അവിശ്വസനീയം, അത്ഭുതം, ലോകം കണ്ട മികച്ച ഫീല്‍ഡിംഗ് ശ്രമവുമായി നിക്കോളസ് പൂരന്‍

പല അത്ഭുത ഫീല്‍ഡിംഗ് പ്രകടനങ്ങളും ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതാണെങ്കിലും ഇത് പോലെ ഒന്ന് കാഴ്ചയില്‍ നിന്നൊരിക്കലും മാഞ്ഞ് പോകില്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ന് നിക്കോളസ് പൂരന്‍ ബൗണ്ടറിയില്‍ നടത്തിയത്. 224 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന്‍ തുടക്കത്തില്‍ ജോസ് ബട്‍ലറെ നഷ്ടമായ ശേഷം സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും മുന്നോട്ട് നയിക്കുന്നതിനിടയിലാണ് അവിശ്വസനീയമായ ഒരു ഫീല്‍ഡിംഗ് പ്രകടനം ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

മുരുഗന്‍ അശ്വിന്‍ എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത് സഞ്ജു സിക്സര്‍ പറത്തിയെന്ന് ഏവരും വിശ്വസിച്ച നിമിഷത്തിലാണ് ബൗണ്ടറി ലൈനില്‍ ഒരാള്‍ പറന്ന് പോകുന്നത് കണ്ടത്. റോപ്പിനു മുകളിലൂടെ ഒരാള്‍ നീളത്തില്‍ ചാടിയുയര്‍ന്ന നിക്കോളസ് പൂരന്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം ഗ്രൗണ്ടില്‍ തൊടുന്നതിന് തൊട്ട് മുമ്പ് പന്ത് തിരികെ ഗ്രൗണ്ടിലേക്ക് ഇടുകയായിരുന്നു.

ക്യാച്ച് പൂര്‍ത്തിയാക്കുവാന്‍ കിംഗ്സ് ഇലവന്‍ താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും സിക്സെന്നുറച്ച ഒരു അവസരമാണ് വെറും രണ്ട് റണ്‍സില്‍ നിക്കോളസ് പൂരന്‍ ഒതുക്കിയത്. താന്‍ കണ്ട ഏറ്റവും മികച്ച ഫീല്‍ഡിംഗ് ശ്രമമെന്നാണ് കമന്റേറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇതിനെ വിശേഷിപ്പിച്ചത്.

45 പന്തില്‍ 100 റണ്‍സ് നേടി നിക്കോളസ് പൂരന്‍, പാട്രിയറ്റ്സിനെ കീഴടക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ മികച്ച വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. നിക്കോളസ് പൂരന്‍ 45 പന്തില്‍ നിന്ന് 100 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 10 സിക്സും 4 ഫോറുമാണ് താരം നേടിയത്. 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയാണ് ഗയാനയുടെ വിജയം. റോസ് ടെയിലര്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാട്രിയറ്റ്സിന് വേണ്ടി ജോണ്‍-റസ്സ് ജഗ്ഗേസര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് ജോഷ്വ ഡ സില്‍വ(59), ദിനേശ് രാംദിന്‍(37*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയത്. ഗയാനയ്ക്ക് വേണ്ടി ക്രിസ് ഗ്രീന്‍ 2 വിക്കറ്റ് നേടി.

 

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ഗയാനയ്ക്ക് വേണ്ടി നിക്കോളസ് പൂരന്‍ തിളങ്ങിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.

നേരത്തെ റോസ്ടണ്‍ ചേസ് 66 റണ്‍സ് നേടിയാണ് സൂക്ക്സിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 68 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ആണ് ഗയാന നിരയിലെ ടോപ് സ്കോറര്‍. കീമോ പോള്‍ 20 റണ്‍സ് നേടി. സൂക്ക്സിന് വേണ്ടി സ്കോട്ട് കുജ്ജെലൈന്‍ മൂന്ന് വിക്കറ്റും ചെമാര്‍ ഹോള്‍ഡര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കോവിഡ് മൂലം കൗണ്ടി കരാറുകള്‍ റദ്ദാക്കി യോര്‍ക്ക്ഷയര്‍, റദ്ദാക്കിയത് അശ്വിന്‍, കേശവ് മഹാരാജന്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകള്‍

കോവിഡ് വ്യാപനം തുടരുമ്പോള്‍ മറ്റു കൗണ്ടികളുടെ പാത പിന്തുടര്‍ന്ന് യോര്‍ക്ക്ഷയറും. തങ്ങളുടെ വിദേശ താരങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, കേശവ് മഹാരാജ്, നിക്കോളസ് പൂരന്‍ എന്നിവരുടെ കരാറുകളാണ് ഇവര്‍ റദ്ദാക്കിയത്. ഇവരുടെ കൂടി സമ്മതത്തോടെയാണ് നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഈ കരാറുകള്‍ റദ്ദാക്കുന്നതെന്ന് കൗണ്ടി അറിയിച്ചു.

