ലക്നൗവില്‍ ഹിറ്റ്മാന്‍റെ റെക്കോര്‍ഡ് മഴ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്‍ട്വി ട്വന്‍ട്വിയില്‍ ഇന്ത്യയെ പരമ്പര ജയത്തിലേക്കു നയിച്ച പ്രകടനത്തിനിടെ രോഹിത് ശര്‍മ പിന്നിട്ടത് ഒരു പറ്റം റെക്കോര്‍ഡുകള്‍

4 : 20-20 അന്താരാഷ്ട്ര മത്സരത്തിലെ ശതകങ്ങളുടെ എണ്ണത്തില്‍ ഒറ്റക്ക് മുന്നിലെത്തി. മൂന്ന് തവണ മൂന്നക്കം കടന്നിട്ടുള്ള കോളിന്‍ മണ്‍റോയെ ആണു മറികടന്നത്. മറ്റുള്ള എല്ലാ ഇന്ത്യന്‍താരങ്ങളുടേയും ആകെ സെഞ്ചുറികളുടെ എണ്ണം മൂന്നാണെന്ന് (സുരേഷ് റെയ്ന -1, കെ എല്‍ രാഹുല്‍ -2) ഓര്‍ക്കണം.

19 : അന്താരാഷ്ട്ര ട്വന്‍ട്വി ട്വന്‍ട്വിയില്‍ ഏറ്റവും അധികം തവണ അമ്പതു റണ്‍സിലധികം നേടിയതിന്‍റെ റെക്കോര്‍ഡ്, 18 അര്‍ധശതകങ്ങള്‍ നേടിയിട്ടുള്ള കോലിയെ മറികടന്ന് കരസ്തമാക്കി.

111* : 20-20 ലെ ഒരിന്ത്യകാരന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. ആദ്യത്തേത് രോഹിത് തന്നെ ശ്രീലങ്കക്കെതിരെ നേടിയ 118 ആണ്.

2203 : വ്യക്തികത സ്കോര്‍ 11 ലെത്തിയപ്പോള്‍ അന്താരാഷ്ട്ര 20-20 യില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യക്കാരന്‍ ആയി മാറി (2102 റണ്‍സുള്ള കോലിയെ ആണ് മറികടന്നത്.) വനിതാ ട്വിന്‍ടി ട്വന്‍ട്വി ക്രിക്കറ്റില്‍ 2176 റണ്‍സ് നേടിയിട്ടുള്ള മിതാലി രാജിനേയും രോഹിത് ഈ പ്രകടനത്തിനിടെ മറികടന്നു.

2271 റണ്‍സുള്ള ന്യൂസിലാന്‍റ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍ മാത്രമാണ് നിലവില്‍ രോഹിതിന് മുന്നിലുള്ളത്. നിലവിലെ ഫോമില്‍ രോഹിത് ഗപ്ടിലിനെ വരുന്ന ഒാസ്ട്രേലിയന്‍ പരമ്പരയിലോ അതിനു മുമ്പോ മറികടന്നാല്‍ അത്ഭുതപ്പെടാനില്ല.

വിന്‍ഡീസിനെ വിട്ടൊഴിയാതെ തോല്‍വി, ഇത്തവണ 71 റണ്‍സിനു

രണ്ടാം ടി20യിലും നാണംകെട്ട തോല്‍വിയേറ്റു വാങ്ങി വിന്‍ഡീസ്. ഇന്ന് ലക്നൗവില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ രോഹിത് ശര്‍മ്മയുടെ നാലാം ടി20 ശതകത്തിന്റെ ബലത്തില്‍ 195/2 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 20 ഓവറില്‍ നിന്ന് 124 റണ്‍സ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍  ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുമായി പട്ടികയില്‍ ഇടം പിടിച്ചു. വിന്‍ഡീസ് നിരയില്‍ 23 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയാണ് ടോപ് സ്കോറര്‍.

