ഇംഗ്ലണ്ട് 122/3, കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ

സിഡ്നി ടെസ്റ്റിലെ അഞ്ചാം ദിവസം മഴ തടസ്സം സൃഷ്ടിച്ചു. മത്സരത്തിന്റെ അഞ്ചാം ദിവസം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് 122/3 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് കളിക്ക് തടസ്സം സൃഷ്ടിച്ച് മഴയെത്തുന്നത്.

63 ഓവറുകള്‍ കൂടി ഇന്ന് അവസാന ദിവസം അവശേഷിക്കുമ്പോള്‍ 266 റൺസ് കൂടി ഇംഗ്ലണ്ട് നേടേണ്ടതുണ്ട്. പരമ്പരയിലെ നാലാം ജയം സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് കൂടി നേടണം.

16 റൺസുമായി ബെന്‍ സ്റ്റോക്സും 13 റൺസ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. 77 റൺസ് നേടിയ സാക്ക് ക്രോളിയുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. താരത്തെ ഗ്രീന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

സിഡ്നിയിലെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍

അശ്വിനുമായുള്ള ബാന്ററിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍. സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷ ഇല്ലാതാക്കിയ ഇന്ത്യയുടെ കൂട്ടുകെട്ടായ അശ്വിനും വിഹാരിയ്ക്കുമെതിരെ പല തരം തന്ത്രങ്ങള്‍ ഓസ്ട്രേലിയ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലം അവര്‍ക്ക് നല്‍കിയില്ല.

അശ്വിനുമായി നിരന്തരം സംസാരത്തില്‍ ഏര്‍പ്പെട്ട ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയിന്‍ ചിലയവസരങ്ങളില്‍ താരത്തെ അസഭ്യം പറയുന്ന നിലയിലേക്കും പോയിരുന്നു. താന്‍ മത്സരത്തിന്റെ സമ്മര്‍ദ്ദത്തില്‍ അടിപ്പെട്ട് പറഞ്ഞ് കാര്യമാണെന്നും തന്റെ പെരുമാറ്റത്തിന് താന്‍ മാപ്പ് ചോദിക്കന്നുവെന്നും ടിം പെയിന്‍ വ്യക്തമാക്കി.

തന്റെ നായകനെന്ന നിലയിലുള്ള പ്രകടനം മികച്ചതായിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിന് താന്‍ പലപ്പോഴും കീഴടങ്ങിയെന്നും അത് തന്റെ മൂഡിനെയും പ്രകടനത്തെയും ബാധിച്ചുവെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഇത്തരം ആളുകള്‍ കളി കാണാനെത്തി മത്സര സാഹചര്യം മോശമാക്കാതിരിക്കുന്നതാണ് നല്ലത് – വിവിഎസ് ലക്ഷ്മണ്‍

മുഹമ്മദ് സിറാജിനെതിരെ രണ്ടാം ദിവസവും കാണികളില്‍ നിന്ന് മോശം പെരുമാറ്റം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെതിരെ വിമര്‍ശനവുമായി വിവിഎസ് ലക്ഷ്മണ്‍. സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ പരാതി നല്‍കുകയും ചെയ്തു.

ഇന്ന് സിറാജിനെതിരെ വീണ്ടും സംഭവം ഉയര്‍ന്നപ്പോള്‍ താരം അമ്പയറോട് കാര്യം സൂചിപ്പിക്കുകയും ആ കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എസ്‍സിജി പോലുള്ള ഐതിഹാസിക വേദിയില്‍ ഇത്തരം കാഴ്ച കാണേണ്ടി വരുന്നത് വളരെ ദുഃഖകരമായ സംഭവമാണെന്നാണ് ഇന്ത്യന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. ഇത്തരം പരിപാടികള്‍ക്ക് ഒരു സ്ഥാനവും ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു.

കാണികള്‍ സ്പോര്‍ട്സ് താരങ്ങളെ സ്പോര്‍ട്ടിംഗ് ഫീല്‍ഡില്‍ അസഭ്യം പറയുന്നത് തനിക്ക് മനസ്സിലാകാത്ത കാര്യമാണെന്നും അവര്‍ കളി ആസ്വദിക്കുവാനും താരങ്ങളെ ബഹുമാനിക്കുവാനും വയ്യെങ്കില്‍ എന്തിനാണ് സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും വിവിഎസ് വ്യക്തമാക്കി.

