ഈ അവസരം ഉപയോഗിക്കുക ഏറെ പ്രധാനമെന്ന് ശ്രേയസ്സ് അയ്യര്‍

വിന്‍ഡീസ് പരമ്പരയില്‍ തനിക്ക് നല്‍കിയ അവസരം പ്രയോജനപ്പെടുത്തി ടീമിലെ സ്ഥാനം ഉറപ്പാക്കുകയെന്നത് ഏറെ പ്രധാനമായ കാര്യമാണെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. ഒരു വര്‍ഷത്തിനു മേലെ ഇടവേളയ്ക്ക് ശേഷമാണ് താന്‍ ടീമിലേക്ക് എത്തുന്നത്. ഈ അവസരം താന്‍ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടത് വളരെ പ്രധാനമായ കാര്യമാണെന്നും അയ്യര്‍ പറഞ്ഞു. ടീമിലെ സ്ഥാനം ഉറപ്പാക്കുവാന്‍ ആദ്യം വേണ്ടത് അവസരങ്ങളാണ്, അതാണ് തനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്, ഇനി അത് വേണ്ട വിധത്തില്‍ താന്‍ ഉപയോഗിക്കണമെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ഗയാനയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇതുവരെ ടീമിന് പരിശീലനം നടത്തുവാനും സാധിച്ചിട്ടില്ല. മഴ മാറി നിന്ന് തനിക്ക് അടുത്ത രണ്ട് മത്സരങ്ങളിലും ലഭിയ്ക്കുന്ന അവസരം മുതലാക്കാനാകുമെന്നാണ് ശ്രേയസ്സ് അയ്യര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന് അഞ്ച് വിക്കറ്റ്

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 295 റണ്‍സാണ് നേടിയത്. അതേ സമയം വിന്‍ഡീസ് 147 റണ്‍സിന് ഓള്‍ഔട്ട് ആയി.

ഓപ്പണര്‍ അന്മോല്‍പ്രീത് പൂജ്യത്തിന് പുറത്തായെങ്കിലും ശ്രേയസ്സ് അയ്യരും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അയ്യര്‍ 47 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 109 റണ്‍സാണ് നേടിയത്. ശുഭ്മന്‍ ഗില്‍ 77 റണ്‍സ് നേടി പുറത്തായി. ഇരുവരെയും റഖീം കോണ്‍വാല്‍ ആണ് പുറത്താക്കിയത്. 87 പന്തില്‍ നിന്ന് അതിവേഗത്തില്‍ തന്റെ 100 റണ്‍സ് തികച്ച് മനീഷ് പാണ്ടേയും പുറത്തായപ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് 295 റണ്‍സ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 89/2 എന്ന നിലയില്‍ നിന്ന് 117/9 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അധികം വൈകാതെ 34.2 ഓവറില്‍ 147 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ എ 148 റണ്‍സിന്റെ വിജയം സ്വന്തമാക്കി.

വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. എന്നാല്‍ 35.5 ഓവറില്‍ 125 റണ്‍സിന് എതിരാളികളെ ഓള്‍ഔട്ട് ആക്കി ഇന്ത്യ മികച്ച വിജയം സ്വന്തമാക്കുയായിരുന്നു. 65 റണ്‍സിന്റെ മികവാര്‍ന്ന വിജയത്തില്‍ ബൗളിംഗില്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

34 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം. വിന്‍ഡീസിന് വേണ്ടി റോഷ്ടണ്‍ ചേസ് നാലും അകീം ജോര്‍ദ്ദാന്‍ 3 വിക്കറ്റും നേടി. വിന്‍ഡീസ് നിരയില്‍ ജോനാഥന്‍ കാര്‍ട്ടര്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റോവ്മന്‍ പവല്‍ 41 റണ്‍സ് നേടി അതിവേഗ സ്കോറിംഗ് നടത്തിയ ശേഷം പുറത്താകുകയാിയരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ രണ്ട് വീതം വിക്കറ്റുമായി രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും തിളങ്ങി. ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.

