ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം

വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്‍. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ തങ്ങളുടെ പരിചയ സമ്പത്ത് കൊണ്ട് മറികടന്ന പ്രകടനമാണ് മുഹമ്മദ് നബിയും അസ്ഗര്‍ അഫ്ഗാനും പുറത്തെടുത്തതെന്ന് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് മുജീബ് എന്നാല്‍ ഈ മത്സരത്തില്‍ ശരിയായ സ്ഥലങ്ങളില്‍ താരം പന്തെറിഞ്ഞതോടെ വിക്കറ്റുകള്‍ നേടുവാന്‍ താരത്തിന് സാധിച്ചുവെന്നും റഷീദ് പറഞ്ഞു. ടീം ഏതായാലും ജയം നല്ല കാര്യമാണെന്ന് റഷീദ് ഖാന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ നാല് ജയങ്ങള്‍ എന്നത് വലിയ കാര്യമാണ്. നിരവധി താരങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുവാന്‍ എത്തിയെന്നും അവരോടെല്ലാം നന്ദി അറിയിക്കുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ശരിയായ തീരുമാനം

വെറും മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ടീമില്‍ നിന്ന് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് വിജയത്തോടെ വിടവാങ്ങുവാന്‍ തീരുമാനിച്ച താരമാണ് മുഹമ്മദ് നബി. ടി20യില്‍ മിന്നും ഫോമില്‍ കളിച്ച് ടീമിന് വിജയത്തിനാവശ്യമായ റണ്ണിലേക്ക് എത്തിച്ച് ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ മുഹമ്മദ് നബി പറയുന്നത് ടെസ്റ്റില്‍ നിന്ന് വിരമിക്കുവാനുള്ള തന്റെ തീരുമാനം ശരിയാണെന്നാണ്.

യുവ താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് തെളിയേണ്ടിയും തെളിയിക്കേണ്ടിയും ഇരിക്കുന്നു. ആ അവസരം അവര്‍ക്കായി വിട്ട് നല്‍കുകയാണ് നല്ലതെന്നും താന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് തോന്നിയതെന്നും അതാണ് തന്റെ വിരമിക്കില്‍ തീരുമാനത്തിന് പിന്നിലെന്നും നബി പറഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നും നബി കൂട്ടിചേര്‍ത്തു.

പവര്‍ പ്ലേയില്‍ ബംഗ്ലാദേശ് മികച്ച് നിന്നു, അവസാന അഞ്ചോവറിലാണ് കളി മാറ്റുവാന്‍ തങ്ങള്‍ക്കായത്

ടീമെന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ നേടിയ വിജയമാണ് ഇന്നലെ ബംഗ്ലാദേശിനെതിരെയുള്ളതെന്ന് പറഞ്ഞ് മുഹമ്മദ് നബി. കളിയിലെ താരമായി മാറിയ നബിയുടെ പുറത്താകാതെ 84 റണ്‍സ് നേട്ടമാണ് അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. 54 പന്തില്‍ നിന്ന് 7 സിക്സും മൂന്ന് ഫോറും അടക്കമാണ് നബിയുടെ ഈ മിന്നും പ്രകടനം. പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ബംഗ്ലാദേശിനായന്ന് നബി സമ്മതിച്ചു.

എന്നാല്‍ താനും അസ്ഗര്‍ അഫ്ഗാനും നിലയുറപ്പിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായെന്നും പിന്നീട് അവസാന അഞ്ചോവറില്‍ അടിച്ച് തകര്‍ക്കുവാന്‍ തനിക്കായെന്നും നബി പറഞ്ഞു. ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ഷോട്ട് സെലക്ഷനാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് നബി വ്യക്തമാക്കി. 40/4 എന്ന നിലയില്‍ നിന്ന് അസ്ഗര്‍-നബി കൂട്ടുകെട്ട് 79 റണ്‍സ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും അഫ്ഗാനിസ്ഥാന്റെ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങള്‍, വെടിക്കെട്ട് പ്രകടനവുമായി മുഹമ്മദ് നബി