ദീപാവലി വെടിക്കെട്ടുമായി ഹിറ്റ് മാന്‍, രോഹിത്തിനു നാലാം ടി20 ശതകം

ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ ലക്നൗ ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ടോസ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 123 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഇന്ത്യ 195 റണ്‍സാണ് 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. ധവാനെ നഷ്ടമായെങ്കിലും രോഹിത്ത് തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ തന്റെ നാലാം ടി20 ശതകം സ്വന്തമാക്കുകയായിരുന്നു.

38 പന്തില്‍ നിന്ന് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ശിഖര്‍ ധവാന്‍ 41 പന്തില്‍ നിന്ന് 43റണ്‍സ് നേടി പുറത്തായി. തന്റെ അര്‍ദ്ധ ശതകത്തിനു ശേഷം ടോപ് ഗിയറിലേക്ക് മാറിയ രോഹിത് അക്ഷരാര്‍ത്ഥത്തില്‍ വിന്‍ഡീസ് ബൗളിംഗിനെ തച്ച് തകര്‍ക്കുകയായിരുന്നു. ധവാനു പകരം എത്തിയ ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായതോടും രോഹിത്തും തന്റെ ബാറ്റിംഗ് വേഗത കുറയ്ക്കുന്നതാണ് കണ്ടത്.

രോഹിത് ശര്‍മ്മ 61 പന്തില്‍ 111 റണ്‍സ് നേടിയപ്പോള്‍ ലോകേഷ് രാഹുല്‍ 14 പന്തില്‍ 26 റണ്‍സ് നേടി. വിന്‍ഡീസിനായി ഫാബിയന്‍ അലനും ഖാരി പിയറിയും ഓരോ വിക്കറ്റ് നേടി.

ഒഷെയ്‍ന്‍ തോമസിനെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ്മ

വിന്‍ഡീസിനു ആദ്യ ടി20യിലും തോല്‍വിയായിരുന്നു ഫലമെങ്കിലും പൊരുതി തന്നെയാണ് സന്ദര്‍ശകര്‍ ഇന്നലെ കൊല്‍ക്കത്തയിലെ മത്സരത്തില്‍ കീഴടങ്ങിയത്. 109 റണ്‍സ് മാത്രം നേടി ബാറ്റ്സ്മാന്മാര്‍ കൈവിട്ടുവെങ്കിലും ഇന്ത്യയെ വിറപ്പിച്ച് ശേഷം മത്സരത്തില്‍ വിന്‍ഡീസ് പിന്നോട്ട് പോയത്. ഇന്ത്യയെ 45/4 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയ വിന്‍ഡീസ് നിരയില്‍ ഏറെ ബൗളര്‍മാരും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ക്രുണാല്‍ പാണ്ഡ്യ ക്രീസിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വിജയം വേഗത്തിലായത്. ഒപ്പം ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച ബാറ്റിംഗും.

അതേ സമയം ഒഷെയ്ന്‍ തോമസിന്റെ ബൗളിംഗിനെ വാനോളം പുകഴ്ത്തുകയായിരുന്നു രോഹിത് ശര്‍മ്മ. ഒഷെയ്ന്‍ മികച്ചൊരു പ്രതിഭയാണെന്നും താരം ഫോമില്‍ പന്തെറിയുകയാണെങ്കില്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഒഷെയ്ന്‍ തോമസിന്റെ ബൗളിംഗിനെ പ്രതിരോധിയ്ക്കാനും ആകില്ലെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. താരത്തിന്റെ ഉയരത്തിന്റെ ആനുകൂല്യവും ബൗളിംഗില്‍ തുണയാകുന്നുണ്ടെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. ഇന്ത്യയ്ക്കെതിരെ ഒഴികെ താരത്തിനു ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെ എന്നാണ് രോഹിത് പറഞ്ഞത്.

