വിദേശ കളിക്കാരെ ഇന്ത്യയിൽ നിലനിർത്താൻ റിക്കി പോണ്ടിംഗ് സഹായിച്ചു എന്ന് പഞ്ചാബ് സിഇഒ


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം വർധിച്ചതിനെ തുടർന്ന് ഐപിഎൽ 2025 താൽക്കാലികമായി നിർത്തിവച്ചെങ്കിലും, പഞ്ചാബ് കിംഗ്സിൻ്റെ (PBKS) വിദേശ കളിക്കാരെ ഇന്ത്യയിൽ തന്നെ നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ടീം ഹെഡ് കോച്ച് റിക്കി പോണ്ടിംഗാണ് ക്ലബ് സി ഇ ഒ. ടീമിൻ്റെ വിദേശ താരങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ വിമാനത്തിൽ കയറിയ പോണ്ടിംഗ്, വെടിനിർത്തൽ പ്രഖ്യാപനം വന്നതിന് പിന്നാലെ യാത്ര അവസാനിപ്പിക്കുകയും മറ്റ് കളിക്കാരെ ഇവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പിബികെഎസ് സിഇഒ സതീഷ് മേനോൻ വെളിപ്പെടുത്തി.


സ്ഥിതിഗതികളെക്കുറിച്ച് ആശങ്കാകുലരായിരുന്ന ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്കസ് സ്റ്റോയിനിസ്, ആരോൺ ഹാർഡി, ജോഷ് ഇംഗ്ലിസ്, സേവ്യർ ബാർലെറ്റ് എന്നിവരെ പോണ്ടിംഗ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ടീം വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അനിശ്ചിതത്വത്തിൻ്റെ ഈ സമയത്ത് പോണ്ടിംഗിൻ്റെ പ്രോത്സാഹന വാക്കുകൾ കളിക്കാർക്ക് ആശ്വാസം നൽകി.

“അദ്ദേഹത്തിന് മാത്രമേ ഇത് സാധ്യമാകൂ,” എന്ന് ഓസ്‌ട്രേലിയൻ ഇതിഹാസത്തിൻ്റെ നേതൃത്വത്തെ പ്രശംസിച്ച് മേനോൻ പറഞ്ഞു.


ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസൻ മാത്രമാണ് യാത്ര തുടർന്ന ഏക വിദേശ പിബികെഎസ് താരം. എങ്കിലും, ആവശ്യമെങ്കിൽ പെട്ടെന്ന് മടങ്ങിയെത്താൻ സാധിക്കുന്ന തരത്തിൽ അദ്ദേഹം നിലവിൽ ദുബായിൽ യാത്രാമധ്യേയാണ്.
മെയ് 8 ന് വടക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഐപിഎൽ നിർത്തിവച്ചത്.

“ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച വിജയം ഇതായിരിക്കാം,” പോണ്ടിംഗ്


ചൊവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സ് ചരിത്രം കുറിച്ചു. വെറും 112 റൺസ് പ്രതിരോധിച്ചു കൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎൽ കണ്ട ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ വിജയങ്ങളിലൊന്ന് അവർ സ്വന്തമാക്കി. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്പിൻ മാന്ത്രികത കണ്ട മത്സരത്തിൽ കെകെആറിനെ 15.1 ഓവറിൽ 95 റൺസിന് ഓൾഔട്ട് ആക്കി പഞ്ചാബ് 16 റൺസിന്റെ അവിശ്വസനീയ വിജയം നേടി.


കളിക്കാരുടെ പോരാട്ടവീര്യത്തിൽ മതിമറന്ന ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ഇത് ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ താൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയമായിരിക്കാം എന്ന് വിശേഷിപ്പിച്ചു. “പാതിവഴിയിൽ, ഞങ്ങൾ ഇത് നേടിയെടുക്കുമെന്ന് ലോകത്ത് അധികം പേർ കരുതിയിരിക്കില്ല. പക്ഷേ, ഞങ്ങൾ പോരാടി. ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയം ഇതായിരിക്കാം” പോണ്ടിംഗ് മത്സരശേഷം പറഞ്ഞു.


“ഇതുപോലുള്ള വിജയങ്ങളാണ് ഏറ്റവും മധുരമുള്ളത്,” പോണ്ടിംഗ് പറഞ്ഞു. നേരിയ തോൽവി സംഭവിച്ചാൽ പോലും ഈ പ്രകടനം “സീസൺ നിർണയിക്കുന്ന ഒന്നായി മാറിയേനെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഈ മത്സരത്തിലൂടെ ഇപ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച ടീം എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കി.

