സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് പ്രശംസനീയം, റബാഡ മാച്ച് വിന്നര്‍ – ശ്രേയസ്സ് അയ്യര്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം മാറി മറിയുന്നത് കണ്ട് നില്‍ക്കുക ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നുവെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയ്ക്ക് സൂപ്പര്‍ ഓവറില്‍ വിജയം നേടാനായെങ്കിലും ക്യാച്ചിംഗ് പോലുള്ള കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് അയ്യര്‍ പറഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസ് പിച്ച് മനസ്സിലാക്കി ബാറ്റ് ചെയ്ത വിധം ഏറെ പ്രശംസനീയമാണ്. ഇന്നിംഗ്സില്‍ പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തി അവസാന ഓവര്‍ വരെ നിലയുറച്ച ശേഷം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് സ്റ്റോയിനിസിന്റെ പ്രകടനമാണ്. അത് പോലെ തന്നെ കാഗിസോ റബാഡ ഒരു മാച്ച് വിന്നറാണെന്നും അതിനാലാണ് താന്‍ അവസാന ഓവറിലേക്ക് താരത്തെ കാത്ത് സൂക്ഷിച്ചതെന്നും അയ്യര്‍ പറഞ്ഞു.

താനും പന്തും മധ്യ ഓവറുകളില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും എന്നാല്‍ ടോപ് ഓര്‍ഡറില്‍ നിന്ന് അടുത്ത മത്സരത്തില്‍ ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ സൂചിപ്പിച്ചു.

അയ്യര്‍-പന്ത് കൂട്ടുകെട്ടിന് ശേഷം അവസാന ഓവറുകളില്‍ സ്റ്റോയിനിസിന്റെ വെടിക്കെട്ട്, 20 പന്തില്‍ അര്‍ദ്ധ ശതകം

തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 157/8 റണ്‍സ് മാത്രം നേടി ഡല്‍ഹിയുടെ യുവനിര.

13/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ശ്രേയസ്സ് അയ്യര്‍-ഋഷഭ് പന്ത് കൂട്ടുകെട്ട് 73 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.

അടുത്തടുത്ത പന്തുകളിലാണ് 31 റണ്‍സ് നേടിയ ഋഷഭ് പന്തും 39 റണ്‍സ് നേടിയ അയ്യരും പുറത്തായത്. രവി ബിഷ്ണോയ് പന്തിനെ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്കാണ് അയ്യരുടെ വിക്കറ്റ്. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ഡല്‍ഹിയെ 153 റണ്‍സിലേക്ക് നയിച്ചത്. 7 ഫോറും 3 സിക്സും നേടിയ താരം 21 പന്തില്‍ നിന്ന് 53 റണ്‍സ് നേടുകയായിരുന്നു.

127/7 എന്ന നിലയില്‍ അശ്വിന്‍ പുറത്തായ ശേഷം കാഗിസോ റബാഡയെ കാഴ്ചക്കാരനാക്കിയാണ് എട്ടാം വിക്കറ്റില്‍ സ്റ്റോയിനിസ് 27 റണ്‍സ് നേടിയത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. വിക്കറ്റൊന്നും ലഭിയ്ക്കാതിരുന്ന താരം 56 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റും നേടി. രവി ബിഷ്ണോയിയ്ക്കാണ് ഒരു വിക്കറ്റ്.

സൂപ്പര്‍ ഓവറില്‍ ഇവര്‍ക്കെതിരെ പന്തെറിയുവാന്‍ താല്പര്യമില്ല, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ തിരഞ്ഞെടുത്ത് കുല്‍ദീപ് യാദവ്

സൂപ്പര്‍ ഓവറില്‍ പന്തെറിയുവാനുള്ള ദൗത്യം തന്നെ ഏല്പിച്ചാല്‍ അത് ഈ മൂന്ന് താരങ്ങള്‍ക്കെതിരെ ആവരുതെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. ലോക്ക്ഡൗണ്‍ കാലത്ത് പല താരങ്ങളെയും പോലെ സോഷ്യല്‍ മീഡിയയിലും മറ്റും അഭിമുഖം കൊടുക്കുന്നതിനിടെയാണ് കുല്‍ദീപ് തന്റെ മനസ്സ് തുറന്നത്.

