34 പന്തിൽ സെഞ്ച്വറി, റെക്കോർഡ് കുറിച്ച് ഷോൺ അബോട്ട്

പവർ-ഹിറ്റിംഗിന്റെ ഗംഭീര പ്രകടനം കണ്ട മത്സരത്തിൽ ഇന്ന് ടി20 ബ്ലാസ്റ്റിൽ സറേ മികച്ച സ്കോർ ഉയർത്തി. ഷോൺ അബൗട്ടിന്റെ കിടിലൻ ഇന്നിംഗ്സിന്റെ ബലത്തിൽ സറേ 20 ഓവറിൽ 223-5 എന്ന മികച്ച സ്കോർ എടുത്തു. വെറും 34 പന്തുകളിൽ സെഞ്ചുറി നേടാൻ ഷോൺ അബൗട്ടിനായി. ടി20 ബ്ലാസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോർഡിനൊപ്പം എത്താൻ ഷോൺ അബൗട്ടിന് ഇന്നായി.

സൗത്ത് ഗ്രൂപ്പിലെ സറേയും കെന്റും തമ്മിലുള്ള പോരാട്ടത്തിൽ കെന്റിന്റെ ബൗളർമാരെല്ലാം ഇന്ന് നല്ല പ്രഹരം ഏറ്റുവാങ്ങി. കേവലം 41 പന്തിൽ 110 റൺസ് നേടിയ ഷോൺ അബൗട്ട് പുറത്താകാതെ നിന്നു. 4 ഫോറും 11 കൂറ്റൻ സിക്‌സറുകളും കൊണ്ട് നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ജോർദാൻ ക്ലാർക്ക് വെറും 17 പന്തിൽ 29 റൺസ് സംഭാവന ചെയ്തു ടീമിന്റെ രണ്ടാം ടോപ് സ്കോറർ ആയി.

കെന്റിന് വേണ്ടി ഗ്രാന്റ് സ്റ്റുവാർട്ടിനും മൈക്കൽ ഹോഗനും ഓരോ വിക്കറ്റ് നേടാനായി.

കൈൽ ജാമിസൺ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക്, സറേയുമായി കരാറിലെത്തി

സറേയുമായി കരാറിലെത്തി കൈൽ ജാമിസൺ. രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കും ഏഴ് വൈറ്റാലിറ്റി ബ്ലാസ്റ്റ് മത്സരങ്ങളിലേക്കുമാണ് സറേയ്ക്ക് വേണ്ടി താരം കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് താരം. ലോക ടെസ്റ്റ് ചാമ്പ്യൻ‍ഷിപ്പ് ഫൈനൽ കഴിഞ്ഞ് ജൂൺ 25ന് നടക്കുന്ന മിഡിൽസെക്സിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കും.

തുടര്‍ന്ന് ഗ്രൂപ്പ് ഘടത്തിലെ അവസാന മത്സരം വരെ കൈൽ ടീമിനൊപ്പം തുടരും. ഐപിഎൽ 2021 സീസണിൽ ആര്‍സിബി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കൈൽ ജാമിസൺ.

ബെന്‍ സ്റ്റോക്സ് പരിക്ക് മാറി തിരികെ എത്തുന്നു, ടി20 ബ്ലാസ്റ്റില്‍ കളിക്കും

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎലിനിടെ പരിക്കേറ്റ താരം അടുത്ത മാസം നടക്കുന്ന ടി20 ബ്ലാസ്റ്റില്‍ ഡര്‍ഹത്തിന് വേണ്ടി കളിച്ച് താരം വീണ്ടും ക്രിക്കറ്റിലേക്ക് പരിക്ക് മാറി തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. നേരത്തെ താരം ഇനിയും മൂന്ന് മാസം എടുക്കും പരിക്ക് മാറി മടങ്ങിയെത്തുവാനെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ബെന്‍ സ്റ്റോക്സ് മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ റീഹാബ് പ്രക്രിയ മുന്നോട്ട് പോകുകയാണെങ്കില്‍ താരം വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ഡര്‍ഹത്തിന് കളിക്കാന്‍ തയ്യാറാകുമെന്നും ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടു കൂടി താരത്തിന്റെ നിലയെക്കുറിച്ച് അവലോകനം ഇംഗ്ലണ്ട് സംഘം നടത്തുമെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.

