ഏഷ്യ കപ്പിലെ പ്രകടനം രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് രോഹിത് ശര്‍മ്മ, ധവാനും മികച്ച നേട്ടം

ഏഷ്യ കപ്പിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഏകദിന റാങ്കിംഗില്‍ വിരാട് കോഹ്‍ലിയ്ക്ക് പിന്നിലെത്തി രോഹിത് ശര്‍മ്മ. 884 റേറ്റിംഗ് പോയിന്റുള്ള വിരാട് കോഹ്‍ലിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കിലും വിരാട് കോഹ്‍ലിയുടെ സ്ഥാനത്തിനു കോട്ടം തട്ടിയിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന രോഹിത് ഇത് രണ്ടാം തവണയാണ് വീണ്ടും ആ സ്ഥാനത്തേക്ക് എത്തുന്നത്. 317 റണ്‍സാണ് രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ഏഷ്യ കപ്പില്‍ നേടിയത്. 342 റണ്‍സ് നേടിയ ധവാന്‍ 4 സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുവരും സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ കളിച്ചിരുന്നില്ലെങ്കിലും പാക്കിസ്ഥാനെതിരെ നേടിയ 210 റണ്‍സ് കൂട്ടുകെട്ട് ഇരുവര്‍ക്കും ഗുണമായി. പാക്കിസ്ഥാനെതിരെ ധവാന്‍ 114 റണ്‍സും രോഹിത് ശര്‍മ്മ പുറത്താകാതെ 111 റണ്‍സുമാണ് നേടിയത്.

രോഹിത് ശര്‍മ്മ 842 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തും ജോ റൂട്ട് 818 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള ധവാന് 802 റേറ്റിംഗ് പോയിന്റാണുള്ളത്. വിലക്കിലുള്ള ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ 803 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

രോഹിത് മികച്ച നായകന്‍ പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ

ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൊര്‍തസ മത്സര ശേഷം പറഞ്ഞിരുന്നു.

പാക്കിസ്ഥാനെതിരെ 37 റണ്‍സ് വിജയം നേടി ഫൈനലില്‍ കടന്ന ബംഗ്ലാദേശ് ഇന്ത്യയെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. തമീം ഇക്ബാലിനെ ആദ്യ മത്സരത്തില്‍ തന്നെ നഷ്ടമായ ടീമിനു നിര്‍ണ്ണായക മത്സരത്തിനു മുമ്പ് ഷാക്കിബ് അല്‍ ഹസനെയും പരിക്ക് മൂലം നഷ്ടമായിരുന്നു. മൊര്‍തസയും മുഷ്ഫിക്കുര്‍ റഹിമും പരിക്കുമായാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

രോഹിത് മികച്ചൊരു നായകനാണെങ്കില്‍ ടൂര്‍ണ്ണമെന്റിലെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മൊര്‍തസയാണെന്നും അദ്ദേഹത്തെ തന്നെ ടൂര്‍ണ്ണമെന്റിലെ ക്യാപ്റ്റനായും താന്‍ വിലയിരുത്തുമെന്ന് തന്റെ ട്വിറ്ററിലൂടെ റമീസ് രാജ വ്യക്തമാക്കി.

ബംഗ്ലാദേശ് നായകന്മാരില്‍ എറ്റവുമധികം വിജയ ശതമാനമുള്ള നായകനും മൊര്‍തസ തന്നെയാണ്. ഷാക്കിബ് അല്‍ ഹസന്‍, ഹബീബുള്‍ ബഷര്‍ എന്നിവരെക്കാള്‍ വിജയ ശതമാനം കൂടിയ താരമാണ് മഷ്റഫേ മൊര്‍തസ.

ധോണി മാത്രമല്ല രോഹിത്തും ക്യാപ്റ്റന്‍ കൂള്‍: രവി ശാസ്ത്രി

ഏഷ്യ കപ്പ് വിജയത്തിനു ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി. 31 വയസ്സുകാരന്‍ രോഹിത്തിനെ കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുവാന്‍ സെലക്ടര്‍മാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത് ടൂര്‍ണ്ണമെന്റിലുടനീളം കൂളായാണ് കാര്യങ്ങള്‍ നടപ്പിലാക്കിയതെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.

