ശിഖറുമായി അധികം സംസാരിക്കാറില്ല, താരത്തെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കും: രോഹിത് ശര്‍മ്മ

ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച ഓപ്പണിംഗ് കൂട്ടുകെട്ടായ നായകന്‍ രോഹിത് ശര്‍മ്മയും-ശിഖര്‍ ധവാനും ഏഷ്യ കപ്പില്‍ മികച്ച ഫോമിലാണ്. ഇരുവരുടെയും മികച്ച കൂട്ടുകെട്ടുകള്‍ക്ക് പിന്നുലുള്ള രഹസ്യമാണ് ഇപ്പോള്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തുന്നത്. ഇരുവരും ഏറെ മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിള്ളതിനാല്‍ തന്നെ ശിഖര്‍ ധവാന്റെ ശൈലി തനിക്കറിയാം. അതിനാല്‍ തന്നെ ബാറ്റിംഗിനിടെ താരത്തോട് എങ്ങനെ ബാറ്റ് വീശണമെന്ന് അഭിപ്രായപ്പെടാറില്ല. ചിലപ്പോള്‍ ബാറ്റിംഗിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കാറില്ല, ശിഖറിനെ ശിഖറിന്റെ ശൈലിയില്‍ കളിക്കാന്‍ വിടുക എന്നതാണ് പ്രധാനം.

ഞങ്ങള്‍ക്കിരുവര്‍ക്കും പരസ്പരം ബാറ്റിംഗ് ശൈലി അറിയാവുന്നതിനാലും ഇത് ഏറെ സഹായിക്കാറുണ്ടെന്ന് രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു. പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചാല്‍ ടീമിനുള്ള ഗുണം ഇരുവര്‍ക്കും അറിയാവുന്നതാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ഇത് 13ാം തവണയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നൂറ് റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകങ്ങളാണ് ധവാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 127, 46, 40, 114 എന്നീ സ്കോറുകളാണ് ധവാന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയതെങ്കില്‍ രോഹിത് ശര്‍മ്മ രണ്ട് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും ഇതുവരെ നേടിയിട്ടുണ്ട്.

Exit mobile version