ശ്രദ്ധ നാളത്തെ മത്സരത്തെക്കുറിച്ച്, ക്വാറന്റീനെക്കുറിച്ച് പരാതി പറയാനില്ല – അജിങ്ക്യ രഹാനെ

ടീമെന്ന നിലയില്‍ ഇന്ത്യയുടെ ശ്രദ്ധ സിഡ്നിയില്‍ നാളെ ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തെക്കുറിച്ചാണെന്നും ക്വാറന്റീനെക്കുറിച്ച് പരാതി പറയാനില്ലെന്നും പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. ഓസ്ട്രേലിയയില്‍ പുറത്ത് ജീവിതം സാധാരണ രീതിയില്‍ പോകുമ്പോള്‍ താരങ്ങള്‍ ക്വാറന്റീനില്‍ കഴിയണമെന്ന കാര്യം വലിയ വെല്ലുവിളിയാണെങ്കിലും തങ്ങളെ അത് അലട്ടുന്നില്ലെന്ന് അജിങ്ക്യ രഹാനെ വ്യക്തമാക്കി.

നാലാമത്തെ ടെസ്റ്റ് ഉപേക്ഷിച്ച് ഇന്ത്യ പരമ്പര ഒഴിവാക്കണമോ എന്ന ചോദ്യത്തിനോട് ബിസിസിഐയും ടീം മാനേജ്മെന്റും എന്ത് തീരുമാനിക്കുന്നുവോ അത് താരങ്ങള്‍ പാലിക്കുമെന്നും രഹാനെ മറുപടി പറഞ്ഞു. സിഡ്നി ടെസ്റ്റില്‍ മികച്ച പ്രകടനവും മികച്ച ക്രിക്കറ്റും പുറത്തെടുക്കണമെന്നത് മാത്രമാണ് ഇപ്പോള്‍ ടീമിന്റെ ശ്രദ്ധയെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

നടരാജനില്ല, നവ്ദീപ് സൈനിയ്ക്ക് അരങ്ങേറ്റം

സിഡ്നിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളതെങ്കിലും ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും. മയാംഗ് അഗര്‍വാളിന് പകരം ഇന്ത്യ രോഹിത് ശര്‍മ്മയെ ഓപ്പണറായി പരിഗണിക്കുമെന്നും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വ്യക്തമാക്കി.

പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചിട്ടുണ്ട്. അഡിലെയ്ഡിലെ ബാറ്റിംഗ് പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര സമനിലയിലാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഇലവന്‍: അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി

സിഡ്നിയില്‍ രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യും, ഇന്ത്യയുടെ ഇലവന്‍ ഉടന്‍ പ്രഖ്യാപിക്കും

സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നാളെ ആരംഭിയ്ക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. രോഹിത് ശര്‍മ്മ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്ന് അജിങ്ക്യ രഹാനെ പറഞ്ഞു.

രോഹിത് ഇന്ത്യയ്ക്കായി പലതവണ ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ ഇന്ത്യ സിഡ്നിയില്‍ ഓപ്പണറായി പരിഗണിക്കുമെന്നും അജിങ്ക്യ രഹാനെ വെളിപ്പെടുത്തി.

രണ്ട് മാറ്റമാവും ഇന്ത്യന്‍ ടീമിലുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. മയാംഗ് അഗര്‍വാളിന് പകരം രോഹിത് ശര്‍മ്മയും ഉമേഷ് യാദവിന് പകരം ടി നടരാജനും ടീമിലേക്ക് എത്തുമെന്നാണ് സൂചന.

