ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍

സിംബാബ്‍വേയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം ഏകദിന വിക്കറ്റ് നേടുന്ന താരമായി. ബ്രണ്ടന്‍ ടെയിലറെ പുറത്താക്കിയപ്പോളാണ് താരം മഷ്റഫേ മൊര്‍തസയുടെ 269 വിക്കറ്റുകളെന്ന നേട്ടം മറികടന്നത്.

പിന്നീട് നാല് വിക്കറ്റ് കൂടി നേടിയ ഷാക്കിബിന് ഇപ്പോള്‍ 274 ഏകദിന വിക്കറ്റുകളുണ്ട്. 213 ഏകദിനത്തിൽ നിന്നാണ് താരത്തിന്റെ ഈ നേട്ടം. 2016ൽ ഈ നേട്ടം ഷാക്കിബ് നേടിയെങ്കിലും അധികം വൈകാതെ മൊര്‍തസ ഷാക്കിബിനെ വീണ്ടും മറികടക്കുകയായിരുന്നു.

2020 മാര്‍ച്ചിൽ ആണ് മൊര്‍തസ അവസാനമായി ഏകദിനം ബംഗ്ലാദേശിനായി കളിച്ചത്. താരത്തിന് ഇനി അധികം മത്സരങ്ങള്‍ കളിക്കാനാകില്ലാത്തതിനാൽ തന്നെ ഷാക്കിബിന്റ കൈയ്യിൽ ഈ റെക്കോര്‍ഡ് ഭദ്രമായിരിക്കും.

20 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചിട്ട് താനിതിലും മികച്ച സമീപനമാണ് പ്രതീക്ഷിച്ചത്

20 വര്‍ഷത്തോളം ബംഗ്ലാദേശിനെ സേവിച്ച തനിക്ക് അവസാന കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിച്ചത് മോശം പ്രതികരണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ നായകന്‍ മഷ്റഫേ മൊര്‍തസ.

2020ല്‍ സിംബാബ്‍വേയ്ക്കെതിരെ കളിച്ച താരത്തിന് പിന്നീട് ബോര്‍ഡ് അവസരം നല്‍കിയിരുന്നില്ല. വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കിയ ശേഷം പല മാധ്യമങ്ങളം തന്നെ സമീപിച്ചുവെങ്കിലും താന്‍ അവരോട് പ്രഫഷണലായി ആണ് മറുപടി നല്‍കിയതെന്നും എന്നാല്‍ അതിന് ശേഷം ബോര്‍ഡിലുള്ള പലരും താന്‍ പുറത്ത് പോയതിന് കാരണം വിശദീകരിക്കുന്നത് കണ്ടപ്പോള്‍ ദൗര്‍ഭാഗ്യകരമാണെന്നാണ് തോന്നിയതെന്നും മൊര്‍തസ് പറഞ്ഞു.

താന്‍ ബോര്‍ഡിലെ അംഗങ്ങളോട് ഇനി മാധ്യമങ്ങള്‍ തന്നോട് കാര്യങ്ങള്‍ ചോദിച്ചാല്‍ സത്യം പറയുമെന്ന് പറഞ്ഞിട്ടുണ്ടെന്നും മൊര്‍തസ പറഞ്ഞു. താന്‍ പുറത്ത് പോകുന്നതിന് ഒരു കാരണമായി അവര്‍ പറഞ്ഞത് ഫിറ്റ്നെസ്സ് ആണെന്നും എന്നാല്‍ താന്‍ ഒരു ഫിറ്റ്നെസ്സ് പരീക്ഷ പോലും പരാജയപ്പെട്ടിട്ടില്ലെന്നും ഇപ്പോളുള്ള പല താരങ്ങളെക്കാളും മികച്ച സ്കോറായിരുന്നു തനിക്ക് ഉള്ളതെന്നും മുന്‍ ബംഗ്ലാദേശ് നായകന്‍ പറഞ്ഞു..

യോ യോ ടെസ്റ്റായാലും ബീപ് ടെസ്റ്റായാലും താന്‍ ഇവരില്‍ പലരെക്കാളും മികച്ച സ്കോറാണ് നേടിയിട്ടുള്ളതെന്നും മൊര്‍തസ പറഞ്ഞു. തന്റെ സ്കോറുകള്‍ പോലും പരിശോധിക്കാതെയാണ് താന്‍ ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയപ്പെട്ടുവെന്ന് ഇവര്‍ പറയുന്നതെന്നും മൊര്‍തസ് വ്യക്തമാക്കി.