മത്സരം സൂപ്പര്‍ ഓവര്‍ സ്ഥിതിയിലേക്ക് നീങ്ങുകയാണെങ്കില്‍ താന്‍ പന്തെറിയുവാന്‍ ആഗ്രഹിക്കാത്ത മൂന്ന് താരങ്ങള്‍ ഇവരാണെന്നാണ് സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ, ശ്രേയസ്സ് അയ്യര്‍ എന്നിവരെ തിരഞ്ഞെടുത്ത് പറഞ്ഞത്. സൂര്യ കുമാര്‍ യാദവ് മികച്ച രീതിയില്‍ സ്പിന്‍ കളിക്കുമെന്നും തന്നെ വളരെ നന്നായി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹമെന്നും കുല്‍ദീപ് പറഞ്ഞു. അതിനാല്‍ തന്നെ മുംബൈ ഇന്ത്യന്‍സ് താരത്തിനെതിരെ പന്തെറിയുവാന്‍ താല്പര്യമില്ലെന്ന് കുല്‍ദീപ് വ്യക്തമാക്കി.

രോഹിത് ശര്‍മ്മയും ശ്രേയസ്സ് അയ്യരും സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന താരങ്ങളാണെന്നും അവര്‍ക്കെതിരെ സൂപ്പര്‍ ഓവറില്‍ പന്തെറിയുന്നത് അപകടം വിളിച്ച് വരുത്തുമെന്നും കുല്‍ദീപ് യാദവ് സൂചിപ്പിച്ചു.

രാഹുലിന് ശതകം, ഹാമിഷ് ബെനെറ്റിന് 4 വിക്കറ്റ്, ഇന്ത്യയ്ക്ക് 296 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പിഴച്ചുവെങ്കിലും പിന്നീട് കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. രാഹുല്‍ 112 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ടേ എന്നിവരാണ് മികവാര്‍ന്ന പ്രകടനം പുറത്തെടുത്തത്. ഇതില്‍ തന്നെ 100 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി രാഹുലും അയ്യരുമാണ് ഇന്ത്യന്‍ സ്കോറിന്റെ അടിത്തറ പാകിയത്.

മയാംഗ് അഗര്‍വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായ ഇന്ത്യയ്ക്ക് അധികം വൈകാതെ വിരാട് കോഹ്‍ലിയെയും നഷ്ടമായി. മയാംഗ് ഒരു റണ്‍സും വിരാട് 9 റണ്‍സുമാണ് നേടിയത്. പിന്നീട് ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിചേര്‍ത്ത് മുന്നോട്ട് നീങ്ങവെയാണ് ഇന്ത്യയ്ക്ക് ഷായെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായത്. 40 റണ്‍സാണ് നേടിയത്. അടുത്തതായി ക്രീസിലെത്തിയ രാഹുലും അയ്യരും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

62 റണ്‍സ് നേടിയ അയ്യരെ നീഷം പുറത്താക്കി. അയ്യര്‍ പുറത്തായ ശേഷം മനീഷ് പാണ്ടേയാണ് കെഎല്‍ രാഹുലിന് കൂട്ടായി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 107 റണ്‍സാണ് നേടിയത്. 112 റണ്‍സ് നേടി രാഹുലിനെ ബെനെറ്റ് പുറത്താക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ടേയെ പുറത്താക്കി ബെനെറ്റ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. 42 റണ്‍സാണ് മനീഷ് പാണ്ടേയുടെ സംഭാവന. ന്യൂസിലാണ്ടിനായി ഹാമിഷ് ബെനെറ്റ് നാല് വിക്കറ്റ് നേടി.

മത്സരത്തില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകള്‍ – ശ്രേയസ്സ് അയ്യര്‍

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാഗ്പൂര്‍ ടി20യില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകളാണുണ്ടായതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. ദീപക് ചഹാറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീണതും പിന്നീട് നിലയുറപ്പിച്ച് മുന്നേറിയ ബംഗ്ലാദേശിന്റെ റണ്ണൊഴുക്ക് തടഞ്ഞ് ശിവം ഡുബേ നേടിയ വിക്കറ്റുകളുമാണ് മത്സരത്തിലെ വഴിത്തിരിവായതെന്ന് അയ്യര്‍ പറഞ്ഞു. തങ്ങള്‍ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലായ ഘട്ടത്തിലാണ് ഈ വഴിത്തിരിവുകള്‍ പിറക്കുന്നത്.

