വിൽ പുകോവസ്കിയുമായി താന്‍ സംസാരിച്ചു, താരം കൺകഷനിൽ നിന്ന് നില മെച്ചപ്പെടുത്തി വരുന്നു – ടിം പെയിന്‍

വിൽ പുകോവസ്കി വീണ്ടും കൺകഷന് വിധേയനായതറിഞ്ഞ് തനിക്ക് ഏറെ ദുഖമുണ്ടെന്നും താന്‍ താരവുമായി സംസാരിച്ചുവെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. താരം ആവശ്യത്തിന് വിശ്രമം എടുത്ത് തിരിച്ചുവരവിന്റെ പാതയിലാണെന്നും സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും പെയിന്‍ കൂട്ടിചേര്‍ത്തു. താരത്തിന് വെറും 22-23 വയസ്സേയുള്ളുവെന്നും സമയം എടുത്ത് ക്രിക്കറ്റിലേക്ക് മടങ്ങി വരവ് നടത്തുന്നതാണ് ഉചിതമെന്നും പെയിന്‍ പറഞ്ഞു.

ഈ സമ്മറിൽ തന്നെ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ടിം പെയിന്‍ വ്യക്തമാക്കി. മുമ്പ് താരത്തിന് നേരിടേണ്ടി വന്ന കൺകഷന്‍ സാഹചര്യങ്ങളുടെ അത്രയും പ്രശ്നമുള്ളതല്ല ഇത്തവണത്തേതെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്. എന്നാൽ മുമ്പും ഇത് പലയാവര്‍ത്തി സംഭവിച്ചിട്ടുള്ളതിനാൽ തന്നെ താരം കൂടുതൽ കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്നും ടിം പെയിന്‍ അഭിപ്രായപ്പെട്ടു.

വില്‍ പുകോവസ്കി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, ആഷസിന് തിരികെ എത്തുമെന്ന് പ്രതീക്ഷ

ഓസ്ട്രേലിയന്‍ താരം വില്‍ പുകോവസ്കി തോളിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ആഷസിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നെസ്സ് നേടുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ ഏറെ നാളായി അലട്ടുന്ന പരിക്കിന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തീരുമാനിച്ചത്. ഇതോടെ താരത്തിന് ഓസ്ട്രേലിയയുടെ ആഭ്യന്തര സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഏറെക്കാലം താരം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

വിക്ടോറിയയ്ക്ക് വേണ്ടി പരിശീലനത്തിനിടെയാണ് താരത്തിന്റെ പരിക്ക് കൂടുതല്‍ മോശമായത്. ഇതിനെത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സുമായുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് താരം പിന്മാറിയുന്നു. ഇന്ത്യയ്ക്കെതിരെ സിഡ്നിയില്‍ ഫീല്‍ഡിംഗിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഗാബ ടെസ്റ്റില്‍ താരം കളിച്ചില്ല.

ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരത്തില്‍ താരം അര്‍ദ്ധ ശതകം നേടി മികവ് പുലര്‍ത്തുകയായിരുന്നുവെങ്കിലും കഴിഞ്ഞ കുറേ നാളായി താരത്തെ പരിക്കും കണ്‍കഷനുമെല്ലാം അലട്ടുകയാണ്.

വില്‍ പുകോവസ്കി ഗാബയില്‍ കളിക്കില്ലെന്ന് അറിയിച്ച് ടിം പെയിന്‍, പകരം മാര്‍ക്കസ് ഹാരിസ്

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ പരിക്കേറ്റ ഓസ്ട്രേലിയന്‍ യുവ താരവും ഓപ്പണറുമായ വില്‍ പുകോവസ്കി ഗാബയിലെ നാലാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. പകരം മാര്‍ക്കസ് ഹാരിസ് ആവും ഓപ്പണിംഗിനായി എത്തുക.

പുകോവസ്കിയുടെ ഫിറ്റ്നെസ്സ് ടെസ്റ്റ് പരാജയമായി മാറിയതോടെയാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്. സിഡ്നിയിലെ അവസാന ദിവസത്തില്‍ ഫീല്‍ഡിംഗിനിടെയാണ് പുകോവസ്കിയ്ക്ക് പരിക്കേറ്റത്.

