ശുഭ്മാൻ ഗിൽ പുറത്ത്; ഇന്ത്യയെ ഋഷഭ് പന്ത് നയിക്കും


കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നവംബർ 22-ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നിന്ന് പുറത്തായി. നേരത്തെ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്ത ഗിൽ, തുടർ ചികിത്സയ്ക്കും ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനുമായി മുംബൈയിലേക്ക് പോകുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.

ഈ പരിക്ക് കാരണം നിർണായകമായ ഈ ടെസ്റ്റ് മാത്രമല്ല, നവംബർ 30-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും ഗില്ലിന്റെ പങ്കാളിത്തം സംശയത്തിലാണ്. കഴുത്തിലെ പേശീവലിവ് കാരണം 2024-ൽ ന്യൂസിലൻഡിനെതിരായ ഒരു ടെസ്റ്റ് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.


ഗില്ലിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ 38-ാമത്തെ ക്യാപ്റ്റനും എം.എസ്. ധോണിക്ക് ശേഷം റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ-ബാറ്ററുമാവുകയാണ് പന്ത്. ആദ്യ ടെസ്റ്റിന്റെ അവസാന ഭാഗത്ത് ടീമിനെ നയിച്ചത് പന്തായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സറുകൾ; വീരേന്ദർ സെവാഗിന്റെ റെക്കോർഡ് മറികടന്ന് ഋഷഭ് പന്ത്


ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഋഷഭ് പന്ത് ചരിത്രം കുറിച്ചു. 90 സിക്സറുകൾ നേടിയ ഇതിഹാസ താരം വീരേന്ദർ സെവാഗിനെയാണ് പന്ത് പിന്നിലാക്കിയത്. 91 സിക്സറുകളാണ് പന്തിന്റെ പേരിലുള്ളത്. 90 സിക്സറുകൾ നേടാൻ സെവാഗിന് 103 ടെസ്റ്റ് മത്സരങ്ങൾ വേണ്ടിവന്നപ്പോൾ, വെറും 47 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് പന്ത് ഈ നേട്ടം കൈവരിച്ചത്.

88 സിക്സറുകളുമായി രോഹിത് ശർമ്മ, 80 സിക്സറുകളുമായി രവീന്ദ്ര ജഡേജ, 78 സിക്സറുകളുമായി എംഎസ് ധോണി എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പ്രമുഖർ.

Most sixes in Tests for India

91 Rishabh Pant
90 Virender Sehwag
88 Rohit Sharma
80 Ravindra Jadeja
78 MS Dhoni

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി റിഷഭ് പന്തിന് പരിക്ക്


ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനായ റിഷഭ് പന്തിന് പരിക്കേറ്റത് ആശങ്കയുണ്ടാക്കി. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന മത്സരത്തിന്റെ മൂന്നാം ദിവസം രാവിലെ സെഷനിൽ പന്തിന് രണ്ടു തവണ പരിക്കേറ്റു—ആദ്യം ഇടത് കൈയിലും പിന്നീട് ഗ്രോയിനിനടുത്തും. രണ്ടുതവണ വൈദ്യസഹായം തേടിയ ശേഷം കളിക്കളം വിടാൻ അദ്ദേഹം നിർബന്ധിതനായി.

22 പന്തുകൾ മാത്രം നേരിട്ട ശേഷം പന്ത് മടങ്ങിയത് ആരാധകർക്ക് ആശങ്ക നൽകും. മൂന്ന് മാസത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.


ഇംഗ്ലണ്ടിനെതിരായ ആൻഡേഴ്സൺ ടെണ്ടുൽക്കർ ട്രോഫിക്കിടെ കാൽവിരലിന് (toe) ഏറ്റ ഒടിവിനെ തുടർന്നാണ് പന്ത് കളിക്കളത്തിൽ നിന്ന് വിട്ടുനിന്നത്. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ 90 റൺസ് നേടി മികച്ച തിരിച്ചുവരവ് നടത്താൻ അദ്ദേഹത്തിനായിരുന്നു.

റിഷഭ് പന്ത് വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ തിരിച്ചെത്തിയേക്കും


ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (എൻസിഎ) ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ റിഷഭ് പന്ത് പുനരധിവാസം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാൽപാദത്തിനുണ്ടായ പരിക്ക് കാരണമാണ് അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിനിടെയായിരുന്നു പന്തിന് പരിക്കേറ്റത്. എന്നിരുന്നാലും, പരിക്ക് വകവെക്കാതെ ബാറ്റിംഗിനിറങ്ങിയ പന്ത് നിർണ്ണായകമായ ഒരു അർദ്ധസെഞ്ച്വറി നേടിയിരുന്നു.

