ലാഹോറിനെ തകർത്ത് മുൾത്താൻ സുൽത്താൻ പാകിസ്താൻ പ്രീമിയർ ലീഗ് ഫൈനലിൽ

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ ഉറപ്പിച്ച് മുൾത്താൻ സുൽത്താൻ. ലാഹോർ ഖലന്ദേഴ്സിനെ 84 റൺസിനു പരാജയപ്പെടുത്തി ആണ് മുൾത്താൻ ഫൈനൽ ഉറപ്പിച്ചത്‌. തുടർച്ചയായ മൂന്നാം സീസണിലാണ് മുൾത്താൻ സുൽത്താൻ ഫൈനലിൽ എത്തുന്നത്‌. ഇന്ന് മുൾത്താൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലാഹോർ ആകെ 76 റൺസ് മാത്രമാണ് എടുത്തത്. ആകെ രണ്ടു താരങ്ങൾ ആണ് ലഹോർ നിരയിൽ രണ്ടക്കം കണ്ടത്‌.

മുൾത്താനു വേണ്ടി ഷെൽഡൻ കോട്രൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉസാമ മിർ 2 വിക്കറ്റും വീഴ്ത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 57 റൺസുമായി കീറോൺ പൊള്ളാർഡ് ആണ് സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ നൽകിയത്‌. 34 പന്തിൽ 6 സിക്സ് ഉൾപ്പെടുന്നത് ആയിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. 33 റൺസ് എടുത്ത ക്യാപ്റ്റൻ റിസുവാൻ 29 റൺസെടുത്ത ഉസ്മാൻ ഖാൻ, 22 എടുത്ത ടിം ഡേവിഡ് ഒഴികെ ബാക്കിയുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ലാഹോർ ഖലന്ദേഴ്സിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും റാഷിദ് ഖാനും സമാൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

ഇഹ്സാനുള്ളയുടെ ബൗളിംഗും റോസോയുടെ ബാറ്റിംഗും, മുൾത്താൻ സുൽത്താൻസിന് മൂന്നാം വിജയം

പിഎസ്എൽ 2023ലെ അഞ്ചാം മത്സരത്തിൽ പെഷവാർ സാൽമിക്കെതിരെ മുൾത്താൻ സുൽത്താൻസിന് 56 റൺസിന്റെ വിജയം. മുൾത്താൻ സുൽത്താൻസിന്റെ ഈ സീസണിലെ മൂന്നാം വിജയം ആണിത്. മുൾത്താനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ 210-3 എന്ന മികച്ച സ്‌കോറാണ് നേടിയത്. 42 പന്തിൽ റൺസ് 57 റൺസ് എടുത്ത റിസുവാനും 36 പന്തിൽ 75 റൺസ് എടുത്ത റോസോയും മുൾത്താൻസിനായി ഗംഭീര പ്രകടനം നടത്തി.

മറുപടിയായി, പെഷവാർ സാൽമിക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടക്കം മുതൽ ആവശ്യമായ റൺറേറ്റ് നിലനിർത്താൻ അവർ പാടുപെട്ടു. 37 പന്തിൽ 53 റൺസ് നേടിയ സയിം അയൂബ് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും 18.5 ഓവറിൽ ടീം 154ന് ഓൾഔട്ടായി.

മുൾത്താൻ സുൽത്താൻ ബൗളർമാർ പ്രശംസനീയമായ പ്രകടനമാണ് പുറത്തെടുത്തത്, ഉസാമ മിറും ഇഹ്‌സാനുള്ളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ടീമിനെ അനായാസ ജയം ഉറപ്പിച്ചു. ഇഹ്സാനുള്ളയാണ് ഇപ്പോൾ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം.

മുൽത്താന്‍ സുൽത്താന്‍സിന് പുതിയ ബൗളിംഗ് കോച്ച്

മുൽത്താന്‍ സുൽത്താന്‍സിന് പുതിയ ബൗളിംഗ് കോച്ച്. ഓട്ടിസ് ഗിബ്സണിന് പകരം മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ അജ്മൽ ഷഹ്സാദ് ആണ് ബൗളിംഗ് കോച്ചായി എത്തുന്നത്. യോര്‍ക്ക്ഷയറിന്റെ ഹെഡ് കോച്ചായതിനാൽ ഓട്ടിസ് ഗിബ്സണിന് കൗണ്ടി ദൗത്യം ഉള്ളതിനാലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുന്നത്.

മുമ്പ് മുൽത്താന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അജ്മൽ. നിലവിൽ ഡര്‍ബിഷയറിന്റെ ബൗളിംഗ് കോച്ചാണ് അജ്മൽ. അസ്ഹര്‍ മഹമ്മൂദ് ആണ് സുൽത്താന്‍സിന്റെ മുഖ്യ കോച്ച്.

നിലവിലെ റണ്ണേഴ്സപ്പുകളായ മുൽത്താന്‍ കഴിഞ്ഞ തവണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു.