ഓസ്ട്രേലിയയുടെ ബ്രിസ്ബെയിന്‍ ടെസ്റ്റിനുള്ള അവസാന ഇലവനില്‍ ഈ മാറ്റം മാത്രമേയുള്ളുവെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ഓസ്ട്രേലിയ ഇലവന്‍ : David Warner, Marcus Harris, Marnus Labuschagne, Steve Smith, Matthew Wade, Cameron Green, Tim Paine (c & wk), Pat Cummins, Mitch Starc, Nathan Lyon, Josh Hazlewood.

ഗാബ ടെസ്റ്റിനുള്ള ഫിറ്റ്നെസ്സ് പുകോവസ്കിയ്ക്ക് തെളിയിക്കാനായില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യും

ഗാബ ടെസ്റ്റിന്റെ സമയത്തേക്ക് വില്‍ പുകോവസ്കി തന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്നില്ലെങ്കില്‍ മാര്‍ക്കസ് ഹാരിസ് ഓപ്പണ്‍ ചെയ്യുമെന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. സിഡ്നി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് പുകോവസ്കിയ്ക്ക് മത്സരത്തിനിടെ തോളിന് പരിക്കേറ്റിരുന്നു. ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ജനുവരി 15ന് ആണ് പരമ്പരയിലെ നാലാം ടെസ്റ്റ് ഗാബയില്‍ ആരംഭിക്കുന്നത്. പരമ്പരയില്‍ ഓരോ ടെസ്റ്റ് ഓസ്ട്രേലിയയും ഇന്ത്യയും വിജയിച്ചപ്പോള്‍ സിഡ്നി ടെസ്റ്റ് ആവേശകരമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഡിലെയ്ഡില്‍ ഓസ്ട്രേലിയയും മെല്‍ബേണില്‍ ഇന്ത്യയുമാണ് വിജയം നേടിയത്.

ക്രിക്കറ്റില്‍ ഇതുവരെയുള്ള തന്റെ ഏറ്റവും മികച്ച ദിവസം – വില്‍ പുകോവസ്കി

ഓസ്ട്രേലിയയ്ക്കായി ബാഗി ഗ്രീന്‍ അണിയുവാനുള്ള അവസരം ഇന്ന് വില്‍ പുകോവസ്കിയെ തേടിയെത്തുകയായിരുന്നു. തനിക്ക് ലഭിച്ച അരങ്ങേറ്റ അവസരത്തിനൊപ്പം ഇന്ത്യ നല്‍കിയ ജീവന്‍ ദാനം കൂടിയായപ്പോള്‍ വില്‍ പുകോവസ്കി അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഋഷഭ് പന്ത് രണ്ട് ക്യാച്ചുകള്‍ കൈവിട്ടപ്പോള്‍ താരത്തെ പുറത്താക്കുവാനുള്ള റണ്‍ഔട്ട് അവസരവും ഇന്ത്യ മത്സരത്തില്‍ നഷ്ടപ്പെടുത്തി.

പുകോവസ്കി 62 റണ്‍സ് നേടി വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ തനിക്ക് ആദ്യ പന്ത് നേരിടണമോ വേണ്ടയോ എന്ന അവസരം നല്‍കിയെന്നും അത് താന്‍ കുറെ നേരം ആലോചിച്ച ശേഷം സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. അഡിലെയ്ഡില്‍ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റത്തിനുള്ള അവസരം താരത്തിന് കൈവരുമെന്ന് കരുതിയെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹമത്സരത്തിലെ കണ്‍കഷന്‍ താരത്തെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് പുറത്തിരുത്തുകയായിരുന്നു.

തന്റെ ക്രിക്കറ്റിംഗ് കരിയറിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്നെന്നും വില്‍ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കുക എന്ന് മാത്രമല്ല മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുവാനും തനിക്കായി എന്നത് ഈ ദിവസത്തെ വളരെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നുവെന്നും വില്‍ പുകോവസ്കി വെളിപ്പെടുത്തി.

ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട്

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ വില്ലനായപ്പോള്‍ കളി നടന്നത് വെറും 55 ഓവര്‍ മാത്രം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വില്‍ പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

നൂറ് റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഉടനെ 62 റണ്‍സ് നേടിയ വില്‍ പുകോവസ്കിയെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

60 റണ്‍സ് കൂട്ടുകെട്ടിന്റെ സഹായത്തോടെ ഓസ്ട്രേലിയ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയിട്ടുള്ളത്. 67 റണ്‍സുമായി മാര്‍നസ് ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവ് സ്മിത്തുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയും ഓരോ വിക്കറ്റ് നേടി.

