മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും മാര്‍ക്ക് ദേയാലും ആന്‍ഡ്രേ ഫ്ലെച്ചറും ചേര്‍ന്ന് സൂക്ക്സിന് മികച്ച തുടക്കം നല്‍കുകയായിരുന്നു.

8.5 ഓവറില്‍ സ്കോര്‍ 77ല്‍ നില്‍ക്കവെ ദേയാലിനെ നഷ്ടമായതിന് ശേഷം സൂക്ക്സിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 67 റണ്‍സാണ് ഫ്ലെച്ചര്‍-ദേയാല്‍ കൂട്ടുകെട്ട് നേടിയത്. 29 റണ്‍സ് നേടിയ ദേയാലിനെ ഫവദ് അഹമ്മദ് പുറത്താക്കിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിനായിരുന്നു ഫ്ലെച്ചറിന്റെ വിക്കറ്റ്.

39 റണ്‍സാണ് ഫ്ലെച്ചറുടെ സംഭാവന. 77/1 എന്ന നിലയില്‍ നിന്ന് 117/5 എന്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളില്‍ ടീം വീഴുകയായിരുന്നു. റോസ്ടണ്‍ ചേസ് 22 റണ്‍സ് നേടി പൊള്ളാര്‍ഡിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫവദ് അഹമ്മദ് മുഹമ്മദ് നബിയെ പുറത്താക്കി.

24 റണ്‍സ് നേടിയ നജീബുള്ള സദ്രാന്റെ വിക്കറ്റ് വീഴ്ത്തി പൊള്ളാര്‍ഡ് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടുകയായിരുന്നു. നേരത്തെ ഡാരെന്‍ സാമിയുടെ വിക്കറ്റ് അകീല്‍ ഹൊസൈന്‍ നേടിയപ്പോള്‍ ജാവെല്ലേ ഗ്ലെന്നിന്റെ വിക്കറ്റ് പൊള്ളാര്‍‍ഡ് നേടുകയായിരുന്നു.

19.1 ഓവറില്‍ ആണ് ടീം ഓള്‍ഔട്ട് ആകുന്നത്. പത്തോവറില്‍ ആധിപത്യം നേടിയ സൂക്ക്സിനെ തിരിച്ചടിച്ച് മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ ട്രിന്‍ബാഗോ നടത്തിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നാല് വിക്കറ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നില്‍ക്കുന്ന സൂക്ക്സിനെയാണ് ട്രിന്‍ബാഗോ 154 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയത്.

ആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്

സെമി ഫൈനലില്‍ ബാറ്റിംഗ് നിര കൈവിട്ടപ്പോള്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ഗയാന ആമസോണ്‍ വാരിയേഴ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ചന്ദ്രപോള്‍ ഹേംരാജ് 25 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരനും ക്രിസ് ഗ്രീനും മാത്രമാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍. ഇരുവരും 11 റണ്‍സാണ് നേടിയത്. മാര്‍ക്ക് ദേയാല്‍, സ്കോട്ട് കുജ്ജെലിന്‍, റോസ്ടണ്‍ ചേസ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

4.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് 56 റണ്‍സ് നേടി സൂക്ക്സ് വിജയം കുറിച്ചത്. റഖീം കോണ്‍വാല്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും മാര്‍ക്ക് ദേയാല്‍ 19 റണ്‍സുമാണ് നേടിയത്. തന്റെ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ മാര്‍ക്ക് ദേയാല്‍ ആണ് കളിയിലെ താരം.

ഫൈനലില്‍ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ഏക ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ആണ് സെയിന്റ് ലൂസിയ സൂക്ക്സിന്റെ എതിരാളികള്‍.

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

റഖീം കോണ്‍വാല്‍ തുടക്കത്തില്‍ റിട്ടേര്‍ഡ് ആയെങ്കിലും മികച്ച തുടക്കമാണ് സെയിന്റ് ലൂസിയ സൂക്ക്സിന് ലഭിച്ചത്. ഫ്ലെച്ചറും മാര്‍ക്ക് ദേയാലും ചേര്‍ന്ന് മികച്ച തുടക്കം നേടിയ ശേഷം 17 പന്തില്‍ 30 റണ്‍സ് നേടിയ മാര്‍ക്ക് ദേയാല്‍ പുറത്താകുമ്പോള്‍ സ്കോര്‍ 73 റണ്‍സായിരുന്നു. 11.5 ഓവറില്‍ ആന്‍ഡ്രേ ഫ്ലെച്ചറെ നഷ്ടമായ ശേഷമാണ് സൂക്ക്സിന്റെ തകര്‍ച്ചയുടെ തുടക്കം.

33 പന്തില്‍ 46 റണ്‍സ് നേടിയ ഫ്ലെച്ചറിനെയും റോസ്ടണ്‍ ചേസിനെയും അടുത്തടുത്ത ഓവറുകള്‍ ജോണ്‍-റസ് ജാഗേസര്‍ പുറത്താക്കിയ ശേഷം സൊഹൈല്‍ തന്‍വീര്‍ നജീബുള്ള സദ്രാനെയും ഡാരെന്‍ സാമിയെയും പുറത്താക്കിയപ്പോള്‍ 123/5 എന്ന നിലയിലേക്ക് 14.4 ഓവറില്‍ സൂക്ക്സ് പ്രതിരോധത്തിലായി.

തിരികെ ബാറ്റിംഗിനെത്തിയ റഖീം കോണ്‍വാല്‍ റണ്ണൗട്ടാകുമ്പോള്‍ 16 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിന്റെ 19ാം ഓവറില്‍ സൊഹൈല്‍ തന്‍വീറിനെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സെയിന്റ് ലൂസിയ ഇന്നിംഗ്സിന് അവസാനം ആശ്വാസം പകര്‍ന്നത്. ഒരു ഘട്ടത്തില്‍ ഇരുനൂറിനടുത്ത് സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ടീമിന് 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാനായത്. മുഹമ്മദ് നബി 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടി.

ടീമിന്റെ ടോപ് സ്കോറര്‍ ആന്‍ഡ്രേ ഫ്ലെച്ചറാണെങ്കിലും 3 സിക്സുകളുടെ സഹായത്തോടെ 35 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം സൂക്ക്സ് ഇന്നിംഗ്സിന്റെ ഗതി മാറ്റുകയായിരുന്നു. സൊഹൈല്‍ തന്‍വീര്‍, ജോണ്‍-റസ് ജാഗ്ഗേസര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ ആണ് പാട്രിയറ്റ്സ് നിരയില്‍ കണക്കറ്റ് പ്രഹരം വാങ്ങിയത്.

Exit mobile version