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തി സീനിയര്‍ താരങ്ങളായ അസ്ഗര്‍ അഫ്ഗാനും മുഹമ്മദ് നബിയും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ റഹ്മാനുള്ള ഗുര്‍ബാസിനെ സൈഫുദ്ദീന്‍ എറിഞ്ഞ ആദ്യ പന്തില്‍ നഷ്ടമായ അഫ്ഗാനിസ്ഥാന് അടുത്ത ഓവറില്‍ ഹസ്രത്തുള്ള സാസായിയെയും നഷ്ടമായി. ഷാക്കിബിനായിരുന്നു വിക്കറ്റ്. സൈഫുദ്ദീന്റെ അടുത്ത ഓവറില്‍ നജീബ് താരാകായിയും പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 19/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് ഷാക്കിബ് നജീബുള്ള സദ്രാനെ പുറത്താക്കിയപ്പോള്‍ 40/4 എന്ന നിലയില്‍ ഒത്തുകൂടിയ സീനിയര്‍ താരങ്ങള്‍ അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചു. 79 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 39 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കിയ സൈഫുദ്ദീന്‍ അതേ ഓവറില്‍ ഗുല്‍ബാദിന്‍ നൈബിനെയും വീഴ്ത്തി തന്റെ നാല് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

അടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ തുടരെ സിക്സുകളും ബൗണ്ടറിയും പായിച്ച് മുഹമ്മദ് നബി തകര്‍ത്തടിച്ചപ്പോള്‍ ഓവറില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ 22 റണ്‍സാണ് നേടിയത്. 54 പന്തില്‍ നിന്ന് 85 റണ്‍സുമായി മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. 7 സിക്സും 3 ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 20 ഓവറില്‍ നിന്ന് 164 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് സൈഫുദ്ദീന്‍ നാലും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റ് നേടി. സൈഫുദ്ദീന്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ മികച്ച രീതിയി‍ല്‍ പന്തെറിഞ്ഞുവെങ്കിലും മുസ്തഫിസുര്‍ റഹ്മാന് വിക്കറ്റൊന്നും ലഭിച്ചില്ല.

സിംബാബ്‍വേയ്ക്ക് രണ്ടാം തോല്‍വി, 28 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍

ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ 28 റണ്‍സിന്റെ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 197/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് 169 റണ്‍സ് മാത്രമേ നേടാനായുള്ളു. സിംബാബ്‍വേയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അഫ്ഗാനിസ്ഥാന് വേണ്ടി 30 പന്തില്‍ നിന്ന് 69 റണ്‍സുമായി നജീബുള്ള സദ്രാനും 24 പന്തില്‍ 43 റണ്‍സ് നേടിയ റഹ്മാനനുള്ള ഗുര്‍ബാസും തിളങ്ങിയപ്പോള്‍ 18 പന്തില്‍ 38 റണ്‍സുമായി മുഹമ്മദ് നബിയും തിളങ്ങി. സിംബാബ്‍വേയ്ക്ക് വേണ്ടി ടെണ്ടായി ചതാരയും ഷോണ്‍ വില്യംസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ ബാറ്റിംഗ് നിരയില്‍ റെഗിസ് ചകാബ്‍വ 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ടന്‍ ടെയിലര്‍(26), ടിനോടെണ്ട മുടോംബോഡ്സി(20), റയാന്‍ ബര്‍ള്‍(25) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ പോയത് ടീമിന് തിരിച്ചടിയായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് മാലിക്കും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് സിംബാ‍ബ്‍വേ നേടിയത്.

പിച്ച് കണ്ടപ്പോള്‍ തന്നെ വിജയം പ്രതീക്ഷിച്ചു, കാരണം തങ്ങളുടെ സ്പിന്നര്‍മാര്‍ ബംഗ്ലാദേശിനെക്കാള്‍ മികച്ചവര്‍

പിച്ച് കണ്ട നിമിഷം തന്നെ തങ്ങള്‍ ഈ മത്സരത്തില്‍ വിജയ പ്രതീക്ഷിച്ചിരുന്നുവെന്ന് പറഞ്ഞ് മുഹമ്മദ് നബി. പിച്ച് പരിശോധനയ്ക്ക് ശേഷം ഇരു ടീമുകളിലെയും സ്പിന്നര്‍മാരെ പരിഗണിച്ച് മത്സരം നാലാം ദിവസം അവസാനിക്കുമെന്നാണ് തങ്ങള്‍ വിലയിരുത്തിയത്. മഴയില്ലായിരുന്നുവെങ്കില്‍ അത് തന്നെ സംഭവിക്കുമായിരുന്നു. തങ്ങളുടെ സ്പിന്നര്‍മാര്‍ അവരുടെ സ്പിന്നര്‍മാരെക്കാള്‍ മികച്ചതാണെന്നതിനാല്‍ തന്നെ പിച്ച് കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചുവെന്നും നബി വ്യക്തമാക്കി.