അഫ്ഗാന്‍ ലെഗ് സ്പിന്നറിന് കെന്റില്‍ കരാര്‍

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ കൈസ് അഹമ്മദിന് കെന്റില്‍ കരാര്‍. താരം ടീമിനൊപ്പം ടി20 ബ്ലാസ്റ്റില്‍ ആവും കളിക്കുക. ഇത് കൂടാതെ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും താരത്തിന്റെ സേവനം കെന്റിന് ലഭിയ്ക്കും. ലോകത്തിലെ വിവിധ ടി20 ലീഗുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് കൈസ് അഹമ്മദ്.

ബിഗ് ബാഷ്, ലങ്ക പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് എന്നിവയ്ക്ക് പുറമെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും താരം കളിച്ചിട്ടുണ്ട്. 67 ടി20 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ദി ഹണ്ട്രെഡില്‍ വെല്‍ഷ് ഫയറിന് വേണ്ടി കളിക്കാനിരിക്കുകയാണ് താരം.

ടി20 ബ്ലാസ്റ്റിന് ഡെവണ്‍ കോണ്‍വേയുടെ സേവനം ഉറപ്പാക്കി സോമര്‍സെറ്റ്

ഈ വര്‍ഷത്തെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിന് ന്യൂസിലാണ്ട് താരം ഡെവണ്‍ കോണ്‍വേയും. താരം സോമര്‍സെറ്റുമായാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ കരാറിലെത്തിയിരിക്കുന്നത്. ടീമിന്റെ 9 ഗ്രൂപ്പ് ഘട്ട മത്സരത്തിലെങ്കിലും താരം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ന്യൂസിലാണ്ടിനായി 14 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 473 റണ്‍സാണ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ഈ വര്‍ഷം ആദ്യം പുറത്താകാതെ നേടിയ 99* ആണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മൂന്ന് ഏകദിനങ്ങളിലും താരം ന്യൂസിലാണ്ടിന് വേണ്ടി കളിച്ചിട്ടുണ്ട്.

മൂന്നാം സീസണിലും ആഡം സംപയെ ടീമിലെത്തിച്ച് എസ്സെക്സ്

തുടര്‍ച്ചയായ മൂന്നാം സീസണിലും ആഡം സംപയെ ടീമിലെത്തിച്ച് എസ്സെക്സ്. നിലവിലെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ചാമ്പ്യന്മാര്‍ക്ക് വേണ്ടി താരം സീസണ്‍ മുഴുവന്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിക്ക് വീണ്ടും ഇവിടെ കളിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും ഇവിടുത്തെ കാരണികള്‍ തനിക്ക് ഏറെ പ്രിയങ്കരരാണെന്നും സംപ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം താന്‍ ഇവിടെ കളിച്ചപ്പോള്‍ അത് വ്യക്തമായതാണെന്നും സംപ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മികച്ച തുടക്കമല്ലായിരുന്നു ടീമിനെങ്കിലും പിന്നീട് ടീമിനെ തടയാനായില്ല, അത് തന്നെയാണ് 2020ലും ആവര്‍ത്തിക്കുവാന്‍ ശ്രമിക്കുന്നതെന്ന് സംപ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടീമിന് വേണ്ടി ഫൈന്‍സ് ഡേയില്‍ താരത്തിന് കളിക്കാനായിരുന്നില്ല.

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 12 വിക്കറ്റോടെ എസ്സെക്സിനായി ഏറ്റവും അധികം വിക്കറ്റ് നേടിയത് സംപ ആയിരുന്നു.

ടി20 ബ്ലാസ്റ്റിന് സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഡാര്‍സി ഷോര്‍ട്ട്

ഷദബ് ഖാന് പിന്നാലെ സറേയുടെ രണ്ടാമത്തെ വിദേശ താരമായി വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ കളിക്കാനായി ഡാര്‍സി ഷോര്‍ട്ട് എത്തുന്നു. ഡര്‍ഹം താരമായ ഷോര്‍ട്ട് അവിടുത്തെ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സറേയിലേക്ക് എത്തുന്നത്. ആരോണ്‍ ഫിഞ്ചിന് പകരക്കാരനായാണ് സറേയിലേക്ക് ഷോര്‍ട്ട് എത്തുന്നത്. ഡര്‍ഹത്തില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 483 റണ്‍സാണ് ഷോര്‍ട്ട് നേടിയത്.

