രോഹിത് മികച്ച നായകന്‍ പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ

ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൊര്‍തസ മത്സര ശേഷം പറഞ്ഞിരുന്നു.

പാക്കിസ്ഥാനെതിരെ 37 റണ്‍സ് വിജയം നേടി ഫൈനലില്‍ കടന്ന ബംഗ്ലാദേശ് ഇന്ത്യയെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. തമീം ഇക്ബാലിനെ ആദ്യ മത്സരത്തില്‍ തന്നെ നഷ്ടമായ ടീമിനു നിര്‍ണ്ണായക മത്സരത്തിനു മുമ്പ് ഷാക്കിബ് അല്‍ ഹസനെയും പരിക്ക് മൂലം നഷ്ടമായിരുന്നു. മൊര്‍തസയും മുഷ്ഫിക്കുര്‍ റഹിമും പരിക്കുമായാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

രോഹിത് മികച്ചൊരു നായകനാണെങ്കില്‍ ടൂര്‍ണ്ണമെന്റിലെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മൊര്‍തസയാണെന്നും അദ്ദേഹത്തെ തന്നെ ടൂര്‍ണ്ണമെന്റിലെ ക്യാപ്റ്റനായും താന്‍ വിലയിരുത്തുമെന്ന് തന്റെ ട്വിറ്ററിലൂടെ റമീസ് രാജ വ്യക്തമാക്കി.

ബംഗ്ലാദേശ് നായകന്മാരില്‍ എറ്റവുമധികം വിജയ ശതമാനമുള്ള നായകനും മൊര്‍തസ തന്നെയാണ്. ഷാക്കിബ് അല്‍ ഹസന്‍, ഹബീബുള്‍ ബഷര്‍ എന്നിവരെക്കാള്‍ വിജയ ശതമാനം കൂടിയ താരമാണ് മഷ്റഫേ മൊര്‍തസ.

Exit mobile version