എംസിജി പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി

ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് അരങ്ങേറിയ ബെല്‍ബേണിലെ പിച്ച് മോശമെന്ന് വിലയിരുത്തി ഐസിസി. രണ്ടാഴ്ചയ്ക്കകം ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ ഐസിസിയ്ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. പിച്ചില്‍ ശരാശരി ബൗണ്‍സ് മാത്രമാണ് ഉണ്ടായതെന്നും മത്സരം പുരോഗമിക്കുംതോറും അത് കുറഞ്ഞു വന്നുവെന്നുമാണ് മാച്ച് റഫറി രഞ്ജന്‍ മഡ്ഗുലേയുടെ വിലയിരുത്തല്‍. പിച്ചില്‍ ബാറ്റ്സ്മാന്മാര്‍ക്കോ ബൗളര്‍മാര്‍ക്കോ യാതൊരു വിധ പിന്തുണയുമുണ്ടായിരുന്നില്ല എന്നാണ് രഞ്ജന്‍ തന്റെ നിരീക്ഷണത്തില്‍ വ്യക്തമാക്കിയത്.

അഞ്ച് ദിവസത്തെ മത്സര കാലയളവില്‍ പിച്ചില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും പേസോ ബൗണ്‍സോ സ്പിന്നോ പോലും പിച്ചില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു മത്സരശേഷം സ്റ്റീവന്‍ സ്മിത്തിന്റെ പ്രതികരണം. പിച്ച് ഫ്ലാറ്റാവുന്നതില്‍ കുഴപ്പമില്ല പക്ഷേ ബൗണ്‍സും കാരിയും ഉണ്ടാവണം എന്നാല്‍ എംസിജിയില്‍ ഇതൊന്നുമായിരുന്നില്ല സ്ഥിതി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനൊപ്പം

ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നു. മെന്ററും ബാറ്റിംഗ് കോച്ചും എന്ന റോളിലാണ് ഗാരി കിര്‍സ്റ്റന്‍ പ്രവര്‍ത്തിക്കുക. ആശിഷ് നെഹ്റ ബൗളിംഗ് കോച്ചായി സേവനം അനുഷ്ഠിക്കും. ഇതിനു മുമ്പ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോച്ചായി പ്രവര്‍ത്തിച്ച കിര്‍സ്റ്റന്‍ നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന് സ്റ്റീവന്‍ സ്മിത്ത്

സിഡ്നിയിലെ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് സ്റ്റീവന്‍ സ്മിത്ത് വിട്ടു നില്‍ക്കുവാന്‍ സാധ്യത. പുറം വേദന കാരണം ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനത്തില്‍ നിന്ന് നായകന്‍ വിശ്രമം എടുക്കുകയായിരുന്നു. സ്മിത്ത് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തിനു സെലക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും താരം തന്നെ വിശ്രമം തേടിയതോടെ സ്മിത്ത് അവസാന ടെസ്റ്റില്‍ കളിക്കാനുണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയായ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആഷസ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. നാലാമത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ മത്സരം ഇംഗ്ലണ്ടിനു മേല്‍ക്കൈ നേടാനായെങ്കിലും മത്സരം സമനിലയിലാക്കാന്‍ നിര്‍ണ്ണായകമായ ശതകമാണ് രണ്ടാം ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്ത് നേടിയത്. സ്റ്റീവ് സ്മിത്ത് കളിക്കാത്ത പക്ഷം ഡേവിഡ് വാര്‍ണര്‍ ആവും ഓസ്ട്രേലിയയെ സിഡ്നിയില്‍ നയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ട് മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനവസരം കൊടുക്കുവാന്‍ സാധ്യത