ഏകദിന ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ച് മഷ്റഫെ മൊര്‍തസ

ബംഗ്ലാദേശില്‍ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് മഷ്റഫെ മൊര്‍തസ. കഴിഞ്ഞ വര്‍ഷം സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയില്‍ വെച്ച് ക്യാപ്റ്റന്‍സി ചുമതല ഒഴിഞ്ഞ മൊര്‍തസയോട് പിന്നീട് ഫിറ്റ്നെസ്സും ഫോമും തെളിയിച്ചാല്‍ മാത്രമേ സെലക്ഷന് പരിഗണിക്കാനാകൂ എന്ന് ബംഗ്ലാദേശ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കന്‍ പര്യടനം നീട്ടി വെച്ചതോടെയാണ് ബംഗ്ലാദേശ് പ്രാദേശിക ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ തീരുമാനിച്ചത്. അതിന് വേണ്ടിയാണ് ഏകദിന പരമ്പരയും ദ്വിദിന മത്സരങ്ങളുമെല്ലാം ബംഗ്ലാദേശ് പ്ലാന്‍ ചെയ്യുന്നത്. അടുത്തിടെയാണ് മൊര്‍തസ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്.

താരത്തിന്റെ അസുഖം മാറുവാന്‍ രണ്ടാഴ്ചയിലധികം കാലം താരത്തിന് വേണ്ടി വന്നു. സെലക്ടര്‍മാര്‍ താരത്തെ സമീപിച്ചപ്പോളാണ് താന്‍ ഈ പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നില്ലെന്ന് മൊര്‍തസ അറിയിച്ചത്. ഫിറ്റ്നെസ്സ് ആണ് താരം കാരണമായി പറഞ്ഞത്.

ബംഗ്ലാദേശ് മുൻ ക്യാപ്റ്റന് മഷ്റഫെ മൊർടാസക്ക് കൊറോണ വൈറസ്

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർടാസക്ക് കൊറോണ വൈറസ് ബാധ.  ക്രിക്കറ്റ് ലോകത്തെ പ്രമുഖരിൽ കൊറോണ പോസറ്റീവ് ആവുന്ന രണ്ടാമത്തെ താരമാണ് മൊർടാസ. കഴിഞ്ഞ ആഴ്ച മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കും കൊറോണ പോസറ്റീവ് ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ താരത്തിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ താരം സ്വന്തം വീട്ടിൽ ക്വറന്റൈനിലാണ്.

നേരത്തെ തന്നെ താരത്തിന്റെ കുടുംബത്തിലെ ചില അംഗങ്ങൾക്ക് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു.  ബംഗ്ലാദേശിന് വേണ്ടി 36 ടെസ്റ്റ് മത്സരങ്ങളും 220 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് മൊർടാസ. മഷ്റഫെ മൊർടാസയെ കൂടാതെ ഏകദിന ടീം ക്യാപ്റ്റൻ തമിം ഇക്ബാലിന്റെ സഹോദരൻ നഫീസ് ഇക്ബാലിനും കൊറോണ വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞിരുന്നു.

താനാണ് ക്യാപ്റ്റനെങ്കില്‍ ആദ്യം ടീമിലെടുക്കുക മഷ്റഫെ മൊര്‍തസയെ, താരം നേടിയ ബഹുമാനം നേടുകയെന്നതാണ് തന്റെ ലക്ഷ്യം – തമീം ഇക്ബാല്‍

മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ഇതിഹാസമാണെന്ന് പറഞ്ഞ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തമീം ഇക്ബാല്‍. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗ്ലാദേശ് താരം ബംഗ്ലാദേശിനായി 36 ടെസ്റ്റുകള്‍, 220 ഏകദിനങ്ങള്‍, 52 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 78, 270, 42 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താരത്തിന്റെ റിട്ടയര്‍മെന്റ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും താരത്തിന് ഇനിയും ഏകദിന ടീമില്‍ പ്രധാന റോളുണ്ടെന്നാണ് തമീം ഇക്ബാല്‍ പറയുന്നത്.

