. 8-0 എന്ന സ്കോറിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് വെയിൽസിനെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

പുരുഷ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യയുടെ 18 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ഹര്‍മ്മന്‍പ്രീത് സിംഗ് ക്യാപ്റ്റനും അമിത് രോഹിദാസ് ഉപനായകനുമായുള്ള സംഘത്തിൽ മലയാളി താരം ശ്രീജേഷും ടീമിലുണ്ട്. ജനുവരി 13 2023ന് ആണ് ഭുവനേശ്വറിലും റൂര്‍കിലയിലുമായി ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്നത്.

പൂള്‍ ഡിയിൽ സ്പെയിന്‍, വെയിൽസ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. പൂള്‍ എയിൽ അര്‍ജന്റീന, ഓസ്ട്രേലിയ, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവരും പൂള്‍ ബിയിൽ ബെൽജിയം, ജര്‍മ്മനി, ജപ്പാന്‍, കൊറിയ എന്നിവരും പൂള്‍ സിയിൽ ചിലി, മലേഷ്യ, നെതര്‍ലാണ്ട്സ്, ന്യൂസിലാണ്ട് എന്നിവരും കളിക്കുന്നു.

അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഭുവനേശ്വറിലാണ് ഉദ്ഘാടന മത്സരം. അന്നേ ദിവസം റൂര്‍കിലയിൽ സ്പെയിനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.

Exit mobile version