റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസിന്റെ കൂറ്റൻ സ്കോർ നേടി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്ലി 135 റൺസ് നേടി ഇന്നിംഗ്‌സിന് അടിത്തറയിട്ടു. രോഹിത് ശർമ്മയുടെ 57, കെ എൽ രാഹുലിന്റെ 60 റൺസ് എന്നിവ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള 136 റൺസിന്റെ കൂട്ടുകെട്ടും കെ എൽ രാഹുലും രവീന്ദ്ര ജഡേജയും തമ്മിലുള്ള 65 റൺസിന്റെ കൂട്ടുകെട്ടും ഉൾപ്പെടെ ഇന്ത്യയുടെ ഇന്നിംഗ്‌സിൽ മികച്ച കൂട്ടുകെട്ടുകൾ പിറന്നു. മാർക്കോ യാൻസൻ, നന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഒട്ട്‌നിയൽ ബാർട്ടമാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടിയെങ്കിലും ഇന്ത്യ ഏകദേശം 7ന് അടുത്ത് റൺ റേറ്റ് നിലനിർത്തി.
120 പന്തിൽ 11 ഫോറുകളും 7 സിക്സറുകളും ഉൾപ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്.
വരാനിരിക്കുന്ന 2025-26 വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയോടും വിരാട് കോഹ്ലിയോടും ബിസിസിഐ നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഡിസംബർ 24 മുതൽ ജനുവരി 18 വരെയാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്.
ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി ഫോമും ഫിറ്റ്നസ്സും വീണ്ടെടുക്കാൻ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ അവരോട് നിർദ്ദേശിക്കും.
മുംബൈയുടെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കായി രോഹിത് ശർമ്മ ഇതിനോടകം തന്നെ ലഭ്യത അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു പതിറ്റാണ്ടിലേറെയായി കോഹ്ലി ഈ ടൂർണമെന്റിൽ കളിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം, 2027 ലോകകപ്പിന് മുൻഗണന നൽകി ഏകദിന ടീമിലെ രോഹിത്തിന്റെയും കോഹ്ലിയുടെയും ഭാവി പങ്കാളിത്തം അന്തിമമാക്കുന്നതിനായി സെലക്ടർമാരും ടീം മാനേജ്‌മെന്റും ചർച്ചകൾ നടത്തുമെന്നാണ് സൂചന. ഈ സൂപ്പർ താരങ്ങളിൽ ആരെങ്കിലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബാക്കപ്പ് കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും നിർണ്ണായകമാകുന്ന നീക്കവുമായി ബിസിസിഐ. 2027 ലോകകപ്പ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഏകദിന (ODI) പദ്ധതികളിൽ തുടരണമെങ്കിൽ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്ന് ഇരു താരങ്ങൾക്കും ബോർഡ് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.
ടെസ്റ്റിൽ നിന്നും ട്വന്റി-20 മത്സരങ്ങളിൽ നിന്നും വിരമിച്ച ഇരു താരങ്ങളും 50 ഓവർ ഫോർമാറ്റിൽ കളിക്കാനുള്ള ഫിറ്റ്‌നസ് നിലനിർത്താനും പ്രതിബദ്ധത തെളിയിക്കാനും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്ന് സെലക്ടർമാരും ബോർഡും വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഈ വർഷം ആദ്യം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളിൽ വീണ്ടും കളിച്ചത്. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഈ നിർദ്ദേശം.
മുതിർന്ന കളിക്കാർ പോലും ആഭ്യന്തര ക്രിക്കറ്റിന്റെ വഴികളെ ബഹുമാനിക്കണമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഒരുപോലെ അഭിപ്രായപ്പെട്ടതായാണ് സൂചന. നവംബർ 26-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ താൻ കളിക്കുമെന്ന് രോഹിത് ശർമ്മ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, കോഹ്ലി ലണ്ടനിൽ പരിശീലനം തുടരുകയാണ്.