റഷീദ് ഖാനെ ഈ സാഹചര്യങ്ങളില്‍ നേരിടുക ഏറെ പ്രയാസകരമാണെന്നും വളരെ വ്യത്യസ്തമായ ബൗളര്‍ ആണ് താരമെന്നും നബി പറഞ്ഞു. താനും റഷീദും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ തങ്ങളുടെ ബൗളിംഗ് അവിടുള്ളവര്‍ക്ക് സുപരിചിതമാണെങ്കിലും റഷീദ് ഖാനെ കളിക്കുക പ്രയാസകരമായി തന്നെ തുടരുകയാണെന്നും മുഹമ്മദ് നബി വ്യക്തമാക്കി.

യുഎഇയിലെ ക്യാമ്പ് ഗുണം ചെയ്തു – നബി

ബംഗ്ലാദേശ് ടെസ്റ്റിന് മുമ്പ് പത്ത് ദിവസം അബുദാബിയില്‍ നടത്തിയ പരിശീലന ക്യാമ്പ് ഏറെ ഗുണം ചെയ്തുവെന്ന് പറഞ്ഞ് മുഹമ്മദ് നബി. അവിടെ എത്തിയ ആദ്യ അഞ്ച് ദിവസം കളിക്കാര്‍ക്ക് വളരെ മോശം അന്തരീക്ഷമായിരുന്നുവെന്ന് നബി പറഞ്ഞു. 46-47 ഡിഗ്രി ചൂട് കാരണമായിരുന്നു ഇത്. എന്നാല്‍ അതിന് ശേഷം ബംഗ്ലാദേശിലേക്ക് എത്തിയപ്പോള്‍ ഇത്രയും അധികം ചൂടില്ലാത്തതിനാല്‍ വേഗം തന്നെ സാഹചര്യങ്ങളുമായി ഇണങ്ങുവാന്‍ ടീമിന് സാധിച്ചുവെന്നും നബി പറഞ്ഞു.

ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ മികച്ചതായിരുന്നുവെന്നും അതിനാല്‍ തന്നെയാണ് ബൗളിംഗിലും ബാറ്റിംഗിലും ടീമംഗങ്ങള്‍ ഒരു പോലെ തിളങ്ങിയതെന്നും അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. ഇരു ഇന്നിംഗ്സുളിലും മികച്ച സ്കോറുകള്‍ നേടുവാന്‍ ടീമിന് സാധിച്ചിരുന്നുവെന്നും ഇബ്രാഹിമിനെ പോലെയുള്ള യുവ താരം തനിക്ക് ലഭിച്ച അവസരം മുതലാക്കിയത് ഏറെ ആഹ്ലാദം പകരുന്നുവെന്നും നബി പറഞ്ഞു.

ബംഗ്ലാദേശില്‍ എ ടീമിനൊപ്പം സന്ദര്‍ശിച്ച താരമാണ് ഇബ്രാഹിം, അന്ന് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇപ്പോള്‍ ഈ ടെസ്റ്റിലും മികവ് പുലര്‍ത്തിയ താരം ടെസ്റ്റ് ക്രിക്കറ്റിന് താന്‍ അനുയോജ്യനാണെന്ന് തെളിയിച്ചുവെന്നും അഫ്ഗാനിസ്ഥാന്‍ താരം അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍സിലെ മാറ്റം ലോകകപ്പ് പ്രകടനത്തെ ബാധിച്ചു