ഏകദിനത്തില്‍ 200 സിക്സുകള്‍, രോഹിത്തിന്റെ ഈ നേട്ടത്തിന്റെ ചില പ്രത്യേകത

ഏകദിനത്തില്‍ 200 സിക്സ് എന്ന നേട്ടം ഇന്ന് വിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മ സ്വന്തമാക്കുമ്പോള്‍ ആ നേട്ടത്തിലെ ചില പ്രത്യേകതകള്‍ നമുക്ക് നോക്കാം. 187 ഇന്നിംഗ്സുകളില്‍ നിന്നാണ് 200 സിക്സ് രോഹിത് അടിച്ചത്. ഇതുവരെ ഷാഹിദ് അഫ്രീദി 195 ഇന്നിംഗ്സുകളില്‍ നിന്ന് നേടിയ 200 സിക്സുകളായിരുന്നു ഈ ഗണത്തില്‍ മുന്നില്‍. എബി ഡി വില്ലിയേഴ്സ്(214), ബ്രണ്ടന്‍ മക്കല്ലം(228), ക്രിസ് ഗെയില്‍(241), എംഎസ് ധോണി(248), സനത് ജയസൂര്യ(343) എന്നിവരാണ് ഈ നേട്ടം കൊയ്ത മറ്റു താരങ്ങള്‍.

അതേ സമയം പന്തുകളുടെ എണ്ണത്തില്‍ അഫ്രീദി തന്നെയാണ് ഏറെ മുന്നില്‍ 4203 പന്തുകള്‍ നേരിട്ടാണ് അഫ്രീദി 200 സിക്സിലേക്ക് എത്തുന്നത്. അതേ സമയം രോഹിത് 8387 പന്തുകള്‍ നേരിട്ടാണ് ഈ നേട്ടം കൊയ്തത്. മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടി രോഹിത്തിന്റെ സിക്സ് നേട്ടം 202 സിക്സില്‍ എത്തി നില്‍ക്കുകയാണ്.

അനന്തപുരിയില്‍ ഇന്ത്യയുടെ ഭാഗ്യം, നഷ്ടം ഒഷെയ്ന്‍ തോമസിനു

അനന്തപുരിയില്‍ ഇന്ത്യ ആധികാരിക വിജയം കുറിച്ചപ്പോളും ഇന്ത്യയ്ക്ക് തുണയായി ഭാഗ്യം ബാറ്റിംഗ് സമയത്ത് വേണ്ടുവോളം ഉണ്ടായിരുന്നു. ഗ്രൗണ്ടിലെ ക്ലോക്കില്‍ മണി അഞ്ച് അടിച്ചപ്പോള്‍ കളി അവസാനിച്ചപ്പോള്‍ ഇന്ത്യ 9 വിക്കറ്റ് ജയം കുറിയ്ക്കുകയായിരുന്നു. വിന്‍ഡീസിനെ 104 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു.

ഒഷെയ്‍ന്‍ തോമസ് ശിഖര്‍ ധവാനെ രണ്ടാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ആറ് റണ്‍സ്. തൊട്ടടുത്ത തന്റെ ഓവറില്‍ ഒഷെയ്‍ന്‍ തോമസ് ആദ്യ പന്തില്‍ തന്നെ കോഹ്‍ലിയെ ആദ്യ സ്ലിപ്പില്‍ ജേസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചുവെങ്കിലും വിന്‍ഡീസ് നായകന് ഇന്ത്യന്‍ നായകനെ കൈപ്പിടിയിലൊതുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ പന്ത് ബൗണ്ടറി കടന്നു.