നവംബർ 30-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും 2026 ജനുവരിയിലെ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ഇടയിലുള്ള സമയത്ത് ഇരു താരങ്ങൾക്കും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ അവസരം ലഭിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഓസ്ട്രേലിയക്കെതിരെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെ ഇരുവരും ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Kohli Rohit
ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ഇരുവരും ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് വരെ ഇവർ കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിനുമുമ്പുതന്നെ ഇവർ കളി മതിയാക്കുമെന്നാണ് ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ തലമുറയിലെ കളിക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ച് സെലക്ടർമാർ ആലോചിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കണമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നതായും വാർത്തകൾ സൂചിപ്പിക്കുന്നു. ഈ പരമ്പരയോടെ ഒരു യുഗത്തിന് അന്ത്യമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
തിങ്കളാഴ്ച ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആവേശകരമായ വിജയം നേടിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വിജയത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിലാണ്, സിറാജിന്റെ നിശ്ചയദാർഢ്യത്തെയും മത്സരം തിരിച്ചുവിട്ടതിലെ കഴിവിനെയും കോഹ്ലി അഭിനന്ദിച്ചത്.
“ടീം ഇന്ത്യക്ക് ഇതൊരു മഹത്തായ വിജയമാണ്. സിറാജിന്റെയും പ്രസിദ്ധിന്റെയും സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുമാണ് ഞങ്ങൾക്ക് ഈ മികച്ച വിജയം നൽകിയത്. ടീമിന് വേണ്ടി എല്ലാം നൽകിയ സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ. സിറാജിന്റെ പ്രകടനത്തിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു,” കോഹ്ലി കുറിച്ചു.
ഒരു ഘട്ടത്തിൽ അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ജോ റൂട്ടും ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ ഇന്ത്യ പരാജയം മുന്നിൽ കണ്ടിരുന്നു. എന്നാൽ പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തെ നയിച്ച സിറാജ് ഒരിക്കൽ കൂടി നിർണായക പ്രകടനം കാഴ്ചവച്ചു. അവസാന ദിവസം 35 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ സിറാജ്, തകർപ്പൻ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് മത്സരവും പരമ്പരയും തിരികെ പിടിച്ചു.
മുംബൈ: ഇന്ത്യൻ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറിൽ സാധ്യത തെളിയുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മൂന്നു നഗരങ്ങളിൽ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു. ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തിൽ ഫുട്ബോൾ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും.
സംഘാടകർ നൽകുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തിൽ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരുമായി ഏറ്റുമുട്ടാൻ അവസരം ലഭിച്ചേക്കും. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ എന്നിവരും മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്. മത്സരം ടിക്കറ്റുള്ള ഒരു പരിപാടിയായിരിക്കും.
ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനം. കൊൽക്കത്തയും ഡൽഹിയും അദ്ദേഹം സന്ദർശിക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തെ ആദരിക്കും.
ഇതിന്റെ ഭാഗമായി “ഗോട്ട് കപ്പ്” എന്ന പേരിൽ ഏഴംഗ ഫുട്ബോൾ ടൂർണമെന്റും കുട്ടികൾക്കായി ഒരു ഫുട്ബോൾ വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. 2011-ൽ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയതിനു ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നിലവിൽ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന ഈ 38-കാരൻ 2026-ൽ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ 336 റൺസിന്റെ തകർപ്പൻ വിജയം ചരിത്ര വിജയമായിരുന്നു. നായകൻ ശുഭ്മാൻ ഗിൽ ധീരതയോടെ ടീമിനെ ഈ വിജയത്തിലേക്ക് നയിച്ചതിനെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിനന്ദിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോൾ 1-1ന് സമനിലയിലാണ്. സമീപ വർഷങ്ങളിൽ ഇന്ത്യ നേടിയ ഏറ്റവും മികച്ച എവേ വിജയങ്ങളിലൊന്നാണ് ഇത്.