സിഡ്നിയില്‍ ജനുവരി നാലിനു ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ യുവ സ്പിന്നര്‍ മേസണ്‍ ക്രെയിന്‍ കളിക്കുവാന്‍ സാധ്യതയെന്ന് സൂചന. സിഡ്നിയിലെ സ്പിന്നിനു അനുകൂലമായ പിച്ചില്‍ മേസണ്‍ തന്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബേലിസ് നല്‍കുന്ന സൂചന. ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയായതോടെ 5-0 എന്ന നിലയില്‍ വൈറ്റ് വാഷ് ഇംഗ്ലണ്ട് ഒഴിവാക്കിയിരുന്നു. 20 വയസ്സുകാരന്‍ സ്പിന്നറുള്‍പ്പെടെ ഒന്ന് രണ്ട് മാറ്റങ്ങളോടെയാവും ഇംഗ്ലണ്ട് സിഡ്നിയില്‍ ഇറങ്ങുക എന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

മോയിന്‍ അലിയുടെ മോശം ഫോമും മേസണ്‍ ക്രെയിനിനു അരങ്ങേറ്റത്തിനുള്ള അവസരം കൂടുതല്‍ ശക്തമാക്കുകയാണ്. മോയിന്‍ അലിയും മേസണ്‍ ക്രെയിനും ഒരുമിച്ച് സിഡ്നിയില്‍ കളിക്കുവാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിഡ്നി പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നു എന്നതും ഒരു ഘടകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിച്ചല്‍ മാര്‍ഷ് ഐപിഎല്‍ 2018നു ഇല്ല

ഐപിഎല്‍ പുതിയ സീസണില്‍ കളിക്കാന്‍ വരേണ്ടതില്ല എന്ന് തീരുമാനിച്ച് മിച്ചല്‍ മാര്‍ഷ്. കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 4.8 കോടിയ്ക്ക് സ്വന്തമാക്കിയ താരം ഇത്തവണ സസക്സിനു വേണ്ടി കൗണ്ടി കളിക്കാന്‍ പോകുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. തന്റെ ടെസ്റ്റ് കരിയറിനും 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസില്‍ ടീമിലിടം പിടിക്കാനുപയോഗപ്രദവുമാകുന്ന ഒരു തീരുമാനമാകും ഇപ്പോള്‍ താനെടുക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.

സാമ്പത്തികമായി തന്റെ തീരുമാനം തെറ്റായിരിക്കാം എന്നാല്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുക എന്നതാണ് തന്റെ പ്രഥമമായ ലക്ഷ്യമെന്ന് മിച്ചല്‍ മാര്‍ഷ് പറഞ്ഞു. കൗണ്ടിയില്‍ കളിക്കുന്നത് വഴി തന്റെ കളി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അടുത്തറിയുന്നത് അടുത്ത ആഷസ് ടീമില്‍ ഇടം പിടിക്കാന്‍ തന്നെ സഹായിക്കുമെന്നാണ് വിശ്വാസമെന്നാണ് താരം പറഞ്ഞത്.

ഏറെ നാളിനു ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മിച്ചല്‍ മാര്‍ഷ് മികച്ചൊരു ശതകത്തോടെയാണ് മൂന്നാം ടെസ്റ്റില്‍ തന്റെ മടങ്ങിവരവ് അറിയിച്ചത്. നാലാം ടെസ്റ്റിലും 166 പന്ത് നേരിട്ട് നിര്‍ണ്ണായകമായ ഒരു ഇന്നിംഗ്സാണ് മാര്‍ഷ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് കോച്ചാവാന്‍ താന്‍ ഇല്ലെന്ന് ബ്രെറ്റ് ലീ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്ഷണം നിരസിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ. തങ്ങളുടെ ബൗളിംഗ് കോച്ചാകുവാനുള്ള ചെന്നൈയുടെ ക്ഷണം ആണ് ബ്രെറ്റ് ലീ നിരസിച്ചത്. തനിക്ക് ഇനിയും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കുവാനാണ് ആഗ്രഹമെന്നാണ് ലീ പറഞ്ഞത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ ടീമുകള്‍ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള നെട്ടോട്ടത്തിലാണ്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് മെന്റര്‍ ആയി ലീ പ്രവര്‍ത്തിച്ചിരുന്നു. അതിനു മുമ്പ് അതേ ടീമിനായി കളിക്കാരനായും ഐപിഎലില്‍ ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ റൂബി കാഞ്ചി വാരിയേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമായും ബ്രെറ്റ് ലീ സഹകരിച്ചിരുന്നു. സ്റ്റീവന്‍ ഫ്ലെമിംഗ് മുഖ്യ പരിശീലകനായും മൈക്കല്‍ ഹസ്സി ചെന്നൈയുടെ ബാറ്റിംഗ് കോച്ചായും എത്തുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ കോച്ചായി എത്തുന്നുവോ?