കാണികള്‍ക്ക് അനുവാദം, എന്നാല്‍ ടീം ക്വാറന്റീനില്‍ കഴിയണമെന്നത് വിരോധാഭാസം – ടീം ഇന്ത്യ

സിഡ്നിയില്‍ ഇരുപതിനായിരം കാണികള്‍ മത്സരം കാണാനെത്തുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് പറയുന്നത് വിരോധാഭാസം ആണെന്ന് പറഞ്ഞ് ടീം ഇന്ത്യ. ഇന്ത്യന്‍ ടീം മെല്‍ബേണില്‍ നിന്ന് സിഡ്നിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയെന്നും ടീമില്‍ ആരും തന്നെ പോസിറ്റീവ് ആകുന്നില്ലെങ്കില്‍ തങ്ങള്‍ ടൂറില്‍ ഇനിയും ക്വാറന്റീനില്‍ കഴിയുന്നതിന്റെ ആവശ്യമില്ലെന്നുമാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തങ്ങളെയും സാധാരണ ഓസ്ട്രേലിയയ്ക്കാരെ പോലെ കരുതണമെന്നും അവര്‍ക്ക് ബാധകമായ നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് വരുന്ന വികാരം. കാണികള്‍ക്ക് ഗ്രൗണ്ടിലെത്തി സര്‍വ്വ സ്വാതന്ത്ര്യത്തോടെ പെരുമാറാമെന്നിരിക്കെ താരങ്ങള്‍ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയണമെന്നത് മൃഗശാലയിലെ മൃഗങ്ങളോടുള്ള സമീപനമായി മാത്രമേ കാണാനാകൂ എന്നും പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ സംഘത്തിലെ ഒരു പ്രതിനിധി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ എത്തുമ്പോള്‍ ഇവിടുള്ള നിയമം അനുസരിക്കുവാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ നാട്ടുകാര്‍ക്ക് ലഭിയ്ക്കുന്ന ഇളവുകള്‍ തങ്ങള്‍ക്കും ക്വാറന്റീനില്‍ വേണമെന്ന് ഇദ്ദേഹം വ്യക്തമാക്കി. ടെസ്റ്റില്‍ തങ്ങള്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ ഹോട്ടലിലെ ക്വാറന്റീനിന്റെ ആവശ്യമെന്താണെന്നും ചോദ്യം ഉയരുന്നുണ്ട്.

കൂടുതല്‍ നിയന്ത്രണങ്ങളെങ്കില്‍ ബ്രിസ്ബെയിനിലേക്ക് നാലാം ടെസ്റ്റിന് യാത്രയാകുവാന്‍ ഇന്ത്യയ്ക്ക് വിമുഖത

ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് പോകുവാന്‍ തങ്ങള്‍ക്ക് വിമുഖതയുണ്ടെന്ന് അറിയിച്ച് ഇന്ത്യന്‍ ടീം. ബ്രിസ്ബെയിനില്‍ ഇന്ത്യന്‍ ടീമിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഇന്ത്യന്‍ ടീം ഈ സമീപനം എടുത്തത്. 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയയില്‍ തങ്ങള്‍ക്കും തുല്യമായ സഞ്ചാര സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

ബ്രിസ്ബെയിന്‍ ടീമിന് ഹോട്ടലിലും സ്റ്റേഡിയത്തിലും മാത്രം യാത്ര ചെയ്യുവാനുള്ള അവസരമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്. ദുബായയില്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷം സിഡ്നിയില്‍ എത്തിയ ഇന്ത്യന്‍ ടീം അവിടെയും 14 ദിവസത്തെ ക്വാറന്റീന് വിധേയരായിരുന്നുവെന്നും ഇനി ടൂറിന്റെ അവസാനത്തോടെ വീണ്ടും ക്വാറന്റീനില്‍ പ്രവേശിക്കുവാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഇന്ത്യന്‍ ടീം അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സഹകരണം ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നുണ്ടെങ്കിലും ഓരോ സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ ആണ് ഇത്തരം പ്രശ്നം സൃഷ്ടിക്കുന്നത്. ഇതോടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളും സിഡ്നിയില്‍ തന്നെ കളിക്കുന്നതാവും ഉചിതമെന്നാണ് ഇന്ത്യയുടെ നിലപാട്.