വിരാട് കോഹ്‌ലി താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഏകദിന കളിക്കാരൻ – റിക്കി പോണ്ടിംഗ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് വിരാട് കോഹ്‌ലിയെ പ്രശംസിച്ചു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച 50 ഓവർ കളിക്കാരൻ ആണ് കോഹ്ലി എന്നാണ് പോണ്ടിംഗ് കോഹ്ലിയ്ർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഐസിസി റിവ്യൂ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഏകദിനത്തിൽ എക്കാലത്തെയും മികച്ച റൺ സ്കോററാകാൻ കോഹ്‌ലിക്ക് ആകുമെന്ന് പോണ്ടിംഗ് വിശ്വാസം പ്രകടിപ്പിച്ചു.

“വിരാട് ഇപ്പോൾ എന്നെ മറികടന്നു, അദ്ദേഹത്തിന് മുന്നിൽ ഇനി രണ്ട് പേർ മാത്രമേയുള്ളൂ, എക്കാലത്തെയും മികച്ച റൺ സ്കോററായി ഓർമ്മിക്കപ്പെടാനുള്ള ഏറ്റവും നല്ല അവസരം അദ്ദേഹത്തിനുണ്ട്.”

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് പോണ്ടിംഗ് സമ്മതിച്ചു, പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരതയെയും ഫിറ്റ്‌നസിനെയും പോണ്ടിംഗ് അഭിനന്ദിച്ചു. “ഇത്രയും കാലം വിരാട് ഒന്നാം സ്ഥാനത്താണ്, എന്നിട്ടും അദ്ദേഹം ഇപ്പോഴും സച്ചിനെക്കാൾ 4,000 റൺസ് പിന്നിലാണ്. അത് സച്ചിൻ എത്ര മികച്ചവനാണെന്നും കളിയിലെ അദ്ദേഹത്തിന്റെ ലോഞ്ചിവിറ്റിയെയും കാണിക്കുന്നു.”

പോണ്ടിംഗിനെ കുറിച്ച് ഗൗതം ഗംഭീർ പറഞ്ഞതിൽ തെറ്റ് ഒന്നുമില്ല എന്ന് ഗാംഗുലി

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായുള്ള വാർത്താ സമ്മേളനങ്ങളിൽ ഗൗതം ഗംഭീർ പോണ്ടിംഗിനെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. ഈ വിവാദങ്ങളിൽ ഗംഭീറിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് സംസാരിച്ചപ്പോൾ പോണ്ടിംഗ് ഇന്ത്യയുടെ കാര്യം നോക്കേണ്ടതില്ല ഓസ്ട്രേലിയയുടെ കാര്യം നോക്കിയാൽ മതി എന്ന് ഗംഭീർ പറഞ്ഞിരുന്നു.

വിവാദത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാംഗുലി റെവ്‌സ്‌പോർട്‌സിനോട് സംസാരിച്ചു, ഗംഭീറിനെ ഗംഭീറായി നിൽക്കാൻ വിടൂ‌. ഗംഭീർ അങ്ങനെയാണ് മുമ്പും സൻസാരിക്കാറ്. അതിൽ തെറ്റില്ല. ഗാംഗുലി പറഞ്ഞു.

“ഐപിഎൽ ജയിച്ചപ്പോൾ എല്ലാവരും ഗംഭീറിനെ പ്രശംസിച്ചു. ഇപ്പോൾ, കുറച്ച് പരാജയങ്ങൾക്ക് പിന്നാലെ, ആളുകൾ പെട്ടെന്ന് അവനെ വിലയിരുത്തുന്നു. ഓസ്‌ട്രേലിയക്കാർ എല്ലായ്‌പ്പോഴും കഠിനമായ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, ഗംഭീർ തൻ്റെ ഗ്രൗണ്ടിൽ നിൽക്കുകയാണ്. വിലയിരുത്തപ്പെടുന്നതിന് മുമ്പ് അദ്ദേഹം മുഖ്യ പരിശീലകനായി കൂടുതൽ സമയം അർഹിക്കുന്നു.” ഗാംഗുലി പറഞ്ഞു.

“കോഹ്ലിയെ പരിഹസിച്ചിട്ടില്ല, ഗംഭീറിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പ്രതികരണത്തിൽ അതിശയമില്ല” – പോണ്ടിംഗ്

വിരാട് കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങൾ അദ്ദേഹത്തെ വിമർശിക്കാൻ ഉള്ളതായിരുന്നില്ല എന്ന് വ്യക്തമാക്കി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. അദ്ദേഹത്തിന്റെ കുറിച്ചുള്ള എന്റെ ആശങ്ക പരിഹാസമായിരുന്നില്ല. സത്യസന്ധമായ വിലയിരുത്തലായിരുന്നു‌ എന്ന് പോണ്ടിംഗ് പറഞ്ഞു.