ആദ്യം മെയ് 28 വരെയും പിന്നീട് ജൂലൈ 1 വരെയും ഇംഗ്ലണ്ടില്‍ യാതൊരുവിധ ക്രിക്കറ്റ് മത്സരങ്ങളും നടക്കില്ലെന്ന് നേരത്തെ ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വിവിധ കൗണ്ടികള്‍ താരങ്ങളുടെ കരാര്‍ റദ്ദാക്കുകയോ അടുത്ത വര്‍ഷത്തേക്ക് കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന രീതിയിലേക്കോ മാറ്റുകയായിരുന്നു.

ഭാവിയില്‍ ഈ താരങ്ങളെ വീണ്ടും ടീമില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് യോര്‍ക്ക്ഷയറിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മാര്‍ട്ടിന്‍ മോക്സണ്‍ അറിയിച്ചു.

സ്പോര്‍ട്സ് ഹബ്ബില്‍ കളി കൈവിട്ട് ഇന്ത്യ, പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം വിന്‍ഡീസ് മറികടന്നു.

അര്‍ദ്ധ ശതകം നേടിയ ലെന്‍ഡല്‍ സിമ്മണ്‍സിനൊപ്പം എവിന്‍ ലൂയിസ്(40), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(23), നിക്കോളസ് പൂരന്‍(38*) എന്നിവരാണ് വിന്‍ഡീസ് വിജയം എളുപ്പത്തിലാക്കിയത്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ക്കൈ നേടിക്കൊടുത്തത്.

18 പന്തില്‍ നിന്ന് 38 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമായി ചേര്‍ന്ന് സിമ്മണ്‍സ് 29 പന്തില്‍ നിന്ന് 61 റണ്‍സിന്റെ മികച്ച അപരാജിത കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.

നിക്കോളസ് പൂരന്‍ ഈ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് വരുമെന്ന് വിശ്വസിക്കുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന വിന്‍ഡീസിന്റെ നിക്കോളസ് പൂരന് പിന്തുണയുമായി സ്റ്റീവന്‍ സ്മിത്ത്. താരം തന്റെ ഈ തെറ്റ് തിരുത്തി ഇതില്‍ നിന്ന പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് വരുമെന്നാണ് സ്റ്റീവ് സ്മിത്ത് പറയുന്നത്.

ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരമാണ് സ്റ്റീവ് സ്മിത്ത്.. കേപ് ടൗണില്‍ പന്തില്‍ സാന്‍ഡ് പേപ്പര്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട് ഉരച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അന്നത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമായിരുന്നു.

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും കുറ്റം ചെയ്ത ബാന്‍ക്രോഫ്ടിന് 9 മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്.

നിക്കോളസ് ഭാവിയുള്ള മികച്ച പ്രതിഭയുള്ള താരമാണ്. അദ്ദേഹം ഇത് മറന്ന് മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് പ്രത്യാശിച്ചു. താന്‍ പൂരനുമായി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ടെന്നും അവിശ്വസനീയമായ പ്രതിഭയാണ് പൂരനെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.

ഓരോ ബോര്‍ഡും ഓരോ രീതിയിലുള്ളതാണ്, അവരുടെ നടപടികളും വ്യത്യസ്തമായിരിക്കും, പക്ഷേ താരങ്ങള്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അതാവര്‍ത്തിക്കാതെ തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് സ്മിത്ത് വ്യക്തമാക്കി. താനും പഴയ കാര്യം മറന്ന് മുന്നോട്ട് നീങ്ങി, അന്ന് അത് വളരെ കടുപ്പമേറിയ കാലമായിരുന്നു പക്ഷേ താന്‍ ഇന്നത്തെ കാര്യത്തെക്കുറിച്ചാണിപ്പോള്‍ ചിന്തിക്കുന്നതെന്നും സ്മിത്ത് വെളിപ്പെടുത്തി.

പന്തില്‍ കൃത്രിമം, നിക്കോളസ് പൂരന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ പന്തിന്റെ അവസ്ഥയെ മാറ്റുന്ന പ്രവര്‍ത്തി ചെയ്തതിനാല്‍ വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളസ് പൂരനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി. തന്റെ നഖം ഉപയോഗിച്ച് പന്ത് ചുരണ്ടിയതിനാലാണ് താരത്തിനെതിരെ നടപടി പൂരന്‍ തന്റെ ടീമിനോടും ആരാധകരോടും അഫ്ഗാനിസ്ഥാന്‍ ടീമിനോട് തന്റെ ചെയ്തിയില്‍ മാപ്പപേക്ഷിച്ചിട്ടുണ്ട്. നാല് ഡീമെറിറ്റ് പോയിന്റ് പിഴ ലഭിച്ച താരത്തിന് വിന്‍ഡീസിന്റെ അടുത്ത നാല് ടി20 മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന് ഇപ്പോള്‍ അഞ്ച് ഡീ മെറിറ്റ് പോയിന്റാണുള്ളത്.