താനാണ് ക്യാപ്റ്റനെങ്കില്‍ ആദ്യം ടീമില്‍ എടുക്കുക മൊര്‍തസയെ ആവുമെന്ന് തമീം വ്യക്തമാക്കി. ടീം സെലക്ഷന്റെ ആദ്യ മീറ്റിംഗില്‍ താന്‍ ആവശ്യപ്പെടുവാന്‍ പോകുന്നത് ഇതായിരിക്കുമെന്നാണ് തമീം വ്യക്തമാക്കിയത്. മൊര്‍തസയ്ക്ക് സെലക്ടര്‍മാരും മറ്റു ടീമംഗങ്ങളും നല്‍കുന്ന ബഹുമാനം താരം നേടിയെടുത്തത് തന്റെ പ്രകടനങ്ങളിലുടെയാണെന്നും തനിക്കും അത്തരത്തില്‍ ബഹുമാനം നേടണമെന്നാണ് ആഗ്രഹമെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി.

താന്‍ മാത്രമല്ല ടീമിലുള്ള ആര് ക്യാപ്റ്റനായാലും മൊര്‍തസയെ തിരഞ്ഞെടുക്കുമെന്നും തമീം വ്യക്തമാക്കി. എന്നാല്‍ അടുത്തിടെ ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ വ്യക്തമാക്കിയത് ഇനിയങ്ങോട്ട് യുവ താരങ്ങള്‍ക്കാവും കൂടുതല്‍ അവസരം നല്‍കുകയെന്നതായിരുന്നു. 2019 ലോകകപ്പിലും മൊര്‍തസയ്ക്ക് ഒരു വിക്കറ്റ് മാത്രമാണ് നേടുവാനായത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന് മഷ്റഫെ മൊർടാസ

ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണവുമായി മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർടാസ. തന്നെ വിരമിക്കാൻ നിർബന്ധിച്ചത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും മുൻ ബംഗ്ലാദേശ് താരം വെളിപ്പെടുത്തി. ബംഗ്ലാദേശ് ക്രിക്കറ്റിന് താൻ നൽകിയ സംഭാവനകളെ ബഹുമാനിക്കാത്ത തന്നെ വിരമിക്കാൻ നിർബന്ധിച്ചത് തന്നെ വേദനിപ്പിച്ചെന്നും മൊർടാസ പറഞ്ഞു.

തനിക്ക് വേണ്ടി വിരമിക്കൽ മത്സരം ഒരുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിടുക്കം കാട്ടിയെന്നും അതിനായി 2 കോടിയോളം രൂപ മുടക്കി തനിക്ക് വിരമിക്കൽ മത്സരം ഒരുക്കാൻ ശ്രമം നടത്തിയെന്നും മഷ്റഫെ മൊർടാസ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങൾക്ക് വേണ്ട രീതിയിൽ പണം ലഭിക്കാതെയിരിക്കുമ്പോൾ എന്തിന് വേണ്ടിയാണ് 2 കോടി മുടക്കി തനിക്ക് വിരമിക്കാൻ ഒരു മത്സരം ഒരുക്കാൻ ശ്രമിച്ചതെന്നും മഷ്റഫെ മൊർടാസ ചോദിച്ചു.

ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റിൽ 78 വിക്കറ്റും ഏകദിനത്തിൽ 270 വിക്കറ്റും ടി20യിൽ 42 വിക്കറ്റും മഷ്റഫെ മൊർടാസ നേടിയിട്ടുണ്ട്. 2019ലെ ലോകകപ്പിൽ താരം മോശം പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തിന്റെ വിരമിക്കലിന് വഴി തെളിഞ്ഞത്. ടൂർണമെന്റിൽ വെറും 1 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണുമായാണ് മൊര്‍തസ ഉപമിച്ചത്.

മഹമ്മദുള്ള ലക്ഷ്മണിനെ പോലെ ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തുന്ന താരമാണെന്ന് മൊര്‍തസ പറഞ്ഞു. മറ്റു താരങ്ങള്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ മഹമ്മദുള്ളയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരില്ലായിരിക്കാം എന്നാല്‍ ടീം പ്രതിസന്ധിയിലുള്ളപ്പോള്‍ എന്നും മുന്നില്‍ നിന്ന് ടീമിനെ രക്ഷിച്ചിട്ടുള്ളവരാണ് വിവിഎസ് ലക്ഷ്മണും മഹമ്മദുള്ളയും എന്ന് മൊര്‍തസ വ്യക്തമാക്കി.

