സഞ്ജു സാംസണെ പോലുള്ള മികച്ച ടാലന്റുകൾ ടീമിൽ കൂടുതൽ സമയം അർഹിക്കുന്നു – സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമീപകാല പ്രകടനത്തിന് വിമർശനം നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണ് ശക്തമായ പിന്തുണ അറിയിച്ച് സഞ്ജയ് മഞ്ജരേക്കർ.

ആദ്യ നാല് മത്സരങ്ങളിൽ സാംസൺ യഥാക്രമം 26, 5, 3, 1 റൺസ് എന്നിങ്ങനെയുള്ള സ്കോറേ നേടിയിരുന്നുള്ളൂ. ഫോമിൽ ഇല്ലെങ്കിലും സഞ്ജുവിനെ പോലുള്ള താരങ്ങളുടെ കാര്യത്തിൽ ക്ഷമ കാണിക്കേണ്ടതിന്റെ പ്രാധാന്യം മഞ്ജരേക്കർ പറഞ്ഞു.

“ഒരു ടി20 ഐ പ്രതിഭയെ നോക്കുമ്പോൾ, അവർ നന്നായി കളിക്കുമ്പോൾ അവർക്ക് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയും, അവർക്ക് എന്ത് സംഭാവന നൽകാൻ കഴിയും എന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്. സഞ്ജു സാംസണെ നിങ്ങൾ കാണുമ്പോൾ, അദ്ദേഹം നന്നായി കളിക്കുമ്പോൾ, അവിശ്വസനീയമായ സെഞ്ച്വറി നേടുകയും നിങ്ങളുടെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു,” മഞ്ജരേക്കർ ESPNCricinfo-യിൽ പറഞ്ഞു.

“അതിനാൽ, അത്തരം ആളുകൾക്ക് പരാജയങ്ങൾ ഉണ്ടാകുന്നത് അനുവദനീയമാണ്, ഒരുപക്ഷേ ഒരു നീണ്ട പരാജയ പരമ്പരയും ഉണ്ടാകാം, കാരണം ഒരു ടി20 ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ അവരുടെ സ്വഭാവം അതാണ്, നിങ്ങൾക്ക് ക്ഷമയോടെ കളിക്കാൻ കഴിയില്ല, അവർ റിസ്‌കുകൾ എടുക്കേണ്ടതുണ്ട്. അദ്ദേഹത്തെ വീണ്ടും ഫോമിലേക്ക് നയിക്കുന്ന ഒരു ഇന്നിംഗ്‌സ് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, സഞ്ജു സാംസണിന്റെ കാര്യത്തിൽ, കഴിയുന്നത്ര ഇന്നിംഗ്‌സുകൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണമെന്ന് ഞാൻ കരുതുന്നു.” മഞ്ജരേക്കർ പറഞ്ഞു.

“അദ്ദേഹം ഫോമിലേക്ക് എത്തുകയും നന്നായി കളിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹം ടീമിന് വലിയ കരുത്താണ്‌. സഞ്ജു സാംസണ് കൂടുതൽ സമയം നൽകാനുള്ള ക്ഷമ എനിക്കുണ്ട്.” മഞ്ജരേക്കർ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന് സഞ്ജയ് മഞ്ജരേക്കർ

കാൺപൂരിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ഇന്ത്യൻ ടീം മാനേജ്‌മെൻ്റിനോട് ആവശ്യപ്പെട്ടു. ചെന്നൈയിൽ കുൽദീപിനെ ഒഴിവാക്കിയതിൽ മഞ്ജരേക്കർ നിരാശ പ്രകടിപ്പിക്കുകയും ഇന്ത്യൻ സാഹചര്യങ്ങളിൽ സ്പിന്നറുടെ മൂല്യം ഉയർത്തിക്കാട്ടുകയും ചെയ്തു.

ചെന്നൈ പിച്ച് തുടക്കത്തിൽ സീമർമാർക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കുൽദീപിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ മഞ്ജരേക്കർ വിമർശിച്ചു. കുൽദീപ് യാദവിനെ അത്ര എളുപ്പം പുറത്താക്കരുതെന്നാണ് എനിക്ക് തോന്നുന്നത്, ചെന്നൈയിൽ അദ്ദേഹത്തെ കളിപ്പുക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമായിരുന്നു, കാരണം സീമർമാർക്ക് ഒന്നോ ഒന്നര ദിവസത്തേക്കുള്ള സഹായം മാത്രമേ ലഭിക്കൂ. ഇന്ത്യൻ പിച്ച് അതിന് ശേഷം സ്പിന്നർമാരെ തുണയ്ക്കാൻ തുടങ്ങുന്നു, നിങ്ങൾക്ക് കുൽദീപ് യാദവിനെപ്പോലെ ഒരു ബൗളർ ഉള്ളപ്പോൾ, നിങ്ങൾ അവനെ ഇത്ര എളുപ്പത്തിൽ പുറത്താക്കരുത്. മഞ്ജരേക്കർ പറഞ്ഞു.