ബംഗ്ലാദേശ് ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയതെന്നും അവര്‍ മികച്ച ടീമാണെന്നത് ഞങ്ങള്‍ക്ക് അറിയാവുന്നതാണെന്നും അയ്യര്‍ പറഞ്ഞു. അവര്‍ കളിച്ച ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ന്നതാണെന്ന് ഈ പരമ്പരയില്‍ കണ്ടെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. തുടക്കത്തില്‍ തങ്ങള്‍ അല്പം അലസരായിരുന്നുവെങ്കിലും രോഹിത്തിന്റെ പെപ് ടോക്കിന് ശേഷം മത്സരം വിജയിക്കുവാനുറപ്പിച്ചാണ് തങ്ങള്‍ കളത്തിലിറങ്ങിയതെന്നും താരം പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗില്‍ 33 പന്തില്‍ നിന്ന് 62 റണ്‍സ് നേടി അയ്യരാണ് ഇന്ത്യയുടെ സ്കോര്‍ 174 റണ്‍സിലേക്ക് എത്തിച്ചത്.

പന്തും അയ്യരും ഒരുമിച്ച് ക്രീസിലേക്ക് വരുവാന്‍ തുനിഞ്ഞ സാഹചര്യം വെറും ആശയക്കുഴപ്പം

ശിഖര്‍ ധവാന്‍ പുറത്തായപ്പോള്‍ നാലാം നമ്പറിലേക്ക് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനായി എത്തിയത് ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ഒരുമിച്ചായിരുന്നു. തപന്ത് ഡഗ്ഗൗട്ടില്‍ നിന്ന് എത്തിയപ്പോള്‍ സൈറ്റഅ സ്ക്രീനിന് പിന്നില്‍ നിന്നാണ് ശ്രേയസ്സ് അയ്യര്‍ വന്നത്. രണ്ട് പേരും പരസ്പരം കാണുമ്പോള്‍ മാത്രമാണ് ഇരുവരും ഇതിനെക്കുറിച്ച് അറിയുന്നത്. ഇത് വെറും ആശയക്കുഴപ്പമാണെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി രംഗത്തെത്തുകയും ചെയ്തു.

ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍ രണ്ട് പേരോടും സംസാരിച്ചിരുന്നുവെന്നും മത്സരത്തിന്റെ ഏത് സാഹചര്യത്തിലാണ് താരങ്ങള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വരേണ്ടതെന്ന് വ്യക്തമാക്കിയെങ്കിലും അതില്‍ അല്പം ആശയക്കുഴപ്പം വന്നതാണ് ഇത്തരം സാഹചര്യം സൃഷ്ടിച്ചതെന്ന് കോഹ്‍ലി പറഞ്ഞു. പത്തോവറിനു ശേഷം വിക്കറ്റ് വീഴുകയാണെങ്കില്‍ ഋഷഭ് പന്തും അതിന് മുമ്പ് ശ്രേയസ്സ് അയ്യരും ഇറങ്ങുമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചതെങ്കിലും ഇരുവരും തമ്മില്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ശേഷം അവസാനം പന്ത് ക്രീസിലേക്ക് എത്തി.

ശിഖര്‍ ധവാന്‍ 7.2 ഓവറില്‍ പുറത്തായപ്പോള്‍ അതിനര്‍ത്ഥം പന്തിന് പകരം ശ്രേയസ്സ് അയ്യരായിരുന്നു വരേണ്ടിയിരുന്നതെന്നാണ്. പന്ത് 20 പന്തില്‍ 19 റണ്‍സും അയ്യര്‍ 8 പന്തില്‍ 5 റണ്‍സും നേടി ജോണ്‍ ഫോര്‍ടൂയിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അര്‍ദ്ധ ശതകം നേടി ധവാന്‍, അടിച്ച് തകര്‍ത്ത് ഡുബേ, അവസാന നാലോവറില്‍ തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക

