ധോണി മാത്രമല്ല രോഹിത്തും ക്യാപ്റ്റന്‍ കൂള്‍: രവി ശാസ്ത്രി

ഏഷ്യ കപ്പ് വിജയത്തിനു ശേഷം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി. 31 വയസ്സുകാരന്‍ രോഹിത്തിനെ കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുവാന്‍ സെലക്ടര്‍മാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ച രോഹിത് ടൂര്‍ണ്ണമെന്റിലുടനീളം കൂളായാണ് കാര്യങ്ങള്‍ നടപ്പിലാക്കിയതെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.

മികച്ച തുടക്കം നേടിയ ബംഗ്ലാദേശ് മത്സരത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും രോഹിത് ഒട്ടും ഭയചകിതനായി കണ്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. അത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും പ്രകടമായപ്പോള്‍ ഇന്ത്യ ബംഗ്ലാദേശിനെ 222 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. മത്സരത്തിന്റെ മധ്യ ഓവറുകളില്‍ നിര്‍ണ്ണായക ബൗളിംഗ് മാറ്റങ്ങള്‍ വരുത്തിയതും ഇന്ത്യയുടെ മുഖ്യ കോച്ചിന്റെ പ്രശംസയ്ക്ക് രോഹിത്തിനെ അര്‍ഹനാക്കി.

അവസാന 30 ഓവറില്‍ ഇന്ത്യ 100 റണ്‍സിനടുത്ത് മാത്രമേ വഴങ്ങിയുള്ളുവെന്നും അത് മികച്ച ബൗളിംഗിന്റെ അനന്തരഫലമാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

Exit mobile version