ഇംഗ്ലണ്ടിന് തിരിച്ചടി: രണ്ടാം ആഷസ് ടെസ്റ്റിൽ മാർക്ക് വുഡ് കളിക്കില്ല


ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ആഷസ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ടിന് തിരിച്ചടി. പ്രധാന പേസ് ബൗളർ മാർക്ക് വുഡ് മത്സരത്തിന് മുൻപ് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധ്യതയില്ല. 2024 ഓഗസ്റ്റിന് ശേഷം പെർത്ത് ടെസ്റ്റിലാണ് വുഡ് തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒമ്പത് മാസത്തെ വിശ്രമത്തിന് ശേഷമെത്തിയ വുഡ്ഡിന്റെ ഇടത് കാൽമുട്ടിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നു, ഇത് അദ്ദേഹത്തെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താകാൻ കാരണമായി.

ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് രണ്ട് ദിവസം കൊണ്ട് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് തന്ത്രങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.


35-കാരനായ വുഡ് പെർത്തിൽ 11 ഓവറുകളാണ് എറിഞ്ഞത്. ഉയർന്ന വേഗതയിൽ പന്തെറിഞ്ഞെങ്കിലും അദ്ദേഹത്തിന് 0-44 എന്ന സാധാരണ പ്രകടനമാണ് കാഴ്ചവെക്കാൻ സാധിച്ചത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഓസ്‌ട്രേലിയ 205 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടർന്ന് വിജയിച്ചിരുന്നു.

ആഷസ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ടിന് ആശ്വാസം, മാർക്ക് വുഡിന് പരിക്കില്ലെന്ന് സ്ഥിരീകരിച്ചു


പെർത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയൺസിനെതിരായ സന്നാഹ മത്സരത്തിനിടെ ഇടത് ഹാംസ്ട്രിങ്ങിന് മുറുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മാർക്ക് വുഡിനെ നടത്തിയ പരിശോധനയിൽ പരിക്കൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. സന്നാഹ മത്സരത്തിൽ കളം വിട്ട വുഡിനെ മുൻകരുതലിന്റെ ഭാഗമായാണ് സ്കാനിംഗിന് വിധേയനാക്കിയത്.

പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) സ്ഥിരീകരിച്ചു. നവംബർ 21-ന് ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വുഡ് പരിശീലനം തുടരും. എങ്കിലും ആദ്യ മത്സരത്തിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.


ഈ വർഷം ആദ്യം കാൽമുട്ടിലെ പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ട വുഡിന് മത്സര ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചുവരവ് പ്രധാനപ്പെട്ടതാണ്. ജോഫ്ര ആർച്ചർ, ബ്രൈഡൺ കാർസ്, ബെൻ സ്റ്റോക്സ് എന്നിവരെപ്പോലുള്ള ബൗളർമാർക്കൊപ്പം വുഡിന്റെ ഫിറ്റ്‌നസ് ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് കൂടുതൽ ശക്തി നൽകും.

ആഷസ് സന്നാഹ മത്സരത്തിൽ മാർക്ക് വുഡിന് പരിക്ക്


പെർത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായി പെർത്തിലെ ലിലാക് ഹില്ലിൽ നടന്ന ഏക സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ടിന്റെ പേസ് ബൗളർ മാർക്ക് വുഡിന് (Mark Wood) ഹാംസ്ട്രിങ്ങിന് മുറുക്കം അനുഭവപ്പെട്ടു. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് എട്ട് ഓവറുകൾ പൂർത്തിയാക്കിയ ശേഷം മുൻകരുതലിന്റെ ഭാഗമായി വുഡ് കളം വിട്ടത്. പരിക്കിന്റെ തീവ്രത വിലയിരുത്തുന്നതിനായി വുഡിനെ പ്രികോഷണറി സ്കാനിംഗിന് വിധേയനാക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) സ്ഥിരീകരിച്ചു.

എങ്കിലും, അദ്ദേഹത്തിന് രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ബൗൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളോളം വിട്ടുനിന്ന വുഡ് ആശസിലൂടെ തിരിച്ചുവരാൻ ഇരിക്കുകയായിരുന്നു.


നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി വുഡിന്റെ ഫിറ്റ്‌നസ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന 35-കാരനായ താരം ദീർഘകാലത്തെ വിശ്രമത്തിന് ശേഷം പതിയെ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം ബെൻ സ്റ്റോക്സ് ആറ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇംഗ്ലണ്ട് ലയൺസിനെ 382 റൺസിന് പുറത്താക്കുകയും ചെയ്തു.

മാർക്ക് വുഡ് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിലൂടെ മടങ്ങിയെത്താൻ ഒരുങ്ങുന്നു


ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് ലക്ഷ്യമിടുന്നു. ജൂലൈ 31-ന് ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിലൂടെയാണ് വുഡ് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്. 2025 ചാമ്പ്യൻസ് ട്രോഫിക്കിടെ ലിഗമെന്റിന് പരിക്കേറ്റതിനെ തുടർന്ന് കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായ വുഡ്, നിലവിൽ ചെറിയ തോതിലുള്ള ബൗളിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.


35 വയസ്സുകാരനായ വുഡ് ജൂലൈ 22-ന് ഡർഹാമിനായി സോമർസെറ്റിനെതിരെ നടക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തന്റെ ഫിറ്റ്നസ് തെളിയിക്കാനാണ് പദ്ധതിയിടുന്നത്. ഇംഗ്ലണ്ടിന്റെ പേസ് നിര ദുർബലമാണെങ്കിലും, ഈ വർഷം അവസാനം നടക്കുന്ന ആഷസ് പരമ്പരക്ക് മുന്നോടിയായി വുഡിന്റെ തിരിച്ചുവരവ് ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

മാർക്ക് വുഡ് ദീർഘകാലം പുറത്ത്, ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും

കാൽമുട്ടിന് ശസ്ത്രക്രിയയെ തുടർന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡ് ദീർഘകാലം പുറത്ത്. ജൂൺ 20 മുതൽ ഓഗസ്റ്റ് 4 വരെ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റ് പരമ്പര ഉൾപ്പെടെ ചുരുങ്ങിയത് നാല് മാസത്തേക്ക് താരം വിട്ടു നിൽക്കേണ്ടി വരും.

ഫെബ്രുവരി 26-ന് അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിൻ്റെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ ആയിരുന്നു വുഡിൻ്റെ കാൽമുട്ടിന് പരിക്കേറ്റത്. ജൂലൈ അവസാനത്തോടെ താരം മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു.

മാർക്ക് വുഡിന് പരിക്ക്, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡ് ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു. പേശി വലിവ് കാരണം ആണ് താരത്തിന്റെ ശേഷിക്കുന്ന ടെസ്റ്റുകൾ നഷ്ടമാകുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ പരിക്ക് കാരണം വുഡ് ഫീൽഡ് വിട്ടിരുന്നു.

പകരക്കാരനായി 20 കാരനായ ജോഷ് ഹല്ലിനെ ECB ടീമിലേക്ക് എടുത്തു. കൗണ്ടി ക്രിക്കറ്റിൽ ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുന്ന ഹൾ 2023 ഏകദിന കപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ലോർഡ്‌സിൽ ആണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.

അഞ്ചാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഒല്ലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡ് ടീമിൽ

ഇന്ത്യയ്ക്കെതിര ധരംശാലയിലെ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ടെസ്റ്റിൽ നിന്ന് ഒരു മാറ്റമാണ് ടീം വരുത്തിയിരിക്കുന്നത്. ഒല്ലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡിനെ ഇംഗ്ലണ്ട് അന്തിമ ഇലവനിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. പരമ്പരയിൽ രാജ്കോട്ടിലും ഹൈദ്രാബാദിലും മാര്‍ക്ക് വുഡ് കളിച്ചിരുന്നു. ഇതുവരെ നാല് വിക്കറ്റ് മാത്രമാണ് താരം നേടിയത്.

അതേ സമയം റോബിന്‍സൺ റാഞ്ചിയിൽ മാത്രമാണ് കളിച്ചത്. ടെസ്റ്റിൽ പുറത്തിന്റെ പരിക്ക് കാരണം താരം 13 ഓവര്‍ മാത്രമാണ് എറിഞ്ഞത്.