തുടർന്ന് മുംബൈയിലെ സ്പെഷ്യലിസ്റ്റുകളെ കണ്ട ശേഷം ഇപ്പോൾ എൻസിഎയിൽ തിരിച്ചുവരവിനായുള്ള കഠിന പരിശീലനത്തിലാണ് പന്ത്. ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ടീമിലേക്ക് മടങ്ങിയെത്താനാണ് താരം ലക്ഷ്യമിടുന്നത്.


ആക്രമണോത്സുകമായ ബാറ്റിംഗും വിശ്വസനീയമായ വിക്കറ്റ് കീപ്പിംഗും ഇന്ത്യൻ ടീമിന് വലിയൊരു മുതൽക്കൂട്ടാണ്. അതുകൊണ്ടുതന്നെ പന്തിന്റെ തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. എൻസിഎയിലെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ പരിക്ക് ഭേദമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് പന്ത്.

ഏഷ്യാ കപ്പിൽ നിന്ന് റിഷഭ് പന്ത് പുറത്ത്, വിൻഡീസ് ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും


മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ കാൽവിരലിന് പരിക്കേറ്റ ഇന്ത്യയുടെ സൂപ്പർ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിന് ഏഷ്യാ കപ്പ് നഷ്ടമാകും. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിൻ്റെ പങ്കാളിത്തം സംശയത്തിലാണ്.


ക്രിസ് വോക്സിൻ്റെ പന്തിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. പരിക്ക് കാരണം നാലാം ടെസ്റ്റിൽ അദ്ദേഹം വിക്കറ്റ് കീപ്പർ ഗ്ലൗസ് ധരിച്ചിരുന്നില്ല. കൂടാതെ, അഞ്ചാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ശസ്ത്രക്രിയ ആവശ്യമില്ലെങ്കിലും, കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


സെപ്റ്റംബർ 10-ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്, സെപ്റ്റംബർ 14-ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഏകദിനത്തിലും ടി20യിലും പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് കീപ്പർ അല്ലാത്തതിനാൽ അദ്ദേഹത്തിൻ്റെ അഭാവം വൈറ്റ്-ബോൾ ടീമിനെ കാര്യമായി ബാധിക്കില്ല.


എന്നാൽ, ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തിൻ്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

റിഷഭ് പന്ത് അഞ്ചാം ടെസ്റ്റിൽ കളിക്കില്ല എന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ നിന്ന് പുറത്ത്. കാൽവിരലിന് പൊട്ടലുണ്ടായതിനാലാണ് പന്തിന് മത്സരം നഷ്ടമാകുന്നത്. ഞായറാഴ്ച ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.


മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. പിന്നീട് രണ്ടാം ദിവസം വേദന സഹിച്ച് കളിക്കളത്തിൽ തിരിച്ചെത്തിയ പന്തിന് ഓൾഡ് ട്രാഫോർഡ് കാണികളിൽ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിൽ പന്ത് വിക്കറ്റ് കീപ്പിംഗ് ചെയ്തിരുന്നില്ല. മാഞ്ചസ്റ്ററിൽ ആതിഥേയരെ വിജയത്തിൽ നിന്ന് തടഞ്ഞ് ഇന്ത്യ സമനില നേടിയതിനാൽ പന്തിന് വീണ്ടും ബാറ്റ് ചെയ്യേണ്ട ആവശ്യവും വന്നില്ല.


“ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്, അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആവട്ടെ എന്ന് ടീം ആശംസിക്കുന്നു,” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.


റിഷഭ് പന്തിന് പകരം നാരായൺ ജഗദീശനെ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയതായി പുരുഷ സെലക്ഷൻ കമ്മിറ്റി അറിയിച്ചു.


പരിക്കിനോട് പൊരുതി പന്ത് ഫിഫ്റ്റി നേടി, ഇന്ത്യ 358ന് ഓളൗട്ട്


ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 358 റൺസ് നേടി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ്ങിന് അയച്ച ഇന്ത്യക്ക് തുടക്കത്തിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും, യുവതാരങ്ങളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച പ്രകടനങ്ങളിലൂടെ ഒരു മികച്ച സ്കോർ കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് ആയി.


യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി, ഇംഗ്ലീഷ് ബൗളർമാരുടെ സ്വിങ്ങിനെയും ബൗൺസിനെയും ഫലപ്രദമായി നേരിട്ടു. ജയ്‌സ്വാൾ 10 ഫോറുകളും ഒരു സിക്സും സഹിതം 58 റൺസ് നേടി ലിയാം ഡോസണ് വിക്കറ്റ് സമ്മാനിച്ചു. രാഹുൽ 98 പന്തിൽ 46 റൺസെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്തു. സായ് സുദർശൻ 151 പന്തിൽ 61 റൺസെടുത്ത് സമ്മർദ്ദത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്നിംഗ്സിന് അടിത്തറ പാകി.


ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 12 റൺസിന് പുറത്തായെങ്കിലും, റിഷഭ് പന്ത് 75 പന്തിൽ 54 റൺസ് നേടി ആക്രമണാത്മക ബാറ്റിംഗിലൂടെ ഇന്നിംഗ്‌സിന് വേഗത കൂട്ടി. മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം ഇംഗ്ലീഷ് ബൗളർമാരെ അദ്ദേഹം സമ്മർദ്ദത്തിലാക്കി. പരിക്കുമായാണ് അവസാനം പന്ത് കളിച്ചത്.

ഷാർദുൽ താക്കൂർ (41), വാഷിംഗ്ടൺ സുന്ദർ (27) എന്നിവർ വാലറ്റത്ത് നിർണ്ണായക റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ ചെറിയ തകർച്ചകളിൽ നിന്ന് കരകയറ്റി സ്കോർ 350 കടത്തി.


ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 24 ഓവറിൽ 72 റൺസിന് 5 വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ജോഫ്ര ആർച്ചർ 3 വിക്കറ്റ് നേടിയപ്പോൾ, ലിയാം ഡോസണും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

WTC-യിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി റിഷഭ് പന്ത്


മാഞ്ചസ്റ്റർ ടെസ്റ്റിൽ വലത് കാൽപ്പാദത്തിന് വേദനയുണ്ടായിരുന്നിട്ടും, റിഷഭ് പന്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി ചരിത്രം കുറിച്ചു.
രണ്ടാം ഇന്നിംഗ്‌സിൽ നേടിയ 41* റൺസോടെ, പന്ത് രോഹിത് ശർമ്മയുടെ 2716 റൺസ് മറികടന്ന് 2717 റൺസിലെത്തി.

ജീവൻ അപകടത്തിലാക്കിയ കാർ അപകടത്തെ തുടർന്ന് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഒരു വിക്കറ്റ് കീപ്പർ-ബാറ്ററെ സംബന്ധിച്ചിടത്തോളം 67 ഇന്നിംഗ്‌സുകളിലെ ഈ നേട്ടം തികച്ചും അസാധാരണമാണ്.


WTC റൺവേട്ടക്കാരിൽ മുൻനിരയിലുള്ളവരുടെ നിലവിലെ കണക്കുകൾ:

PlayerRunsInnings
Rishabh Pant2717*67
Rohit Sharma271669
Virat Kohli261779
Shubman Gill251266
Ravindra Jadeja223265

പരിക്ക് വകവെക്കാതെ റിഷഭ് പന്ത്!! ബാറ്റ് ചെയ്യാൻ തയ്യാർ


ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിവസം വലത് കാൽപാദത്തിന് പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് മത്സരത്തിൽ ഇനി വിക്കറ്റ് കീപ്പ് ചെയ്യില്ല എങ്കിലും ബാറ്റ് ചെയ്യും. ഇനി ഈ പരമ്പരയിലേ കളിക്കില്ല എന്ന് കരുതിയ താരം ആവശ്യം വന്നാൽ ബാറ്റ് ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീം ഔദ്യോഗികമായി അറിയിച്ചു.


മത്സരത്തിൽ ധ്രുവ് ജൂറൽ പന്തിനു പകരം ഗ്ലൗസ് അണിയും. ബാറ്റ് ചെയ്യുമ്പോൾ പന്ത് റണ്ണറുടെ അസിസ്റ്റോടെ ആകും കളിക്കുക. ഇന്ന് സ്കാനിൽ കാലിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് പന്തിന് 6 ആഴ്ച വിശ്രമം ആണ് ഡോക്ടർമാർ വിധിച്ചത്. അപ്പോഴാണ് പന്ത് ബാറ്റ് ചെയ്യാൻ എത്തുന്നത്.

ഇന്ത്യക്ക് വൻ തിരിച്ചടി!! റിഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്ത്


മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇടയിൽ ഇന്ത്യക്ക് വലിയ തിരിച്ചടി. കാൽവിരലിന് പൊട്ടലുണ്ടായതിനെ തുടർന്ന് റിഷഭ് പന്തിനെ ശേഷിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഒഴിവാക്കി. ഇന്നലെ 68-ാം ഓവറിൽ 37 റൺസെടുത്തു നിൽക്കെ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുമ്പോളാണ് പന്തിന് പരിക്കേറ്റത്. ബോൾ ബാറ്റിൽ തട്ടി കാൽവിരലിൽ കൊള്ളുകയായിരുന്നു, ഇത് താരത്തിന് കടുത്ത വേദനയുണ്ടാക്കി. വേദന കാരണം പന്തിന് കളിക്കളത്തിൽ നിന്ന് മടങ്ങേണ്ടി വന്നു.


