സിംബാബ്‍വേയ്ക്കെതിരായ പരമ്പര വിജയം ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യും – മുഹമ്മദ് നബി

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മികച്ച തയ്യാറെടുപ്പായി അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേ പരമ്പര വിജയം ആയി കണക്കാക്കാമെന്ന് പറഞ്ഞ് മുഹമ്മദ് നബി. പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച അഫ്ഗാനിസ്ഥാന് വേണ്ടി യുവ താരങ്ങള്‍ മുന്‍ നിര പ്രകടനം പുറത്തെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ നബി ഓള്‍റൗണ്ട് പ്രകടനവുമായി ടീമിന് തുണയേകി.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഓരോ പരമ്പരയും വളരെ പ്രാധാന്യമുള്ളതാണെന്നും പരമ്പര വിജയം അതിലും പ്രാധാന്യമുള്ളതാണെന്നും ലോകകപ്പിനുള്ള തങ്ങളുടെ തയ്യാറെടുപ്പുകള്‍ ശരിയായ ദിശയിലാണെന്നതിന് തെളിവാണ് സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പര വിജയം എന്നും നബി വ്യക്തമാക്കി. യുവ താരങ്ങള്‍ക്ക് ടീം അവസരം നല്‍കിയെന്നും അവരുടെ മികവില്‍ ടീമിന് മികച്ച ലോകകപ്പ് പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് കരുതുന്നതെന്നും നബി വ്യക്തമാക്കി.

 

നബിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന് വിജയം

ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ കരീം ജനത്(53), ഉസ്മാന്‍ ഖനി(49), മുഹമ്മദ് നബി(40) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 193 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 17.1 ഓവറില്‍ 148 റണ്‍സേ നേടാനായുള്ളു. റയാന്‍ ബര്‍ള്‍ 29 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ മറ്റു താരങ്ങളില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം ഇല്ലാതെ പോയത് ടീമിന് തിരിച്ചടിയായി. ഡൊണാള്‍ഡ് ടിരിപാനെ 14 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ താരിസായി മുസ്കാണ്ട(22), റിച്ച്മണ്ട് മുടുംബാമി(21) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും നവീന്‍ ഉള്‍ ഹക്ക്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാന് 193 റണ്‍സ്, ബാറ്റിംഗ് മികവ് പുറത്തെടുത്ത് കരീം ജനത്തും ഉസ്മാന്‍ ഖനിയും

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ കരീം ജനത്തിന് അര്‍ദ്ധ ശതകം. കരീം – ഉസ്മാന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 102 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലെ നഷ്ടമായ അഫ്ഗാനിസ്ഥാനിന് വേണ്ടി കരീം ജനത് 53 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖനിയ്ക്ക് ഒരു റണ്‍സിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായി. ജനത് 38 പന്തില്‍ നിന്നും ഖനി 34 പന്തില്‍ നിന്നുമാണ് ഈ സ്കോര്‍ നേടിയത്.

അവസാന ഓവറുകളില്‍ മുഹമ്മദ് നബിയും തകര്‍ത്തടിച്ചപ്പോള്‍ സിംബാബ്‍വേ ബൗളര്‍മാര്‍ പതറുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. നബി 15 പന്തില്‍ 40 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍ 7 പന്തില്‍ 14 റണ്‍സും റഷീദ് ഖാന്‍ 5 പന്തില്‍ 9 റണ്‍സും നേടിയ ആറാം വിക്കറ്റില്‍ 10 പന്തില്‍ നിന്ന് അപരാജിതമായ 22 റണ്‍സ് കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന് വേണ്ടി നേടി. സിംബാബ‍്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി രണ്ട് വിക്കറ്റ് നേടി.

ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി

2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.

ടി20 ക്രിക്കറ്റില്‍ 4118 റണ്‍സും 267 വിക്കറ്റും നേടിയിട്ടുള്ള താരമാണ് മുഹമ്മദ് നബി. കഴിഞ്ഞ ടി20 ബ്ലാസ്റ്റില്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ സ്പെല്ലില്‍ ആടിയുലഞ്ഞ് ടോപ് ഓര്‍ഡര്‍

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. തുടക്കത്തില്‍ മുഹമ്മദ് നബിയുടെ സ്പെല്ലില്‍ ടീം തകര്‍ന്നടിയുകയായിരുന്നു.

