മിക്കി ആര്‍തറുടെ നിയമനത്തിൽ പിസിബിയെ വിമര്‍ശിച്ച് റമീസ് രാജ

പാക്കിസ്ഥാന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി മുന്‍ കോച്ച് മിക്കി ആര്‍തറെ നിയമിച്ച തീരുമാനത്തിൽ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് റമീസ് രാജ. വില്ലേജ് സര്‍ക്കസിൽ ക്ലൗണിനെ നിയമിക്കുന്നതിന് തുല്യമാണ് ഈ തീരുമാനം എന്ന് പറഞ്ഞാണ് റമീസ് രാജയുടെ വിമര്‍ശനം.

കൗണ്ടി ക്രിക്കറ്റിനോട് കൂറുള്ള ഒരു വ്യക്തിയെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി നിയമിച്ചിരിക്കുന്നതെന്നും റിമോട്ട് ആയി ഇരുന്ന് മാത്രമാണ് താരം പാക് ക്രിക്കറ്റിന് സംഭാവന നൽകുന്നതെന്നും വളരെ പരിഹാസ്യമായ കാര്യമാണെന്ന് റമീസ് രാജ വ്യക്തമാക്കി.

അടുത്തിടെ വരെ പിസിബിയുടെ തലവനായി സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് റമീസ് രാജ. ഡര്‍ബിഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബുമായി സഹകരിക്കുന്നതിനാൽ തന്നെ മിക്കി ആര്‍തര്‍ പാക്കിസ്ഥാന്‍ ടീമിനൊപ്പം യാത്രയാകില്ല.

പ്രാദേശിക ക്ലബിന്റെ ഇലവനിൽ പോലും ഇടം ലഭിയ്ക്കാത്ത ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത പിസിബി ചെയര്‍മാന്‍ എന്നാണ് നജാം സേഥിയെ റമീസ് രാജ വിശേഷിപ്പിച്ചത്.

പാകിസ്ഥാൻ ടീമിന്റെ ഡയറക്ടറായി മിക്കി ആർതറിനെ നിയമിച്ചു

പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായി മിക്കി ആർതറിന്റെ നിയമനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാൻ പുരുഷ ടീമിന് പിന്നിലെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും രൂപപ്പെടുത്തുന്നതിലും ടീമിന്റെ മേൽനോട്ടം വഹിക്കുന്നതിലും ആർതർ ഉൾപ്പെടും.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023, ഓസ്‌ട്രേലിയയിലേക്കുള്ള വിദേശ പര്യടനം, വെസ്റ്റ് ഇൻഡീസിനെതിരായ ഹോം പരമ്പര എന്നിവയിൽ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗവും ആയിരിക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും പാകിസ്ഥാനൊപ്പം അദ്ദേഹം പങ്കെടുക്കും.

2016 മുതൽ 2019 വരെയുള്ള കാലയളവിൽ പാകിസ്താനെ പരിശീലിപ്പിച്ചിട്ടുള്ള ആർതർ പാക്കിസ്ഥാനെ ടെസ്റ്റിലും ടി20ഐയിലും ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. കൂടാതെ 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടാനും ടീമിനെ അദ്ദേഹം സഹായിച്ചു.

മിക്കി ആര്‍തര്‍ എത്തുന്നത് ഓൺലൈന്‍ കോച്ചിംഗിനോ!!! പാക്കിസ്ഥാന്റെ ടീം ഡയറക്ടര്‍ ആകുമെന്ന് സൂചന

പാക്കിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ടീം ഡയറക്ടര്‍ ആയി മിക്കി ആര്‍തര്‍ എത്തുമെന്ന് സൂചന. സഖ്‍ലൈന്‍ മുഷ്താഖ് മുഖ്യ കോച്ച് സ്ഥാനം ഒഴിയുന്നതോടെ വന്ന വിടവിലേക്ക് മിക്കി ആര്‍തറെ പരിഗണിക്കുവാന്‍ ബോര്‍ഡ് ശ്രമിച്ചുവെങ്കിലും മിക്കി ആര്‍തര്‍ ടീം ഡയറക്ടര്‍ എന്ന റോളിലാണ് താല്പര്യം പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്. താരം ഓൺലൈന്‍ കോച്ചിംഗ് ദൗത്യം ആവും ഏറ്റെടുക്കുക എന്ന വാര്‍ത്തകളോട് സോഷ്യൽ മീഡിയ വലിയ പരിഹാസത്തോടെയാണ് സമീപിച്ചിരിക്കുന്നത്.