മഹമ്മദുള്ള നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഏകദിനത്തില്‍ അനായാസം ഏഴായിരത്തിലധികം റണ്‍സ് നേടുമായിരുന്നുവെന്നും എന്നാല്‍ ടീമിന്റെ ആവശ്യം അനുസരിച്ച് താരം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും മൊര്‍തസ സൂചിപ്പിച്ചു.

188 ഏകദിനത്തില്‍ നിന്ന് മൂന്ന് ശതകങ്ങളും 21 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടെ 4070 റണ്‍സാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്. 49 ടെസ്റ്റില്‍ നിന്ന് 2764 റണ്‍സും 87 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 1475 റണ്‍സുമാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്.

ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഷ്റഫെ മൊര്‍തസ

ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം സീനിയര്‍ താരം മഷ്റഫെ മൊര്‍തസ ഒഴിഞ്ഞു. താരം ഫോര്‍മാറ്റില്‍ ഇനിയും കളിക്കുവാനാണ് ആഗ്രഹമെങ്കിലും ക്യാപ്റ്റന്‍സിയുെടെ ഉത്തരവാദിത്വം ഇനി ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 2001ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച താരം 2010ല്‍ ആണ് ആദ്യമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. പിന്നീട് 2014ല്‍ ീണ്ടും ക്യാപ്റ്റനായ ശേഷം ഇന്നിത് വരെ മികച്ച പ്രകടനങ്ങളിലേക്ക് ടീമിനെ നയിക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

2015 ലോകകപ്പില്‍ ആദ്യമായി നോക്ക്ഔട്ട് ഘട്ടത്തിലേക്കും 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്കും ബംഗ്ലാദേശിനെ നയിക്കുവാന്‍ മൊര്‍തസയ്ക്ക് സാധിച്ചിട്ടുണ്ട്.

മൊര്‍തസയ്ക്ക് പകരക്കാരന്‍ ഒരു മാസത്തിനകം, തീരുമാനം ലോകകപ്പ് മുന്നില്‍ കണ്ട് കൊണ്ട്

2023 ലോകകപ്പിന് ചുരുങ്ങിയത് രണ്ട് വര്‍ഷം മുമ്പെങ്കിലും ടീമിനെ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ ബംഗ്ലാദേശിന്റെ പുതിയ ഏകദിന നായകനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ബോര്‍ഡ് പ്രസിഡന്റ്. സിംബാബ്‍വേ പരമ്പര കഴിഞ്ഞ് മൊര്‍തസയ്ക്ക് പകരം ക്യാപ്റ്റനെ തിരഞ്ഞെടുക്കുവാന്‍ ബംഗ്ലാദേശ് തീരുമാനിച്ചിട്ടുണ്ട്. പുതിയ ക്യാപ്റ്റന് ലോകകപ്പിന് മുമ്പ് ടീമിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്ന് ബോര്‍ഡിന് അറിയാമെന്നാണ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കിയത്.

താരത്തിന് സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം വിടവാങ്ങള്‍ നല്‍കുമെന്നാണ് ആദ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും തുടര്‍ന്നും കളിക്കുമെന്നാണ് മൊര്‍തസ വ്യക്തമാക്കിയത്.

സിംബാബ്‍വേ പമ്പരയ്ക്ക് ശേഷം മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം മഷ്റഫെ മൊര്‍തസയ്ക്ക് പകരം സിംബാബ്‍വേ പുതിയ ഏകദിന ക്യാപ്റ്റനെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഫിറ്റ്നെസ്സും ഫോമും നിലനിര്‍ത്തിയാല്‍ താരം ഇനിയും ബംഗ്ലാദേശിനായി കളിക്കുമെന്നാണ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കിയത്.

ഇതിന് മുമ്പ് മുഴുവന്‍ ഫിറ്റ്നെസ്സ് ഇല്ലെങ്കിലും താരം കളിച്ചിട്ടുണ്ടായിരിക്കാം ഇനി എന്നാല്‍ അതുണ്ടാകില്ലെന്നും നസ്മുള്‍ വ്യക്തമാക്കി. ഇനി ദേശീയ ടീമില്‍ കളിക്കണമെങ്കില്‍ താരം ഫിറ്റ്നെസ്സും ഫോമും കണ്ടെത്തണമെന്നാണ് നസ്മള്‍ വ്യക്തമാക്കിയത്.
2014ല്‍ സിംബാബ്‍വേയ്ക്കെതിരെയാണ് സിംബാബ്‍വേ ക്യാപ്റ്റനായി മൊര്‍തസ് രണ്ടാമത് ചുമതല ഏറ്റെടുക്കുന്നത്.