തിങ്കളാഴ്ച ലക്നൗവിലായിരുന്നു സംഭവം. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരും തേര്‍ഡ് അമ്പയര്‍ ഫോര്‍ത്ത് അമ്പയര്‍ എന്നിവരാണ് പൂരനെതിരെ കുറ്റം ചുമത്തിയത്. താന്‍ ഇനി കൂടുതല്‍ കരുതലോടെയാവും ക്രിക്കറ്റിനെ സമീപിക്കുകയെന്നും ശക്തമായി തിരിച്ചുവരുമന്നും പൂരന്‍ വ്യക്തമാക്കി.

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

പൂരന്‍ ഷോ, നാല് വിക്കറ്റുമായി റൊമാരിയോയും വലിയ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനങ്ങള്‍ പുറത്തെടുത്ത നിക്കോളസ് പൂരന്‍, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ക്കൊപ്പം അര്‍ദ്ധ ശതകവുമായി ചന്ദ്രപോള്‍ ഹേംരാജും തിളങ്ങി. പൂരന്‍ 30 പന്തില്‍ നിന്ന് 5 സിക്സുകളടക്കം 61 റണ്‍സ് നേടിയപ്പോള്‍ നാല് സിക്സ് ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് 32 റണ്‍സായിരുന്നു ഷെര്‍ഫൈന്റെ സംഭാവന. ഹേംരാജ് 63 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് നേടിയത്. ട്രിഡന്റ്സിന് വേണ്ടി റോഷോണ്‍ പ്രൈമസ് രണ്ട് വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ബാര്‍ബഡോസിന് വേണ്ടി ആഷ്‍ലി നഴ്സ് 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയെങ്കിലും മറ്റ് താരങ്ങള്‍ പരാജയപ്പെട്ടത് ടീമിനെ 16.4 ഓവറില്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 133 റണ്‍സിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഗയാനയ്ക്ക് വേണ്ടി നാല് വിക്കറ്റ് പ്രകടനവുമായി റൊമാരിയോ ഷെപ്പേര്‍ഡ് ബൗളിംഗില്‍ തിളങ്ങി. ഷദബ് ഖാന് 2 വിക്കറ്റും ലഭിച്ചു.

നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്. 179/4 എന്ന നിലയിലായിരുന്ന വിന്‍ഡീസിനെ പിന്നീട് 179/6 എന്ന നിലയിലേക്ക് തള്ളിയിട്ടത് ഭുവനേശ്വര്‍കുമാര്‍ ആയിരുന്നു. ഇന്നിംഗ്സിന്റെ 35ാം ഓവറില്‍ നിലയുറപ്പിച്ച് ബാറ്റ് വീശുകയായിരുന്നു നിക്കോളസ് പൂരനെയും 18 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെയും ഒരേ ഓവറില്‍ പുറത്താക്കിയതോടെയാണ് വിന്‍ഡീസിന്റെ പതനം ആരംഭിച്ചത്.

179/4 എന്ന നിലയില്‍ നിന്ന് 182/8 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് പിന്നീട് കാര്യമായ ചെറുത്ത് നില്പില്ലാതെ കീഴടങ്ങുകയായിരുന്നു. 42 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്നാണ് ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്. ഒന്നോ രണ്ടോ വിക്കറ്റ് നേടിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരുവാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ഭുവി പറഞ്ഞു.

നിക്കോളസ് പൂരന് ബാറ്റിംഗില്‍ എന്ത് മാന്ത്രിക വിദ്യ കാണിക്കാമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ തന്നെ താരം നിന്നിരുന്നുവെങ്കില്‍ മത്സരം മാറ്റി മറിക്കുമെന്ന് ഉറപ്പായിരുന്നു. അത് പോലെ തന്നെ റോഷ്ടണ്‍ ചേസിന്റെ വിക്കറ്റും നിര്‍ണ്ണായകമായിരുന്നു. താരം ക്രീസിലെത്തിയ ഉടന്‍ തന്നെ സിംഗിളുകള്‍ നേടി നിലയുറപ്പിക്കുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും ഈ രണ്ട് വിക്കറ്റുകളും ഒരേ ഓവറില്‍ വീഴ്ത്താനായത് നിര്‍ണ്ണായമായെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

