നവ്ദീപ് സൈനി ടെസ്റ്റ് ടീമിനൊപ്പം കരുതല്‍ താരമായി തുടരും

വിന്‍ഡീസിനെതിരെ ടി20 അരങ്ങേറ്റം കുറിച്ച നവ്ദീപ് സൈനിയോട് വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കരുതില്‍ താരമായി നില്‍ക്കുവാന്‍ ആവശ്യപ്പെട്ട് ബോര്‍ഡ്. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. താരം പ്രധാനമായും നെറ്റ് ബൗളറായിയാവും ടീമിനൊപ്പം തുടരുന്നതെങ്കിലും ഇന്ത്യയുടെ ഭാവി ടെസ്റ്റ് താരമായി സൈനിയെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ മാനേജ്മെന്റ് എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമല്ലായിരുന്നിട്ട് കൂടി വിന്‍ഡീസ് എയ്ക്കെതിരെയുള്ള പരിശീലന മത്സരത്തില്‍ സൈനിയ്ക്ക് ആറോവര്‍ എറിയുവാന്‍ ടീം അവസരം നല്‍കിയിരുന്നു. സൈനി റെഡ് ബോള്‍ ക്രിക്കറ്റില്‍ ആഭ്യന്തര തലത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തി വരുന്നത്. ബൗളിംഗ് കോച്ച് ഭരത് അരുണിനൊപ്പം നിന്ന് താരം തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ടീം മാനേജ്മെന്റിനുണ്ട്.

നവദീപ് സെയ്നിക്കെതിരെ അരങ്ങേറ്റത്തിൽ തന്നെ ഐ.സി.സിയുടെ നടപടി

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐ.സി.സിയുടെ പെരുമാറ്റചട്ടം ലംഘിച്ച ഇന്ത്യൻ ബൗളർ നവദീപ് സെയ്നിക്കെതിരെ ഐ.സി.സി നടപടി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നിക്കോളാസ് പൂരനെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താരത്തിന്റെ ആഘോഷം അതിരുകടന്നതാണ് ഐ.സി.സി നടപടി എടുക്കാൻ കാരണം. ഇത് പ്രകാരം താരത്തിന് ഒദ്യോഗികമായി മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്റും ലഭിക്കും.

മത്സരത്തിൽ സ്വപ്‍ന തുല്യമായ അരങ്ങേറ്റം നടത്തിയ സെയ്നി 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്തിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതോടെ താരത്തെ തേടിയെത്തിയിരുന്നു.  സെയ്നി തന്റെ മേൽ ആരോപിച്ച കുറ്റം അംഗീകരിക്കുകയും ഐ.സി.സി നടപടികൾ അംഗീകരിക്കുകയും ചെയ്തതോടെ ഐ.സി.സിയുടെ മുൻപിൽ താരം വാദത്തിന് ഹാജരാവേണ്ട ആവശ്യം ഉണ്ടാവില്ല. മത്സരത്തിൽ 16 ബോൾ ബാക്കി നിൽക്കെ ഇന്ത്യ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍ ടീമിന്റെ വിന്‍ഡീസ് പര്യടനത്തിനായുള്ള ടീമിന്റെ ഭാഗമായി തിരഞ്ഞെടുത്തതോടെയുള്ള ഒഴിവിലേക്കാണ് സന്ദീപിനെ പരിഗണിച്ചിരിക്കുന്നത്. നേരത്തെ ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാകുവാന്‍ സന്ദീപിന് കഴിഞ്ഞിരുന്നു. അന്നത്തെ മത്സരങ്ങളില്‍ താരം പത്ത് വിക്കറ്റാണ് നേടിയത്.

വെള്ളിയാഴ്ച താരം കരീബിയന്‍ മണ്ണിലേക്ക് യാത്രയാകുമന്നാണ് അറിയുന്നത്. രണ്ടാം അനൗദ്യോദിക ടെസ്റ്റ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ജൂലൈ 31നും മൂന്നാമത്തെ മത്സരം ഓഗസ്റ്റ് 6നും നടക്കും.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഇന്ന് പരമ്പര സ്വന്തമാക്കുവാനിറങ്ങുന്നു

വിന്‍ഡീസ് എ യ്ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും 65 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കുവാനായി ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിലും ഖലീല്‍ അഹമ്മദ് ബൗളിംഗിലും തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ റുതുരാജ് ഗായക്വാഡും(85) ശുഭ്മന്‍ ഗില്ലും(62) ടോപ് ഓര്‍ഡറില്‍ തിളങ്ങിയതിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ 43.5 ഓവറില്‍ 190 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആക്കി. 71 റണ്‍സുമായി റേമണ്‍ റീഫര്‍ വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയി നിന്നപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താകാതെ 34 റണ്‍സ് നേടി. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റ് നേടി തിളങ്ങി.