ഇംഗ്ലണ്ട്: Ben Duckett, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes (c), Ben Foakes, Tom Hartley, Shoaib Bashir, Mark Wood, James Anderson

മാർക്ക് വുഡിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ ഇംഗ്ലണ്ട് 100 പോലും കടക്കില്ലായിരുന്നു

രാജ്‌കോട്ടിൽ ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ബൗളർ മാർക്ക് വുഡിൻ്റെ ഇന്നിംഗ്സ് ഇല്ലായിരുന്നു എങ്കിൽ ഇംഗ്ലണ്ട് 100 റൺസ് പോലും നേടുമായിരുന്നില്ല എന്ന് ആകാശ് ചോപ്ര പറഞ്ഞു. അവസാന ഇന്നിംഗ്‌സിൽ ഇന്നലെ ഇംഗ്ലണ്ടിനെ 122 റൺസിന് ഒളൗട്ട് ആവുകയും ഇന്ത്യക്ക് 434 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കാൻ ആവുകയും ചെയ്തിരുന്നു.

വുഡ് പത്താമനായി ഇറങ്ങി 15 പന്തിൽ ആറ് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 33 റൺസെടുത്തിരുന്നു.

“മാർക്ക് വുഡ് അവസാനം 33 റൺസ് നേടിയില്ല എങ്കിൽ ഈ ടീം 100 പോലും സ്കോർ ചെയ്യുമായിരുന്നില്ല. നിങ്ങൾക്ക് 50 ഓവർ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. നിങ്ങൾ ഒന്നര സെഷനുകൾ കളിക്കില്ല. ഇത് 40 ഓവർ പിച്ചായിരുന്നില്ല. ഇത് വളരെ മികച്ച പിച്ചായിരുന്നു, ഇംഗ്ലണ്ട് വളരെ മോശമായാണ് കളിച്ചത്” -ചോപ്ര പറഞ്ഞു.

“ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് നിരാശാജനകമായിരുന്നു. അവർ കളിച്ച രീതി വളരെ സാധാരണമായിരുന്നു. ഒല്ലി പോപ്പ് ഒരു കട്ട് ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു, അത് കൈയിലേക്ക് പോയി. ജോ റൂട്ട് സ്വീപ്പ് കളിക്കുന്നതിനിടെ പന്ത് പാഡിൽ തട്ടി. ജോണി ബെയർസ്റ്റോയും ഇത് തന്നെയാണ് ചെയ്തത്. രവീന്ദ്ര ജഡേജയ്‌ക്കെതിരെ നിങ്ങൾ സ്വീപ്പ് കളിക്കുന്നത് ശരിയല്ല. അദ്ദേഹം പന്തെറിയുന്ന വേഗത്തിൽ സ്വീപ് എളുപ്പമുള്ള കാര്യമല്ല” ചോപ്ര കൂട്ടിച്ചേർത്തു

മാർക്ക് വൂഡ് സ്റ്റാർടിംഗ് ഇലവനിൽ തിരിച്ചെത്തി, 2 പേസർമാരുമായി ഇംഗ്ലണ്ട്

നാളെ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്‌സിഎ) സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനായി ഇംഗ്ലണ്ട് അവരുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. യുവ സ്പിന്നർ ഷൊയ്ബ് ബഷീറിന് പകരം മാർക്ക് വുഡ് സ്റ്റാർടിംഗ് ഇലവനിൽ ഇടം നേടി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ വൂഡ് കളിച്ചിരുന്നു‌. അന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്തിയിരുന്നില്ല. രണ്ട് പേസർമാരെ വെച്ച് കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം ഫലപ്രദമാകുമോ എന്ന് കണ്ടറിയണം.

ഇംഗ്ലണ്ട് ഇലവൻ;
Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes (C), Ben Foakes, Rehan Ahmed, Tom Hartley, Mark Wood, James Anderson

ഓസ്ട്രേലിയക്ക് നാലു വിക്കറ്റ് നഷ്ടം, പരാജയത്തിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ടിന്റെ ദിവസമായിരുന്നു. 275 റൺസിന്റെ ലീഡുമായി ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ച ഇംഗ്ലണ്ട് ഇന്ന് കളി അവസാനിക്കും മുമ്പ് ഓസ്ട്രേലിയയുടെ 4 വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രിയ ഇപ്പോൾ 113/4 എന്ന നിലയിലാണ്. അവർ ഇപ്പോൾ ഇംഗ്ലണ്ടിന് 162 പിറകിലാണ്.