ഐപിഎലില്‍ കോഹ്‍ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍, ഏറ്റവും മികച്ച നായകന്‍ ധോണി

ഐപിഎല്‍ 2019ല്‍ വിരാട് കോഹ്‍ലിയെക്കാള്‍ മികച്ച ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ആയിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ഏറ്റവും മോശം ക്യാപ്റ്റന്മാര്‍ കോഹ്‍ലിയും രഹാനെയുമായിരുന്നുവെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ തന്റെ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുക കൂടി സഞ്ജയ് മഞ്ജരേക്കര്‍ ചെയ്തില്ല.

രഹാനെയ്ക്കും 5 മാര്‍ക്കാണ് പത്തില്‍ മുന്‍ ഇന്ത്യന്‍ താരം നല്‍കിയത്. ധോണിയ്ക്ക് 9 പോയിന്റും രോഹിത് ശര്‍മ്മയ്ക്ക് എട്ട് പോയിന്റുമാണ് സഞ്ജയ് മഞ്ജരേക്കര്‍ നല്‍കിയത്. ശ്രേയസ്സ് അയ്യര്‍ക്കും എട്ട് പോയിന്റാണ് നല്‍കിയിരിക്കുന്നത്. അതേ സമയം പ്ലേ ഓഫിനു യോഗ്യത നേടിയില്ലെങ്കിലും രവിചന്ദ്രന്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. താരത്തിനു ഏഴ് പോയിന്റ് നല്‍കി മഞ്ജരേക്കര്‍.

സ്മിത്തിനു ആറ് പോയിന്റ് നല്‍കിയപ്പോള്‍ രഹാനെയ്ക്ക് വെറും അഞ്ച് പോയിന്റ് നല്‍കിയ സഞ്ജയ് വിരാടിനു 6 പോയിന്റ് നല്‍കി. കെയിന്‍ വില്യംസണ് 7 പോയിന്റാണ് സഞ്ജയ് മഞ്ജരേക്കര്‍ നല്‍കിയത്. ധോണിയുടെ ഒരു പോയിന്റ് കുറയ്ക്കുവാന്‍ കാരണം ഷെയിന്‍ വാട്സണെ കൂടുതല്‍ കാലം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

പൃഥ്വിയെയും പന്തിനെയും നിയന്ത്രിക്കുവാന്‍ ശ്രമിക്കരുത്

പൃഥ്വി ഷായെയും ഋഷഭ് പന്തിനെയും പോലുള്ള ബാറ്റ്സ്മാന്മാരെ നിയന്ത്രിക്കാന്‍ ശ്രമിക്കരുതെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍. പന്തിനെയും പൃഥ്വിയെയും അവരുടെ സാധാരണ ശൈലിയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നത് അവരുടെ കളിയെ ബാധിയ്ക്കുമെന്നാണ് താന്‍ കരുതുന്നത്. അവരെ അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാനാണ് സമ്മതിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും അയ്യര്‍ പറഞ്ഞു. സണ്‍റൈസേഴ്സിനെതിരെ ഇരുവരും ഒരുമിച്ച് ഫോമായത് വളരെ നല്ല കാര്യമാണെന്നും അയ്യര്‍ പറഞ്ഞു.

തന്റെ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ താന്‍ പാട് പെടുകയാണ്. എല്ലാവരുടെയും മുഖത്ത് സന്തോഷമാണ് കാണാനാകുന്നത്. ചെന്നൈയ്ക്കെതിരെയുള്ള മത്സരം കൂടി ജയിക്കാനാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. സണ്‍റൈസേഴ്സിനെതിരെ ഇത്തരം ട്രാക്കില്‍ ലഭിച്ച തുടക്കമാണ് കളി മാറ്റി മറിച്ചതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ചെപ്പോക്കില്‍ വീണ്ടും സ്പിന്നര്‍മാരുടെ താണ്ഡവം, മിന്നല്‍ സ്റ്റിംപിഗുകളുമായി ധോണിയും, നാണംകെട്ട തോല്‍വിയിലേക്ക് വീണ് ‍ഡല്‍ഹി ക്യാപിറ്റല്‍സ്