മഴ മൂലം രണ്ട് ദിവസങ്ങളിലേക്ക് നീണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള നാലാം ഏകദിനത്തില്‍ 4 റണ്‍സിന്റെ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം നിര്‍ണ്ണായക പ്രകടനവുമായി ശ്രേയസ്സ് അയ്യരും ശിവം ഡുബേയും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചുവെങ്കിലും അവസാന നാലോവറില്‍ മത്സരം ദക്ഷിണാഫ്രിക്ക തിരിച്ച് പിടിക്കുകയായിരുന്നു. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് നേടിയതെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 193 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ആദ്യമേ നഷ്ടമായ ശേഷം ശിഖര്‍ ധവാനും പ്രശാന്ത് ചോപ്രയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ചോപ്രയെ (26) നഷ്ടമാകുമ്പോള്‍ 92 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും ഇന്ത്യയയ്ക്ക് നഷ്ടമായി. 19 ഓവറില്‍ ദക്ഷിണാഫ്രിക്ക നേടിയ 137 റണ്‍സിനൊപ്പമെത്തുവാന്‍ ഇന്ത്യയ്ക്കായെങ്കിലും വിജയത്തിനായി ആറോവറില്‍ നിന്ന് ടീം 56 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ലുഥോ സിംപാല എറിഞ്ഞ മത്സരത്തിലെ 20ാം ഓവറില്‍ ശിവം ഡുബേ ഉഗ്രരൂപം പൂണ്ടതോടെ ഓവറില്‍ നിന്ന് 24 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 32 റണ്‍സായി മാറി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയെയും ശ്രേയസ്സ് അയ്യരെയും പുറത്താക്കി ആന്‍റിച്ച് നോര്‍ട്ജേ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രമായിരുന്നു. 17 പന്തില്‍ നിന്ന് 31 റണ്‍സാണ് ശിവം ഡുബേ നേടിയതെങ്കിലും 26 റണ്‍സ് നേടുവാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് സാധിച്ചു.

പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കേണ്ട ദൗത്യം സഞ്ജു സാംസണിലേക്കും നിതീഷ് റാണയിലേക്കും വന്ന് ചേരുകയായിരുന്നു. സിപാംല ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും പുറത്തായി മടങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായി. അതേ ഓവറില്‍ നിതീഷ് റാണയെയും സിപാംല പുറത്താക്കി. മത്സരം അവസാന രണ്ടോവറിലേക്ക കടന്നപ്പോള്‍ 17 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

ആ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും തുഷാര്‍ ദേശ്പാണ്ടേയെയും മാര്‍ക്കോ ജാന്‍സെന്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 15 റണ്‍സായി. രാഹുല്‍ ചഹാര്‍ പൊരുതി നിന്ന് 17 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം ഇന്ത്യ 4 റണ്‍സ് അകലെ കൈവിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് ബൗളര്‍മാരുടെ അവസാന ഓവര്‍ സ്പെല്ലുകള്‍ക്കാണ് നന്ദി പറയേണ്ടത്. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ റണ്‍ ചേസിനെ അവര്‍ തുരങ്കം വെച്ചു. മൂന്ന് വീതം വിക്കറ്റ് നേടി ലുഥോ സിപാംല, ആന്‍റിച്ച് നോര്‍ട്ജേ, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരാണ് മത്സരം  മാറ്റി മറിച്ചത്.

അയ്യരെ ഇനി അവഗണിക്കാനാകാത്ത തരത്തിലുള്ള പ്രകടനമാണ് താരം പുറത്തെടുത്തത്

ഇന്ത്യയ്ക്കായി രണ്ട് അര്‍ദ്ധ ശതകങ്ങളാണ് ഏകദിന പരമ്പരയില്‍ ശ്രേയസ്സ് അയ്യര്‍ നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പമെത്തി ഇന്ത്യയ്ക്കായി നിര്‍ണ്ണായകമായ റണ്‍സ് നേടിയാണ് തനിക്ക് ലഭിച്ച അവസരം ശ്രേയസ്സ് അയ്യര്‍ മുതലാക്കിയത്. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സ് നേടിയപ്പോള്‍ ഇന്നലെ 65 റണ്‍സാണ് അയ്യരുടെ സംഭാവന. വെറും 41 പന്തില്‍ നിന്ന് 3 ഫോറും 5 സിക്സും സഹിതമായിരുന്നു ശ്രേയസ്സ് അയ്യരുടെ പ്രകടനം. ഇന്ത്യയുടെ 6 വിക്കറ്റ് വിജയത്തില്‍ വിരാട് കോഹ്‍ലിയുടെ ശതകത്തിനൊപ്പം തന്നെ ഏറെ നിര്‍ണ്ണായകമായിരുന്ന പ്രകടനമായിരുന്നു ശ്രേയസ്സ് അയ്യരുടെയും.

