അടുത്ത വർഷം ഐപിഎല്ലിൽ കളിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്ന് മുഹമ്മദ് ആമിർ


മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ വീണ്ടും ഐപിഎല്ലിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. 33 കാരനായ അമീർ 2024 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഭാര്യയും യുകെ പൗരത്വമുള്ള വ്യക്തിയുമായ നർജിസ് ഖാത്തൂണിലൂടെ ബ്രിട്ടീഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണ് അമീർ ഇപ്പോൾ.

Mohammed Amir


യുകെ പാസ്‌പോർട്ട് നേടിയ ശേഷം 2012 ൽ ഐപിഎല്ലിൽ കളിച്ച അസർ മഹ്മൂദിന്റെ ഉദാഹരണമാക്കിയാണ് ആമിറിന്റെ നീക്കം. 2008 ലെ മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ കളിക്കാർക്ക് ബിസിസിഐ ഏർപ്പെടുത്തിയ ദീർഘകാല വിലക്ക് കാരണം, വിദേശ പൗരത്വമുള്ളവർക്ക് മാത്രമേ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കൂ.


ജിയോ ന്യൂസിനോട് സംസാരിക്കവെ, അവസരം ലഭിച്ചാൽ തീർച്ചയായും ഐപിഎല്ലിൽ കളിക്കുമെന്ന് അമീർ പറഞ്ഞു. ഇല്ലെങ്കിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“മുഹമ്മദ് ആമിറിന് വിരമിക്കൽ പിൻവലിച്ച് പാകിസ്ഥാനൊപ്പം കളിക്കാം”

വിരമിച്ച പാകിസ്താൻ പേസർ മുഹമ്മദ് ആമിറിന് വിരമിക്കൽ പിൻവലിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിക്കാം എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി. മുൻ പി സി ബിൽ ചെയർമാൻ റമീസ് രാജ അമീറിനെ ഒരിക്കലും കളിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. പാകിസ്ഥാൻ ടീം പരിശീലകർമാരും ക്രിക്കറ്റ് ബോർഡുമായി ഉടക്കി ആയിരുന്നു 2020ൽ ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

അമീർ പാകിസ്ഥാന് വേണ്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, വീണ്ടും കളിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. സേതി പറഞ്ഞു. 2010ൽ ഇംഗ്ലണ്ടിൽ നടന്ന മാച്ച് ഫിക്സിംഗ് കേസിൽ പെട്ടതിനാൽ മുമ്പ് അഞ്ച് വർഷത്തേക്ക് വിലക്കപ്പെട്ട താരം കൂടിയാണ് ആമിർ. പി സി ബി അനുകൂല നിലപാട് എടുത്തത് കൊണ്ട് ആമിർ തന്റെ തീരുമാനം മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകർ.

കറാച്ചി കിംഗ്സിന് തിരിച്ചടി, മുഹമ്മദ് അമീറിനും ഇല്യാസിനും പരിക്ക്, ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ കറാച്ചി കിംഗ്സിന് കനത്ത തിരിച്ചടി. ടീമിന്റെ പേസര്‍മാരായ മുഹമ്മദ് അമീറും മുഹമ്മദ് ഇല്യാസും പരിക്കേറ്റ് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകുകയാണ്. ഹാംസ്ട്രിംഗ് പരിക്ക് കാരണം അമീറിന് ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ ഈ സീസൺ തന്നെ താരത്തിന് നഷ്ടമാകുമെന്നാണ് അറിയുന്നത്.

അതേ സമയം ഇല്യാസ് ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചുവെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ഇരു താരങ്ങള്‍ക്കും പകരക്കാരെ ഫ്രാഞ്ചൈസി നോക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടൂര്‍ണ്ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബാബര്‍ അസം നയിക്കുന്ന ടീമിന് തോല്‍വിയായിരുന്നു ഫലം.