ഗിൽ റെക്കോർഡ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സിൽ 269 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസും നേടിയ അദ്ദേഹം ആകെ 430 റൺസ് സ്വന്തമാക്കി. ഇത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണ്. 24 വയസ്സുകാരനായ ഗില്ലിന്റെ മികച്ചതും ആക്രമണാത്മകവുമായ ബാറ്റിംഗ് ഇന്ത്യയുടെ കൂറ്റൻ സ്കോറിനും ഒടുവിൽ വിജയത്തിനും വഴിയൊരുക്കി. ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം ഇന്ത്യക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന്റെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം സഹായിച്ചത് മാത്രമല്ല, ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിജയവും കൂടിയായിരുന്നു ഇത്.
പുതിയ നായകനോടുള്ള തന്റെ ആദരവ് കോഹ്‌ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് മികച്ച വിജയം നേടാനായി. നിർഭയമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ബാറ്റിംഗിലും ഫീൽഡിലും ശുഭ്മാൻ ഗിൽ മികച്ച രീതിയിൽ ടീമിനെ നയിച്ചു,” അദ്ദേഹം കുറിച്ചു.
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളിംഗ് യൂണിറ്റിനെയും, പ്രത്യേകിച്ച് മുഹമ്മദ് സിറാജിനെയും ആകാശ് ദീപിനെയും അദ്ദേഹം അഭിനന്ദിച്ചു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ 2025 ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ നീണ്ട ഐപിഎൽ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടു. ആഘോഷങ്ങൾക്കിടയിലും വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പുകഴ്ത്തി. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ആർസിബി ക്യാപ്റ്റൻ, ഈ വിജയം വളരെ സവിശേഷമാണെന്നും എന്നാൽ തൻ്റെ കണ്ണിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ മഹത്വത്തിന് ഇത് അഞ്ചു പടി താഴെയാണെന്നും പറഞ്ഞു.
“എൻ്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണിത്, പക്ഷേ ഇത് ടെസ്റ്റ് ക്രിക്കറ്റിന് അഞ്ചു പടി താഴെയാണ്, ടെസ്റ്റ് ക്രിക്കറ്റിനെ ഞാൻ അത്രയധികം സ്നേഹിക്കുകയും അതിന് അത്രയധികം മൂല്യം കൽപ്പിക്കുകയും ചെയ്യുന്നു. ഈ ഫോർമാറ്റിനെ ബഹുമാനിക്കാൻ യുവതാരങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു,” ഫൈനലിന് ശേഷം കോഹ്‌ലി പറഞ്ഞു.
“കാരണം, നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ, ലോകത്ത് എവിടെയും നിങ്ങൾ നടക്കുമ്പോൾ ആളുകൾ നിങ്ങളെ കണ്ണിൽ നോക്കി, കൈ കുലുക്കി, നന്നായി കളിച്ചു എന്ന് പറയും. അതിനാൽ, ലോക ക്രിക്കറ്റിൽ എല്ലായിടത്തും ബഹുമാനം നേടണമെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റ് തിരഞ്ഞെടുക്കുക, അതിന് നിങ്ങളുടെ ഹൃദയവും ആത്മാവും നൽകുക” കോഹ്ലി പറഞ്ഞു.
18 വർഷത്തെ കാത്തിരിപ്പിനു ശേഷം ഐ പി എൽ കിരീടം നേടിയ വിരാട് കോഹ്ലി താൻ ഈ വിജയത്തിൽ അതീവ സന്തോഷവാൻ ആണെന്ന് പറഞ്ഞു. ഈ ടീമിനായി താൻ തന്റെ യൗവ്വനവും പ്രൈമും പരിചയസമ്പത്തും എല്ലാം നൽകിയെന്നും ഈ വിജയം സ്പെഷ്യൽ ആണെന്നും കോഹ്ലി പറഞ്ഞു.
