ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് രോഹിത്, ടൂര്‍ണ്ണമെന്റില്‍ ഹിറ്റ്മാന്റെ രണ്ടാം അര്‍ദ്ധ ശതകം

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കായി രണ്ടാം അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ. ഷാക്കിബ് അല്‍ ഹസനെ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ രോഹിത്തിനു പിന്തുണയായി ശിഖര്‍ ധവാന്‍(40) ആണ് മികവ് പുലര്‍ത്തിയ പ്രധാന താരം. അമ്പാട്ടി റായിഡു 14 റണ്‍സ് നേടി പുറത്തായി. ഇന്ത്യ 36.2 ഓവറില്‍ നിന്ന് ബംഗ്ലാദേശിന്റെ 174 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ വിജയം.

ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനാണ് മികച്ച രീതിയില്‍ തുടങ്ങിയതെങ്കിലും രോഹിത് സ്കോറിംഗ് മെല്ലെയാണ് ആരംഭിച്ചത്. ശിഖര്‍ പുറത്തായ ശേഷമാണ് അല്പം കൂടി വേഗത്തില്‍ രോഹിത് ശര്‍മ്മ ബാറ്റ് വീശിയത്. രോഹിത്തിനു പിന്തുണയായി നാലാം നമ്പറില്‍ എത്തിയ എംഎസ് ധോണി 33 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 83 റണ്‍സുമായി പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മഷ്റഫേ മൊര്‍തസ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ രവീന്ദ്ര ജഡേജ(4)യോടൊപ്പം പേസര്‍മാരായ ഭുവിയും ബുംറയും(മൂന്ന് വിക്കറ്റ് വീതം) ഒത്തുകൂടിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് 173 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തി 42 റണ്‍സ് നേടി മെഹ്ദി ഹസന്‍ ആണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് നയിച്ചത്.

Exit mobile version