രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം: സേവാഗ്

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണിംഗ് പരീക്ഷണങ്ങളില്‍ ഇനി രോഹിത് ശര്‍മ്മയ്ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട വിരേന്ദര്‍ സേവാഗ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരാജയത്തിനു ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത്ത് ശര്‍മ്മയെ ഇന്ത്യ ഓപ്പണറായി ഇറക്കണമെന്നാണ് മുന്‍ വെടിക്കെട്ട് താരത്തിന്റെ അഭിപ്രായം. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് പരാജയമാണ് തോല്‍വിയ്ക്ക് കാരണമെന്നിരിക്കേ അതില്‍ വലിയൊരു പങ്ക് ഓപ്പണിംഗ് കൂട്ടുകെട്ടിനും അവകാശപ്പെട്ടതാണ്.

ആദ്യ ടെസ്റ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഓരോ ടെസ്റ്റിലും ഓരോ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎല്‍ രാഹുലിനു പകരം പൃഥ്വി എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സെവാഗിന്റേ ഈ അഭിപ്രായം.

അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കാം എന്നാല്‍ താരത്തിനു മുമ്പ് രോഹിത് ശര്‍മ്മയ്ക്കാണ് അവസരം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് സെവാഗ് പറഞ്ഞു. രോഹിത് പരാജയപ്പെടുകയാണെങ്കില്‍ മാത്രം പൃഥ്വിയ്ക്ക് അവസരം നല്‍കിയാല്‍ മതിയാവുെന്നും പൃഥ്വിയെ മൂന്നാം ഓപ്പണറായി സ്ക്വാഡില്‍ നിലനിര്‍ത്തണമെന്നും സേവാഗ് പറഞ്ഞു.

അങ്ങനെയെങ്കില്‍ താരത്തിനും ഏറെ കാര്യങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനാകുമെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

Exit mobile version