മികച്ച തുടക്കം നേടിയ ബംഗ്ലാദേശ് മത്സരത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും രോഹിത് ഒട്ടും ഭയചകിതനായി കണ്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. അത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും പ്രകടമായപ്പോള്‍ ഇന്ത്യ ബംഗ്ലാദേശിനെ 222 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. മത്സരത്തിന്റെ മധ്യ ഓവറുകളില്‍ നിര്‍ണ്ണായക ബൗളിംഗ് മാറ്റങ്ങള്‍ വരുത്തിയതും ഇന്ത്യയുടെ മുഖ്യ കോച്ചിന്റെ പ്രശംസയ്ക്ക് രോഹിത്തിനെ അര്‍ഹനാക്കി.

അവസാന 30 ഓവറില്‍ ഇന്ത്യ 100 റണ്‍സിനടുത്ത് മാത്രമേ വഴങ്ങിയുള്ളുവെന്നും അത് മികച്ച ബൗളിംഗിന്റെ അനന്തരഫലമാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

രോഹിത്തിനെയും സംഘത്തിനെയും പ്രശംസിച്ച് റെയ്‍ന

2016ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിലംഗമായ സുരേഷ് റെയ്‍ന ഏഴാം തവണ കിരീടമുയര്‍ത്തിയ ഏഷ്യ കപ്പ് ടീമിനു ആശംസ അറിയിച്ചു. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് റെയ്‍ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിജയത്തിനുള്ള ആശംസ കൈമാറിയത്. ഏഷ്യന്‍ ഗെയിംസില്‍ ശക്തമായ പ്രകടനം നടത്തി ഫൈനലിലേക്ക് എത്തിയ ഇന്ത്യയ്ക്ക് എന്നാല്‍ ഫൈനല്‍ അത്ര എളുപ്പമായിരുന്നില്ല. 223 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് മൂന്ന് വിക്കറ്റ് ജയം നേടിയത്.

രവീന്ദ്ര ജഡേജയ്ക്കും ഭുവനേശ്വര്‍കുമാറിനൊപ്പം കേധാര്‍ ജാഥവും നടത്തിയ പ്രകടനമാണ് ഇന്ത്യയെ ഏഴാം കിരീടത്തിലേക്ക നയിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലും സമാനമായ രീതിയില്‍ ഹോങ്കോംഗിനെതിരെ നേടിയ വിജയത്തിനു ശേഷം പാക്കിസ്ഥാനെ രണ്ട് വട്ടവും ബംഗ്ലാദേശിനെയും ആധികാരികമായി തകര്‍ത്തെറിഞ്ഞ ഇന്ത്യ സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങിയിരുന്നു.

പതറിയെങ്കിലും വിജയം ഉറപ്പാക്കി ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്മാരായി കിരീടധാരണം

ബാറ്റ്സ്മാന്മാര്‍ക്ക് നീണ്ട ഇന്നിംഗ്സും കേധാര്‍ ജാഥവ് പരിക്കേറ്റ് പിന്മാറിയതുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ആരാധകരെ നിരാശരാക്കാതെ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. 222 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കിയ ശേഷം ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും ബംഗ്ലാദേശ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കുവാന്‍ അനുവദിക്കാതെ വിക്കറ്റുകള്‍ നേടിയപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. അവസാന ഓവറില്‍ 6 റണ്‍സ് ലക്ഷ്യം വേണ്ടിയിരുന്ന ഇന്ത്യ അവസാന പന്തിലാണ് ജയം ഉറപ്പാക്കിയത്. കേധാര്‍ ജാഥവ് 23 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 5 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നുയ

അതിവേഗം സ്കോറിംഗ് നടത്താനായില്ലെങ്കില്‍ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്താനായാതാണ് ഇന്ത്യയ്ക്ക് തുണയായത്. ശിഖര്‍ ധവാനെ(15) നഷ്ടമായ ഉടനെത്തന്നെ അമ്പാട്ടി റായിഡുവിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 46/2 എന്ന നിലയില്‍ നിന്ന് രോഹിത് ശര്‍മ്മയും(48) ദിനേശ് കാര്‍ത്തിക്കും(37) 37 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും റൂബല്‍ ഹൊസൈന്‍ രോഹിത്തിനെ മടക്കിയയച്ചു.