കഴിഞ്ഞ മത്സരം നടന്ന ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഇന്ന് മത്സരം നടക്കുക. ഇവിടുത്തെ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയുടെ നെറ്റ്സില്‍ പന്തെറിയാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എത്തി

ഇന്ത്യയുടെ ലോകകപ്പിനുള്ള സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ ഒരാളായ നവ്ദീപ് സൈനി ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്സ് ബൗളറായി ചേര്‍ന്നു. താരം മാഞ്ചെസ്റ്ററില്‍ എത്തിയെന്ന് ബിസിസിഐ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍ നിന്ന് ഭേദപ്പെട്ട് വരുന്ന സാഹചര്യത്തിലാണ് നെറ്റ്സില്‍ മികച്ച ബൗളിംഗ് പരിശീലനം ലഭിയ്ക്കുന്നതിനായി സൈനിയുടെ സേവനം ബിസിസിഐ തേടിയത്.

ഡല്‍ഹിയ്ക്ക് വേണ്ടി രഞ്ജിയിലും പിന്നീട് ഐപിഎലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം നടത്തിയത്. ജൂണ്‍ 16ന് പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പിന്മാറിയത്. താരം ഇപ്പോളും പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മോചിതനായിട്ടില്ലെന്നും എട്ട് ദിവസത്തിനുള്ളില്‍ താരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പറഞ്ഞത്.

എന്നാല്‍ ഇന്ത്യ എ ടീമിനൊപ്പം ചേരുവാന്‍ ഖലീല്‍ അഹമ്മദിനെ റിലീസ് ചെയ്തതിനാല്‍ ഇന്ത്യയ്ക്ക് ഗുണമേന്മയുള്ള പേസ് ബൗളര്‍മാര്‍ നെറ്റിസ്ല ‍ഇല്ലാതെ പോകുകയായിരുന്നു ഇതിനോടൊപ്പം ഭുവിയുടെ പരിക്ക് കൂടിയായപ്പോള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നെറ്റ്സില്‍ മികച്ച ബൗളര്‍മാരുടെ അഭാവം അനുഭവപ്പെടുകയായിരുന്നു.

സമ്മര്‍ദ്ദത്തില്‍ അടിപ്പെടാതെ സൈനി, 19ാം ഓവറില്‍ മൂന്ന് റണ്‍സ് വിട്ട് നല്‍കി പുറത്താക്കിയത് രണ്ട് താരങ്ങളെ

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ ഏറെ നിര്‍ണ്ണായകമായ ബൗളിംഗ് പ്രകടനവുമായി നവ്ദീപ് സൈനി. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 202 റണ്‍സ് നേടിയപ്പോള്‍ പൊരുതി നിന്ന് നിക്കോളസ് പൂരനും ഡേവിഡ് മില്ലറും ലക്ഷ്യം അവസാന രണ്ടോവറില്‍ 30 റണ്‍സെന്ന നിലയില്‍ പഞ്ചാബിനെ എത്തിയ്ക്കുകയായിരുന്നു.

ഇന്ന് ടി20യുടെ കാലത്ത് രണ്ടോവറില്‍ 30 റണ്‍സ് അത്ര വലിയ സ്കോറായിരുന്നില്ല. കൂടാതെ ക്രീസില്‍ നില്‍ക്കുന്നത് സിക്സറുകള്‍ നേടി കളം നിറഞ്ഞ് നില്‍ക്കുന്ന നിക്കോളസ് പൂരനും ടി20യില്‍ കില്ലര്‍ മില്ലറെന്ന് പേര് സ്ഥാപിച്ചിട്ടുള്ള ഡേവിഡ് മില്ലറും. എന്നാല്‍ നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഇരു താരങ്ങളും പുറത്താകുക മാത്രമല്ല ഓവറില്‍ നിന്ന് വെറും 3 റണ്‍സ് മാത്രമാണ് താരം വിട്ട് നല്‍കിയത്.