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍. റിക്കി പോണ്ടിംഗുമായി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന വട്ട ചര്‍ച്ചകളിലാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 2019 ആഷസ് പരമ്പരയോടെ ഡാരന്‍ ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ചിംഗ് കരിയറിനു വിരാമമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിക്കുവാനായത് പോണ്ടിംഗിനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയുടെ ടി20 ടീം ശ്രീലങ്കയുമായി മൂന്ന് മത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കോച്ചിംഗ് സ്റ്റാഫായി ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗും എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ടി20 ടീമിന്റെ പരിശീലകരായി മുന്‍ താരങ്ങള്‍ ഒത്തുകൂടിയത്.

സമാനമായ സ്ഥിതി ഈ വര്‍ഷവും ഫെബ്രുവരിയില്‍ സംജാതമാകുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം തയ്യാറെടുക്കുന്ന സമയത്ത് തന്നെയാണ് ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകളുമായി ചേര്‍ന്ന് ടി20 ത്രിരാഷ്ട്ര പരമ്പരയും അരങ്ങേറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെര്‍ത്തിനു നാലാം ജയം, തിളങ്ങി ക്ലിംഗര്‍

മൈക്കല്‍ ക്ലിംഗര്‍ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തുടര്‍ച്ചയായ നാലാം ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പെര്‍ത്ത് ഉയര്‍ന്നു. സിഡ്നി സിക്സേര്‍സ് നേടിയ 167 റണ്‍സ് 19.1 ഓവറില്‍ പെര്‍ത്ത് മറികടക്കുകയായിരുന്നു. 19.1 ഓവറില്‍ 170/4 എന്ന നിലയിലായിരുന്നു വിജയ നേടുമ്പോള്‍ പെര്‍ത്ത്. 83 റണ്‍സ് നേടിയ ക്ലിംഗറും 45 റണ്‍സുമായി ആഷ്ടണ്‍ ടര്‍ണറുമാണ് പെര്‍ത്ത് നിരയില്‍ തിളങ്ങിയത്. സിക്സേര്‍സിനു വേണ്ടി ഡാനിയല്‍ സാംസ് രണ്ടും ബെന്‍ ഡ്വാര്‍ഷൂയിസ് ഒരു വിക്കറ്റും നേടി.

നേരത്തെ ജോര്‍ദന്‍ സില്‍ക്ക്(45*), 33 റണ്‍സ് വീതം നേടി പീറ്റര്‍ നെവില്‍, സാം ബില്ലിംഗ്സ്, 30 റണ്‍സ് നേടിയ നിക് മാഡിന്‍സണ്‍ എന്നിവരുടെ മികവിലാണ് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ സിഡ്നി സിക്സേര്‍സ് 167 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സബ്ബീര്‍ റഹ്മാനു മേല്‍ പിഴ ചുമത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ കളി കാണാനെത്തിയൊരാളെ മര്‍ദ്ദിച്ചതിനു സബ്ബീര്‍ റഹ്മാനു വിലക്കും പിഴയും. താരത്തിന്റെ ദേശീയ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് 20 ലക്ഷം ടാക്ക പിഴയും ആറ് മാസത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കും ചുമത്തുകയായിരുന്നു. ഇത് താരത്തിനുള്ള അവസാന അവസരമാണെന്നും ഒരുവട്ടം കൂടി ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്കാവും ഫലമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഇന്നിംഗ്സ് ബ്രേക്കിനിടെ തനിക്ക് നേരെ ശബ്ദമുണ്ടാക്കിയ ഒരു കാണിയ്ക്കെതിരെ സബ്ബീര്‍ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് മാച്ച് റഫറിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ട്. സൈഡ് സ്ക്രീനിനു പിന്നില്‍ നടന്ന സംഭവം റിസര്‍വ് അമ്പയറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിനു ശേഷം സംഭവം മാച്ച് റഫറിയെ അറിയിക്കുകയും സംഭവത്തെ കുറിച്ച് വിശദീകരണം മാച്ച് റഫറി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടും മാന്യമായ രീതിയില്ലല്ല താരം പെരുമാറിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇതിനു മുമ്പും താരം ഒന്നു രണ്ട് തവണ ഇത്തരത്തില്‍ മോശം കാരണങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സില്‍ക്കിന്റെ മികവില്‍ 167 റണ്‍സ് നേടി സിഡ്നി സിക്സേര്‍സ്