താന്‍ ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്നേക്കാമെന്ന് മുഹമ്മദ് അമീര്‍

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ സാധ്യതയെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍. താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴി‍ഞ്ഞ വര്‍ഷം ആണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. പിസിബി സിഇഒ വസീം ഖാനുമായി താന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാൽ പാക്കിസ്ഥാന്‍ ടീമിൽ താന്‍ വീണ്ടുമെത്തുമെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റും കോച്ച് മിസ്ബ ഉള്‍ ഹക്കുമായി തെറ്റിയാണ് അമീര്‍ തന്റെ 29ാം വയസ്സിൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാനേജ്മെന്റ് മാറിയാൽ താന്‍ തിരികെ എത്താമെന്നും താരം പറ‍ഞ്ഞിരുന്നു. വസീം ഖാനുമായി താരം നടത്തിയ ചര്‍ച്ചയെന്താണെന്ന് വ്യക്തമല്ലെങ്കിലും പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിനെ അത്തരത്തിൽ മാറ്റുവാന്‍ ബോര്‍ഡ് മുതിരുമോ എന്നും അതോ താരം തന്റെ നിലപാടിൽ അയവ് വരുത്തുമോ എന്നുമാണ് കാണേണ്ടത്.

താരവും മാനേജ്മെന്റുമായുള്ള പിണക്കം മാറ്റുവാന്‍ താന്‍ ശ്രമിക്കുമെന്നാണ് വസീം ഖാന്‍ മുന്‍ അവസരങ്ങളിൽ പറഞ്ഞിട്ടുള്ളത്. അമീര്‍ വളരെ മികച്ചൊരു താരമാണെന്നും താരത്തിന്റെ സേവനം പാക്കിസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നും വസീം ഖാന്‍ പറഞ്ഞു.

മിക്കി ആർതർ എന്നും സംരക്ഷിക്കാനുണ്ടാകില്ലെന്ന് അമീർ മനസ്സിലാക്കണമായിരുന്നു, താരത്തിന് പക്വതയില്ല

പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് അമീറിന് പക്വതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ. താരത്തിന് മുൻ കോച്ച് മിക്കി ആർതറിൽ നിന്ന് എന്നും സംരക്ഷണം കിട്ടുമെന്ന ചിന്ത പാടില്ലായിരുന്നുവെന്നും ടീം മാനേജ്മെന്റുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അക്തർ പറഞ്ഞു. മുഹമ്മദ് ഹഫീസിന് പലപ്പോഴും മാനേജ്മെന്റുമായി പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ താരം ദൈർഘ്യമേറിയ കരിയർ സ്വന്തമാക്കിയത് എങ്ങനെയെന്ന് അമീർ പഠിക്കേണ്ടതുണ്ടെന്നും ഷൊയ്ബ് അക്തർ പറഞ്ഞു.

ചില ദിവസം നമുക്ക് നല്ലതായിരിക്കും ചില ദിവസം മോശമായിരിക്കും എന്നും ഒരാളുടെ തണലിൽ കഴിയാമെന്ന ചിന്തയാണ് അമീറിന് വിനയായതെന്നും താരത്തിന് ഒട്ടും പക്വതയില്ലെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. ഹഫീസിനെതിരെ മാനേജ്മെന്റ് തിരിഞ്ഞപ്പോൾ താരം ബാറ്റ് കൊണ്ടാണ് മറുപടി കൊടുത്തതെന്നും അതിനാൽ തന്നെ സെലക്ടർമാർക്ക് താരത്തെ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അക്തർ സൂചിപ്പിച്ചു.

പാക്കിസ്ഥാൻ ടീം മാനേജ്മെന്റുമായുള്ള പ്രശ്നം കാരണം മുഹമ്മദ് അമീർ കഴിഞ്ഞ വർഷം അവസാനം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാൻ തീരുമാനിച്ചിരുന്നു.

കന്നി കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ അമീര്‍ എത്തുന്നു, കളിക്കുക ബാര്‍ബഡോസിന് വേണ്ടി

തന്റെ അരങ്ങേറ്റ കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാനായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ എത്തുന്നു. ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടിയാണ് താരം കളിക്കുവാനെത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ സെയിന്റ് കിറ്റ്സ് & നെവിസില്‍ ആണ് ടൂര്‍ണ്ണമെന്റ് നടക്കുക. കഴിഞ്ഞ ഡിസംബറില്‍ പാക്കിസ്ഥാന്‍ മാനേജ്മെന്റുമായി തെറ്റി പിരിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഈ മാനേജ്മെന്റ് മാറുകയാണെങ്കില്‍ മടങ്ങി വരവിന് താന്‍ തയ്യാറാണെന്ന് നിലയിലേക്ക് താരം നിലപാട് മാറ്റിയിരുന്നു.