44 റൺസുമായി ലബുഷാനെയും 1 റണ്ണുമായി മിച്ചൽ മാർഷും ക്രീസിൽ നിൽക്കുന്നു. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ പുറത്തായി. മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

592 റൺസിനാണ് ഇംഗ്ലണ്ട് ഇന്ന് ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ഇംഗ്ലണ്ട് നേടി. 506/8 എന്ന നിലയിൽ നിന്ന് ലഞ്ചിനു ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിയായി ബെയർസ്റ്റോ ആക്രമിച്ചു കളിച്ചു. 81 പന്തിൽ നിന്ന് 99 റൺസ് എടുത്ത് ബെയർസ്റ്റോ പുറത്താകാതെ നിന്നു.

ഇന്ന് 6 വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഈ ലീഡ് ഓസ്ട്രേലിയയ്ക്ക് വലിയ ക്ഷീണമാകും. ഓസ്ട്രേലിയക്ക് ആയി ഹേസല്വുഡ് 5 വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഇന്ന് രാവിലെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി പുറത്തായി‌ പിന്നാലെ 61 റൺസുമായി ഹാരി ബ്രൂക്കും പുറത്തായി. 

സ്റ്റാർക്ക്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റുൻ വീഴ്ത്തി. ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 317 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. നേരത്തെ ഇംഗ്ലണ്ടിനായി സാക് ക്രോലിയുടെ 189 റൺസിന്റെ ഇന്നിംഗ്സ് ആണ് ആതിഥേയരുടെ ഇന്നിങ്സിന് കരുത്തായത്.

മാർക്ക് വൂഡ് ഫയർ!! ഓസ്ട്രേലിയ തകർന്നടിഞ്ഞു

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ മൂന്നാം സെഷനിൽ ഓസ്ട്രേലിയ തകർന്നടിഞ്ഞു. അവർ 263 റൺസിന് ഓളൗട്ട് ആയി. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആയിരുന്ന ഓസ്ട്രേലിയ ചായക്ക് ശേഷം 23 റൺസുകൾ ചേർക്കുന്നതിനിടയിൽ ഓളൗട്ട് ആയി.സ്റ്റാർക്ക്, കമ്മിൻസ്, കാരി, മർഫി എന്നിവരെ പെട്ടെന്ന് തന്നെ കൂടാരത്തിലേക്ക് മടക്കി മാർക് വൂഡും, 39 റൺസ് എടുത്ത ഹെഡിനെ പവലനിയിലേക്ക് മടക്കി അയച്ച വോക്സും ആണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തത്.

മാർക് വൂഡ് അഞ്ച് വിക്കറ്റ് എടുത്തപ്പോൾ വോക്സ് മൂന്നും ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്ന് ആദ്യ സെഷനിൽ തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു ഓസ്ട്രേലിയ. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.

118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്.

ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

ലഖ്നൗ താരം മാർക്ക് വുഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങി

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സ്പീഡ്സ്റ്റർ മാർക്ക് വുഡ് തന്റെ മകളുടെ ജനനത്തിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. താരം ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കാൻ സാധ്യതയില്ല. ലഖ്നൗ സോഷ്യൽ മീഡിയ ചാനലുകളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് വൂഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതായി അറിയിച്ചു. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് മടങ്ങിവരുമെന്ന് വുഡ് വീഡിയോയിൽ പറയുന്നുണ്ട് എങ്കിലും അതിനുള്ള സാധ്യത കുറവാണ്.

ഈ സീസണിൽ ആകെ 5 മത്സരങ്ങളിൽ മാത്രമെ വൂഡിന് അവസരം കിട്ടിയിട്ടുള്ളൂ. ഡെൽഹിക്ക് എതിരായ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വുഡ് നേടിയിട്ടുണ്ട്.

എന്റെ മകളുടെ ജനനത്തിനായാണ് താൻ പോകുന്നത് എന്നും. ഒരു നല്ല കാരണത്താൽ വീട്ടിലേക്ക് പോകുന്നത് എന്നതാണ് പ്രധാന എന്നും വൂഡ് പറഞ്ഞു. എനിക്ക് തിരികെ വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version