താരം മധ്യ നിരയിലെ ശക്തമായ അവകാശവാദമാണ് ഈ ഇന്നിംഗ്സുകള്‍ വഴി നടത്തിയിരിക്കുന്നതെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. 24 വയസ്സുകാരന്‍ മധ്യ നിരയില്‍ ബാറ്റ് വീശിയത് വളരെ ഏറെ ആത്മവിശ്വാസത്തോടെയാണെന്നാണ് കോഹ്‍ലി പറഞ്ഞത്. അത് ടീമിന് ഏറെ ഗുണം ചെയ്ത കാര്യമാണ്. താരത്തെ ഇനി അവഗണിക്കുന്നത് ഏറെ പ്രയാസകരമാണെന്നും മധ്യ നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുമെന്നും അപ്പോളെല്ലാം ഇത് പോലെ തന്നെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

രണ്ട് തവണ താരം ബാറ്റ് വീശിയപ്പോളും താന്‍ ക്രീസിലുണ്ടായിരുന്നുവെന്നും തന്റെ കളിയെക്കുറിച്ച് വ്യക്തമായ ബോധവും ആത്മവിശ്വാസവും താരത്തില്‍ താന്‍ കണ്ടുവെന്നും കോഹ്‍ലി പറഞ്ഞു. ഇത് വളരെ വലിയ കാര്യമാണെന്നും ഇന്ത്യന്‍ ടീമിനും താരം ഇത് തുടര്‍ന്നാല്‍ മികച്ച കാര്യമായിരിക്കുമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

ശ്രേയസ്സ് അയ്യര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

വിന്‍ഡീസിനെതിരെ 68 പന്തില്‍ നിന്ന് 71 റണ്‍സ് നേടി അഞ്ചാം നമ്പറില്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ്സ് അയ്യര്‍ക്ക് ഇന്ത്യന്‍ മാനേജ്മെന്റ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷ പുലര്‍ത്തി ഗൗതം ഗംഭീര്‍. നാലാം നമ്പറില്‍ ഒരു താരത്തിന് തന്നെ അധികം അവസരം നല്‍കാതെ പല താരങ്ങളെയും പരീക്ഷിച്ച് വരികയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഇത് വരെ 13 താരങ്ങളെ പരീക്ഷിച്ച ഇന്ത്യയ്ക്ക് ലോകകപ്പിലും നാലാം നമ്പര്‍ വലിയ തലവേദനയായി തീര്‍ന്നിരുന്നു.

ലോകകപ്പിന് ശേഷം ഈ സ്ഥാനത്തേക്ക് അയ്യര്‍, മനീഷ് പാണ്ടേ എന്നിവരെയാണ് വിന്‍‍ഡീസ് പരമ്പരയ്ക്കായി ടീം തിരഞ്ഞെടുത്തത്. നിലവില്‍ ഋഷഭ് പന്തിനെയാണ് നാലാം നമ്പറില്‍ പരീക്ഷിച്ചതെങ്കിലും തനിക്ക് ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗിക്കുകയാണ് ശ്രേയസ്സ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ഡ്രെസ്സിംഗ് റൂമില്‍ താന്‍ ശ്രേയസ്സിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ടെന്നും താരത്തിന് കുറച്ച് അധികം അവസരങ്ങള്‍ നല്‍കുവാന്‍ ഇന്ത്യന്‍ ബോര്‍ഡ് തയ്യാറാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

റിസ്കെടുക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു – ശ്രേയസ്സ് അയ്യര്‍

വിന്‍ഡീസിനെതിരെ തനിക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് 71 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ താന്‍ മത്സരത്തില്‍ വലിയ റിസ്ക് എടുക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണെന്ന് വ്യക്തമാക്കി. താന്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് തനിക്ക് അറിയാമായിരുന്നു. ഇന്ത്യ എ യ്ക്ക് വേണ്ടി ഈ ഗ്രൗണ്ടിലെല്ലാം താന്‍ കളിച്ചിരുന്നതാണെന്നും അതിനാല്‍ തന്നെ തനിക്ക് തന്റെ ഇന്നിംഗ്സ് മികച്ച രീതിയില്‍ പടുത്തുയര്‍ത്തുവാനും സാധിച്ചുവെന്ന് ശ്രേയസ്സ് പറഞ്ഞു.