താരത്തിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് 85 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ അതില്‍ 47 വിജയങ്ങളും 36 പരാജയങ്ങളുമാണ് ടീം ഏറ്റുവാങ്ങിയത്.

ലോകകപ്പില്‍ മൊര്‍തസയ്ക്ക് മികവ് പുലര്‍ത്താനാകാത്തത് തിരിച്ചടിയായി

ലോകകപ്പില്‍ ബംഗ്ലാദേശിന് തിരിച്ചടിയായത് മഷ്റഫെ മൊര്‍തസയുടെ മോശം ഫോം ആണെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ എട്ടാം സ്ഥാനത്ത് എത്തുവാനെ ബംഗ്ലാദേശിന് സാധിച്ചുള്ളു. ഷാക്കിബ് അല്‍ ഹസന്‍ 606 റണ്‍സും 10 വിക്കറ്റും നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുവാന്‍ സാധിച്ചിരുന്നില്ല. വെറും 2 വിക്കറ്റാണ് മൊര്‍തസയുടെ നേട്ടം.

എല്ലാവരും മികവ് പുലര്‍ത്തിയിരുന്നേല്‍ ടീം സെമി എത്തിയേനെ എന്ന് ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ മൊര്‍തസ മികച്ചതാണെങ്കിലും പ്രകടനത്തില്‍ താരം പിന്നോട്ട് പോയത് ടീമിന് തിരിച്ചടിയായി. ഒരു ക്യാപ്റ്റന്‍ എപ്പോളും കളിയില്‍ മികവ് പാലിക്കേണ്ടതാണെന്നും എന്നാല്‍ മാത്രമേ ടീമിനും അതില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊള്ളാനാകൂ എന്നും ഷാക്കിബ് വ്യക്തമാക്കി.

ഏകദിനം ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്ന് മൊര്‍തസയോട് ബംഗ്ലാദേശ് ബോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമോ ഇല്ലയോ എന്നതില്‍ ഒരു വ്യക്ത വേണമെന്ന് ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റനോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത ലോകകപ്പിനുള്ള തയ്യാറെടുപ്പുമായി ബംഗ്ലാദേശ് ക്രിക്കറ്റ് മുന്നോട്ട് പോകുവാന്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ ബംഗ്ലാദേശ് ‍സിംബാബ്‍വേയ്ക്കെതിരെ കളിയ്ക്കുന്ന ഏകദിന മത്സരത്തെ ബംഗ്ലാദേശ് നായകന്റെ വിടവാങ്ങല്‍ മത്സരമാക്കി മാറ്റുവാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.

ഔദ്യോഗികമായി ബോര്‍ഡ് ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഏക ഏകദിനം സൗകര്യപൂര്‍വ്വമായ സമയത്ത് പ്രഖ്യാപിച്ച് താരത്തിന് വിടവാങ്ങല്‍ നല്‍ക്കുവാന്‍ ശ്രമിക്കുമ്പോളും തീയ്യതി പ്രഖ്യാപിക്കാത്തത് ബോര്‍ഡിന് മൊര്‍തസയില്‍ നിന്ന് ഒരു അന്തിമ വാക്ക് കിട്ടാത്തതിനാലാണ്. നേരത്തെ ലോകകപ്പിന് ശേഷം വിരമിക്കില്‍ ഉണ്ടാകുമെന്ന് താരം അറിയിച്ചുവെങ്കിലും പിന്നീട് അത് ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് താരം എത്തി.

താരവുമായി ഇരുന്ന് ചര്‍ച്ച ചെയ്ത ശേഷം അദ്ദേഹത്തിന്റെ ഭാവി തീരുമാനങ്ങളെക്കുറിച്ച് ഒരു വ്യക്തത വരുത്തുവാനാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ലക്ഷ്യം. ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം താരം മടങ്ങിയെത്തിയ ശേഷമാവും ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ പുറത്ത് വരിക.

Exit mobile version