മത്സരത്തിലെ എട്ടാം ഓവറിന്റെ അവസാന പന്തില്‍ കീപ്പര്‍ ഷായി ഹോപിന്റെ കൈയില്‍ രോഹിത് ശര്‍മ്മയെ എത്തിച്ച് ഒഷെയ്‍ന്‍ തോമസ് തന്റെ ആഘോഷം തുടങ്ങിയെങ്കിലും അമ്പയറുടെ സിഗ്നല്‍ കണ്ട് തിരുവനന്തപുരത്തെ കാണികള്‍ ആഘോഷഭരിതരാകുകയായിരുന്നു. ഓവര്‍ സ്റ്റെപ്പിംഗിനു നോ ബോള്‍ വിളിച്ചപ്പോള്‍ വീണ്ടും ഒരു പ്രാവശ്യം കൂടി ഇന്ത്യയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. 8 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 40 ആയിരുന്നു. ഇതിനു ശേഷമാണ് രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമിച്ചു കളിക്കുവാന്‍ ആരംഭിച്ചത്.

അടുത്ത പന്തിലെ ഫ്രീ ഹിറ്റ് അവസരം മുതലാക്കുവാന്‍ രോഹിത് ആഞ്ഞടിച്ചുവെങ്കിലും എക്സ്ട്രാ കവറില്‍ ഹെറ്റ്മ്യര്‍ ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും താരം ഒരു റണ്‍സ് നേടി അടുത്ത ഓവറിലേക്ക് സ്ട്രൈക്ക് സ്വന്തമാക്കി. ഇതിനു ശേഷം ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ഒരവസരം പോലും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. വിന്‍ഡീസ് ബൗളര്‍മാരില്‍ വിക്കറ്റ് നേട്ടത്തിലും ക്യാച്ച് കൈവിടുമ്പോളും നോബോള്‍ എറിഞ്ഞുമെല്ലാം ഒഷെയ്ന്‍ തോമസ് തന്നെയായിരുന്നു മത്സരത്തില്‍ സജീവമായ നിന്ന താരം.

അടിച്ച് തകര്‍ത്ത് ഹിറ്റ്മാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍, റായിഡുവിനും ശതകം

രോഹിത് ശര്‍മ്മയും അമ്പാട്ടി റായിഡുവും സംഹാര താണ്ഡവമാടിയ നാലാം ഏകദിനത്തില്‍ പടുകൂറ്റന്‍ സ്കോറുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(38) വിരാട് കോഹ്‍ലിയെയും(16) വേഗത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ-അമ്പാട്ടി റായിഡു സഖ്യത്തിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇന്ത്യയ്ക്ക് ആധിപത്യമുറപ്പിയ്ക്കുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു.

162 റണ്‍സ് നേടി രോഹിത് 43.5 ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യ 312 റണ്‍സാണ് നേടിയിരുന്നത്. മൂന്നാം വിക്കറ്റില്‍ 211 റണ്‍സാണ് റായിഡു-രോഹിത് കൂട്ടുകെട്ട് നേടിയത്. 137 പന്തില്‍ നിന്ന് 20 ഫോറും 4 സിക്സുമടക്കമാണ് രോഹിത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

രോഹിത് പുറത്തായ ശേഷം 80 പന്തില്‍ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ റായിഡു താന്‍ നേരിട്ട അടുത്ത പന്തില്‍ തന്നെ റണ്‍ഔട്ട് ആവുകയായിരുന്നു. 8 ബൗണ്ടറിയും 4 സിക്സുമാണ് താരം നേടിയത്. ധോണി 15 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായി. 377/5 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇന്ത്യ നേടിയത്. കേധാര്‍ ജാഥവ് 7 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും കീമോ പോള്‍, ആഷ്‍ലി നഴ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടെസ്റ്റിലേക്ക് രോഹിത് മടങ്ങിയെത്തുവാനുള്ള കാരണം വിശദമാക്കി എംഎസ്‍കെ പ്രസാദ്