അരങ്ങേറ്റക്കാരനെ പുറത്താക്കി അരങ്ങേറ്റക്കാരന്‍, വില്‍ പുകോവസ്കിയുടെ വിക്കറ്റ് നേടി നവ്ദീപ് സൈനി

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ വിക്കറ്റ് കരസ്ഥമാക്കി നവ്ദീപ് സൈനി. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ താരം വില്‍ പുകോവസ്കിയെ പുറത്താക്കിയാണ് തന്റെ കന്നി വിക്കറ്റ് നേടിയത്. 110 പന്തില്‍ 62 റണ്‍സ് നേടിയ പുകോവസ്കിയെ താരം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും തമ്മിലുള്ള 100 റണ്‍സ് കൂട്ടുകെട്ടാണ് സൈനി തകര്‍ത്തത്.

ഇന്ത്യ നല്‍കിയ അവസരങ്ങള്‍ മുതലാക്കി വില്‍ പുകോവസ്കിയ്ക്ക് അര്‍ദ്ധ ശതകം

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ദ്ധ ശതകത്തോടെ കരിയറിന് തുടക്കമിട്ട് ഓസ്ട്രേലിയയുടെ ഓപ്പണര്‍ വില്‍ പുകോവസ്കി. ഋഷഭ് പന്ത് താരത്തെ രണ്ട് തവണയാണ് കൈവിട്ടത്. സിഡ്നിയില്‍ മഴ വില്ലവായ ആദ്യ ദിവസം 34 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 105/1 എന്ന നിലയിലാണ്.

വില്‍ പുകോവസ്കി 62 റണ്‍സും മാര്‍നസ് ലാബൂഷാനെ 38 റണ്‍സും നേടി ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നു. 5 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്.

ആര് ഓപ്പണ്‍ ചെയ്യണമെന്നത് തന്റെ തലവേദനയല്ല, അത് സെലക്ടര്‍മാരുടേത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നത് ഏറെ കാലമായി ടീം മാനേജ്മെന്റിനെയും സെലക്ടര്‍മാരെയും അലട്ടുന്ന പ്രശ്നമായിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണര്‍ക്കൊപ്പം വില്‍ പുകോവസ്കിയാകുമോ അതോ ജോ ബേണ്‍സ് ആകുമോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ വാര്‍ണര്‍ പരിക്കേറ്റ് പുറത്താകുകയും വില്‍ പുകോവസ്കിയും കണ്‍കഷന്‍ ഭീഷണി കാരണം ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് പുറത്ത് പോയതോടെ ജോ ബേണ്‍സും മാത്യു വെയിഡും ആണ് ഓപ്പണിംഗ് ദൗത്യം ഏറ്റെടുത്തത്.

മോശം ഫോം കാരണം ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഡ്രോപ് ചെയ്യുകയും വാര്‍ണറും പുകോവസ്കിയും വീണ്ടും ടീമിലേക്ക് എത്തിയതോടെ ആരായിരിക്കും സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കായി വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യം വീണ്ടും ഉയര്‍ന്ന് വന്നിട്ടുണ്ട്.

മാത്യു വെയിഡിന് അവസരം നല്‍കണോ അതോ പുകോവസ്കിയ്ക്ക് അരങ്ങേറ്റം നല്‍കണോ എന്നത് സെലക്ടര്‍മാര്‍ ഉത്തരം നല്‍കേണ്ട ഒന്നാണന്നും താന്‍ ഉത്തരം പറയേണ്ട ഒരു ചോദ്യമല്ല അതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

ട്രാവിസ് ഹെഡിന് പകരം മാത്യു വെയിഡിനെ മധ്യ നിരയില്‍ ഇറക്കിയ ശേഷം വില്‍ പുകോവസ്കിയ്ക്ക് ഓപ്പണറായി അവസരം നല്‍കുവാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ആര് തന്നെ ഓപ്പണ്‍ ചെയ്താലും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരിക്കണം ഓസ്ട്രേലിയയുടെ തന്ത്രമെന്നും ഡേവിഡ് വാര്‍ണര്‍ സൂചിപ്പിച്ചു.