കാൺപൂരിലെ സാഹചര്യങ്ങളെക്കുറിച്ചും മഞ്ജരേക്കർ ചർച്ച ചെയ്തു, പിച്ചിൻ്റെ രൂപം പരിഗണിക്കാതെ തന്നെ മൂന്ന് സ്പിന്നർമാരെയും ഇന്ത്യ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. “രണ്ടാം ടെസ്റ്റിൽ സിറാജും ബുംറയും മതി പേസർമാരായി. മൂന്ന് സ്പിന്നർമാരുമായി നിങ്ങൾ കളിക്കണം.”അദ്ദേഹം കൂട്ടിച്ചേർത്തു.

സർഫറാസ് ഖാൻ ഇന്ത്യയുടെ ഏകദിന ടീമിന് മുതൽകൂട്ടാകും എന്ന് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വരേണ്ട താരമാണ് സർഫറാസ് ഖാൻ എന്ന് സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ സർഫറാസ് ഖാന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സഞ്ജയ് മഞ്ജരേക്കർ. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് മത്സരങ്ങളിലും സർഫറാസ് അർധ സെഞ്ച്വറി നേടിയിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ സർഫറാസ് 66 പന്തിൽ 9 ഫോറും 2 സിക്‌സും സഹിതം 62 റൺസ് നേടി റണ്ണൗട്ട് ആയി. രണ്ടാം ഇന്നിംഗ്സിൽ അദ്ദേഹം 72 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 68 റൺസുമായി സർഫറാസ് പുറത്താകാതെ നിൽക്കുകയും ചെയ്തു.

26 കാരനായ സർഫറാസ് 50 ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ മധ്യനിരയ്ക്ക് ഒരു മുതൽകൂട്ടാകും എന്ന് മഞ്ജരേക്കർ പറഞ്ഞു. “ഇന്ത്യ ഒരു മികച്ച 50 ഓവർ മിഡിൽ ഓർഡർ ബാറ്റർ ഓപ്ഷൻ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു, മധ്യ ഘട്ടത്തിൽ ബാറ്റ് ചെയ്യാൻ, സർക്കിളിനുള്ളിൽ 5 ഫീൽഡർമാരുള്ളപ്പോൾ ബാറ്റ്ചെയ്യാൻ, സർഫ്രാസ് ഖാനാണ് വേണ്ടത്.” മഞ്ജരേക്കർ പറഞ്ഞു.

ഏകദിന ലോകകപ്പിൽ വിധി നിര്‍ണ്ണയിക്കുക പേസര്‍മാര്‍ – സഞ്ജയ് മഞ്ജരേക്കര്‍

ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പിൽ കൂടുതൽ സ്വാധീനം ചെലുത്തുക പേസര്‍മാര്‍ ആയിരിക്കുമെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയിൽ കൂടുതൽ പിച്ചുകളും ഫ്ലാറ്റ് ആയിരിക്കുമെന്നും ചെറിയ ഗ്രൗണ്ടുകളും പരിഗണിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ റൺ അധികം വഴങ്ങുവാന്‍ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ മത്സരത്തെ നിയന്ത്രണത്തിലാക്കുവാന്‍ കൂടുതൽ പേസര്‍മാരെ ഉപയോഗിക്കുവാന്‍ ക്യാപ്റ്റന്മാര്‍ മുതിരുമെന്നും സഞ്ജയ് പറഞ്ഞു.

2011 ലോകകപ്പ് പരിശോധിച്ചാൽ ഇന്ത്യ യുവരാജ് സിംഗിനെ മാത്രമാണ് സ്പിന്നറായി പരിഗണിച്ചതെന്നും മഞ്ജരേക്കര്‍ കൂട്ടിചേര്‍ത്തു. ഏഷ്യ കപ്പ് ടീമിൽ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരുടെ റോളിൽ ടീമിലിടം പിടിച്ചപ്പോള്‍ കുൽദീപ് യാദവ് മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. യൂസുവേന്ദ്ര ചഹാലിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതും വരുന്ന ലോകകപ്പിനുള്ള ടീം സെലക്ഷന്റെ ഏകദേശ രൂപം നൽകുന്നതാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