ഓസ്ട്രേലിയയില്‍ രോഹിത് ശര്‍മ്മയുടെ കേളി ശൈലി ഏറെ ഉപകാരപ്പെടുമെന്നും അതാണ് താരത്തെ പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുവാനുള്ള കാരണമെന്നും വ്യക്തമാക്കി മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ജനുവരിയില്‍ സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് കളിച്ച ശേഷം രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ടെസ്റ്റില്‍ കളിച്ചിരുന്നില്ല. രോഹിത് ശര്‍മ്മ ബാക്ക് ഫുട്ടില്‍ മികച്ച ഒരു താരമാണെന്നാണ് പ്രസാദ് അഭിപ്രായപ്പെട്ടത്. അത് ഓസ്ട്രേലിയയില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നുവെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

2013ല്‍ വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ അരങ്ങേറ്റത്തില്‍ 177 റണ്‍സ് നേടി കഴിവ് തെളിയിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്കായി പിന്നീട് 25 ടെസ്റ്റുകളില്‍ മാത്രമാണ് താരത്തിനു കളിക്കാനായിട്ടുള്ളത്. മൂന്ന് ശതകങ്ങളും താരം അടിച്ചെടുത്തിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റിലേക്ക് മടങ്ങിയെത്തി മുരളി വിജയ്, രോഹിത് ശര്‍മ്മയും ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മുരളി വിജയ്, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് സെറ്റപ്പിലേക്ക് മടങ്ങി വരുമ്പോള്‍ മുഹമ്മദ് സിറാജിനെയും മയാംഗ് അഗര്‍വാളിനെയും സെലക്ടര്‍മാര്‍ തഴഞ്ഞു. മയാംഗിനെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ സ്ക്വാഡിലെടുത്തുവെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

ഇന്ത്യ: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, പാര്‍ത്ഥിവ് പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

കോഹ്‍ലി കസറി, അനായാസം ഇന്ത്യ, രോഹിത്തിനും ശതകം

ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയപ്പോള്‍ ഗുവഹാത്തി ഏകദിനത്തില്‍ അനായാസ വിജയവുമായി ഇന്ത്യ. കോഹ്‍ലിയെ വെല്ലുന്ന ഇന്നിംഗ്സുമായി രോഹിത് ശര്‍മ്മയും രംഗത്തെത്തിയപ്പോള്‍ മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായില്ല.

വിന്‍ഡീസിന്റെ കൂറ്റന്‍ സ്കോറായ 322 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. വിരാട് കോഹ്‍ലി 107 പന്തില്‍ 140 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മയും തന്റെ ശതകം നേടി മികച്ച് നിന്നു. കോഹ്‍ലി തന്റെ 36ാം ശതകമാണ് ഇന്ന് സ്വന്തമാക്കിയത്.

ശിഖര്‍ ധവാനെ തുടക്കത്തില്‍ 4 റണ്‍സിനു നഷ്ടമായെങ്കിലും കോഹ്‍ലിയും രോഹിത് ശര്‍മ്മയും കൂടി ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ 246 റണ്‍സാണ് നേടിയത്. 21 ബൗണ്ടറിയും 2 സിക്സും നേടിയ കോഹ്‍ലിയെ ദേവേന്ദ്ര ബിഷൂവിന്റെ ഓവറില്‍ ഷായി ഹോപ് സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു.

രോഹിത് ശര്‍മ്മ 152 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 15 ബൗണ്ടറിയും എട്ട് സിക്സുമാണ് രോഹിത് ഇന്ന് നേടിയത്. 117 പന്തില്‍ നിന്നായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. 22 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.

ഇന്ത്യന്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി വിന്‍ഡീസ് പരമ്പര

വിന്‍ഡീസിനെതിര ഇന്ത്യ കളിച്ച നാട്ടിലെ അവസാന മൂന്ന് പരമ്പരകളിലെയും ഒരു കാര്യം ശ്രദ്ധിച്ചാല്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി മാറുകയാണ് ഈ പരമ്പര എന്നത് വ്യക്തമാകുകയാണ്. അവസാന മൂന്ന് പരമ്പരകളിലും ഒരിന്ത്യന്‍ താരം ടെസ്റ്റ് പരമ്പരയിലെ കളിയിലെ താരമായി മാറുകയായിരുന്നു. ഈ പട്ടികയിലേക്ക് എറ്റവും പുതുതായി കടന്നെത്തിയ താരമാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ.