ബാറ്റിംഗില്‍ നിര്‍ണ്ണായകമായ 44 റണ്‍സ് നേടിയ ശേഷം മിന്നല്‍ സ്റ്റംപിംഗുകളുമായി ധോണി ഫീല്‍ഡിംഗിലും കളം നിറഞ്ഞ മത്സരത്തില്‍ 80 റണ്‍സിന്റെ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. സ്പിന്നര്‍മാരൊരുക്കിയ കുരുക്കില്‍ ഡല്‍ഹി വീണപ്പോള്‍ ടീമിന്റെ ഇന്നിംഗ്സ് 16.2 ഓവറില്‍ 99 റണ്‍സിനു അവസാനിച്ചു. 44 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ നഷ്ടപ്പെട്ടുവെങ്കിലും ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിക്കുകയായിരുന്നു. 5.3 ഓവറില്‍ ശിഖര്‍ ധവാനെ ഹര്‍ഭജന്‍ സിംഗ് പുറത്താക്കുമ്പോള്‍ 52 റണ്‍സായിരുന്നു ടീം നേടിയത്. 19 റണ്‍സായിരുന്നു ധവാന്റെ സംഭാവന. പിന്നീട് ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും ഒരു വശത്ത് നിന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രേയസ്സ് അയ്യരും 44 റണ്‍സ് നേടി മടങ്ങുകയായിരുന്നു.

രവീന്ദ്ര ജഡേജയുടെ ഓവറില്‍ സമാനമായ രീതിയില്‍ രണ്ട് മിന്നല്‍ സ്റ്റംപിംഗുകളാണ് ധോണി നടത്തിയത്. ഇമ്രാന്‍ താഹിറും നാല് വിക്കറ്റ് നേടിയപ്പോള്‍ ജഡേജയ്ക്ക് മൂന്ന് വിക്കറ്റാണ് നേടാനായത്. ചഹാറും ഹര്‍ഭജന്‍ സിംഗും ഓരോ വിക്കറ്റ് നേടി.

മരണ മാസ് സ്റ്റംപിംഗുകളുമായി ധോണി

എംഎസ് ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗുകളുടെ രണ്ടുദാഹരണമാണിന്ന് ഐപിഎലില്‍ കണ്ടത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ മിന്നല്‍ സ്റ്റംപിംഗുകള്‍ ധോണി നടത്തിയത് ഒന്നല്ല രണ്ട് തവണയാണ്. ഓവറിന്റെ നാലാം പന്തില്‍ ക്രിസ് മോറിസിന്റെ കാല്പാദം ഒന്നുയര്‍ന്നപ്പോള്‍ ധോണി സ്റ്റംപിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്നാം അമ്പയറിനു തീരുമാനം എടുക്കുവാന്‍ അധികം കാത്ത് നില്‍ക്കേണ്ടി വന്നില്ല.

ഒരു പന്തിനു ശേഷം ഡല്‍ഹിയുടെ ഏക പ്രതീക്ഷയായ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെയാണ് സമാനമായ രീതിയില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ലോകത്ത് മറ്റൊരു കീപ്പര്‍ക്കും ഈ സ്റ്റംപിംഗുകള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗുകള്‍.

അര്‍ദ്ധ ശതകങ്ങളുമായി ധവാനും ശ്രേയസ്സ് അയ്യരും, നിര്‍ണ്ണായക പ്രകടനവുമായി അക്സര്‍ പട്ടേലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം സെറ്റായ ബാറ്റ്സ്മാന്മാര്‍ പുറത്തായെങ്കിലും നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും  ചേര്‍ന്നാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. അവസാന രണ്ടോവറില്‍ നിന്ന് 36 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനം ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയ്ക്ക് മികച്ച സ്കോര്‍ നേടി നല്‍കിയത്. 3.3 ഓവറില്‍ 35 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷമാണ് ഡല്‍ഹിയ്ക്ക് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 10 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ പൃഥ്വി ഷായെയാണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്.

രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുമായി ധവാനും ശ്രേയസ്സ് അയ്യരും ഒത്തുകൂടിയപ്പോള്‍ ഡല്‍ഹിയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. 37 പന്തില്‍ നിന്ന് ധവാന്‍ 50 റണ്‍സ് നേടി ചഹാലിനു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. എന്നാല്‍ ധവാനെയും പന്തിനെയും ശ്രേയസ്സ് അയ്യരെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി റോയല്‍ ചലഞ്ചേഴ്സ് സ്പിന്നര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ധവാന്റെയും പന്തിന്റെയും വിക്കറ്റ് ചഹാല്‍ നേടിയപ്പോള്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് വാഷിംഗ്ടണ്‍ സുന്ദര്‍ ആയിരുന്നു. 37 പന്തില്‍ 52 റണ്‍സാണ് ശ്രേയസ്സ് അയ്യരുടെ സംഭാവന.