 

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പ് ടീമിലുണ്ടാവണം – വസീം അക്രം

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പേസ് ബൗളര്‍ വസീം അക്രം. പാക്കിസ്ഥാന്‍ താരം കഴിഞ്ഞ വര്‍ഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഇപ്പോള്‍ ടീം മാനേജ്മെന്റിനോട് അമീറിനെ പരിഗണിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോളത്തെ ടീം മാനേജ്മെന്റ് മാറിയാല്‍ മാത്രമേ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ച് വരവ് പദ്ധതിയിടുന്നുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് അമീര്‍ എന്നും വ്യക്തിപരമായി താരം പാക്കിസ്ഥാന്റെ ടി20 സ്ക്വാഡില്‍ ഉണ്ടാകേണ്ടതാണെന്നുമാണ് തന്റെ അഭിപ്രായം എന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

ബ്രിട്ടീഷ് പൗരത്വം നേടുവാന്‍ പദ്ധതി, ലക്ഷ്യം ഐപിഎല്‍ കളിക്കുക – മുഹമ്മദ് അമീര്‍

ഐപിഎല്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. കഴിഞ്ഞ വര്‍ഷം വെറും 29 വയസ്സുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. അതിന് ശേഷം താരം യുകെയില്‍ തന്റെ കുടുംബത്തോടൊപ്പമാണ് താമസം.

പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ നിലപാടുകളിലും തന്നോടുള്ള പെരുമാറ്റത്തിലും മടുത്താണ് മുഹമ്മദ് അമീര്‍ വിരമിച്ചത്. നിലവിലുള്ള മാനേജ്മെന്റ് മാറിയാല്‍ താന്‍ വീണ്ടും പാക്കിസ്ഥാന് വേണ്ടി കളിക്കാമെന്നും താരം പറഞ്ഞിരുന്നു. താന്‍ ഇനിയും 6-7 വര്‍ഷം കളിക്കുമെന്നാണ് കരുതുന്നതെന്നും ബ്രിട്ടീഷ് പൗരത്വം എടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അമീര്‍ പറഞ്ഞു.

അത് വഴി ഐപിഎല്‍ കളിക്കാനും തനിക്കാകുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു. ഐപിഎലിന്റെ രണ്ടാം പതിപ്പ് മുതല്‍ പാക്കിസ്ഥാന്‍ താരങ്ങളെ ഐപിഎലില്‍ ബിസിസിഐ പങ്കെടുപ്പിക്കാറില്ല. ആദ്യ സീസണിന് ശേഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദ് ഇംഗ്ലണ്ട് താരമായി രജിസ്റ്റര്‍ ചെയ്താണ് ഐപിഎലില്‍ കളിച്ചത്.

മുഹമ്മദ് അമീര്‍ വൈറ്റാലിറ്റി ടി ബ്ലാസ്റ്റിനായി കെന്റിനൊപ്പം ചേരും

ടി20 ബ്ലാസ്റ്റിനായി മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ എത്തുന്നു. കെന്റിന് വേണ്ടിയാകും താരം കളിക്കുക. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ഘട്ടത്തിലാവും താരം ടീമിനൊപ്പം ചേരുക. ഗ്രൂപ്പ് ഘട്ടത്തില്‍ കെന്റിന് വേണ്ടി ഏഴ് മത്സരത്തിലോളം താരം കളിക്കുമെന്നാണ് അറിയുന്നത്.

കെന്റ് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ അതും കളിക്കാന്‍ താരം ഉണ്ടാകുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചിയുടെ മുന്നേറ്റത്തെ ആശ്രയിച്ചായിരിക്കും കെന്റിനൊപ്പം താരം എന്ന് ചേരുമെന്നതില്‍ വ്യക്തത വരികയുള്ളു.

2020ല്‍ ആണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള തീരുമാനം എടുത്തത്. 29 വയസ്സ് മാത്രമാണ് താരത്തിനായിട്ടുള്ളത്.

അമീറിനെ പുറത്താക്കിയത് മോശം ഫോം കാരണം – മിസ്ബ ഉള്‍ ഹക്ക്

മുഹമ്മദ് അമീറിനെ പാക് ടീമില്‍ നിന്ന് പുറത്താക്കിയത് താരത്തിന്റെ മോശം ഫോം കാരണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. നേരത്തെ പാക്കിസ്ഥാന്‍ കോച്ചിംഗ് സെറ്റപ്പിന്റെ മാനസിക പീഢനം കാരണം താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