ആദ്യ ജയം തേടിയിറങ്ങിയ സിഡ്നി സിക്സേര്‍സിനു മികച്ച സ്കോര്‍. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത് സിഡ്നി 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയത്. 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോര്‍ദന്‍ സില്‍ക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പീറ്റര്‍ നെവില്‍(33), നിക് മാഡിന്‍സണ്‍(30), സാം ബില്ലിംഗ്സ്(33) എന്നിവരും മികച്ച റേറ്റില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ സിഡ്നി സിക്സേര്‍സ് മികച്ച സ്കോറിലേക്കെത്തി ചേര്‍ന്നു.  15 റണ്‍സ് നേടി ബെന്‍ ഡ്വാര്‍ഷൂയിസും സില്‍ക്കിനു മികച്ച പിന്തുണയുമായി ക്രീസില്‍ നിലയുറപ്പിച്ചു.

ഡേവിഡ് വില്ലി 2 വിക്കറ്റ് നേടി പെര്‍ത്തിനായി മികവ് പുലര്‍ത്തി. ആന്‍ഡ്രൂ ടൈ, ജെയിംസ് മുയിര്‍ഹെഡ് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചരിത്ര വിജയത്തിനരികെ വിദര്‍ഭ, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി ഡല്‍ഹി

രഞ്ജി ട്രോഫി നാലാം ദിവസം അവസാനിക്കുമ്പോള്‍ വിദര്‍ഭ ചരിത്ര വിജയത്തിനരികെ വിദര്‍ഭ. വെറും 28 റണ്‍സിന്റെ ലീഡ് മാത്രം നേടാനായിട്ടുള്ള ഡല്‍ഹിയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 280 റണ്‍സിനു ഓള്‍ഔട്ട് ആയി. അക്ഷയ് വഖാറേയുടെ ബൗളിംഗ് മികവിനു മുന്നില്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ തകര്‍ന്നടിയുകയായിരുന്നു. അക്ഷയ് 4 വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി വിക്കറ്റ് നേടി. ചരിത്ര രഞ്ജി കിരീടം സ്വന്തമാക്കാന്‍ 29 റണ്‍സാണ് വിദര്‍ഭയ്ക്ക് നേടേണ്ടത്.

ഒമ്പതാം വിക്കറ്റില്‍ ഒത്തുകൂടിയ വികാസ് മിശ്ര-ആകാശ് സുദന്‍ കൂട്ടുകെട്ടാണ് ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. 2 വിക്കറ്റ് മാത്രം ശേഷിക്കെ 18 റണ്‍സ് പിന്നിലായിരുന്ന ഡല്‍ഹിയ്ക്കെതിരെ ഇന്നിംഗ്സ് വിജയം വിദര്‍ഭ ലക്ഷ്യം വെച്ചുവെങ്കിലും 45 റണ്‍സ് നേടിയ കൂട്ടുകെട്ട് ലീഡ് തിരിച്ചു പിടിക്കുവാന്‍ ഡല്‍ഹിയെ സഹായിച്ചു. 34 റണ്‍സ് നേടിയ വികാസ് മിശ്ര പുറത്തായപ്പോള്‍ ഡല്‍ഹിയുടെ പക്കല്‍ 27 റണ്‍സ് ലീഡാണ് ഉണ്ടായിരുന്നത്. ഒരു റണ്‍ കൂടി നേടുന്നതിനിടയില്‍ ഡല്‍ഹി ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 18 റണ്‍സ് നേടിയ ആകാശ് സുദന്‍ ആണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍.

64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version