ഇന്നിംഗ്സ് അവസാനത്തോടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെ ഡല്‍ഹിയ്ക്ക് വലിയ സ്കോര്‍ നേടാനാകില്ലെന്ന് തോന്നിപ്പിച്ചുവെങ്കിലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും അവസാന ഓവറുകളില്‍ നേടിയ വലിയ ഷോട്ടുകളുടെ ബലത്തില്‍ ഡല്‍ഹി 187 റണ്‍സിലേക്ക് എത്തുകയായിരുന്നു. 19 പന്തില്‍ നിന്ന് 46 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

റൂഥര്‍ഫോര്‍ഡ് 13 പന്തില്‍ 28 റണ്‍സും അക്സര്‍ പട്ടേല്‍ 9 പന്തില്‍ നിന്ന് 16 റണ്‍സും നേടിയാണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

എവേ വിക്കറ്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഗുണം ചെയ്യുന്നു – ശ്രേയസ്സ് അയ്യര്‍

ഹോം ഗ്രൗണ്ടിലേതിനെക്കാള്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നത് എവേ വിക്കറ്റുകളിലാണെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയിലെ പിച്ചിലൊഴികെ മികച്ച വിക്കറ്റില്‍ കളിയ്ക്കുവാന്‍ ഞങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. ടീമിനു ഇന്ന് ലഭിച്ച തുടക്കത്തില്‍ താന്‍ ഏറെ സന്തോഷവാനാണ് എന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ടീം ക്യാമ്പില്‍ പോസിറ്റിവിറ്റി നിറയുകയാണെന്നും ജയത്തിനു ശേഷം സംസാരിക്കവേ ശ്രേയസ്സ്  അയ്യര്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ രാജസ്ഥാന്‍ 200നു മുകളില്‍ സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും റബാഡ അവസാന ഓവറുകളില്‍ മത്സരം തിരികെ പിടിയ്ക്കുകയായിരുന്നു. ശിഖര്‍ പുറത്തായ ശേഷം ഋഷഭ് പന്ത് ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിയ്ക്കുകയായിരുന്നുവെന്നും ശ്രേയസ്സ് പറഞ്ഞു.

ടീം മീറ്റിംഗുകളില്‍ റിക്കി പോണ്ടിംഗ് പറഞ്ഞ കാര്യം താരങ്ങള്‍ ശിരസ്സാവഹിക്കുകയാണെന്നും ശ്രേയസ്സ് പറഞ്ഞു. തുടക്കം ലഭിയ്ക്കുന്ന താരങ്ങള്‍ അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നായിരുന്നു റിക്കി പോണ്ടിംഗിന്റെ ആവശ്യം. ഇന്ന് ഋഷഭ് ആ  ചുമതല ഏറ്റെടുത്തപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ താനും അതിനു മുമ്പ് ശിഖറും ആ ഉത്തരവാദിത്വം നിറവേറ്റിയെന്ന് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ഇത്തവണ ഐപിഎല്‍ കിരീടം നേടാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു

ഇത്തവണ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നത് ഐപിഎല്‍ നേടാനാകുമെന്നാണ്, ആത്മവിശ്വാസമുള്ള വാക്കുകളായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസ്സ് അയ്യരുടെ. ഐപിഎലില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ടീമിന്റെ പ്രകടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. തങ്ങളുടെ കഴിവുകളില്‍ ടീമിനു വിശ്വാസമുണ്ട്, പരസ്പരം സഹകരിച്ച് കളിക്കുക എന്നതിലും ടീമില്‍ ഒത്തൊരുമയുണ്ട്.