താരം തന്റെ പ്രകടനങ്ങളില്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും മിസ്ബ സൂചിപ്പിച്ചു. താരത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ താന്‍ എന്നും താരങ്ങളെ ബഹുമാനിച്ചിട്ടുണ്ടെന്നും താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ അന്ന് ക്യാപ്റ്റനെന്ന നിലയിലും പിന്നീട് കോച്ചെന്ന നിലയിലും അമീറിനെ താന്‍ പിന്തുണച്ചിട്ടുണ്ടെന്ന് മിസ്ബ വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് താരം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പിന്മാറി. അതിന് ശേഷം ടീമിലേക്ക് തിരികെ എത്തിയെങ്കിലും മികച്ച ഫോം പുറത്തെടുക്കുവാനായില്ലെന്നും അമീര്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുകയല്ലായിരുന്നുവെന്നും മറ്റു ബൗളര്‍മാരില്‍ നിന്ന് അത് വരികയും ചെയ്തുവെന്ന് മിസ്ബ ഉള്‍ ഹക്ക് അഭിപ്രായപ്പെട്ടു.

വഖാറും താനും താരത്തിനോട് പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഷഹീന്‍, നസീം, ഹസ്നൈന്‍ എന്നീ താരങ്ങളോട് മത്സരിച്ച് നില്‍ക്കുവാന്‍ അമീറിന് സാധിക്കാതെ വന്നപ്പോള്‍ സീനിയര്‍ താരമാണെങ്കിലും പുറത്ത് ഇരുത്തേണ്ട സാഹചര്യമാണുണ്ടായതെന്നും അമീര്‍ പറയുന്ന പോലെ വഖാര്‍ അല്ല ഇതിന് പിന്നിലെന്നും മിസ്ബ വ്യക്തമാക്കി.

അമീറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സെലക്ടര്‍മാരും ക്യാപ്റ്റന്മാരും എല്ലാം ഉള്‍പ്പെടുന്നുവെന്നും ആര്‍ക്കും താരത്തിന് മറ്റൊരു അവസരം നല്‍കണമെന്നുണ്ടായിരുന്നില്ലെന്നും മിസ്ബ വ്യക്തമാക്കി.

 

മുഹമ്മദ് അമീറിന്റെ റിട്ടയര്‍മെന്റ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെ ബാധിക്കും

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍ അടുത്തിടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടീം മാനേജ്മെന്റിന്റ് മാനസ്സിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് താരം റിട്ടയര്‍ ചെയ്തത്. താരത്തിന്റെ ഈ തീരുമാനം പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇമേജിനെ ബാധിക്കുമെന്നാണ് മുന്‍ ക്യാപ്റ്റനും സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്. തന്റെ 28ാം വയസ്സിലാണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്, ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ് എന്നിവരാണ് തന്റെ റിട്ടയര്‍മെന്റിന് പിന്നിലെന്നാണ് അമീര്‍ വ്യക്തമാക്കിയത്. അമീര്‍ ഇത്തരത്തില്‍ വിരമിക്കല്‍ തീരുമാനിച്ചതിന് മുമ്പ് ഒരു വട്ടം പാക്കിസ്ഥാന്‍ ബോര്‍ഡുമായി സംസാരിക്കണമായിരുന്നവെന്നും ഇന്‍സമാം ഉള്‍ ഹക്ക് സൂചിപ്പിച്ചു.

ഇനി ഇത്തരം സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്‍സമാം വ്യക്തമാക്കി.

അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതാണ്, മൂന്നാം ടെസ്റ്റില്‍ താരത്തിനെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന നല്‍കി വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീറിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഏകദിനത്തിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണെന്നാണ് വഖാര്‍ യൂനിസ് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അതിനാല്‍ തന്നെ താരത്തിനെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം ടെസ്റ്റും സൗത്താംപ്ടണിലാണ് നടക്കുന്നത്. അതിനാല്‍ തന്നെ കാലാവസ്ഥ അനുസരിച്ചുള്ള മാറ്റങ്ങള്‍ ടീമില്‍ വന്നേക്കാമെന്നും വഖാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് അവസാന നിമിഷം മുഹമ്മദ് അമീറും വഹാബ് റിയാസും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. പാക്കിസ്ഥാനെ ഇവര്‍ ചതിച്ചുവെന്നാണ് അന്ന് വഖാര്‍ ഉള്‍പ്പെടുന്ന മുന്‍ താരങ്ങള്‍ പറഞ്ഞത്.

ഓഗസ്റ്റ് 21നാണ് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് അരങ്ങേറുക.

Exit mobile version