“നിങ്ങൾ വിരാടിനോട് ചോദിച്ചാലും, മുൻ വർഷങ്ങളിൽ നേടിയ അത്ര സെഞ്ച്വറികൾ നേടാനാകാത്തതിൽ വിരാട് അൽപ്പം ആശങ്കാകുലനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്,” പോണ്ടിംഗ് കൂട്ടിച്ചേർത്തു.

പോണ്ടിങ്ങിൻ്റെ അഭിപ്രായങ്ങൾക്ക് ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിൽ നിന്ന് രൂക്ഷമായ പ്രതികരണം ഇന്നലെ ഉണ്ടായിരുന്നു. പോണ്ടിങ്ങിനെ വിമർശിക്കുകയും ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോണ്ടിംഗിനോട് ഗംഭീർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഗംഭീറിൻ്റെ പ്രതികരണത്തെ അഭിസംബോധന ചെയ്ത് പോണ്ടിംഗ് , ആ പ്രതികരണം വായിച്ചപ്പോൾ ഞാൻ അമ്പരന്നു എന്നു പറഞ്ഞു. പക്ഷേ പരിശീലകനായ ഗൗതം ഗംഭീറിനെ അറിയാം എന്നും അവൻ തികച്ചും അങ്ങനെയുള്ള സ്വഭാവക്കാരനാണ്, അതിനാൽ അദ്ദേഹം ഇതുപോളെ തിരിച്ച് പറഞ്ഞതിൽ അതിശയിക്കാനില്ല എന്നും പോണ്ടിംഗ് പറഞ്ഞു.

പോണ്ടിംഗ് ഇന്ത്യൻ ക്രിക്കറ്റ് നോക്കണ്ട, ഓസ്ട്രേലിയൻ ക്രിക്കറ്റ് നോക്കിയാൽ മതി – മറുപടിയുമായി ഗംഭീർ

കോഹ്‌ലിയുടെ സമീപകാല ഫോമിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതിരോധവുമായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള കോഹ്‌ലിയുടെ ഫോമിൽ പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പോണ്ടിങ്ങിൻ്റെ അഭിപ്രായങ്ങൾ ഗംഭീർ തള്ളിക്കളഞ്ഞു. കോഹ്‌ലിയും രോഹിതും അവരുടെ കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങൾ ആണെന്നും ഇന്ത്യൻ ടീമിൻ്റെ പ്രധാന കരുത്തായി അവർ തുടരുന്നുണ്ട് എന്നും ഊന്നിപ്പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റുമായി പോണ്ടിംഗിന് എന്ത് ബന്ധമാണ് ഉള്ളത്? അദ്ദേഹം ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു. വിരാട്ടിനെയും രോഹിതിനെയും കുറിച്ച് എനിക്ക് ആശങ്കകളൊന്നുമില്ല. അവർ ഇന്ത്യൻ ക്രിക്കറ്റിനായി വളരെയധികം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്, അവർ ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കും.” ഗംഭീർ പറഞ്ഞു.

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ, വിജയിക്കാനുള്ള ശക്തമായ “ഹംഗർ” രണ്ട് കളിക്കാരിലും ഉണ്ട് എന്നും ഗംഭീർ പറഞ്ഞു.

അവസാന 5 വർഷത്തിൽ നേടിയത് 2 സെഞ്ച്വറി, കോഹ്ലി അല്ലാതെ വേറെ ആരായും ടീമിൽ നിന്ന് പുറത്താകുമായിരുന്നു എന്ന് പോണ്ടിംഗ്

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ സമീപകാല പോരാട്ടങ്ങളെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോഹ്‌ലിക്ക് രണ്ട് സെഞ്ച്വറികൾ മാത്രമേ നേടാനായുള്ളൂവെന്ന് അത്ഭുതപ്പെടുത്തുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു‌. ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരാളുടെ ഈ റെക്കോർഡ് അതിശയിപ്പിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

Kohli

ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ സമീപകാല പരമ്പരയ്ക്ക് ശേഷമാണ് പോണ്ടിംഗിൻ്റെ അഭിപ്രായങ്ങൾ വരുന്നത്, പരമ്പരയിൽ വെറും 93 റൺസ് മാത്രമേ കോഹ്ലിക്ക് നേടാനായുള്ളൂ. ൽ