ഇന്നലെ ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്നു. മണ്‍റോയും താനും ഋഷഭും നേടിയ റണ്‍സിനു ശേഷം കീമോയും അക്സറുമെല്ലാം നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരുന്നു. ടീമിന്റെ കഴിവില്‍ വിശ്വാസമുള്ളതിനാല്‍ തന്നെ ഓരോ മത്സരത്തിലും ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ കളിക്കുന്നതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

മൂന്ന് വിക്കറ്റുമായി ഖലീല്‍ അഹമ്മദ്, ഡല്‍ഹിയെ തളച്ച് സണ്‍റൈസേഴ്സ്

കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും പ്രതീക്ഷയാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും ഖലീല്‍ അഹമ്മദിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 155 റണ്‍സില്‍ തളച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും കോളിന്‍ ഇന്‍ഗ്രാമിനു പകരം ടീമില്‍ അവസരവും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റവും ലഭിച്ച കോളിന്‍ മണ്‍റോയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ 20/2ല്‍ നിന്ന് 69/3 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും 24 പന്തില്‍ 40 റണ്‍സുമായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്ന കോളിന്‍ മണ്‍റോയെ പുറത്താക്കി അഭിഷേക് ശര്‍മ്മ സണ്‍റൈസേഴ്സിനു മികച്ച ബ്രേക്ക് ത്രൂ നല്‍കി.

തുടര്‍ന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടി ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് ശ്രേയസ്സിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഡല്‍ഹിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയത്. 45 റണ്‍സാണ് ശ്രേയസ്സ് നേടിയത്. അടുത്ത ഓവറില്‍ ഖലീല്‍ വീണ്ടും ബൗളിംഗിലേക്ക് എത്തി പന്തിനെ പുറത്താക്കിയപ്പോള്‍ ഡല്‍ഹി 125/3 എന്ന നിലയില്‍ നിന്ന് 127/5 എന്ന നിലയിലേക്ക് വീണു.

ക്രിസ് മോറിസിനും അധികം ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ റഷീദ് ഖാന്‍ താരത്തെ പുറത്താക്കി. 20 ഓവറില്‍ 155 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. അക്സര്‍ പട്ടേല്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഖലീല്‍ അഹമ്മദ് 3 വിക്കറ്റ് നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടും അഭിഷേക് ശര്‍മ്മ, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെ പ്രശംസിച്ച് ഡല്‍ഹി ടോപ് ഓര്‍ഡര്‍ താരങ്ങള്‍

കൊല്‍ക്കത്തയിലെ പിച്ചിനെ പോലുള്ള പിച്ചുകളില്‍ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് ഡല്‍ഹി താരങ്ങള്‍. ശിഖര്‍ ധവാനിനും ഋഷഭ് പന്തിനുമൊപ്പം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമാണ് ഇത്തരത്തില്‍ പരമാര്‍ശം നടത്തിയത്. തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്നാണ് ശ്രേയസ്സ് അയ്യര്‍ പറഞ്ഞത്. ഡല്‍ഹിയിലെ പിച്ചുകള്‍ ബാറ്റിംഗിനു ദുഷ്കരമെന്ന് വിലയിരുത്തപ്പെടുമ്പോളാണ് ടീമംഗങ്ങളുടെ ഇത്തരത്തിലുള്ള പരാമര്‍ശം.

പിച്ചിനെ പറ്റി വെടിക്കെട്ട് ബാറ്റിംഗ് താരം ഋഷഭ് പന്തും പറഞ്ഞത് ബാറ്റ് ചെയ്യുവാന്‍ ഏറ്റവും മികച്ച പിച്ചെന്നാണ്. അതേ സമയം ശിഖര്‍ ധവാന്‍ പറഞ്ഞത് ഇത്തരം പിച്ചുകള്‍ ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്മാര്‍ക്കും ഒരു പോലെ അവസരം നല്‍കുന്ന പിച്ചാണെന്നാണ്. റണ്‍സ് കണ്ടെത്തുവാന്‍ എളുപ്പമുള്ള പിച്ചാണ് കൊല്‍ക്കത്തയിലേത്, അത് പോലെ തന്നെ ബൗളര്‍മാര്‍ക്കും പിന്തുണയുണ്ട്.

ഡല്‍ഹിയിലെ പിച്ച് ഇതില്‍ നിന്ന് ഏറെ വിഭിന്നമാണ്, അവിടെ കളിക്കുവാന്‍ വേറെ ശൈലിയും സിദ്ധിയും വേണമെന്ന് ശിഖര്‍ ധവാന്‍ വ്യക്തമാക്കി.

Exit mobile version