നബി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ക്രിസ് ലിന്നിനെയും നിക്ക് കെല്ലിയെയും പുറത്തായപ്പോള്‍ പാട്രിയറ്റ്സിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നിട്ടില്ലായിരുന്നു. തന്റെ അടുത്ത ഓവറില്‍ ദിനേശ് രാംദിനെയും എവിന്‍ ലൂയിസിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കിയപ്പോള്‍ പാട്രിയറ്റ്സ് 11/4 എന്ന നിലയില്‍ പതറി.

ജാമാര്‍ ഹാമിള്‍ട്ടണെ സഹീര്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 38/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. പിന്നീട് ബെന്‍ ഡങ്ക്-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ് ടീം സ്കോര്‍ 60 കടത്തിയത്. സ്കോര്‍ 62ല്‍ നില്‍ക്കെ 33 റണ്‍സ് നേടിയ ബെന്‍ ഡങ്കിനെ ടീമിന് നഷ്ടമായി. പിന്നീട് സൊഹൈല്‍ തന്‍വീര്‍(12), റയാദ് എമ്രിറ്റ്(16) എന്നിവരോടൊപ്പം അല്‍സാരി ജോസഫ് പുറത്താകാതെ നേടിയ 21 റണ്‍സ് കൂടി ചേര്‍ന്നപ്പോളാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെന്ന സ്കോറിലേക്ക് പാട്രിയറ്റ്സ് എത്തിയത്.

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

റഖീം കോണ്‍വാല്‍ തുടക്കത്തില്‍ റിട്ടേര്‍ഡ് ആയെങ്കിലും മികച്ച തുടക്കമാണ് സെയിന്റ് ലൂസിയ സൂക്ക്സിന് ലഭിച്ചത്. ഫ്ലെച്ചറും മാര്‍ക്ക് ദേയാലും ചേര്‍ന്ന് മികച്ച തുടക്കം നേടിയ ശേഷം 17 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ക്ക് ദേയാല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 73 റണ്‍സായിരുന്നു. 11.5 ഓവറില്‍ ആന്‍ഡ്രേ ഫ്ലെച്ചറെ നഷ്ടമായ ശേഷമാണ് സൂക്ക്സിന്റെ തകര്‍ച്ചയുടെ തുടക്കം.

33 പന്തില്‍ 46 റണ്‍സ് നേടിയ ഫ്ലെച്ചറിനെയും റോസ്ടണ്‍ ചേസിനെയും അടുത്തടുത്ത ഓവറുകള്‍ ജോണ്‍-റസ് ജാഗേസര്‍ പുറത്താക്കിയ ശേഷം സൊഹൈല്‍ തന്‍വീര്‍ നജീബുള്ള സദ്രാനെയും ഡാരെന്‍ സാമിയെയും പുറത്താക്കിയപ്പോള്‍ 123/5 എന്ന നിലയിലേക്ക് 14.4 ഓവറില്‍ സൂക്ക്സ് പ്രതിരോധത്തിലായി.

തിരികെ ബാറ്റിംഗിനെത്തിയ റഖീം കോണ്‍വാല്‍ റണ്ണൗട്ടാകുമ്പോള്‍ 16 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ 19ാം ഓവറില്‍ സൊഹൈല്‍ തന്‍വീറിനെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സെയിന്റ് ലൂസിയ ഇന്നിംഗ്സിന് അവസാനം ആശ്വാസം പകര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇരുനൂറിനടുത്ത് സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ടീമിന് 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മുഹമ്മദ് നബി 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ടീമിന്റെ ടോപ് സ്കോറര്‍ ആന്‍ഡ്രേ ഫ്ലെച്ചറാണെങ്കിലും 3 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം സൂക്ക്സ് ഇന്നിംഗ്സിന്റെ ഗതി മാറ്റുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍, ജോണ്‍-റസ് ജാഗ്ഗേസര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ആണ് പാട്രിയറ്റ്സ് നിരയില്‍ കണക്കറ്റ് പ്രഹരം വാങ്ങിയത്.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന മുഹമ്മദ് നബി. ബോര്‍ഡിന്റെ പുറത്ത് പോകുന്ന ഒമ്പതംഗ പാനലിലെ പകരക്കാരായ നാല് താരങ്ങളില്‍ ഒരാളായാണ് മുഹമ്മദ് നബി എത്തുന്നത്. നിലവില്‍ നബി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച് കൊണ്ടിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് മുഹമ്മദ് നബി വിരമിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമായിരുന്നു താരത്തിന്റെ ഈ തീരൂമാനം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയായിരുന്നു താരം വിരമിച്ചത്.

ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി വിജയം സ്വന്തമാക്കി സൂക്ക്സ്

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ടീം മറികടക്കുകയായിരുന്നു.

ആദ്യ ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ മൂന്ന് തവണ അതിര്‍ത്തി കടത്തിയ റഖീം കോണ്‍വാല്‍ നല്‍കിയ തുടക്കത്തിന്റെ ചുവട് പിടിച്ചാണ് സെയിന്റ് ലൂസിയ് സൂക്ക്സ് തങ്ങളുടെ വിജയം ഉറപ്പാക്കിയത്. 8 പന്തില്‍ നിന്ന് 14 റണ്‍സ് നേടിയ കോണ്‍വാല്‍ റഷീദ് ഖാന്റെ ഓവറില്‍ പുറത്തായപ്പോള്‍ നജീബുള്ള സദ്രാനെ(5) റെയ്മണ്‍ റീഫര്‍ മടക്കി.

ലക്ഷ്യം അവസാന രണ്ടോവറില്‍ 12 റണ്‍സെന്നിരിക്കെ റഷീദ് ഖാന്‍ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് തന്നെ സിക്സര്‍ പറത്തിയ മുഹമ്മദ് നബി അടുത്ത പന്തില്‍ ബൗണ്ടറി നേടി കാര്യങ്ങള്‍ സൂക്ക്സിനെ എളുപ്പമാക്കുമെന്ന് കരുതിയെങ്കിലും മൂന്നാമത്തെ പന്തില്‍ നബിയെ മടക്കി റഷീദ് ഖാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു. 6 പന്തില്‍ നിന്ന് 15 റണ്‍സാണ് മുഹമ്മദ് നബി നേടിയത്.

എന്നാല്‍ ഓവറിന്റെ അഞ്ചാം പന്തില്‍ റഷീദ് ഖാനെ വീണ്ടും സിക്സര്‍ പറഞ്ഞ് ആന്‍ഡ്രേ ഫ്ലെച്ചര്‍ മത്സരം സൂക്ക്സിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. ഓവറില്‍ നിന്ന് നേടിയ 17 റണ്‍സിന്റെ പിന്തുണയോടെ അവസാന ഓവറില്‍ വെറും ഒരു റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സൂക്ക്സ് അത് അനായാസം നേടുകയായിരുന്നു.

ആന്‍ഡ്രേ ഫ്ലെച്ചര്‍ പുറത്താകാതെ 16 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്‍ലി ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് വഴി എത്തിയത്.

94 റണ്‍സുമായി പുറത്താകാതെ നിന്ന് കോഹ്‍ലി ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. 11 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഷാഹീദ് അഫ്രീദിയാണ് പട്ടികയില്‍ കോഹ്‍ലിയ്ക്കും നബിയ്ക്കും പിന്നിലായുള്ളത്.

ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു

കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം 2019ല്‍ കെന്റിനായി 147 റണ്‍സ് നേടിയിരുന്നു. ഇതില്‍ 12 പന്തില്‍ 43 റണ്‍സ് നേടിയ തകര്‍പ്പന്‍ പ്രകടനവും അടങ്ങുന്നു. എട്ട് വിക്കറ്റും താരം കെന്റിന് വേണ്ടി നേടിയിട്ടുണ്ട് കഴിഞ്ഞ സീസണില്‍. താന്‍ കെന്റിലെ ആദ്യ സീസണ്‍ ആസ്വദിച്ചുവെന്നും ഇവിടെ വീണ്ടും ഒരിക്കല്‍ കൂടി കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നബി വ്യക്തമാക്കി.

നബിയുടെ സേവനം വീണ്ടും സ്വന്തമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കെന്റ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ ഡൗണ്‍ടൗണ്‍ വ്യക്തമാക്കി.

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസിന് 47 റണ്‍സിന്റെ വിജയം രണ്ടാം ഏകദിനത്തില്‍ നേടാനായി.