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ നടന്ന ക്യാപ്റ്റന്‍സി മാറ്റമാണ് ടീമിന്റെ ലോകകപ്പ് സാധ്യതയെ ബാധിച്ചതെന്ന് പറഞ്ഞ് മുഹമ്മദ് നബി. ബോര്‍ഡിന്റെ ആ തീരുമാനത്തെ താരം വിമര്‍ശിക്കുകയും ചെയ്തു. ലോകകപ്പിന് തൊട്ട് മുമ്പാണ് അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നൈബിനെ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റനാക്കി തീരുമാനിച്ചത്. അന്ന് ആ തീരുമാനത്തെ സീനിയര്‍ താരങ്ങളെല്ലാം എതിര്‍ത്തുവെങ്കിലും ബോര്‍ഡ് ചെവികൊണ്ടില്ല. പിന്നീട് ലോകകപ്പില്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ അഫ്ഗാനിസ്ഥാന്‍ മടങ്ങിയ ശേഷം ഗുല്‍ബാദിന്‍ നൈബിനെ പുറത്താക്കി റഷീദ് ഖാനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കി തീരുമാനിക്കുകയായിരുന്നു.

ക്യാപ്റ്റനെ മാറ്റിയ ശേഷം ടീമെന്ന നിലയില്‍ അഫ്ഗാനിസ്ഥാന് കളിക്കാനായില്ലെന്ന് നബി പറഞ്ഞു. നൈബ് തന്റെ കരിയറില്‍ ഇതുവരെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്തിരുന്നില്ലെന്നും അത് തങ്ങളുടെ ലോകകപ്പിലെ പ്രകടനത്തെ ബാധിച്ചുവെന്നും നബി പറഞ്ഞു. പാക്കിസ്ഥാന്‍, വിന്‍ഡീസ്, ഇന്ത്യ എന്നിവര്‍ക്കെതിരെ മികച്ച മത്സരം പുറത്തെടുത്തുവെങ്കിലും ടീം പരാജയപ്പെടുകയായിരുന്നുവെന്നും നബി പറഞ്ഞു.

ടീം കോമ്പിനേഷനുകളാണ് പ്രധാനമെന്നും ലോകകപ്പിന് മുമ്പ് ബോര്‍ഡ് അംഗങ്ങള്‍ ക്യാപ്റ്റനെ മാറ്റിയത് ടീമിന്റെ താളം തെറ്റിച്ചുവെന്നും കോമ്പിനേഷനുകള്‍ ഒന്നും ലോകകപ്പില്‍ വേണ്ടത്ര രീതിയില്‍ ഫലം കണ്ടില്ലെന്നും നബി പറഞ്ഞു. റഷീദ് ഖാന് ടീമിനെ നയിക്കുവാനുള്ള കഴിവുണ്ടെന്നും അത് പോലെ തന്നെ താനും അസ്ഗര്‍ അഫ്ഗാനും റഷീദിനെ പിന്തുണയ്ക്കുവാനുണ്ടെന്നും നബി വ്യക്തമാക്കി.

ടെസ്റ്റ് കളിക്കാനായ തലമുറയുടെ ഭാഗമായതില്‍ സന്തോഷം

ബംഗ്ലാദേശിനെ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം മത്സരത്തില്‍ തന്നെ രണ്ട് ജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് നിരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി റിട്ടയര്‍മെന്റ് തീരുമാനം പ്രഖ്യാപിച്ചിരുന്നു. തന്റെ വിരമിക്കല്‍ വിജയത്തോടെ ആക്കിയ താരത്തിന് മത്സരശേഷം അഫ്ഗാന്‍ താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. ഈ ഫോര്‍മാറ്റില്‍ ചരിത്ര വിജയമാണ് ബംഗ്ലാദേശിനെതിരെ നേടിയതെന്ന് പറഞ്ഞ നബി തങ്ങള്‍ പുതുമുഖങ്ങളാണെന്നത് ഓര്‍ക്കണമെന്ന് സൂചിപ്പിച്ചു.

മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് തങ്ങള്‍ കളിച്ചതെന്നും അതില്‍ ഇന്ത്യയോട് പരാജയപ്പെട്ടുവെങ്കിലും അയര്‍ലണ്ടിനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തുവാന്‍ ടീമിന് സാധിച്ചത് വലിയ കാര്യമാണെന്നും തങ്ങള്‍ ഈ ഫോര്‍മാറ്റിന് അനുയോജ്യരാണെന്ന് തെളിയിക്കുന്നുവെന്നും നബി പറഞ്ഞു. തങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് അതിശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും മുഹമ്മദ് നബി പറഞ്ഞു.

അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ട്. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ മൂന്ന് തവണ കളിച്ച് രണ്ട് തവണ ചാമ്പ്യന്മാരും ഒരു തവണ റണ്ണറപ്പുമായ ടീമാണ് ഞങ്ങള്‍. ഐസിസി ടെസ്റ്റ് പദവി തരുവാനുള്ള ഒരു കാരണം ഈ ടൂര്‍ണ്ണമെന്റുകളിലെ പ്രകടനമാണെന്നും തനിക്ക് ഈ ടെസ്റ്റ് കളിക്കാനായ തലമുറയിലെ ഭാഗമാകാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പ്രയത്നമാണ് ടെസ്റ്റ് പദവിയും ടെസ്റ്റ് വിജയങ്ങളുമായി മാറിയിരിക്കുന്നതെന്നും നബി വ്യക്തമാക്കി.

തന്റെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നബിയ്ക്ക് സമര്‍പ്പിച്ച് റഷീദ് ഖാന്‍

അഫ്ഗാനിസ്ഥാന് വേണ്ടി തന്റെ അവസാന ടെസ്റ്റ് കളിച്ച മുഹമ്മദ് നബി ഇന്ന് വിജയത്തോടെയാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് മടങ്ങുന്നത്. ടെസ്റ്റില്‍ കാര്യമായ പ്രകടനം ഒന്നും താരത്തിന് പുറത്തെടുക്കാനായില്ലെങ്കിലും ടി20യിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി താന്‍ ഈ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് നബി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നബിയ്ക്ക് രണ്ടിന്നിംഗ്സിലായി 0, 8 എന്നീ സ്കോറുകള്‍ മാത്രമേ ബാറ്റിംഗില്‍ നേടുവാനായുള്ളു. ബൗളിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റുമാണ് താരം നേടിയത്.

അതേ സമയം മത്സരത്തില്‍ നിന്ന് 11 വിക്കറ്റും ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകവും നേടിയ റഷീദ് ഖാന്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം മുഹമ്മദ് നബിയ്ക്ക സമര്‍പ്പിക്കുകയായിരുന്നു. 51, 24 എന്നിങ്ങനെ ഇരു ഇന്നിംഗ്സുകളിലായി ബാറ്റിംഗ് പ്രകടനം നടത്തിയ താരം ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റും നേടി.

ബംഗ്ലാദേശ് ടെസ്റ്റിന് ശേഷം ടെസ്റ്റില്‍ നിന്ന് നബിയുടെ വിരമിക്കല്‍

ബംഗ്ലാദേശിനെതിരെ ഇപ്പോള്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്റെ ഏക ടെസ്റ്റിന് ശേഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ച് മുഹമ്മദ് നബി. താരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 34 വയസ്സുകാരന്‍ നബി അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാന് അത്രയധികം ടെസ്റ്റ് മത്സരങ്ങളില്ല എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അടുത്ത നവംബര്‍-ഡിസംബറില്‍ വിന്‍ഡീസിനെതിരാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത ടെസ്റ്റ്.

അതേ സമയം ടി20യില്‍ താരം മൂല്യമേറിയ താരമാണ്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യ ഘടകമായ താരമാണ് മുഹമ്മദ് നബി. 2020 ഐസിസി ടി20 ലോകകപ്പിലും നബി അഫ്ഗാനിസ്ഥാന്റെ സാധ്യതകളെ സ്വാധീനിക്കുന്ന താരമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

അവസാന ഓവറില്‍ നബി വീണു, മുഹമ്മദ് ഷമിയുടെ ഹാട്രിക്കോടു കൂടി ത്രില്ലര്‍ മത്സരത്തില്‍ കടന്ന് കൂടി ഇന്ത്യ

സൗത്താംപ്ടണിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യ നല്‍കിയ 225 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനാകാതെ അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയുടെ വീരോചിതമായ ചെറുത്ത് നില്പ് മൂന്ന് പന്ത് അവശേഷിക്കെ അവസാനിച്ചപ്പോള്‍ 11 റണ്‍സിന്റെ തോല്‍വിയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. നബി പുറത്തായ ശേഷം അടുത്ത രണ്ട് പന്തുകളില്‍ ശേഷിക്കുന്ന അഫ്ഗാന്‍ താരങ്ങളെയും പുറത്താക്കി മുഹമ്മദ് ഷമി തന്റെ ഹാട്രിക്കും ഇന്ത്യയ്ക്ക് തങ്ങളുടെ വിജയവും നേടിക്കൊടുക്കുകയായിരുന്നു.