സിഡ്നിയിലെ മൂന്നാം ടെസ്റ്റില്‍ നിന്ന് ജോ ബേണ്‍സിനെ ഓസ്ട്രേലിയ ഒഴിവാക്കി, വാര്‍ണറും വില്‍ പുകോവസ്കിയും ടീമില്‍

ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയ ജോ ബേണ്‍സിനെ ഒഴിവാക്കി. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന ഡേവിഡ് വാര്‍ണറെയും വില്‍ പുകോവസ്കിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റില്‍ നിന്ന് 51 റണ്‍സെന്ന ഉയര്‍ന്ന സ്കോര്‍ മാത്രമാണ് ബേണ്‍സിന് നേടാനായത്. മൂന്ന് ഇന്നിംഗ്സുകളില്‍ താരത്തിന് രണ്ടക്ക സ്കോര്‍ നേടുവാനും സാധിച്ചില്ല.

വാര്‍ണര്‍ മൂന്നാം ടെസ്റ്റില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് ഇതോടെ ഉറപ്പായി. അഡിലെയ്ഡില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് കരുതിയിരുന്ന താരമായിരുന്നു വില്‍ പുകോവസ്കി. എന്നാല്‍ താരത്തിന് വീണ്ടും കണ്‍കഷന്‍ ഉണ്ടായതിനാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് താരം പുറത്തിരുന്നു.

ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ്: Tim Paine (c), Sean Abbott, Pat Cummins, Cameron Green, Marcus Harris, Josh Hazlewood, Travis Head, Moises Henriques, Marnus Labuschagne, Nathan Lyon, Michael Neser, James Pattinson, Will Pucovski, Steve Smith, Mitchell Starc, Mitchell Swepson, Matthew Wade, David Warner

ബോക്സിംഗ് ഡേ ടെസ്റ്റിലും വില്‍ പുകോവസ്കി കളിയ്ക്കില്ല

ബോക്സിംഗ് ഡേ ടെസ്റ്റിലും ഓസ്ട്രേലിയന്‍ താരം വില്‍ പുകോവസ്കി കളിക്കില്ല. ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തില്‍ കളിച്ച താരത്തിന്റെ തലയില്‍ പന്ത് കൊണ്ട ശേഷം കണ്‍കഷന്‍ ഭയം കാരണം താരത്തെ പിന്‍വലിയ്ക്കുകയായിരുന്നു. പിന്നീട് താരത്തെ രണ്ടാം സന്നാഹ മത്സരത്തിലും ആദ്യ ടെസ്റ്റില്‍ നിന്നും താരം പിന്മാറേണ്ട സാഹചര്യം വരികയായിരുന്നു.

ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ താരം ജോ ബേണ്‍സിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും പിന്നീട് കണ്‍കഷന്‍ ടെസ്റ്റുകള്‍ പാസ്സാകാത്തതിനാല്‍ താരത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

വില്‍ പുകോവസ്കിയും ആദ്യ ടെസ്റ്റില്‍ കളിക്കുന്നത് സംശയത്തില്‍, മാര്‍ക്കസ് ഹാരിസ് അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പരിക്ക് മൂലം പുറത്ത് നില്‍ക്കുന്നതും വില്‍ പുകോവസ്കിയുടെ കണ്‍കഷന്‍ കാരണം ആദ്യ മത്സരം കളിക്കുന്നത് സംശയത്തിലായതിനാലാണ് ഓസ്ട്രേലിയ ഈ നീക്കത്തിന് മുതിര്‍ന്നത്.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ എ യുടെ ആദ്യ സന്നാഹ മത്സരത്തിനിടെയാണ് പുകോവസ്കിയ്ക്ക് പരിക്കേറ്റത്. ഹാരിസ് ഓസ്ട്രേലിയയ്ക്കായി 9 ടെസ്റ്റില്‍ കളിച്ചിട്ടുണ്ട്. ടീമില്‍ നിന്ന് പുറത്ത് പോയ താരം അടുത്തിടെ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികവുറ്റ പ്രകടനമാണ് നടത്തിയത്.

വില്‍ പുകോവസ്കിയുടെ കാര്യത്തില്‍ ഓസ്ട്രേലിയ കരുതലോടെയുള്ള തീരുമാനം ആണ് എടുക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് വ്യക്തമാക്കി.

Exit mobile version