177/5 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 200 റണ്‍സിന് ഓള്‍ൗട്ട് ആയത്. 56 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ 39ാം ഓവറിന്റെ അവസാന പന്തില്‍ ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ മുഹമ്മദ് നബിയെ ഹെയ്ഡാന്‍ വാല്‍ഷ് പുറത്താക്കി. റഹ്മത് ഷാ(33) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി റോഷ്ടണ്‍ ചേസ്, ഹെയ്ഡന്‍ വാല്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. 45.4 ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടിയത്. നിക്കോളസ് പൂരന്‍ 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ എവിന്‍ ലൂയിസ്(54), ഷായി ഹോപ്(43), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(34) എന്നിവര്‍ റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാരില്‍ നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റ് നേടി.

ലക്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരവും വിന്‍ഡീസ് 7 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി. ടി20 പരമ്പരയും ഏക ടെസ്റ്റും ഇതേ സ്റ്റേഡിയത്തിലാണ് നടക്കുക.

ടെസ്റ്റിലും ടി20യിലും അഫ്ഗാനിസ്ഥാന് വ്യത്യസ്തമായ ടീമുകള്‍, അത് ക്രിക്കറ്റ് ഇവിടെ എത്രമാത്രം ശക്തമാണെന്ന് സൂചിപ്പിക്കുന്നു

ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വ്യത്യസ്തമായ ടീമുകളാണ് അഫ്ഗാനിസ്ഥാനുള്ളതെന്നും വെറും മൂന്ന് താരങ്ങളാണ് ഇരു ഫോര്‍മാറ്റിലും കളിക്കുന്നതെന്നും വ്യക്തമാക്കി റഷീദ് ഖാന്‍. ഇത് രാജ്യത്ത് ക്രിക്കറ്റ് എത്ര മാത്രം വളരുന്നു എന്നതിന്റെ സൂചനയാണെന്നും താരം പറഞ്ഞു. താനും നബിയും അസ്ഗര്‍ അഫ്ഗാനും മാത്രമാണ് ഇരു ഫോര്‍മാറ്റിലും കളിക്കുന്നത്, ബാക്കി താരങ്ങളെല്ലാം വ്യത്യസ്തരാണെങ്കിലും രണ്ട് ഫോര്‍മാറ്റിലേക്കും മാറുന്നതില്‍ ടീമിന് വലിയ പ്രയാസം ഇല്ലെന്ന് റഷീദ് ഖാന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുവാനുള്ള പ്രാപ്തി ഒരു താരത്തിന് ഉണ്ടാകണമെന്നും താരം പറഞ്ഞു. തങ്ങളുടെ മത്സര പരിചയമാണ് ഈ വിഷയത്തില്‍ തങ്ങളെ സഹായിക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. ഈ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ പല താരങ്ങളും മികവ് പുലര്‍ത്തി എന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് അഫ്ഗാന്‍ താരം വ്യക്തമാക്കി.

ഇബ്രാഹിം സദ്രാന്റെ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണിയമായിരുന്നു. സഹീര്‍ ഖാനും ഖൈസ് അഹമ്മദും ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി. തന്റെ ആദ്യ പരമ്പര കളിച്ച റഹ്മാനുള്ള ഗുര്‍ബാസ് മികവ് പുലര്‍ത്തി. ഫരീദും നവീന്‍-ഉള്‍-ഹക്കും എല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. യുവ താരങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ശ്രദ്ധേയമായ കാര്യമാണെന്നും റഷീദ് ഖാന്‍ പറഞ്ഞു.

ടി20 പരമ്പരയ്ക്ക് മുമ്പ് മികച്ചൊരു ക്യാമ്പ് നാട്ടില്‍ നടന്നിരുന്നു. ടെസ്റ്റ് ടീമിന്റെ തയ്യാറെടുപ്പുകള്‍ അബുദാബിയിലാണ് നടന്നത്. വിവിധ ഫോര്‍മാറ്റില്‍ വിവിധ ടീമുകള്‍ ഉള്ളത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും ക്യാപ്റ്റനും കോച്ചിനും ഇത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റഷീദ് ഖാന്‍ അഭിപ്രായപ്പെട്ടു.

Exit mobile version