2011ൽ മുനാഫ് പട്ടേലിനെ പോലുള്ളവരാണ് കൂടുതൽ പ്രഭാവുണ്ടാക്കിയത്. സഹീര്‍ നയിച്ച പേസ് പടയാണ് സ്പിന്നര്‍മാരെക്കാളും കൂടുതൽ അവസരങ്ങള്‍ സൃഷ്ടിച്ചതെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഹാർദികിന്റെ ഫോം ആശങ്ക നൽകുന്നു എന്ന് സഞ്ജയ് മഞ്ജരേക്കർ

ലോകകപ്പ് അടുക്കവെ ഹാർദ്ദിക് പാണ്ഡ്യയുടെ ഫോം ആശങ്ക നൽകുന്നു എന്ന് മുൻ ഇന്ത്യൻ താരൻ സഞ്ജയ് മഞ്ജരേക്കർ. ഹാർദികിന്റെ ബാറ്റിങും ഒപ്പം അദ്ദേഹം അധികം ബൗൾ ചെയ്യാത്തതും ആശങ്ക നൽകുന്നുണ്ട് എന്ന് മഞ്ജരേക്കർ പറഞ്ഞു. “ഹാർദിക് പാണ്ഡ്യയുടെ ഫോം അൽപ്പം ആശങ്കാജനകമാണ്, അദ്ദേഹത്തിന് ബൗളിംഗ് ചെയ്യേണ്ടതുണ്ട്. ലോകകപ്പിൽ നിങ്ങൾക്ക് ധാരാളം ശാരീരിക അദ്ധ്വാനം ചെയ്യേണ്ടി വരും, കാരണം നിങ്ങൾക്ക് ഒരു ബാറ്റർ മാത്രമല്ല ഓൾറൗണ്ടർ എന്ന നിലയിൽ അദ്ദേഹത്തെ ആവശ്യമാണ്” – മഞ്ജരേക്കർ പറഞ്ഞു.

“ഒരു ഇന്നിംഗ്‌സിന് കുറഞ്ഞത് 6-7 ഓവറെങ്കിലും ഹാർദികിൽ നിന്ന് പ്രതീക്ഷിക്കുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ, സുരേഷ് റെയ്‌നയെയും യുവരാജ് സിങ്ങിനെയും പോലുള്ള ബാറ്റർമാരാണ് പന്തെറിഞ്ഞ് ഇന്ത്യയെ സഹായിച്ചത്, അതിനാൽ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് വളരെ പ്രധാനമാണ്, ”മഞ്ജരേക്കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

അവസാന മാസങ്ങളിൽ ടി20യിലും ഏകദിനത്തിലും സ്ഥിരതയാർന്ന രീതിയിൽ ബാറ്റു ചെയ്യാൻ ഹാർദികിന് ആയിട്ടില്ല.

ഭുവനേശ്വർ കുമാർ ഏറെ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതാണ് താരത്തിന്റെ പ്രശ്നം എന്ന സഞ്ജയ് മഞ്ജരേക്കർ

ഭുവനേശ്വർ കുമാറിന്റെ മോശം ഫോമിന് കാരണം അദ്ദേഹം ഏറെ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതാണ് എന്ന് സഞ്ജയ് മഞ്ജരേക്കർ. ഭുവി അസ്വസ്ഥനാണെന്ന് തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം അമിതമായി ക്രിക്കറ്റ് കളിക്കുന്നു എന്നതാണ്. അർത്ഥത്തിൽ, ഈ അടുത്ത് നടന്ന പരമ്പരകളിൽ എല്ലാ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

വർഷങ്ങളായി ഞാൻ കണ്ടിട്ടുള്ള ഭുവനേശ്വർ കുമാർ, അദ്ദേഹം ഏറ്റവും ശക്തനായ ഒരാളല്ല, അവൻ വളരെയധികം ജോലിഭാരം ഏൽക്കുന്ന ആളല്ല, അവൻ ഒരു ഫോർമാറ്റിൽ കളിക്കുന്നു മറ്റൊരന്നിലും കളിക്കുന്നില്ല. അങ്ങനെ ആണ്‌ . ആദ്യ കുറച്ച് ഗെയിമുകളിൽ ഫോമിൽ ആകുന്നത് അല്ലാതെ അതിനപ്പുറം മികവ് പുകർത്താൻ ഒരിക്കലും ഭുവനേശ്വറിന് ആകാറില്ല എന്നും മഞ്ജരേക്കർ പറയുന്നു‌

രോഹിത് ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിന് നൽകണം – സഞ്ജയ് മഞ്ജരേക്കര്‍

ഐപിഎലില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ടീമിന്റെ ക്യാപ്റ്റന്‍സി പൊള്ളാര്‍ഡിന് നൽകണമെന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍.