മുൽത്താൻ സുൽത്താൻസിന് ഫൈനലില്‍ കാലിടറി, ലാഹോ‍‍‍ർ ഖലന്തേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജേതാക്കള്‍

ലീഗ് ഘട്ടത്തിൽ ഏറ്റവും അധികം പോയിന്റുമായി പ്ലേ ഓഫിലെത്തിയ മുൽത്താന്‍ സുൽത്താന്‍സിനെ കീഴടക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കരസ്ഥമാക്കി ലാഹോര്‍ ഖലന്തേഴ്സ്.

ഇന്ന് നടന്ന ഫൈനലില്‍ 42 റൺസിന്റെ വിജയം ആണ് ലാഹോര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 180/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് 138 റൺസ് മാത്രമേ നേടാനായുള്ളു.

ക്വാളിഫയറിൽ ലാഹോറിനെ മുൽത്താന്‍ കീഴടക്കിയിരുന്നു. എന്നാൽ ഫൈനലില്‍ അതിനുള്ള പ്രതികാരം കൂടി വീട്ടിയാണ് ലാഹോറിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മുൽത്താന്‍ ഏറ്റ ഏക പരാജയം ലാഹോറിനോടായിരുന്നു.

ലാഹോറിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മുഹമ്മദ് ഹഫീസ്(69), ഹാരി ബ്രൂക്ക്(22 പന്തിൽ പുറത്താകാതെ 41), ഡേവിഡ് വീസ്(8 പന്തിൽ പുറത്താകാതെ 28) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ടീമിനെ 180/5 എന്ന സ്കോറിലേക്ക് നയിച്ചു. മുൽത്താന് വേണ്ടി ആസിഫ് അഫ്രീദി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുൽത്താന്‍ നിരയിൽ ലഭിച്ച തുടക്കം മുതലാക്കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. 32 റൺസ് നേടിയ ഖുഷ്ദിൽ ഷാ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 27 റൺസ് നേടി.

ലാഹോറിന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് ഹഫീസ്, സമന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആവാന്‍ ആന്‍ഡി ഫ്ലവര്‍ യോഗ്യന്‍ – അസ്ഹര്‍ മഹമ്മൂദ്

മുൽത്താന്‍ സുല്‍ത്താന്‍സിന്റെ മുഖ്യ കോച്ച് ആയ ആന്‍ഡി ഫ്ലവര്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആകുവാന്‍ ഏറെ യോഗ്യനാണെന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. സുല്‍ത്താന്‍സിൽ മഹമ്മൂദ് ഫ്ലവറിനൊപ്പം കോച്ചിംഗ് സ്റ്റാഫിൽ ബൗളിംഗ് കോച്ചായി സഹായത്തിനുണ്ടായിരുന്നു. ഈ സീസൺ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കിരീട ജേതാക്കളായിരുന്നു മുൽത്താന്‍ സുല്‍ത്താന്‍സ്.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ കഴിവുള്ള ആന്‍ഡി ഫ്ലവറിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. ടി10ലും രണ്ട് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സീസണിലും താന്‍ ആന്‍ഡി ഫ്ലവറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെെന്നും തനിക്ക് വളരെ അധികം ഇഷ്ടമുള്ള വ്യക്തിയാണ് ഫ്ലവര്‍ എന്നും അസ്ഹര്‍ വ്യക്തിമാക്കി

മോഡേൺ ഡേ ക്രിക്കറ്റിനെക്കുറിച്ച് മികച്ച വിവരം ഉള്ളയാളാണ് ആന്‍ഡി ഫ്ലവറെന്നും താന്‍ ഭാവിയിൽ ഫ്ലവര്‍ പാക്കിസ്ഥാന്‍ കോച്ചായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണെന്നും സൂചിപ്പിച്ചു.

പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറ‍ഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ന്റെ കണ്ടെത്തൽ എന്ന് തന്നെ വിശേഷിപ്പിക്കപ്പെട്ട താരമാണ് ഇപ്പോല്‍ ദഹാനി. മുൽത്താന്‍ സുൽത്താന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിൽ താരത്തിന്റെ പങ്കും വലുതാണ്.

11 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. പാക്കിസ്ഥാന്റെ പേസ് സംഘത്തെ ഭാവിയിൽ നയിക്കുക താരമായിരിക്കുമെന്നാണ് ഏവരും പറയുന്നത്. ഇപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സ് ബൗളിംഗ് കോച്ചായ അസ്ഹര്‍ മഹമ്മൂദും ഇതേ അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ബാറ്റ്സ്മാന്മാര്‍ തന്നെ അടിച്ച് പറത്തിയാലും സംയമനം കൈവിടാതെ പന്തെറിയുവാന്‍ മികച്ച ശേഷിയാണ് താരത്തിനുള്ളതെന്നും പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചത് പോലെയാണ് ഇതെന്നും അസ്ഹര്‍ മഹമ്മൂദ് സൂചിപ്പിച്ചു.