കാര്‍ത്തിക്കിനു കൂട്ടായി ധോണിയെത്തിയ ശേഷം ഇന്ത്യ സിംഗിളുകളില്‍ ഏറെ ആശ്രയിച്ചു റണ്‍റേറ്റ് പരിധിയിലപ്പുറം ഉയരാതെ നിലനിര്‍ത്തി. 54 റണ്‍സാണ് നാലാം വിക്കറ്റില്‍ ധോണിയും കാര്‍ത്തിക്കും നേടിയത്. കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തിലാണ് ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹമ്മദുള്ള ബംഗ്ലാദേശ് ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയത്. ഏറെ വൈകാതെ ധോണി(36) മുസ്തഫിസുറിനു വിക്കറ്റ് നല്‍കിയതും കേധാര്‍ ജാഥവ്(19) പരിക്കേറ്റ് പിന്‍മാറിയതും ഇന്ത്യന്‍ ആരാധകരെ പരിഭ്രാന്തിയിലാക്കി.

എന്നാല്‍ രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് സ്കോര്‍ മെല്ലെ ചലിപ്പിച്ച് അവസാന നാലോവറില്‍ നിന്ന് ലക്ഷ്യം 18 റണ്‍സാക്കി ചുരുക്കി. 23 റണ്‍സ് നേടിയ ജഡേജ 47.2 ഓവറില്‍ പുറത്തായ ശേഷം കേധാര്‍ ജാഥവ് ക്രീസിലേക്ക് മടങ്ങിയെത്തുമ്പോള്‍ 16 പന്തില്‍ 11 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. ജഡേജയെ റൂബല്‍ ഹൊസൈന്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഭുവനേശ്വര്‍ കുമാറിനെ(21) പുറത്താക്കി.

കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് ലക്ഷ്യം ആറ് പന്തില്‍ ആറാക്കി മാറ്റുവാന്‍ കേധാര്‍ ജാഥവിനു ആയി. അവസാന ഓവര്‍ എറിയാന്‍ സൗമ്യ സര്‍ക്കാരിനു ആദ്യം ബംഗ്ലാദേശ് പന്ത് കൈമാറിയെങ്കിലും നിദാഹസ് ട്രോഫിയുടെ ഓര്‍മ്മകളില്‍ തീരുമാനം മാറ്റി മഹമ്മദുള്ളയില്‍ ദൗത്യം ഏല്പിക്കുകയായിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ നിന്ന് സിംഗിളുകളും ഡബിളും നേടി ഇന്ത്യ ലക്ഷ്യം 3 പന്തില്‍ നിന്ന് രണ്ടാക്കി ചുരുക്കി. നാലാം പന്തില്‍ കുല്‍ദീപിനു റണ്ണെടുക്കാന്‍ സാധിക്കാതെ വന്നുവെങ്കിലും തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടി കുല്‍ദീപ് സ്കോറുകള്‍ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ലെഗ് ബൈയിലൂടെ ഇന്ത്യ ഏഴാം തവണ ഏഷ്യ കപ്പ് ചാമ്പ്യന്മാരായി.

ബംഗ്ലാദേശ് ബൗളര്‍മാരില്‍ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹൊസൈനുമാണ് ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയ്ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്. റൂബലും മുസ്തഫിസുറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം, മഷ്റഫേ മൊര്‍തസ, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

 

ശിഖറുമായി അധികം സംസാരിക്കാറില്ല, താരത്തെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കും: രോഹിത് ശര്‍മ്മ

ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ഓപ്പണിംഗ് കൂട്ടുകെട്ടായ നായകന്‍ രോഹിത് ശര്‍മ്മയും-ശിഖര്‍ ധവാനും ഏഷ്യ കപ്പില്‍ മികച്ച ഫോമിലാണ്. ഇരുവരുടെയും മികച്ച കൂട്ടുകെട്ടുകള്‍ക്ക് പിന്നുലുള്ള രഹസ്യമാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തുന്നത്. ഇരുവരും ഏറെ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിള്ളതിനാല്‍ തന്നെ ശിഖര്‍ ധവാന്റെ ശൈലി തനിക്കറിയാം. അതിനാല്‍ തന്നെ ബാറ്റിംഗിനിടെ താരത്തോട് എങ്ങനെ ബാറ്റ് വീശണമെന്ന് അഭിപ്രായപ്പെടാറില്ല. ചിലപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കാറില്ല, ശിഖറിനെ ശിഖറിന്റെ ശൈലിയില്‍ കളിക്കാന്‍ വിടുക എന്നതാണ് പ്രധാനം.

ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ബാറ്റിംഗ് ശൈലി അറിയാവുന്നതിനാലും ഇത് ഏറെ സഹായിക്കാറുണ്ടെന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു. പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചാല്‍ ടീമിനുള്ള ഗുണം ഇരുവര്‍ക്കും അറിയാവുന്നതാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ഇത് 13ാം തവണയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നൂറ് റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകങ്ങളാണ് ധവാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 127, 46, 40, 114 എന്നീ സ്കോറുകളാണ് ധവാന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയതെങ്കില്‍ രോഹിത് ശര്‍മ്മ രണ്ട് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും ഇതുവരെ നേടിയിട്ടുണ്ട്.

ഏകദിനത്തില്‍ ഏഴായിരം റണ്‍സ് തികച്ച് രോഹിത് ശര്‍മ്മ

പാക് ഫീല്‍ഡര്‍മാര്‍ നല്‍കിയ അവസരം മുതലാക്കി തന്റെ 19ാം ഏകദിന ശതകം നേടുന്നതിനിടെ ഒട്ടനവധി നേട്ടങ്ങളാണ് രോഹിത് ശര്‍മ്മ ഇന്ന് സ്വന്തമാക്കിയത്. 119 പന്തില്‍ നിന്ന് 111 റണ്‍സ് താരം നേടിയപ്പോള്‍ ഏകദിനത്തിലെ ഏഴായിരം റണ്‍സ് കൂടി ഇന്ന് പൂര്‍ത്തിയാക്കുവാന്‍ രോഹിത്തിനായി. 7 ബൗണ്ടറിയും 4 സിക്സുമടങ്ങിയ ഇന്നിംഗ്സിനിടെ ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗതയേറിയ താരമായി രോഹിത് മാറി. 181 ഇന്നിംഗ്സില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം.

301 ഇന്നിംഗ്സില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 സിക്സ് നേടുന്ന വേഗതയേറിയ താരം കൂടിയായി രോഹിത്ത് ഇന്നത്തെ പ്രകടനത്തിലൂടെ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ടൂര്‍ണ്ണമെന്റില്‍ 50ലധികം റണ്‍സ് രോഹിത് ശര്‍മ്മ നേടിയത്. ഇത് വഴി ഈ നേട്ടം ഏഷ്യ കപ്പില്‍ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറി.

ഇവരോ ഫേവറൈറ്റ്സ്?, ഇന്ത്യയോട് വീണ്ടും പരാജയമേറ്റു വാങ്ങി പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ഏവരും പറഞ്ഞത് പാക്കിസ്ഥാനാണ് ഈ ഏഷ്യ കപ്പിലെ ഫേവറൈറ്റ്സ് എന്നാണ്. അതിനു നിരത്തിയ കാരണങ്ങള്‍ സര്‍ഫ്രാസ് അഹമ്മദിനു കീഴില്‍ അടുത്തിടെ ടീം പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന പ്രകടനം, ഫകര്‍ സമന്റെ ഫോം, യുഎഇ അവരുടെ ഹോം ഗ്രൗണ്ട്, ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ അഭാവം എന്നിവയായിരുന്നു. മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും എല്ലാം പാക്കിസ്ഥാനു ആനുകൂല്യം പ്രഖ്യാപിച്ചപ്പോള്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് അടിയറവ് പറയുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ശതകം നേടിയ മത്സരത്തില്‍ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ നിന്ന് വിജയം കുറിയ്ക്കുകയായിരുന്നു.

ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനോട് പൊരുതി ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ പാക്കിസ്ഥാനു എന്നാല്‍ വീണ്ടും പിഴയ്ക്കുകയായിരുന്നു. ഷൊയ്ബും(78) സര്‍ഫ്രാസും(44) വീണ്ടും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 237 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റിംഗിനെ യാതൊരു തരത്തിലും തടയിടുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം അനായാസം കീഴടങ്ങി.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും നല്‍കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ അടിത്തറയില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ നാലാം വിജയം സ്വന്തമാക്കി. പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ മുതലാക്കി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനൊപ്പം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റില്‍ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് നേടിയത്. ഷഹീന്‍ അഫ്രീദിയെ ബൗണ്ടറി പായിച്ച് തന്റെ 15ാം ഏകദിന ശതകം സ്വന്തമാക്കിയ ശിഖര്‍ ധവാനാണ് കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചതെങ്കിലും രോഹിത്തും ഒട്ടും പിന്നിലല്ലായിരുന്നു.