ബിഗ് ബാഷില്‍ മികച്ച പ്രകടനമാണ് ഹോബര്‍ട്ട് ഹറികെയന്‍സിന് വേണ്ടി ഷോര്‍ട്ട് പുറത്തെടുത്തിട്ടുള്ളത്. രണ്ട് സീസണിലും റണ്‍ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ സമാനമായ പ്രകടനം ഐപിഎലില്‍ പുറത്തെടുക്കുവാന്‍ ഷോര്‍ട്ടിന് സാധിച്ചിരുന്നില്ല.

ടി20 ബ്ലാസ്റ്റിന് സറേയ്ക്കൊപ്പം ഷദബ് ഖാന്‍

2020 വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിക്കുവാന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാനും എത്തുന്നു. 21 വയസ്സ് മാത്രമുള്ള താരത്തിന് 117 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുവാനായിട്ടുണ്ട്. ഇന്ന് രണ്ട് താരങ്ങളെയാണ് സറേ പ്രഖ്യാപിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തെ താരമാണ് ഷദബ് ഖാന്‍. പാക്കിസ്ഥാനായി 2017ല്‍ അരങ്ങേറ്റം നടത്തിയ താരം 35 ടി20കളിലും 43 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

2019 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിന് പുറമെ ബിഗ് ബാഷിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും ശ്രദ്ധേയമായ പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്.

ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 145 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി എസ്സെക്സ കിരീടം ഉയര്‍ത്തി. അവസാന ഓവറില്‍ 12 റണ്‍സെന്ന വിജയ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സാക്കി മാറ്റിയ ശേഷം സൈമണ്‍ ഹാര്‍മര്‍ ബൗണ്ടറി നേടി ടീമിനെ വിജയിപ്പിച്ചു.

ടീം ക്യാപ്റ്റനായ സൈമണ്‍ ഹാര്‍മര്‍ ആണ് കളിയിലെ താരം. ബൗളിംഗില്‍ 16 റണ്‍സ് വിട്ട് നല്‍കിയ നാലോവറില്‍ നിന്ന് 3 വിക്കറ്റ് നേടിയ ഹാര്‍മര്‍ ബാറ്റിംഗില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന് വിജയം ഉറപ്പിച്ചു. 22 പന്തില്‍ പുറത്താകാതെ നിന്ന് 36 റണ്‍സ് നേടി രവി ബൊപ്പാരയും 36 റണ്‍സ് നേടിയ ടോം വെസ്റ്റിലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. വോര്‍സെസ്റ്റര്‍ഷയറിനായി വെയിന്‍ പാര്‍ണലും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വോര്‍സെസ്റ്റര്‍ഷയറിന് വേണ്ടി റിക്കി വെസ്സല്‍സ്(31), മോയിന്‍ അലി(32) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത് സൈമര്‍ ഹാര്‍മര്‍ മൂന്നും ഡാനിയേല്‍ ലോറന്‍സ്, രവി ബൊപ്പാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി എസ്സെക്സ് ബൗളിംഗില്‍ തിളങ്ങി.

ടി20 ബ്ലാസ്റ്റിന് വിന്‍ഡീസ് വെടിക്കെട്ട് താരവും

വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ അഞ്ച് മത്സരങ്ങളില്‍ വിന്‍ഡീസ് താരം നിക്കോളസ് പൂരന്റെ സേവനം ഉറപ്പാക്കി യോര്‍ക്ക്‍ഷയര്‍ വൈക്കിംഗ്സ്. ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ചത് വഴിയാണ് ടൂര്‍ണ്ണമെന്റിലെ വിദേശ താരത്തിന്റെ ക്വോട്ടയ്ക്കുള്ള മാനദണ്ഡം(15 മത്സരങ്ങളില്‍ വിന്‍ഡീസിനെ പ്രതിനിധീകരിച്ചത് വഴി) പൂര്‍ത്തിയാക്കിയതോടെയാണ് താരം ടൂര്‍ണ്ണമെന്റിലേക്ക് എത്തുവാന്‍ പ്രാപ്തനായത്.