ഈ കപ്പ് ടീമിനോളം എന്നപോലെ ആരാധാകർക്ക് കൂടിയുള്ള കപ്പ് ആണെന്നും അവർ ഈ കിരീടം അർഹിക്കുന്നുണ്ട് എന്നും കോഹ്ലി പറഞ്ഞു. ഈ കിരീടത്തിൽ ദൈവത്തോട് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 190 റൺസ് ആയിരുന്നു എടുത്തത്. ചെയ്സ് ചെയ്ത് പഞ്ചാബിന് 184 റൺസ് എടുക്കാനെ ആയുള്ളൂ.
ആർസിബിയുടെയും കോഹ്ലിയുടെയും ഐപിഎൽ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് അഹമ്മദബാദിൽ നടന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തോൽപ്പിച്ച് ആണ് ആർസിബി പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഇന്ന് ആർ സി ബി ഉയർത്തിയ 191 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 184-7 റൺസ് എടുക്കാനെ ആയുള്ളൂ.
അത്ര നല്ല തുടക്കം അല്ല പഞ്ചാബിന് ചെയ്സിൽ ലഭിച്ചത്. അവർക്ക് തുടക്കത്തിൽ 19 പന്തിൽ 24 റൺസ് എടുത്ത പ്രിയാൻസ് ആര്യയെ നഷ്ടമായി. സാൾട്ടിന്റെ ബൗണ്ടറി ലൈനിലെ തകർപ്പൻ ക്യാച്ചിലൂടെ ആയിരുന്നു ഈ വിക്കറ്റ്.
പ്രബ്സിമ്രൻ 26 റൺസ് നേടി എങ്കിലും ബൗണ്ടറി നേടാൻ പ്രയാസപ്പെട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 1 റൺ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന്റെ പ്രതീക്ഷകൾ തകർത്തു. പൊരുതിയ ഇംഗ്ലിസ് ആകട്ടെ 23 പന്തിൽ നിന്ന് 39 റൺസ് എടുത്തും പുറത്തായി.
4 ഓവർ ചെയ്ത് 17 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യ കളി ആർ സി ബിക്ക് അനുകൂലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 18 പന്തിൽ 15 റൺസ് മാത്രം നേടിയ നെഹാവ് വദേരക്ക് ഇത് മറക്കാവുന്ന മത്സരമായി. അവസാനം ശശാങ്ക് ആഞ്ഞു ശ്രമിച്ചെങ്കിലും വിജയവും കിരീടവും ദൂരെ ആയിരുന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് എടുത്തത്. അവസാനം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ഷെപേർഡും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആർ സി ബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഇന്ന് തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഫിൽ സാൾട്ടിന്റെ വിക്കറ്റ് ആർ സി ബിക്ക് നഷ്ടമായി. 9 പന്തിൽ നിന്ന് 16 റൺസ് എടുത്ത സാൾട്ടിനെ ജാമിസൺ ആണ് പുറത്താക്കിയത്. ഇതിനു ശേഷം റൺ റേറ്റ് ഉയർത്താൻ ആർ സി ബി പ്രയാസപ്പെട്ടു.
മായങ്ക് അഗർവാൾ 18 പന്തിൽ 24 റൺസ് എടുത്തും, ക്യാപ്റ്റൻ രജത് പടിദാർ 16 പന്തിൽ 26 റൺസും എടുത്ത് നല്ല തുടക്കം മുതലെടുക്കാതെ പുറത്തായി. 35 പന്തിൽ 43 റൺസ് എടുത്ത കോഹ്ലി ബൗണ്ടറി കണ്ടെത്താൻ ഇന്ന് പ്രയാസപ്പെട്ടു.