അവസാന ഓവര്‍ എറിഞ്ഞ ഉമേഷിനു 27 റണ്‍സെന്ന താരതമ്യേന സുരക്ഷിതമായ ലക്ഷ്യം പ്രതിരോധിക്കാനായിരുന്നു പന്തെറിയേണ്ടത്. 17 റണ്‍സിന്റെ വിജയം ആര്‍സിബി കുറിയ്ക്കുമ്പോള്‍ സ്മരിക്കേണ്ടത് സൈനിയുടെ ഈ തകര്‍പ്പന്‍ 19ാം ഓവര്‍ പ്രകടനമായിരുന്നു.

അവസാന സ്ഥാനത്ത് നിന്ന് മോചനം, നിക്കോളസ് പൂരന്റെ വെല്ലുവിളിയെ അതിജീവിച്ച് നാലാം ജയം സ്വന്തമാക്കി ബാംഗ്ലൂര്‍

203 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഗെയിലും രാഹുലും പൂരനുമെല്ലാം ശ്രമിച്ചു നോക്കിയെങ്കിലും ഇവര്‍ക്കാര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് അധികം മുന്നോട്ട് നയിക്കുവാനാകാതെ പോയപ്പോള്‍ 185 റണ്‍സില്‍ അവസാനിച്ച് പഞ്ചാബ് ഇന്നിംഗ്സ്. 17 റണ്‍സ് വിജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് മോചനം നേടുവാന്‍ ആര്‍സിബിയ്ക്ക് സാധിച്ചു. ജയത്തോടെ എട്ട് പോയിന്റുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു സാധിച്ചു.

3.2 ഓവറില്‍ 42 റണ്‍സ് നേടി പറക്കുകയായിരുന്നു പഞ്ചാബിനു ഉമേഷ് യാദവ് ആണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ക്രിസ് ഗെയില്‍ മടങ്ങിയെങ്കിലും ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ടീമിന്റെ സ്കോറിംഗ് ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നയിക്കുകയായിരുന്നു. 59 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മയാംഗ് അഗര്‍വാല്‍ (35) മടങ്ങി ഏറെ വൈകാതെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ലോകേഷ് രാഹുലും മടങ്ങിയതോടെ പഞ്ചാബിന്റെ ചേസിംഗ് പ്രതിസന്ധിയിലാകുകയായിരുന്നു.

10.1 ഓവറില്‍ 105 റണ്‍സ് നേടിയെങ്കിലും താരങ്ങളാരും വലിയ ഇന്നിംഗ്സിലേക്ക് തങ്ങളുടെ ബാറ്റിംഗ് പ്രകടനത്തെ മാറ്റാനാകാതെ പോയതാണ് പഞ്ചാബിനു തിരിച്ചടിയായത്. എന്നാല്‍ നാലാം വിക്കറ്റില്‍ മത്സരം തിരികെ പഞ്ചാബിന്റെ പക്ഷത്തേക്ക് നിക്കോളസ് പൂരന്‍ തിരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സിക്സുകളിലൂടെ ബാംഗ്ലൂര്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് ലക്ഷ്യം 24 പന്തില്‍ 47 ആക്കി മാറ്റുവാന്‍ വിന്‍ഡീസ് യുവതാരത്തിനു സാധിച്ചിരുന്നു.

17ാം ഓവര്‍ എറിഞ്ഞ ടിം സൗത്തിയെ ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി മില്ലറും ഒപ്പം കൂടിയപ്പോള്‍ പഞ്ചാബ് വിജയ പ്രതീക്ഷ പുലര്‍ത്തുകയും ആര്‍സിബി ക്യാമ്പില്‍ പരിഭ്രാന്തി പരക്കുകയുമായിരുന്നു. 44 റണ്‍സില്‍ നിക്കോളസ് പൂരന്റെ ക്യാച്ച് മാര്‍ക്കസ് സ്റ്റോയിനിസ് കൈവിട്ടതും പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകി. ലക്ഷ്യം അവസാന രണ്ടോവറില്‍ 30 ആയിരുന്നുവെങ്കിലും മില്ലറും പൂരനും ക്രീസിലുള്ളപ്പോള്‍ പഞ്ചാബ് പ്രതീക്ഷ കൈവിട്ടിരുന്നില്ല.