210 റണ്‍സില്‍ ശിഖര്‍ ധവാന്‍ റണ്ണൗട്ടാവുമ്പോള്‍ 100 പന്തില്‍ നിന്ന് 16 ബൗണ്ടറിയും 2 സിക്സും സഹിതമാണ് ശിഖര്‍ തന്റെ 114 റണ്‍സ് നേടിയത്. ഇന്ത്യ വിജയത്തിനു 28 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ഷൊയ്ബ് മാലിക്കിന്റെ ഓവറില്‍ ഡബിള്‍ ഓടി രോഹിത് ശര്‍മ്മ തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.രോഹിത്തിന്റെ 19ാം ഏകദിന ശതകമാണ് ഇന്ന് പാക്കിസ്ഥാനെതിരെ നേടിയത്. വിജയ സമയത്ത് 111 റണ്‍സ് നേടിയ രോഹിത്ത് ശര്‍മ്മയ്ക്കൊപ്പം 12 റണ്‍സുമായി അമ്പാട്ടി റായിഡും ക്രീസിലുണ്ടായിരുന്നു.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

8 വിക്കറ്റ് ജയവുമായി ഇന്ത്യ

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത്. 43.1 ഓവറില്‍ പാക്കിസ്ഥാനെ 162 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 29 ഓവറുകളില്‍ നിന്നാണ് ഇന്ത്യ ഈ വിജയം നേടിയത്. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്.

അര്‍ദ്ധ ശതകം നേടിയ രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇന്ത്യ 86 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 52 റണ്‍സാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ഷദബ് ഖാനാണ് വിക്കറ്റ്. 46 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് രണ്ടാമതായി പുറത്തായത്. ഫഹീം അഷ്റഫിനാണ് വിക്കറ്റ്.

തുടര്‍ന്ന് അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 60 റണ്‍സ് കൂട്ടുകെട്ട് നേടിയ താരങ്ങള്‍ ഇരുവരും 31 റണ്‍സുമായി പുറത്താകാതെ നിന്നു.

രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം: സേവാഗ്

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ ഇനി രോഹിത് ശര്‍മ്മയ്ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട വിരേന്ദര്‍ സേവാഗ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരാജയത്തിനു ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത്ത് ശര്‍മ്മയെ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നാണ് മുന്‍ വെടിക്കെട്ട് താരത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് പരാജയമാണ് തോല്‍വിയ്ക്ക് കാരണമെന്നിരിക്കേ അതില്‍ വലിയൊരു പങ്ക് ഓപ്പണിംഗ് കൂട്ടുകെട്ടിനും അവകാശപ്പെട്ടതാണ്.

ആദ്യ ടെസ്റ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഓരോ ടെസ്റ്റിലും ഓരോ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎല്‍ രാഹുലിനു പകരം പൃഥ്വി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സെവാഗിന്റേ ഈ അഭിപ്രായം.

അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കാം എന്നാല്‍ താരത്തിനു മുമ്പ് രോഹിത് ശര്‍മ്മയ്ക്കാണ് അവസരം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് സെവാഗ് പറഞ്ഞു. രോഹിത് പരാജയപ്പെടുകയാണെങ്കില്‍ മാത്രം പൃഥ്വിയ്ക്ക് അവസരം നല്‍കിയാല്‍ മതിയാവുെന്നും പൃഥ്വിയെ മൂന്നാം ഓപ്പണറായി സ്ക്വാഡില്‍ നിലനിര്‍ത്തണമെന്നും സേവാഗ് പറഞ്ഞു.

അങ്ങനെയെങ്കില്‍ താരത്തിനും ഏറെ കാര്യങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

കോഹ്‍ലിയ്ക്ക് വിശ്രമം, ഏഷ്യ കപ്പില്‍ ഇന്ത്യയെ രോഹിത് നയിക്കും

ഏഷ്യ കപ്പില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കി ബിസിസിഐ. ഏഷ്യ കപ്പിനുള്ള ടീമിനെ വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ നയിക്കും. 16 അംഗ സ്ക്വാഡിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മനീഷ് പാണ്ഡേ, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ് എന്നിവര്‍ തിരികെ ടീമില്‍ മടങ്ങിയെത്തുമ്പോള്‍ കഴിഞ്ഞ പരമ്പരയില്‍ കളിച്ചവരില്‍ സുരേഷ് റെയ്‍ന, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ ടീമിനു പുറത്ത് പോകുന്നു.

സ്ക്വാഡ്: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, അമ്പാട്ടി റായിഡു, കേധാര്‍ ജാഥവ്, മനീഷ് പാണ്ഡേ, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

Exit mobile version