അഞ്ച് വർഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ മാത്രം നേടിയ ഒരു ടോപ് ഓർഡർ ബാറ്റ്സ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു ടീമിലും ഉണ്ടാകില്ല എന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം നടത്താൻ കോഹ്‌ലിയെ പോണ്ടിംഗ് പിന്തുണച്ചു,

നവംബർ 22-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യയ്ക്ക് ഈ നിർണായക പരമ്പരയിൽ കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും ജയിച്ചേ തീരൂ.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 3-1ന് തോൽക്കും എന്ന് റിക്കി പോണ്ടിംഗ്

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്, വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ തോൽക്കും എന്ന് പ്രവചിച്ചു, ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-1 ന് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. നവംബർ 22 ന് നടക്കുന്ന ഓപ്പണിംഗ് ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പാണ് പോണ്ടിങ്ങിൻ്റെ പ്രസ്താവന വരുന്നത്.

സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ 0-3 ടെസ്റ്റ് പരമ്പര തോൽവിയിൽ നിന്ന് വീർപ്പുമുട്ടുന്ന ഇന്ത്യ, ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിക്കാൻ പ്രയാസപ്പെടും എന്ന് പോണ്ടിങ് പറയുന്നു.

“അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ എവിടെയെങ്കിലും ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നു. എന്നാൽ ഓസ്‌ട്രേലിയ സ്ഥിരതയുള്ള ടീമാണ്.” ഐസിസി റിവ്യൂ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിംഗ് നിരയിൽ ഒരു “വലിയ ദ്വാരം” അവശേഷിപ്പിക്കുന്നുവെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. “ഇന്ത്യയ്‌ക്ക് ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റ് വീഴ്ത്തുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്,” ഷമിയുടെ അനുഭവപരിചയമില്ലാതെ ഓസ്‌ട്രേലിയയെ രണ്ടുതവണ പുറത്താക്കുന്നതിന് ഇന്ത്യ ബുദ്ധിമുട്ടും. അദ്ദേഹം കൂട്ടിച്ചേർത്തു.

റിക്കി പോണ്ടിംഗ് പഞ്ചാബ് കിംഗ്സിന്റെ പരിശീലകൻ

പഞ്ചാബ് കിംഗ്സ് റിക്കി പോണ്ടിംഗിനെ പരിശീലകനായി നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം വന്നു. മുൻ ഡെൽഹി ക്യാപിറ്റൽസ് പരിശീലകനായ പോണ്ടിംഗിനെ ഡെൽഹി കഴിഞ്ഞ സീസൺ അവസാനത്തോടെ പുറത്താക്കിയിരുന്നു. റിക്കി പോണ്ടിംഗ് അടുത്ത സീസൺ മുതൽ ഇനി പഞ്ചാബിനെ നയിക്കും.

അവസാന ഏഴ് വർഷമായി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം ഉണ്ടായിരുന്നു‌. പോണ്ടിംഗിന്റെ കാലയളവിൽ ചില നല്ല കളിക്കാരെ വളർത്തിയെടുക്കാൻ അവർക്ക് ആയി എങ്കിലും ഡൽഹിയെ കിരീടത്തിലേക്ക് എത്തിക്കാൻ ആയിരുന്നില്ല.

അവസാന സീസണിലും ഡൽഹി ക്യാപിറ്റൽസിന് നിരാശ മാത്രമായിരുന്നു ഫലം. പഞ്ചാബിൽ പോണ്ടിംഗിന്റെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാകും ഏവരും ഇനി ഉറ്റു നോക്കുന്നത്.

പോണ്ടിംഗിനെ ഡെൽഹി ക്യാപിറ്റൽസ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

ഡെൽഹി ക്യാപിറ്റൽസ് അവരുടെ പരിശീലകനായ റിക്കി പോണ്ടിംഗിനെ പുറത്താക്കി. റിക്കി പോണ്ടിംഗ് അടുത്ത സീസൺ മുതൽ ഡൽഹി ക്യാപിറ്റൽസിനൊപ്പം ഉണ്ടാകില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവസാന ഏഴ് വർഷമായി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം ഉണ്ടായിരുന്നു‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോണ്ടിംഗിന്റെ കാലയളവിൽ ചില നല്ല കളിക്കാരെ വളർത്തിയെടുക്കാൻ അവർക്ക് ആയി എങ്കിലും ഡൽഹിയെ കിരീടത്തിലേക്ക് എത്തിക്കാൻ ആയിരുന്നില്ല. അവസാന സീസണിലും ഡൽഹി ക്യാപിറ്റൽസിന് നിരാശ മാത്രമായിരുന്നു ഫലം. ഇതാണ് ഒരു മാറ്റം തേടി ഡൽഹി ഇങ്ങനെ ഒരു വലിയ തീരുമാനം എടുത്തത്. ആരായിരിക്കും അടുത്ത ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ എന്ന് വ്യക്തമല്ല‌ ഇതു സംബന്ധിച്ചും ക്ലബ് ഉടൻതന്നെ തീരുമാനമെടുക്കും.