പൂരനുള്‍പ്പടെ പുതിയ താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കി വിന്‍ഡീസ്

നിക്കോളസ് പൂരന്‍, ഫാബിയന്‍ അല്ലെന്‍, ഒഷെയ്ന്‍ തോമസ് എന്നിവര്‍ക്ക് 2019-2020 സീസണിലേക്കുള്ള കേന്ദ്ര കരാര്‍ നല്‍കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. മൂന്ന് ഫോര്‍മാറ്റുകളിലേക്കുമുള്ള കരാറുകള്‍ ഡാരെന്‍ ബ്രാവോ, ജേസണ്‍ ഹോള്‍ഡര്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷായി ഹോപ്, കെമര്‍ റോച്ച് എന്നിവര്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ഈ കരാര്‍ വെറും നാല് താരങ്ങള്‍ക്കാണ് നല്‍കിയത്.

ലോകകപ്പില്‍ മികച്ച ഫോമിലുണ്ടായിരുന്ന താരമായിരുന്നു നിക്കോളസ് പൂരന്‍. താരമാണ് വിന്‍ഡീസ് ടീമിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമ. ശ്രീലങ്കയ്ക്കെതിരെ 118 റണ്‍സ് നേടിയതാണ് ഈ ടൂര്‍ണ്ണമെന്റിലെ പൂരന്റെ ഏറ്റവും മികച്ച സ്കോര്‍.

ഷെയിന്‍ ഡോവ്റിച്ച്, ഷാനണ്‍ ഗബ്രിയേല്‍, ജോമല്‍ വാരിക്കന്‍, ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ് എന്നിവരാണ് ടെസ്റ്റ് ക്രിക്കറ്റിനുള്ള കരാര്‍ ലഭിച്ച താരങ്ങള്‍. ഷെല്‍ഡണ്‍ കോട്രെല്‍, നിക്കോളസ് പൂരന്‍, റോവ്മന്‍ പവല്‍, ഒഷെയ്ന്‍ തോമസ്, ഫാബിയന്‍ അല്ലെന്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കരാര്‍ ലഭിച്ചു.

15 വനിത താരങ്ങള്‍ക്കും വിന്‍ഡീസ് കരാര്‍ നല്‍കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനെതിരെ 311 റണ്‍സ് നേടി വിന്‍ഡീസ്, മൂന്ന് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

എവിന്‍ ലൂയിസിന്റെയും ഷായി ഹോപിന്റെയും നിക്കോളസ് പൂരന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ക്ക് തലനാരിഴയ്ക്കാണ് അര്‍ദ്ധ ശതകം നഷ്ടമായത്. ക്രിസ് ഗെയിലിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടിയാണ് വിന്‍ഡീസ് ഇന്നിംഗ്സിന്റെ അടിത്തറ ഇരുവരും ചേര്‍ന്ന് പാകിയത്.

58 റണ്‍സ് നേടിയ ലൂയിസിനെ പുറത്താക്കി റഷീദ് ഖാനാണ് അഫ്ഗാനിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഹോപ്പിനൊപ്പം ക്രീസിലേക്കെത്തി ബാറ്റിംഗ് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 65 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ദവലത് സദ്രാന്‍ 39 റണ്‍സ് നേടിയ ഹെറ്റ്മ്യറെ പുറത്താക്കി. അധികം വൈകാതെ മുഹമ്മദ് നബി ഷായി ഹോപിന്റെ വിക്കറ്റും നേടിയപ്പോള്‍ 37.4 ഓവറില്‍ 192/4 എന്ന നിലയില്‍ നിലകൊണ്ടു. 77 റണ്‍സാണ് ഷായി ഹോപ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ നിക്കോളസ് പൂരന്‍-ജേസണ്‍ ഹോള്‍ഡര്‍ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ അവസാന ഓവറുകളില്‍ വിന്‍ഡീസ് സ്കോറിഗിന് വേഗത കൂടി. 105 റണ്‍സ് കൂട്ടുകെട്ട് നേടിയ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. 68 പന്തില്‍ നിന്നാണ് കൂട്ടുകെട്ട് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ നിക്കോളസ് പൂരന്‍ റണ്ണൗട്ട് ആവുകയായിരുന്നു. അതേ ഓവറില്‍ തന്നെ ജേസണ്‍ ഹോള്‍ഡറിനെ ഷിര്‍സാദ് പുറത്തായി.

നിക്കോളസ് പൂരന്‍ 58 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 45 റണ്‍സുമാണ് നേടിയത്. ഇരു താരങ്ങള്‍ക്കും 130 റണ്‍സിന് മേലെയുള്ള സ്ട്രൈക്ക് റേറ്റാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ 311 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. കാര്‍ലോസ് ബ്രാത്‍വൈറ്റ് നാല് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version