2011ല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രവിചന്ദ്രന്‍ അശ്വിന്‍ അന്ന് മാന്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയിരുന്നു. 2013ല്‍ രോഹിത് ശര്‍മ്മയും തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോഴും നിലയുറപ്പിക്കുവാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. 2018ല്‍ വിന്‍ഡീസ് വീണ്ടും ഇന്ത്യയിലെത്തിയപ്പോള്‍ പൃഥ്വി ഷായ്ക്കാണ് പരമ്പരയിലെ താരമാകുവാന്‍ സാധിച്ചത്.

10 താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റക്കാരായി പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലി അന്ന് മാന്‍ ഓഫ് ദി സിരീസ് സ്വന്തമാക്കിയിരുന്നു.

രോഹിത് ശര്‍മ്മയെ ഒഴിവാക്കിയതിനു കാരണമെന്തെന്നറിയാമോ? ഹര്‍ഭജന്‍ ചോദിയ്ക്കുന്നു

ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് രോഹിത് ശര്‍മ്മ. 31 വയസ്സുകാരന്‍ ഓപ്പണര്‍ ഇന്ത്യയ്ക്കായി തകര്‍ത്തടിക്കുമ്പോള്‍ ഏത് എതിരാളികളും ഒന്ന് വിറയ്ക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടെസ്റ്റില്‍ സമാനമായ ഒരു പ്രഭാവമുണ്ടാക്കുവാന്‍ താരത്തിനു സാധിച്ചിട്ടുമില്ല. അടുത്ത് കഴിഞ്ഞ ഏഷ്യ കപ്പ് ഏകദിന പരമ്പരയില്‍ കപ്പ് നേടിയതിലൂടെ ക്യാപ്റ്റന്‍സിയിലും താന്‍ മികച്ചതാണെന്ന് രോഹിത്ത് തെളിയിക്കുകയുണ്ടായി.

രോഹിത് ടെസ്റ്റില്‍ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ അതിനു ശേഷം താരത്തിനെ ടെസ്റ്റിലേക്കായി ഇന്ത്യ പരിഗണിച്ചിട്ടില്ല. ഏകദിനങ്ങളില്‍ റണ്‍സ് കണ്ടെത്തുമ്പോളും താരത്തിനു ടെസ്റ്റില്‍ അവഗണനയാണ് ഫലം. ടെസ്റ്റില്‍ താന്‍ ഓപ്പണിംഗ് ചെയ്യാനും തയ്യാറാണെന്ന് അടുത്തിടെ രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സെലക്ടര്‍മാര്‍ ഓപ്പണിംഗിലേക്ക് പുതുമുഖങ്ങളെ പരീക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ശിഖര്‍ ധവാനെയും മുരളി വിജയ്‍യിനെയും വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാര്‍ പൃഥ്വി ഷായ്ക്കും കെഎല്‍ രാഹുലിനും ഓപ്പണിംഗ് ദൗത്യം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സെലക്ടര്‍മാരുടെ ഈ തീരുമാനത്തിനെതിരെ ഹര്‍ഭജന്‍ സിംഗ് ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

താരത്തിനെ ടീമിലെടുക്കാത്തത് തനിക്ക് ഇപ്പോളും അത്ഭുതമാണെന്നും സെലക്ടര്‍മാര്‍ എന്താണ് ആലോചിച്ച് കൂട്ടുന്നതെന്ന് ആര്‍ക്കേലും അറിയാമെങ്കില്‍ തനിക്കും പറഞ്ഞ് തരാനാണ് ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടത്.

Exit mobile version