സ്കാനിംഗിൽ പൊട്ടൽ സ്ഥിരീകരിച്ചു. ആറ് ആഴ്ചത്തേക്ക് പന്തിനെ കളിക്കളത്തിൽ നിന്ന് മാറ്റി നിർത്താൻ ബിസിസിഐ മെഡിക്കൽ ടീം തീരുമാനിച്ചു, ഇത് ഓവലിൽ നടക്കുന്ന നിർണായകമായ അഞ്ചാം ടെസ്റ്റും അദ്ദേഹത്തിന് നഷ്ടമാകും എന്നർത്ഥം. വേദനസംഹാരികൾ ഉപയോഗിച്ച് അദ്ദേഹത്തെ കളിപ്പിക്കാൻ ചർച്ചകൾ നടന്നിരുന്നെങ്കിലും, പന്തിന് താങ്ങില്ലാതെ നടക്കാൻ കഴിയാത്തതിനാൽ ആ സാധ്യത ഒഴിവാക്കി.


പന്തിന്റെ അഭാവത്തിൽ ഇഷാൻ കിഷനെ അവസാന ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നിതീഷ് കുമാർ റെഡ്ഡി (കാൽമുട്ട്), ആകാശ് ദീപ് (ഗ്രോയിൻ), അർഷ്ദീപ് സിംഗ് (വിരൽ) എന്നിവരുൾപ്പെടെ പരിക്കേറ്റവരുടെ വലിയ പട്ടിക ഇന്ത്യക്ക് ഇതിനോടകം തന്നെയുണ്ട്.

പന്തിന്റെ പരിക്കിൽ ഇന്ത്യക്ക് ആശങ്ക, സ്കാൻ ഫലം കാത്ത് ടീം


മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം കാലിന് പരിക്കേറ്റ റിഷഭ് പന്തിന്റെ ഫിറ്റ്നസിനെച്ചൊല്ലി ഇന്ത്യക്ക് ആശങ്ക. ഓൾഡ് ട്രാഫോർഡിൽ ക്രിസ് വോക്സിന്റെ യോർക്കർ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ വലത് കാലിൽ കൊണ്ടാണ് പന്തിന് പരിക്കേറ്റത്. ചതവും വീക്കവും കാരണം വേദനയോടെ കളം വിടേണ്ടി വന്ന പന്തിനെ സ്കാനിംഗിന് വിധേയനാക്കിയിട്ടുണ്ട്. സ്കാൻ ഫലം പോലെ ആയിരിക്കും പന്ത് കളിക്കുമോ എന്നുള്ള തീരുമാനം.


പരമ്പരയിൽ 2-1ന് പിന്നിലുള്ള ഇന്ത്യക്ക് ജീവൻ നിലനിർത്താൻ ഈ ടെസ്റ്റ് ജയിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയായേക്കും. പരമ്പരയിൽ ഇതിനകം 77 ശരാശരിയിൽ 462 റൺസ് നേടിയ പന്തിന് വീണ്ടും ബാറ്റ് ചെയ്യാനോ വിക്കറ്റ് കീപ്പിംഗ് ചെയ്യാനോ കഴിയുമോ എന്ന് ഉറപ്പില്ല.

പരിക്കേറ്റ് പുറത്ത് പോകും മുമ്പ് ലോക റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്


മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ചരിത്രം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ വിദേശ മണ്ണിൽ 1000 റൺസ് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പർ-ബാറ്റർ എന്ന ലോക റെക്കോർഡാണ് പന്ത് മാഞ്ചസ്റ്ററിൽ സ്വന്തമാക്കിയത്. ഓസ്ട്രേലിയയിൽ നേടിയ 879 റൺസ് എന്ന സ്വന്തം റെക്കോർഡ് തിരുത്തിയാണ് പന്തിന്റെ ഈ നേട്ടം.

37 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ വലത് കാലിന് പരിക്കേറ്റ പന്തിനെ വേദനയോടെ ഗ്രൗണ്ടിൽ നിന്ന് മാറ്റേണ്ടി വന്നു. കാലിൽ വീക്കം ദൃശ്യമായിരുന്നു.


ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 83 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും (19) ഷാർദുൽ താക്കൂറും (19) ആണ് ക്രീസിൽ. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (58), കെ.എൽ. രാഹുൽ (46) എന്നിവർ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. കരുൺ നായർക്ക് പകരം കളത്തിലിറങ്ങിയ സായി സുദർശൻ സമ്മർദ്ദഘട്ടത്തിൽ 61 റൺസ് നേടി നിർണ്ണായകമായി.

Exit mobile version