ക്രീസിലെത്തിയപ്പോള്‍ വിരാട് തന്നോട് പാര്‍ട്ണര്‍ഷിപ്പുകള്‍ നേടി ഇന്നിംഗ്സ് അവസാനം വരെ കൊണ്ടു ചെല്ലേണ്ടതുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 250 മികച്ച സ്കോറായിരിക്കുമെന്നാണ് ആ ഘട്ടത്തില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ക്ക് 30 റണ്‍സോളം അധികം നേടുവാനും സാധിച്ചു. വിരാട് തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. സിംഗിളുകളും ഡബിളുകളും നേടിയ കൂട്ടുകെട്ട് ആവശ്യ സമയത്ത് ബൗണ്ടറിയും നേടിയിരുന്നുവെന്ന് ശ്രേയസ്സ് വ്യക്തമാക്കി.

തന്നോട് 45ാം ഓവര്‍ വരെ ബാറ്റ് ചെയ്യുവാനാണ് വിരാട് ആവശ്യപ്പെട്ടത്. അതിന് തനിക്ക് സാധിച്ചുവെന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ സൂചിപ്പിച്ചു. ടീമിന് വേണ്ടി മികച്ച രീതിയില്‍ കളിച്ച് ടീമിന്റെ ഭാഗമായി കുറച്ച് നാള്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.

279 റണ്‍സ് നേടി ഇന്ത്യ

വിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിന്‍ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 279 റണ്‍സ് നേടി ഇന്ത്യ. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ ഇന്നിംഗ്സില്‍ 50 ഓവറുകളും ബാറ്റ് ചെയ്യുവാന്‍ ടീമിനായി. വിരാട് കോഹ്‍ലിയുടെയും(120) ശ്രേയസ്സ് അയ്യരുടെയും(71) മികവിലാണ് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 279റണ്‍സ് നേടിയത്. 125 റണ്‍സിന്റെ നാലാം വിക്കറ്റാണ് ഇന്ത്യയുടെ ബാറ്റിംഗിന് അടിത്തറ പാകിയത്.

68 പന്തില്‍ നിന്ന് 71 റണ്‍സ് നേടി ശ്രേയസ്സ് അയ്യര്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. അധികം വൈകാതെ കേധാര്‍ ജാഥവ്(16) റണ്ണൗട്ട് കൂടിയായപ്പോള്‍ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ചത്ര റണ്‍സ് നേടുവാന്‍ ഇന്ത്യയ്ക്കായില്ല. അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് 67 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളു.

രവീന്ദ്ര ജഡേജ 16 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസ് നിരയില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്ന് വിക്കറ്റുമായി തിളങ്ങി.

 

മികച്ച ബാറ്റിംഗുമായി കോഹ്‍ലിയ്ക്കൊപ്പം കൂടി ശ്രേയസ്സ് അയ്യര്‍, കളി തടസ്സപ്പെടുത്തി മഴ

ടോസ് നേടി മൂന്നാം പന്തില്‍ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മയും(18), ഋഷഭ് പന്തും(20) പുറത്തായി 101/3 എന്ന നിലയില്‍ നിന്ന് വിരാട് കോഹ്‍ലിയുടെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 42.2 ഓവറില്‍ 233/4 എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തി.

നാലാം വിക്കറ്റില്‍ 125 റണ്‍സ് കൂട്ടുകെട്ടുമായാണ് ഇന്ത്യയുടെ നായകനും യുവ താരവും ഒപ്പം കൂടിയത്. കോഹ്‍ലി തന്റെ 42ാം ഏകദിന ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 58 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 6 റണ്‍സുമായി കേധാര്‍ ജാഥവാണ് അയ്യറിന് കൂട്ടായി ക്രീസിലുള്ളത്.

ശതകത്തിന് ശേഷം അതിവേഗം സ്കോറിംഗ് നടത്തിയെങ്കിലും വിരാട് കോഹ്‍ലി 125 പന്തില്‍ നിന്ന് 120 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു കോഹ്‍ലിയുടെ ഇന്നിംഗ്സ്. പന്തിനെ പുറത്താക്കിയ കാര്‍ലോസ് ബ്രാത്‍വൈറ്റ് തന്നെയാണ് വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടിയത്.

 

Exit mobile version