നൂറ് ശതമാനം ഫിറ്റല്ലെങ്കിലും സിഡ്നിയില്‍ വാര്‍ണര്‍ കളിക്കുമെന്ന് സൂചന

ഡേവിഡ് വാര്‍ണര്‍ സിഡ്നി ടെസ്റ്റില്‍ പൂര്‍ണ്ണ ഫിറ്റല്ലെങ്കിലും കളിക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് സൂചന. മോശം ഫോം കാരണം ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഡ്രോപ് ചെയ്ത കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓപ്പണിംഗിലെ തലവേദന പരിഹരിക്കുവാനുള്ള നീക്കമെന്ന നിലയില്‍ വാര്‍ണറെ 100 ശതമാനം ഫിറ്റല്ലെങ്കിലും കളിപ്പിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

താന്‍ നൂറ് ശതമാനം ഫിറ്റ്നെസ്സ് സിഡ്നി ടെസ്റ്റിന് മുമ്പ് കൈവരിക്കില്ലെന്ന് ഓസ്ട്രേലിയന്‍ താരം തന്നെ വ്യക്തമാക്കി. എന്നാല്‍ ഫിറ്റ്നെസ്സ് നൂറ് ശതമാനം അല്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകളെല്ലാം താന്‍ നടത്തുന്നുണ്ടെന്ന് വാര്‍ണര്‍ സൂചിപ്പിച്ചു.

തന്റെ ചുമതലകള്‍ എല്ലാം തനിക്ക് വഹിക്കുവാനാകുമെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. സ്ലിപ്പില്‍ നില്‍ക്കുകയോ ക്യാച്ചുകള്‍ എടുക്കുന്നതിലോ ഒന്നും തനിക്ക് വലിയ ബുദ്ധിമുട്ട് തോന്നുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി. അതേ സമയം വിക്കറ്റുകളഅ‍ക്കിടയിലെ അതിവേഗ ഓട്ടം തനിക്ക് ഇപ്പോളും ബുദ്ധിമുട്ടായേക്കാമെന്നും വാര്‍ണര്‍ തുറന്ന് സമ്മതിച്ചു.

എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി

ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞിരിക്കുന്നതെങ്കിലും എംസിജിയെ കരുതല്‍ വേദിയായി ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

നിലവില്‍ ടെസ്റ്റില്‍ വേദി മാറ്റത്തിനുള്ള സാഹചര്യമില്ലെങ്കിലും ഇനിയങ്ങോട്ട് കാര്യങ്ങള്‍ വിഷമകരമാകുകയാണെങ്കില്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് അതിന് സജ്ജമാണെന്നും മത്സരം മെല്‍ബേണില്‍ നടക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

പരമ്പരയിലെ രണ്ടാം മത്സരം മെല്‍ബേണില്‍ തന്നെയാണ് നടക്കുന്നത്. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങള്‍ യഥാക്രമം സിഡ്നിയിലും ബ്രിസ്ബെയിനിലുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.

സിഡ്നി ടെസ്റ്റ് ഷെഡ്യൂള്‍ പ്രകാരം നടക്കും – ക്രിക്കറ്റ് ഓസ്ട്രേലിയ

ജനുവരി 7ന് സിഡ്നിയില്‍ ആരംഭിക്കുവാനിരിക്കുന്ന ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് ക്രമപ്രകാരം തന്നെ നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്നിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേിയ ഈ വാര്‍ത്ത പുറത്ത് വിട്ടത്.

ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തി ഈ സാഹചര്യത്തില്‍ സിഡ്നി അടച്ചിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഇപ്പോള്‍ മറ്റൊരു വേദിയില്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ ആയ നിക്ക് ഹോ‍ക്ക്ലി വ്യക്തമാക്കി.

 

വനിത ബിഗ് ബാഷ് ഇനി നടക്കുക സിഡ്നിയില്‍ മാത്രം

ഓസ്ട്രേലിയയിലെ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷത്തെ വനിത ബിഗ് ബാഷ് പൂര്‍ണ്ണമായും സിഡ്നിയില്‍ മാത്രമായി നടത്തുവാന്‍ തീരുമാനിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. നേരത്തെ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 25നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളും ഇനി സിഡ്നി ആസ്ഥാനമാക്കി നിലകൊണ്ട് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. 59 മത്സരങ്ങളാണ് വനിത ബിഗ് ബാഷില്‍ നടക്കുന്നത്.

ഓസ്ട്രേലിയയിലെ യാത്ര വിലക്ക് നില നില്‍ക്കുന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ ഇത്തരത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ പ്രേരിപ്പിക്കുന്നത്.

Exit mobile version