മിക്കി 2016 മുതൽ 2019 വരെ പാക്കിസ്ഥാന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡര്‍ബിഷയറുമായി ദൈര്‍ഘ്യമേറിയ കരാര്‍ ഉള്ളതിനാലാണ് മിക്കി ആര്‍തര്‍ മുഖ്യ കോച്ച് സ്ഥാനം ഏറ്റെടുക്കാത്തതെന്നാണ് അറിയുന്നത്.

എന്നാൽ പിസിബി താത്കാലിക തലവന്‍ നജം സേഥി ആര്‍തറെ ടീം ഡയറക്ടര്‍ എന്ന റോളിൽ എത്തിക്കുവാന്‍ സമ്മതിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

വിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം മിക്കി ആര്‍തര്‍ ശ്രീലങ്കന്‍ കോച്ചിംഗ് സ്ഥാനം ഒഴിയും

ശ്രീലങ്കന്‍ മുഖ്യ കോച്ച് മിക്കി ആര്‍തര്‍ ഈ മാസം നടക്കാനിരിക്കുന്ന വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സ്ഥാനം ഒഴിയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആര്‍തര്‍ ശ്രീലങ്കയുടെ കോച്ചായി എത്തിയത്.

ഡെര്‍ബിഷയറിന്റെ ഹെഡ് ഓഫ് ക്രിക്കറ്റെന്ന പദവി ആണ് ആര്‍തര്‍ പുതുതായി ഏറ്റെടുക്കുവാന്‍ പോകുന്നത്. 2021 സീസണിന് ശേഷം ഡെര്‍ബിഷയര്‍ ഹെഡ് ഓഫ് ക്രിക്കറ്റ് പദവി ഒഴിയുന്ന ഡേവ് ഹൗട്ടണ് പകരം ആണ് മിക്കി ആര്‍തര്‍ എത്തുന്നത്.

2017ൽ പാക്കിസ്ഥാനൊപ്പം ചാമ്പ്യന്‍സ് ട്രോഫി നേടിയ ആര്‍തര്‍ അതിന് മുമ്പ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ – മിക്കി ആര്‍തര്‍

ശ്രീലങ്കന്‍ ടീം ലോകകപ്പ് സെമിയിൽ കടക്കാതെ പുറത്തായെങ്കിലും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി മികച്ചതാണെന്ന് പറഞ്ഞ് കോച്ച് മിക്കി ആര്‍തര്‍. 2014ലെ ടി20 ചാമ്പ്യന്മാര്‍ യോഗ്യത റൗണ്ട് കളിച്ചാണ് സൂപ്പര്‍ 12ലേക്ക് കടന്നത്.

സെമി ഉറപ്പായില്ലെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ടീം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ബംഗ്ലാദേശിനോട് വിജയിച്ച് തുടങ്ങിയ ടീമിന് തുടരെ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ടീം പൊരുതിയ ശേഷമാണ് മുട്ടുമടക്കിയത്.

യുവ താരങ്ങളുടെ പ്രകടനങ്ങള്‍ ആണ് ശ്രീലങ്കന്‍ ടീമിന്റെ പ്രതീക്ഷയെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു. പരിചയ സമ്പത്ത് കുറഞ്ഞ താരങ്ങള്‍ വലിയ സ്റ്റേജിൽ മികവാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് ആര്‍തര്‍ കൂട്ടിചേര്‍ത്തു.

ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം ഏവരും ശ്രദ്ധിച്ചതാണെന്നും ഈ യുവതാരങ്ങള്‍ക്ക് സ്ഥിരമായി അവസരം ലഭിച്ചാൽ അവര്‍ ചരിത്രം സൃഷ്ടിക്കുമെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

ഇപ്പോള്‍ പാകിയ വിത്തുകള്‍ അടുത്ത് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളിൽ മികച്ച പൂക്കളായി മാറുമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

ഇന്ത്യയുടേത് ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെ – മിക്കി ആര്‍തര്‍

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിനെത്തിയ ടീം രണ്ടാം നിരയാണെന്ന ചിന്ത ശ്രീലങ്കയ്ക്കില്ലെന്ന് അറിയിച്ച് മിക്കി ആര്‍തര്‍. ഇന്ത്യയുടേത് മികച്ച സംഘമാണെന്നും ആ ബോധ്യം ശ്രീലങ്കയ്ക്കുണ്ടെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി. ഒട്ടനവധി മികച്ച താരങ്ങളുള്ള ഇന്ത്യന്‍ ടീം ഐപിഎൽ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ പോലെയാണെന്നും ആര്‍തര്‍ പറഞ്ഞു.

ജൂലൈ 13ന് ആരംഭിയ്ക്കേണ്ട പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് കാരണം ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്ക് അയയ്ച്ചത്.

സീനിയർ താരങ്ങൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ല – മിക്കി ആർതർ

ശ്രീലങ്കയുടെ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടച്ചിട്ടില്ലെന്ന് പറഞ്ഞ് മിക്കി ആർതർ. ശ്രീലങ്ക യുവ താരങ്ങളുമായി ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ ഇറങ്ങിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ടീം ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശിനോട് ഏകദിന പരമ്പരയിൽ പരാജയപ്പെട്ട് സാഹചര്യമാണുണ്ടായത്.

സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഡ്രോപ് ചെയ്തു എന്ന് പറയാനാകില്ലെന്നും ഭാവിയിലേക്കുള്ള ഒരു പരീക്ഷണായിരുന്നു ലങ്കയുടെ ബംഗ്ലാദേശ് പര്യടനം എന്നും മിക്കി ആർതർ പറഞ്ഞു. സീനിയർ താരങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ടീമിലേക്ക് മടങ്ങിയെത്താനാകുന്നതേയുള്ളുവെന്നും മിക്കി ആർതർ പറഞ്ഞു. മധ്യ ഓവറുകളിൽ ടീമിന് തിരിച്ചടി ലഭിച്ചുവെന്നും മികച്ച പ്രകടനങ്ങളുടെ ബലത്തിൽ സീനിയർ താരങ്ങൾക്ക് ടീമിലേക്ക് മടങ്ങിയെത്തുവാൻ സാധിക്കുമെന്നും ആർതർ വ്യക്തമാക്കി.

വനിൻഡു ഹസരംഗ ഭാവി താരം, അസാധ്യ പ്രതിഭ – മിക്കി ആർതർ

ശ്രീലങ്കയുടെ യുവതാരം വനിൻഡു ഹസരംഗ മികച്ച പ്രതിഭയാണെന്നും അസാധ്യ പ്രതിഭയാണ് താരമെന്നും താരം ഗെയിമിനെക്കുറിച്ച് കൂടുതൽ അറിയുകയാണെന്നും ഈ യുവ ടീമിനൊപ്പം താരവും വളർന്ന് വരുമെന്ന് ശ്രീലങ്കയുടെ മുഖ്യ കോച്ച് മിക്കി ആർതർ പറഞ്ഞു. ഈ യുവ ടീമിനൊപ്പമൊരു യാത്ര ആരംഭിച്ചിരിക്കയാണെന്നും ഇവരെല്ലാം പ്രതിഭകളായി വളരണമെന്നാണ് ആഗ്രഹമെന്നും അതിൽ മുൻ പന്തിയിലുള്ള താരമാണ് വനിൻഡു ഹസരംഗ എന്നും മിക്കി ആർതർ പറഞ്ഞു.

ശ്രീലങ്കയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് വളർത്തിയെടുക്കുകയാണ് ടീം മാനേജ്മെന്റ് ലക്ഷ്യമാക്കിയിരിക്കുന്നതെന്നും 2023 ലോകകപ്പ് മുൻ നിർത്തിയുള്ള ടീമിനെ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് ലങ്കയുടേതെന്നും മിക്കി ആർതർ സൂചിപ്പിച്ചു.