ഷഹ്നവാസിന് ഇതൊരു തുടക്കം മാത്രമാണെന്നും താരത്തിന്റെ ഔട്ട് സ്വിംഗറുകള്‍ക്കും ഇന്‍ സ്വിംഗറുകള്‍ക്കും കൂടുതൽ മൂര്‍ച്ച കൂട്ടേണ്ടതായിട്ടുണ്ടെന്നും താന്‍ പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചിന് ഇത് സംബന്ധിച്ച് കുറിപ്പ് നല്‍കുമന്നുംം അസ്ഹര്‍ മഹമ്മൂദ് വ്യക്തമാക്കി.

പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സല്‍മിയ്ക്ക് നേടാനായത്. 35 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മക്സൂദിനൊപ്പം 21 പന്തിൽ അര്‍ദ്ധ ശതകം നേടിയ റൈലി റോസോവ്, ഷാന്‍ മസൂദ്(37), മുഹമ്മദ് റിസ്വാന്‍(30) എന്നിവരാണ് സുല്‍ത്താന്‍സിന് വേണ്ടി റൺസ് കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സല്‍മിയ്ക്ക് വേണ്ടി ഷൊയ്ബ് മാലിക് 48 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കമ്രാന്‍ അക്മൽ(36) റൺസ് നേടി. റോവ്മന്‍ പവൽ 14 പന്തിൽ 23 റൺസും ഷെര്‍മൈന്‍ റൂഥര്‍ഫോര്‍ഡ് 10 പന്തിൽ 18 റൺസും നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

സുൽത്താന്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ഇമ്രാന്‍ ഖാന്‍, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

അഫ്രീദിയ്ക്ക് പകരം ആസിഫ് അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് കളിക്കാനാകത്തതില്‍ വലിയ വിഷമമുണ്ടെന്നും തന്റെ ടീമിന് എല്ലാവിധ ആശംസകളും തന്റെ പ്രാര്‍ത്ഥനകള്‍ എപ്പോളും ഉണ്ടാകുമെന്നും മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം നടത്തും

യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കും. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അരങ്ങേറ്റം ആയിരിക്കും ഇത്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്.

ഷിമ്രണ്‍ ഹെറ്റ്മ്യറിന് പിന്നാലെ ജോണ്‍സണ്‍ ചാള്‍സ്, ഹമ്മദ് അസം, മുഹമ്മദ് വസീം എന്നിവരെയും മുല്‍ത്താന്‍ സുല്‍ത്താന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍. മസൂദില്‍ നിന്ന് പാക്കിസ്ഥാനെ ബാബര്‍ അസമിന്റെ അഭാവത്തില്‍ നയിച്ച മുഹമ്മദ് റിസ്വാനിലേക്ക് ക്യാപ്റ്റന്‍സി കൈമാറുകയാണെന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20ന് ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിയ്ക്കുന്നത്. ആദ്യ മത്സരത്തില്‍ കറാച്ചി കിംഗ്സ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെ നേരിടും.

ജെയിംസ് വിന്‍സ് കോവിഡ് പോസിറ്റീവ്, പിഎസ്എലില്‍ നിന്ന് പുറത്ത്, പകരം താരമായി ജോ ഡെന്‍ലി

ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്ത്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാനിരുന്ന താരത്തിന്റെ കൊറോണ ഫലം പോസിറ്റീവായതോടെയാണ് ഈ തിരിച്ചടി. സുല്‍ത്താന്‍സിന്റെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് കാരണം ടീമില്‍ നിന്ന് പുറത്താകുന്നത്. നേരത്തെ ബംഗ്ലാദേശ് താരം മഹമ്മദുള്ളയും സമാനമായ രീതിയില്‍ പുറത്ത് പോയിരുന്നു.

ജോ ഡെന്‍ലിയെയാണ് ഫ്രാഞ്ചൈസി പകരക്കാരന്‍ താരമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ കൊറോണ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളു. ഇംഗ്ലണ്ടിലെ പരിശോധന അനുകൂലമെങ്കില്‍ പാക്കിസ്ഥാനില്‍ എത്തുന്ന താരത്തിന്റെ രണ്ട് ടെസ്റ്റുകള്‍ കൂടി നടത്തി ഫലം നെഗറ്റീവെങ്കില്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവാദം ലഭിയ്ക്കുകയുള്ളു.

ബംഗ്ലാദേശ് താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്, പിഎസ്എല്‍ കളിക്കില്ല

ബംഗ്ലാദേശ് സീനിയര്‍ താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്. ഇതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് ലീഗില്‍ കളിക്കുവാനുള്ള താരത്തിന്റെ അവസരം നഷ്ടമാകും. താരം കോവിഡ് പോസിറ്റീവ് ആയി എന്നത് ബംഗ്ലാദേശ് ബോര്‍ഡ് ആണ് സ്ഥിരീകരിച്ചത്.

നവംബര്‍ 14 മുതല്‍ 17 വരെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. മോയിന്‍ അലിയ്ക്ക് പകരം ആണ് മഹമ്മദുള്ളയെ മുല്‍ത്താന്‍ സുല്‍ത്താന്‍സ് സ്വന്തമാക്കിയത്.

Exit mobile version