വലിയ സ്കോര്‍ നേടാനാകാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പോലെ അഫ്ഗാന്‍ താരങ്ങളും മടങ്ങിയപ്പോള്‍ നിശ്ചിത 49.5 ഓവറില്‍ 213 റണ്‍സ് മാത്രമേ അഫ്ഗാനിസ്ഥാനും നേടാനായുള്ളു. പല കൂട്ടുകെട്ടുകളും അഫ്ഗാന്‍ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീട്ടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്ത് കൊണ്ടേ ഇരിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ പിറന്നപ്പോള്‍ അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി ടോപ് സ്കോറര്‍ ആയി നിന്നു.  52 റണ്‍സാണ് താരം നേടിയത്.

ഒരു ഘട്ടത്തില്‍ 106/2 എന്ന നിലയില്‍ ശക്തമായ അടിത്തറ അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മത്സരത്തിന്റെ 29ാം ഓവറില്‍ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാന് ഇരട്ട പ്രഹരം നല്‍കുന്നത്. 36 റണ്‍സ് നേടിയ റഹ്മത് ഷായെ യൂസുവേന്ദ്ര ചഹാല്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ രണ്ട് പന്തുകള്‍ക്ക് ശേഷം 21 റണ്‍സ് നേടിയ ഹസ്മത്തുള്ള ഷഹീദിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ബുംറ പുറത്താക്കി.

പിന്നീട് മുഹമ്മദ് നബി മറ്റു താരങ്ങള്‍ക്കൊപ്പം നിന്ന് ചെറിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 32 റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. ഇതിനിടെ മുഹമ്മദ് നബിയെ ഷമി വിക്കറ്റിനു മുന്നില്‍ കുടുക്കി അമ്പയറുടെ അനുകൂല വിധി ഇന്ത്യ സമ്പാദിച്ചുവെങ്കിലും തീരുമാനം റിവ്യൂ ചെയ്ത് നബി രക്ഷപ്പെടുകയായിരുന്നു. ഇക്രം അലി ഖില്ലിനെ കൂട്ടുപിടിച്ച് ലക്ഷ്യം അവസാന രണ്ട് ഓവറില്‍ 21 ആക്കി നബി മാറ്റിയിരുന്നു.

ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഒന്നും പിറക്കാതിരുന്നപ്പോള്‍ ബുംറ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി അവസാന ഓവറിലെ ലക്ഷ്യം 16 റണ്‍സാക്കി മാറ്റി. അവസാന പന്തില്‍ സിംഗിള്‍ നേടിയതിനാല്‍ സ്ട്രൈക്ക് മുഹമ്മദ് നബിയ്ക്ക് തന്നെയായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലോംഗ്-ഓണ്‍ ബൗണ്ടറിയിലേക്ക് പായിച്ച് നബി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ നബിയെയും അടുത്ത പന്തുകളില്‍ അഫ്താഭ് അലം മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ പുറത്താക്കി മുഹമ്മദ് ഷമി ലോകകപ്പിലെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിക്കറ്റുകള്‍ രണ്ടെണ്ണം മാത്രമേ വീഴ്ത്തിയുള്ളുവെങ്കിലും ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെല്ലും എടുത്ത് പറയേണ്ട ഒന്നാണ്. 2 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 39 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഇതില്‍ അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയ നിര്‍ണ്ണായകമായ 49ാം ഓവറുമുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചഹാല്‍ 36 റണ്‍സ് മാത്രമാണ് പത്തോവറില്‍ നിന്ന് നല്‍കിയത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപ് യാദവ് 39 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

 

Exit mobile version