സീസണിന് മുമ്പ് തന്നെ രോഹിത് വിരാട് കോഹ‍്ലിയുടെ പാത പിന്തുടര്‍ന്ന് ക്യാപ്റ്റന്‍സി വിട്ട് നൽകണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ സഞ്ജയുടെ ഈ ആവശ്യം ആരാധകരെ ചൊടിപ്പിക്കുകയാണുണ്ടായത്.

ഐപിഎൽ 2022ന് ഇടയ്ക്ക് തന്നെ ഈ ക്യാപ്റ്റന്‍സി മാറ്റം ഉണ്ടായേക്കാം എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്.

 

അശ്വിന്‍ ടി20 ഫോര്‍മാറ്റിൽ ബാധ്യത – സഞ്ജയ് മഞ്ജരേക്കര്‍

തന്റെ ടീമിൽ താന്‍ ഒരിക്കലും രവിചന്ദ്രന്‍ അശ്വിനെ തിരഞ്ഞെടുക്കില്ലെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. അശ്വിന്‍ ഒരിക്കലും ഒരു ടി20 ബൗളര്‍ അല്ലെന്നും ടെസ്റ്റ് ഫോര്‍മാറ്റിൽ താരം ഏറ്റവും മികച്ചതാണെങ്കിലും ടി20 ഫോര്‍മാറ്റിൽ താരം പ്രഭാവം ഉണ്ടാക്കാനാകുന്ന താരമല്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ 5-7 വര്‍ഷങ്ങളായി അശ്വിന്‍ ഈ ശൈലിയിലാണ് പന്തെറിഞ്ഞതെന്നും ടേണിംഗ് വിക്കറ്റിൽ താന്‍ ചഹാലിനെയോ വരുൺ ചക്രവര്‍ത്തിയെയോ ടീമിലുള്‍പ്പെടുത്തുവാനാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

വരുൺ ചക്രവര്‍ത്തിയോ, സുനിൽ നരൈനോ, ചഹാലോ നിങ്ങള്‍ക്ക് വിക്കറ്റ് നേടിത്തരുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. അശ്വിന്‍ ഇന്നലെ രണ്ടാം ക്വാളിഫയറിലെ അവസാന ഓവറിൽ ഷാക്കിബ് അല്‍ ഹസനെയും സുനിൽ നരൈനെയും പുറത്താക്കി ഹാട്രിക്കിന്റെ വക്കിലെത്തിയെങ്കിലും അടുത്ത പന്ത് സിക്സര്‍ പായിച്ച് രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിരാടിനെതിരെ വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍, 50നോട് അടുത്തെത്തിയപ്പോള്‍ വിരാടിന്റെ ഇന്നിംഗ്സിന് താളം തെറ്റി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി തന്റെ ഇന്നിംഗ്സ് 50ന് അടുത്തെത്തിയപ്പോള്‍ സ്ലോ ആക്കിയെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. മികച്ച രീതിയിൽ തുടങ്ങിയ കോ‍ഹ്‍ലി ഒരു ആവശ്യവുമില്ലാതെയാണ് ഈ രീതിയിലേക്ക് മാറിയതെന്നും അത് താരത്തിന്റെ ഇന്നിംഗ്സിന്റെ താളം തെറ്റിച്ചുവന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

41 പന്തിൽ 53 റൺസാണ് വിരാട് കോഹ്‍ലി നേടിയത്. 40 റൺസ് എത്തിയ ശേഷം വിരാടിന്റെ ഇന്നിംഗ്സ് മെല്ലെയായെന്നും അതു വരെ കോഹ്‍ലി മികച്ച രീതിയിൽ ഒരു ടി20 ഓപ്പണര്‍ കളിക്കുന്ന രീതിയിലാണ് ബാറ്റ് വീശിയതെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

വളരെ വ്യത്യസ്തനായ കോഹ്‍ലിയെയാണ് ഏവരും കണ്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ക്രീസിന് പുറത്തിറങ്ങി അടിക്കുന്ന കോഹ്‍ലി മികച്ച ഫോമിലുമായിരുന്നുവെന്ന് സ‍ഞ്ജയ് പറഞ്ഞു. എന്നാൽ 40ന് അടുത്തെത്തിയപ്പോള്‍ താരം ശൈലി മാറ്റിയത് വിനയായി എന്നും സഞ്ജയ് പറഞ്ഞു. 40 റൺസിന് ശേഷം കോഹ്‍ലി 13 പന്തിൽ 15 റൺസ് മാത്രമാണ് നേടിയത്.

