ചരിത്രം കുറിച്ച് വിദര്‍ഭ, രഞ്ജി ചാമ്പ്യന്മാര്‍

ഡല്‍ഹിയ്ക്കെതിരെ 9 വിക്കറ്റ് വിജയം  സ്വന്തമാക്കി വിദര്‍ഭ രഞ്ജി ചാമ്പ്യന്മാര്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 547 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഡല്‍ഹി 280 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അക്ഷയ് വാഖറേ 4 വിക്കറ്റുകളുമായി ഡല്‍ഹിയുടെ ചെറുത്ത് നില്പ് അവസാനിപ്പിക്കുകയായിരുന്നു. ആദിത്യ സര്‍വാതേ മൂന്നും രജനീഷ് ഗുര്‍ബാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 64 റണ്‍സ് നേടിയ നീതീഷ് റാണയും 62 റണ്‍സുമായി ധ്രുവ് ഷോറേയുമാണ് ഡല്‍ഹിയ്ക്കായി തിളങ്ങിയത്. ഗൗതം ഗംഭീര്‍ 36 റണ്‍സ് നേടി പുറത്തായി. ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് 32 റണ്‍സ് നേടി.

ഡല്‍ഹി നല്‍കിയ 29 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിദര്‍ഭ മറികടന്നത്. 5ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് വസീം ജാഫര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 32/1 എന്ന നിലയിലായിരുന്നു വിദര്‍ഭ ജയം സ്വന്തമാക്കുമ്പോള്‍. 17 റണ്‍സുമായി വസീം ജാഫര്‍ 9 റണ്‍സ് നേടി സഞ്ജയ് രാമസ്വാമി എന്നിവരായിരുന്നു ക്രീസില്‍. 2 റണ്‍സ് നേടിയ വിദര്‍ഭ നായകന്‍ ഫൈസ് ഫസലാണ് പുറത്തായ ബാറ്റ്സ്മാന്‍.

വിദര്‍ഭയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ഫൈസ് ഫസല്‍(67), വസീം ജാഫര്‍(78), അദിത്യ സര്‍വാതേ(79), സിദ്ദേഷ് നേരാല്‍(74) എന്നിവരും നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.

ഡല്‍ഹി ആദ്യ ഇന്നിംഗ്സില്‍ 295 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഗുര്‍ബാനി ഹാട്രിക്ക് നേട്ടമുള്‍പ്പെടെ 6 വിക്കറ്റുകള്‍ നേടി ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സിനു വിരാമമിടുകയായിരുന്നു. 145 റണ്‍സ് നേടിയ ധ്രുവ ഷോറേയായിരുന്നു ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version