നവ്ദീപ് സൈനി എറിഞ്ഞ 19ാം ഓവറില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റ് മികച്ചൊരു ക്യാച്ചിലൂടെ എബിഡി പൂര്‍ത്തിയാക്കി. 25 പന്തില്‍ നിന്ന് 24 റണ്‍സാണ് മില്ലറുടെ സംഭാവന. ഓവറിന്റെ അവസാന പന്തില്‍ നിക്കോളസ് പൂരനെയും സൈനി പുറത്താക്കി. മികച്ചൊരു ജഡ്ജ്മെന്റിലൂടെ എബി ഡി വില്ലിയേഴ്സ് തന്നെയാണ് ആ ക്യാച്ചും പൂര്‍ത്തിയാക്കിയത്. 28 പന്തില്‍ നിന്ന് 5 സിക്സ് സഹിതം 46 റണ്‍സായിരുന്നു പൂരന്റെ സമ്പാദ്യം.

അവസാന ഓവറില്‍ ജയിക്കുവാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനായി ആദ്യ പന്തില്‍ നായകന്‍ അശ്വിന്‍ സിക്സ് അടിച്ചുവെങ്കിലും വീണ്ടും സിക്സ് നേടുവാനുള്ള ശ്രമത്തിനിടെ കിംഗ്സ് നായകന്‍ അശ്വിനെ ഉമേഷ് യാദവ് പുറത്താക്കി. അടുത്ത പന്തില്‍ ഹാര്‍ഡസ് വില്‍ജോയനെയും ഉമേഷ് പുറത്താക്കിയതോടെ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവ് നാലോവറില്‍ 36 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവ്ദീപ് സൈനി 33 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.

പന്തും റായിഡുവും സൈനിയും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍, നെറ്റ് ബൗളേഴ്സായും അന്താരാഷ്ട്ര താരങ്ങള്‍ ടീമിനൊപ്പം ചേരും

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചില്ലെങ്കിലും ഋഷഭ് പന്തും അമ്പാട്ടി റായിഡുവും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിയ്ക്കുന്ന നവ്ദീപ് സൈനിയും ടീമിലെ മൂന്ന് ബാക്കപ്പ് താരങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീം പ്രാഥമിക സ്ക്വാഡ് ആണെന്നതിനാല്‍ മേയ് 22നു അന്തിമ ടം പ്രഖ്യാപിയ്ക്കുമ്പോള്‍ താരങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍.

അതേ സമയം ടീമിനൊപ്പം മൂന്ന് പേസര്‍മാര്‍ കൂടി ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് അറിയുന്ന വിവരം. നെറ്റ് ബൗളര്‍മാരായി ഇവരുടെ സേവനം ഇന്ത്യന്‍ ടീം ഉപയോഗിക്കും. ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്‍ എന്നിവരാണ് നെറ്റ് ബൗളര്‍മാരായി ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. അഥവാ ഏതെങ്കിലും ബൗളര്‍മാര്‍ക്ക് പരിക്കേറ്റാല്‍ ഇവരെ അന്തിമ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാനും സാധ്യതയുണ്ടെന്നും അറിയുന്നു.

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു ലയണ്‍സിനെ പുറത്താക്കിയ ശേഷം ഇന്ത്യ എ ടീമിനോട് ഫോളോ ഓണിനു ആവശ്യപ്പെടുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ലയണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സാണ് നേടിയിട്ടള്ളത്. മാക്സ് ഹോള്‍ഡന്‍(5*), ബെന്‍ ഡക്കറ്റ്(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

282/3 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 110 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന 7 വിക്കറ്റും ഇന്ന് നഷ്ടമാകുകയായിരുന്നു. ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍(117), കെഎല്‍ രാഹുല്‍(81) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 178 റണ്‍സ് നേടിയ ശേഷമാണ് ബാക്കി വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് പൊടുന്നനെ നഷ്ടമായത്. പ്രിയാംഗ് പഞ്ചല്‍ (50) ഒന്നാം ദിവസം പുറത്താകുമ്പോള്‍ ഇന്ത്യ നേടിയ 282 റണ്‍സില്‍ തന്നെ ഇന്ന് ടീമിനു നാലാം വിക്കറ്റും നഷ്ടമായി. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റാണ് 110 റണ്‍സിനു നഷ്ടമായത്. കെഎസ് ഭരത് 46 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി സാക്ക് ചാപ്പല്‍ നാലും ഡാനി ബ്രിഗ്സ് മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 48.4 ഓവറിലാണ് 144 റണ്‍സിനു ഓള്‍ഔട്ട് ആയത്. 248 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ എ കരസ്ഥമാക്കിയത്. നവദീപ് സൈനിയും ഷാഹ്ബാസ് നദീമും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ആരോണ്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. 25 റണ്‍സ് നേടിയ ഒല്ലി പോപ് ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

Exit mobile version