കോഹ്‌ലി ആർ.സി.ബി ക്യാപ്റ്റൻസി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് സഞ്ജയ് മഞ്ചരേക്കർ

ഈ ഐ.പി.എൽ സീസൺ കഴിയുന്നതോടെ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന് മഞ്ചരേക്കർ പറഞ്ഞു.

ഐ.പി.എല്ലിന്റെ ഇടക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വിരാട് കോഹ്‌ലി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും മഞ്ചരേക്കർ പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഒരു പരമ്പരയോ ടൂർണമെന്റോ പൂർണ്ണമായും കളിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കണമെന്നും മഞ്ചരേക്കർ പറഞ്ഞു. 1985-86 കാലത്ത് മിനി ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് ശേഷമാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം ഗാവസ്‌കർ പറഞ്ഞതെന്നും മഞ്ചരേക്കർ ഓർമിപ്പിച്ചു.

ലോര്‍ഡ്സിൽ വിഹാരിയ്ക്ക് അവസരം നല്‍കണം – സഞ്ജയ് മഞ്ജരേക്കര്‍

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഹനുമ വിഹാരിയ്ക്ക് അവസരം നല്‍കണമെന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ശര്‍ദ്ധുൽ താക്കൂറിനെയും രവീന്ദ്ര ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കി പകരം വിഹാരിയെയും അശ്വിനെയും തിരികെ കൊണ്ടു വരണമെന്നും സഞ്ജയ് സൂചിപ്പിച്ചു.

ഇന്ത്യന്‍ ടോപ് ഓര്‍ഡറിൽ നിന്ന് റൺസ് വരാത്തതിനാൽ തന്ന ഹനുമ വിഹാരി ടീമിലേക്ക് എത്തുന്നത് ഗുണകരമാകുമെന്നും ഋഷഭ് പന്ത് ഏഴാം നമ്പറിൽ ബാറ്റ് ചെയ്താൽ കൂടുതൽ അപകടകാരിയായി മാറുമെന്നും സഞ്ജയ് അഭിപ്രായം പ്രകടിപ്പിച്ചു.

ട്രെന്റ് ബ്രിഡ്ജിൽ അശ്വിനെ ടീം ഒഴിവാക്കിയത് മണ്ടത്തരമായിപ്പോയിയെന്നും ആ പിഴവ് ലോര്‍ഡ്സിൽ ടീം വരുത്തില്ലെന്നും സഞ്ജയ് വ്യക്തമാക്കി.

സഞ്ജുവിനെക്കാള്‍ കൂടുതൽ സാധ്യത ഇഷാന്‍ കിഷന് – സഞ്ജയ് മഞ്ജരേക്കര്‍

സഞ്ജു സാംസണെക്കാള്‍ കൂടുതൽ സാധ്യത കീപ്പര്‍ സ്ഥാനത്തേക്ക് താന്‍ നല്‍കുന്നത് ഇഷാന്‍ കിഷനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സ‍ഞ്ജയ് മഞ്ജരേക്കര്‍. കീപ്പിംഗ് സ്ഥാനമാണെങ്കിൽ താന്‍ ഈ തിരഞ്ഞെടുപ്പ് നടത്തുന്നത് ഇരുവരുടെയും ബാറ്റിംഗ് പ്രകടനം പരിഗണിച്ച് മാത്രമാണെന്നും ഇംഗ്ലണ്ടിനെതിരെ മികച്ച അരങ്ങേറ്റം നടത്തിയ ഇഷാന്‍ കിഷനായിരിക്കണം കീപ്പറെന്ന നിലയിൽ ടീമില്‍ കളിക്കുവാന്‍ മുന്‍ തൂക്കം നല്‍കേണ്ടതെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

എന്നാൽ സഞ്ജു മികച്ച ഫോമിലേക്ക് ഉയര്‍ന്നാൽ അതിനോട് കിടപിടിക്കുവാന്‍ മറ്റു താരങ്ങള്‍ക്കാവില്ലെന്നും സഞ്ജയ് കൂട്ടിചേര്‍ത്തു. ഏകദിനത്തിൽ കീപ്പിംഗിന് വലിയ പ്രാധാന്യമില്ലെന്നും അതിനാൽ തന്നെ ബാറ്റിംഗ് മികവിന് മുന്‍തൂക്കം നല്‍കണമെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

Exit mobile version