ഇന്ത്യൻ പരിശീലകനാകാൻ BCCI സമീപിച്ചു, പക്ഷെ താൻ നിരസിക്കുക ആയിരുന്നു – പോണ്ടിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനാകാൻ ബി.സി.സി.ഐ തന്നെ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി റിക്കി പോണ്ടിംഗ്. എന്നാൽ തനിക്ക് ഇപ്പോൾ ഈ ജോലി ഏറ്റെടുക്കാൻ ആകില്ല എന്ന് പറഞ്ഞു ചർച്ചകൾ അവസാനിപ്പിച്ചു എന്ന് പോണ്ടിംഗ് പറഞ്ഞു. തന്റെ കുടുംബം തന്നോട് ഈ ജോളി ഏറ്റെടുക്കാൻ പറഞ്ഞു. അവർ ഇന്ത്യയിലേക്ക് മാറാൻ ഒരുക്കമാണ്. അവർക്ക് ഇന്ത്യയിലെ ക്രിക്കറ്റ് സംസ്കാരം അത്ര ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ ഉള്ള തന്റെ ജീവിത ശൈലിയെ ബാധിക്കും എന്നത് കൊണ്ട് താൻ ആ ജോലി ഏറ്റെടുത്തില്ല. പോണ്ടിംഗ് പറഞ്ഞു.

T20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കിന്നതിനാൽ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പോണ്ടിംഗ് നിലവിൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ മുഖ്യ പരിശീലകനാണ്. ആ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല.

“ഐപിഎല്ലിനിടെ ചില ചെറിയ ചർച്ചകൾ ഉണ്ടായിരുന്നു, ഞാൻ ആ ഇന്ത്യൻ പരിശീലക പദവി ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച് എന്നിൽ നിന്ന് എന്റെ താലപര്യം അറിയുന്നതിനായായിരുന്നു ആ ചർച്ചകൾ ‌” പോണ്ടിംഗ് പറഞ്ഞു.

“ഒരു ദേശീയ ടീമിൻ്റെ സീനിയർ കോച്ചാകാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ എൻ്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങൾ നടക്കാനും കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു… നിങ്ങൾ ഇന്ത്യൻ ടീമിനൊപ്പം ജോലി ചെയ്യുകയാണെങ്കിൽ എല്ലാവർക്കും അറിയാം. ഒരു ഐപിഎൽ ടീമുനായി പ്രവർത്തിക്കാനും കഴിയില്ല” പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യൻ പരിശീലകനാകാൻ റിക്കി പോണ്ടിംഗും ഫ്ലെമിംഗും പരിഗണനയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായി വിദേശ പരിശീകൻ എത്താൻ സാധ്യത. ബി സി സി ഐ അപേക്ഷ ക്ഷണിച്ചു എങ്കിലും അവരുടെ ചർച്ചകളിൽ പരിശീലകരായി രണ്ടു പേരുകളാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗും മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗും ആണ് ബി സി സി ഐ പരിഗണിക്കുന്ന പേരുകൾ.

ഇരുവരും ഇന്ത്യയിൽ നീണ്ട കാലമായി പരിശീലക റോൾ വഹിക്കുന്നവരാണ്. ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാമെല്ലാം ആണ്. റിക്കി പോണ്ടിംഗ് ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസിനൊപ്പവും പ്രവർത്തിക്കുന്നു. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാൽ ഇവരിൽ ഒരാൾ ആകണം പരിശീലകൻ എന്നാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്.

ഇതിനായി ഇരുവരുമായും ചർച്ചകൾ അടുത്ത് തന്നെ ആരംഭിക്കും. മൂന്ന് ഫോർമാറ്റിനും യോജിച്ച പരിശീലകനെ ആണ് ബി സി സി ഐ തേടുന്നത്. ഇരുവരും ഇന്ത്യൻ പരിശീലകൻ എന്ന റോളിൽ താല്പര്യം കാണിക്കുന്നുണ്ടോ എന്നത് അടിസ്ഥാനമാക്കി ആകും ബി സി സി ഐ മുന്നോട്ട് പോവുക. പരിശീലക റോളിനായി മെയ് 27 വരെയാണ് അപേക്ഷ സമർപ്പിക്കാൻ ആവുക.

Exit mobile version