ശ്രീലങ്കന്‍ ടീമില്‍ കൊറോണ പോസിറ്റീവ് കേസുകള്‍

ശ്രീലങ്കയുടെ കോച്ച് മിക്കി ആര്‍തറും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ലഹിരു തിരിമന്നേയും കൊറോണ പോസിറ്റീവ്. 36 അംഗ സ്ക്വാഡില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് ഇരുവരുടെയും ഫലം പോസിറ്റീവ് ആയത്. കോച്ചിംഗ് സ്റ്റാഫ്, നെറ്റ് ബൗളേഴ്സ് എന്നിവരുടെയും പരിശോധന നടത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആര്‍തറും തിരിമന്നേയും ഐസൊലേഷനിലേക്ക് മാറിയിട്ടുണ്ട്. വിന്‍ഡീസ് പരമ്പരയ്ക്ക് മുമ്പുള്ള പ്രൊവിഷണല്‍ സ്ക്വാഡിന്റെ ഭാഗമായിട്ടുള്ളവര്‍ക്കാണ് പരിശോധന നടത്തിയത്.

പരമ്പര 20 ഫെബ്രുവരിയില്‍ ആരംഭിക്കുവാനാണിരിക്കുന്നത്. എന്നാല്‍ ലങ്ക ഇത് വൈകിപ്പിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം അംഗീകരിക്കാനാകാത്തത് – മിക്കി ആര്‍തര്‍

ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം അംഗീകരിക്കാനാകാത്തതെന്ന് ടീം മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ഗോളിലെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മിക്കി ആര്‍തര്‍.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക വെറും 135 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. പിന്നീട് രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 359 റണ്‍സ് നേടിയെങ്കിലും ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനം ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ഒഴിവുകഴിവുകള്‍ ഒന്നും സ്വീകാര്യമല്ലെന്നും ഉപഭൂഖണ്ഡത്തില്‍ ലങ്കയ്ക്ക് മികച്ച രീതിയില്‍ ബാറ്റിംഗ് ചെയ്യാനാകുന്നില്ലെന്നത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ലെന്ന് മിക്കി ആര്‍തര്‍ പറഞ്ഞു.

ബാറ്റ്സ്മാന്മാര്‍ സ്വന്തം ടെക്നിക്കിനെ വിശ്വസിച്ച് ക്ഷമയോടെ ബാറ്റ് ചെയ്യുകയെന്ന ഗെയിം പ്ലാന്‍ നടപ്പിലാക്കുവാന്‍ ടീമിന് സാധിച്ചില്ലെന്നും ആര്‍തര്‍ വ്യക്തമാക്കി.

ഉമര്‍ അക്മല്‍ അഹങ്കാരി, തനിക്ക് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് – മിക്കി ആര്‍തര്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം ഉമര്‍ അക്മലിനുമായുള്ള തന്റെ മോശം അനുഭവം പങ്ക് വെച്ച് മുന്‍ പാക് കോച്ച് മിക്കി ആര്‍തര്‍. 2017ല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തനിക്ക് മോശം വരവേല്പാണ് മിക്കി ആര്‍തറില്‍ നിന്ന് ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഈ സംഭവമാണ് ഇപ്പോള്‍ മിക്കി ആര്‍തര്‍ ഓര്‍ത്തെടുത്ത് പറയുന്നത്. അന്നത്തെ ടീം ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവറിനോട് മോശമായി പെരുമാറുന്ന അക്മലിനെയാണ് താന്‍ കണ്ടതെന്നും അതിനെതിരെ താന്‍ പ്രതികരിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി.