ഇതിനു ശേഷം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ചേർന്നതോടെ സ്കോറിംഗ് വേഗത കൂടി. ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസ് അടിച്ചു. ജിതേഷ് ശർമ്മ 10 പന്തിൽ 24 റൺസ് ആണ് അടിച്ചത്. 2 സിക്സും 2 ഫോറും താരം അടിച്ചു. ഷെപേർഡ് 8 പന്തിൽ 17 റൺസ് ആണ് നേടിയത്.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ നാലാം ഐപിഎൽ ഫൈനലിന് തയ്യാറെടുക്കുമ്പോൾ, എല്ലാവരുടെയും ശ്രദ്ധ വീണ്ടും വിരാട് കോഹ്ലിയിലാണ്. പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ 2025 ഫൈനലിന് മുന്നോടിയായി സംസാരിച്ച പടിദാർ ഈ കിരീടം വിരാടിന് വേണ്ടി നേടണം എന്ന് പറഞ്ഞു.
“വിരാട് ഒരുപാട് നൽകിയിട്ടുണ്ട് – ഇന്ത്യക്കും ആർസിബിക്കുമായി. ഈ കിരീടം നേടുന്നത് അദ്ദേഹത്തിനും എല്ലാ സീസണുകളിലും ഞങ്ങളെ പിന്തുണച്ച ആരാധകർക്കും ലോകം കീഴടക്കിയതിന് തുല്യമാകും,” ഫൈനലിൻ്റെ തലേന്ന് പാട്ടിദാർ പറഞ്ഞു.
ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 55 ന് മുകളിൽ ശരാശരിയോടെ 614 റൺസ് നേടിയ കോഹ്ലി മികച്ച ഫോമിലാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ഇതിഹാസ ഐപിഎൽ കരിയറിൽ കിരീടം മാത്രം അകലെയാണ്.
“ഞങ്ങൾക്ക് എല്ലാവർക്കും ആ അഭാവം അനുഭവപ്പെടുന്നുണ്ട്. ഇത്തവണ അദ്ദേഹത്തിന് ചുറ്റും ഒരു പ്രത്യേക ഊർജ്ജമുണ്ട്. അദ്ദേഹത്തിന് നഷ്ടപ്പെട്ട ആ ഒരേയൊരു കാര്യം ഞങ്ങൾക്ക് നൽകാൻ കഴിഞ്ഞാൽ, അത് ഒരിക്കലും മറക്കാനാവാത്തതായിരിക്കും.” അദ്ദേഹം പറഞ്ഞു.
മെയ് 27 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ വെറും 27 പന്തിൽ അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലി ഐപിഎൽ 2025 ലെ തകർപ്പൻ ഫോം തുടർന്നു. ഇത് ഐപിഎൽ ചരിത്രത്തിലെ അദ്ദേഹത്തിന്റെ 63-ാം അർധസെഞ്ചുറിയാണ്. ഈ നേട്ടത്തോടെ 62 അർധസെഞ്ചുറികളുടെ ഡേവിഡ് വാർണറുടെ റെക്കോർഡ് അദ്ദേഹം മറികടന്നു, ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയ താരം എന്ന റെക്കോർഡ് ഇതോടെ കോഹ്ലിയുടെ പേരിലായി.
ഒരു സീസണിൽ 600 റൺസ് എന്ന നേട്ടം അഞ്ച് തവണ പിന്നിട്ട കോഹ്ലി മറ്റൊരു റെക്കോർഡും സ്വന്തമാക്കി. മറ്റൊരു കളിക്കാരനും ഈ നേട്ടം ഇത്രയധികം തവണ കൈവരിച്ചിട്ടില്ല. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായുള്ള അദ്ദേഹത്തിൻ്റെ ടി20 റൺസ് (ഐപിഎൽ, ചാമ്പ്യൻസ് ലീഗ് ടി20 മത്സരങ്ങൾ ഉൾപ്പെടെ) ഇപ്പോൾ 9000 കടന്നു. അർധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ ആവേശ് ഖാൻ അദ്ദേഹത്തെ പുറത്താക്കിയെങ്കിലും 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് കോഹ്ലിയുടെ ഇന്നിംഗ്സ് നിർണായകമായിരുന്നു.