ലോകകപ്പില്‍ ഇതുവരെ അത്ര ശ്രദ്ധേയമായ പ്രകടനം താരത്തിന് പുറത്തെടുക്കുവാനായിട്ടില്ലെങ്കിലും ടി20 ലീഗുകളില്‍ തന്റെ ബാറ്റിംഗ് മികവ് താരം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. യോര്‍ക്ക്ഷയറില്‍ ചേരുന്നതില്‍ താന്‍ വലിയ സന്തോഷത്തിലാണെന്നാണ് പൂരന്‍ പറഞ്ഞത്. വിവിധ ടീമുകളില്‍ പങ്കാളിയാവുമ്പോള്‍ വിവിധ തരത്തിലുള്ള കാര്യങ്ങള്‍ അറിയുവാന്‍ പറ്റുമെന്നും ഇത്തരം വെല്ലുവിളികളെ താന്‍ നോക്കി കാണുകയാണെന്നും പൂരന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷമാണ് നിക്കോളസ് പൂരന്‍ ഏകദിന അരങ്ങേറ്റം നടത്തിയത്. 6 ഏകദിനങ്ങളിലും 11 ടി20 മത്സരങ്ങളിലുമാണ് പൂരന്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ളത്.

അലെക്സ് കാറെ ടി20 ബ്ലാസ്റ്റിലേക്ക്, താരം ചേരുന്നത് സസ്സെക്സിനൊപ്പം

ലോകകപ്പിനു ശേഷം ഓസ്ട്രേലയിന്‍ താരം അലെക്സ് കാറെ സസ്സെക്സിനൊപ്പം ചേരും. ടി20 ബ്ലാസ്റ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് താരം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. ജൂലൈ 18നു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടടുത്ത ദിവസമാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഹാംഷയറാണ് ടീമിന്റെ എതിരാളികള്‍. മുന്‍ ഓസ്ട്രേലിയന്‍ താരം ജേസണ്‍ ഗില്ലെസ്പിയാണ് സസ്സെക്സിന്റെ പരിശീലകന്‍.

ബിഗ് ബാഷില്‍ കാറെ കളിച്ചിട്ടുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജേസണ്‍ ഗില്ലെസ്പി. സ്ട്രൈക്കേഴ്സിനു വേണ്ടി ബിഗ് ബാഷില്‍ ഓപ്പണിംഗില്‍ തിളങ്ങിയ കാറെയെ ടീമിലെത്തിക്കാനായത് വളരെ വലിയ കാര്യമാണെന്നും താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി മധ്യ നിരയില്‍ കളിച്ചിട്ടുള്ളതിനാല്‍ ഏത് പൊസിഷനിലും പരീക്ഷിക്കാവുന്നതാണെന്ന് ഗില്ലെസ്പി പറഞ്ഞു.

ബില്ലി സ്റ്റാന്‍ലേക്കുമായി കരാറിലെത്തി ഡെര്‍ബിഷയര്‍

വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കി ഡര്‍ബിഷയര്‍. ഓസ്ട്രേലിയന്‍ ടീമില്‍ ഇടം ലഭിച്ചതിനെത്തുടര്‍ന്ന് കെയിന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് പകരക്കാരനായി ബില്ലി സ്റ്റാന്‍ലേക്കിനെ ടീമിലേക്ക് കൗണ്ടി എത്തിച്ചത്. 51 ടി20 മത്സരത്തില്‍ നിന്നായി 62 വിക്കറ്റുകളാണ് സ്റ്റാന്‍ലേക്ക് നേടിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ 17 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റും താരം നേടിയിട്ടുണ്ട്.

അതേ സമയം ഐപിഎലില്‍ താരം സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയിലെ അംഗമായിരുന്നുവെങ്കിലും ഈ സീസണില്‍ അവസരം ലഭിച്ചിരുന്നില്ല. 2018 ബിഗ് ബാഷ് കിരീടം നേടുവാന്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ സഹായിച്ചതില്‍ സ്റ്റാന്‍ലേക്ക് നേടിയ 11 വിക്കറ്റുകളും ഉള്‍പ്പെടുന്നു.

Exit mobile version