ഉമര്‍ അക്മല്‍ ഒരു അഹങ്കാരിയാണെന്നും താരത്തിനെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാന്‍ താന്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചുവെന്നും മിക്കി ആര്‍തര്‍ വെളിപ്പെടുത്തി. താരത്തിന് പല തവണ ഫിറ്റ്നെസ്സ് പ്രോഗ്രാം നല്‍കിയാലും വീണ്ടും ഫിറ്റ്നെസ്സ് ട്രെയിനറുടെ പുറകെ ശല്യം ചെയ്ത് ഇവയ്ക്കായി സമീപിക്കുമെന്നും പിന്നീട് ഗ്രാന്റ് ഫ്ലവറിനോട് ഒരു ബഹുമാനമില്ലാതെ പെരുമാറുന്നത് താന്‍ കണ്ടെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

താന്‍ ഉമര്‍ അക്മലിനോട് അക്കാഡമി സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സ്വന്തം ഫിറ്റ്നെസ്സ് മെച്ചപ്പെടുത്താനും റണ്‍സ് സ്കോര്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം താന്‍ താരത്തോട് സംസാരിച്ചപ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് താരത്തിനെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ വേണ്ടിയാണ് എന്നും ആര്‍തര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വീണ്ടും അക്മലിനെ കളിക്കാന്‍ ടീമിലെടുക്കുകയാണെങ്കില്‍ അത് ഭൂലോക മണ്ടത്തരമായി വിശേഷിപ്പിക്കേണ്ടി വരുമെന്നും മിക്കി ആര്‍തര്‍ വ്യക്തമാക്കി.

ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുവാന്‍ അര്‍ഹര്‍

ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും ആദ്യ നാല് സ്ഥാനങ്ങളിലെത്തുവാന്‍ ഏറെ അര്‍ഹരാണെന്ന് വ്യക്തമാക്കി ടീം ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ. അതിനാല്‍ തന്നെ ടീം ഇതിന് വേണ്ടി ശക്തമായി ശ്രമിക്കേണ്ടതുണ്ടെന്ന് കരുണാരത്നേ പറഞ്ഞു. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഒഴിച്ച് വേറെ പ്രകടനം ഒന്നും ലങ്കന്‍ ടീമിന് ഓര്‍ത്തു വയ്ക്കാവുന്നതായിട്ടില്ലായിരുന്നു. എന്നിട്ടും ലങ്കന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകള്‍ വളരെ വലുതാണ്.

വരും ലോകകപ്പില്‍ മുത്തമിടുവാന്‍ ടീമിന് സാധിക്കുമെന്നും കോച്ച് മിക്കി ആര്‍തര്‍ അതിലേക്ക് ടീമിനെ നയിക്കുമെന്നുമാണ് തന്റെ വിശ്വാസമെന്ന് താരം വ്യക്തമാക്കി. 2019 അവസാനം നടന്ന പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര മുതല്‍ മിക്കി ആര്‍തര്‍ ആണ് ശ്രീലങ്കന്‍ കോച്ച്. പാക്കിസ്ഥാനില്‍ നിന്ന് വിട്ട് വന്ന ശേഷം മിക്കി ഏറ്റെടുത്ത ദൗത്യമായിരുന്നു ലങ്കന്‍ കോച്ചിന്റെ.

വളരെ അധികം അനുഭവസമ്പത്തുള്ള താരമാണ് മിക്കി ആര്‍തറെന്നും താരങ്ങളില്‍ ആത്മവിശ്വാസം കൊണ്ടുവരാന്‍ മിക്കിയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ദിമുത് കരുണാരത്നേ വ്യക്തമാക്കി. റാങ്കിംഗ് ഏറെ പ്രധാനമുള്ള ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്തുകയാണെങ്കില്‍ നേരിട്ടല്ലെങ്കിലും സെമി ഫൈനലിസ്റ്റുകളെന്ന ചിന്ത സ്വയം താരങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും കരുണാരത്നേ വ്യക്തമാക്കി.

നിലവില്‍ ഏകദിനത്തില്‍ എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. എന്നാല്‍ നാട്ടില്‍ അടുത്തിടെ വിന്‍ഡീസിനെ 3-0ന് ടീം പരാജയപ്പെടുത്തിയിരുന്നു എന്നാല്‍ ടി20 പരമ്പര 0-2ന് കൈവിടുകയും ചെയ്തു.

Exit mobile version