ഓവന്റെ 39 പന്തിലെ വെടിക്കെട്ട് സെഞ്ച്വറി! ഹൊബാർട്ട് ഹറിക്കേൻസ് ബിഗ് ബാഷ് ലീഗ് കിരീടം സ്വന്തമാക്കി

ബെല്ലെറിവ് ഓവലിൽ നടന്ന ഫൈനലിൽ സിഡ്‌നി തണ്ടറിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഹൊബാർട്ട് ഹരിക്കേൻസ് ബിഗ് ബാഷ് കിരീടം സ്വന്തമാക്കി. മിച്ചൽ ഓവൻ 39 പന്തിൽ നിന്ന് സെഞ്ച്വറി നേടി ഹൊബാർട്ട് ഹരിക്കേൻസിനെ അവരുടെ കന്നി ബിഗ് ബാഷ് ലീഗ് കിരീടത്തിലേക്ക് നയിക്കുക ആയിരുന്നു.

183 റൺസ് പിന്തുടർന്ന ഹൊബാർട് ഓവന്റെ 42 പന്തിൽ നിന്ന് 6 ഫോറുകളും 11 സിക്സറുകളും ഉൾപ്പെടെയുള്ള 108 റൺസിന്റെ ബലത്തിൽ വെറും 14.1 ഓവറിൽ ലക്ഷ്യം പിന്തുടർന്നു.

ആദ്യം ബാറ്റ് ചെയ്ത തണ്ടർ ജേസൺ സംഘയുടെ 67 റൺസിന്റെയും ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ 48 റൺസിന്റെയും കരുത്തിൽ 182/7 എന്ന സ്കോർ ആണ് നേടിയത്. നാഥൻ എല്ലിസും റൈലി മെറെഡിത്തും ഹറികൻസിന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ഓവനും കാലെബ് ജുവലും ചേർന്ന് വെറും 7.2 ഓവറിൽ 109 റൺസ് കൂട്ടിച്ചേർത്തു. ജുവലും നിഖിൽ ചൗധരിയും പെട്ടെന്ന് പുറത്തായെങ്കിലും, ഓവൻ തന്റെ ആക്രമണം തുടർന്നു. ഓവൻ ഔട്ട് ആയ ശേഷം മാത്യു വെയ്ഡും (17 പന്തിൽ 32) ബെൻ മക്ഡെർമോട്ടും (12 പന്തിൽ 18) പിന്നീട് ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു.

ഹരിക്കേൻസിന്റെ 14 വർഷത്തെ കാത്തിരിപ്പിന് ഈ വിജയം അവസാനം കുറിച്ചു. .

മെൽബൺ സ്റ്റാർസ് സ്റ്റോയിനിസിനെ ക്യാപ്റ്റൻ ആയി നിയമിച്ചു

മാർക്കസ് സ്റ്റോയിനിസിനെ വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിലേക്കുള്ള മെൽബൺ സ്റ്റാർസിൻ്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. അഞ്ച് വർഷമായി ക്യാപ്റ്റൻ ആയിരുന്ന ഗ്ലെൻ മാക്സ്വെല്ലിൻ്റെ പിൻഗാമിയായാണ് സ്റ്റോയിനിസ് എത്തുന്നത്. 35 കാരനായ ഓൾറൗണ്ടർ സ്റ്റാർസിലെ ഒരു പ്രധാന അംഗമാണ്, ഫ്രാഞ്ചൈസിക്കായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അടുത്തിടെ മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തിലും ഒപ്പുവച്ചു.

കഴിഞ്ഞ സീസണിൽ മാക്‌സ്‌വെല്ലിൻ്റെ അഭാവത്തിൽ ടീമിനെ ഹ്രസ്വമായ കാലയളവിൽ സ്റ്റോയിനിസ് ടീമിനെ നയിച്ചിട്ടുണ്ട്.

സൂസി ബെയ്റ്റ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് പകരക്കാരിയായി എത്തുന്നു

ന്യൂസിലാണ്ട് താരം സൂസി ബെയ്റ്റ്സിനെ സ്വന്തമാക്കി വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസി ആയ ഹോബാര്‍ട് ഹറികെയന്‍സ്. പകരം താരമായാണ് സൂസിയെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. മുമ്പ് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്, സിഡ്നി സിക്സേഴ്സ് , പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തെ ഇത്തവണ ബിഗ് ബാഷ് ഡ്രാഫ്ടിൽ ആരും സ്വന്തമാക്കിയിരുന്നില്ല.

എന്നാൽ ചില ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണ്ണമെന്റ് അവസാനത്തോടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി മടങ്ങുമെന്നതിനാലാണ് ഹറികെയന്‍സ് സൂസി ബെയ്റ്റ്സിനെ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ ഡാനിയേൽ വയട്ടിന് പകരം ആണ് ബെയ്റ്റ്സ് ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിൽ ടീമിനൊപ്പം എത്തുക.

മെൽബേൺ റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പുവെച്ച് നഥാന്‍ ലയൺ

ബിഗ് ബാഷിൽ നഥാന്‍ ലയണിന് മൂന്ന് വര്‍ഷത്തെ കരാര്‍. താരം മെൽബേൺ റെനഗേഡ്സുമായാണ് കരാറിലെത്തിയിരിക്കുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ സിഡ്നി സിക്സേഴ്സിൽ നിന്നാണ് ലയൺ റെനഗേഡ്സിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓസ്ട്രേലിയയ്ക്കായി ടി20 ഫോര്‍മാറ്റിൽ കളിച്ചിട്ടില്ലാത്ത താരത്തിന് ഇത്തവണ മെൽബേൺ സ്റ്റാര്‍സിൽ നിന്നെത്തുന്ന ആഡം സംപയുമായി കളിക്കാനുള്ള അവസരം റെനഗേഡ്സിലുണ്ട്.

വീണ്ടും കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, അഞ്ചാം കിരീടം

ബിഗ് ബാഷിൽ തങ്ങളുടെ ആധിപത്യം തുടര്‍ന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് ഇത്തവണ ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ അവസാന ഓവറിലാണ് അഞ്ച് വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ 175/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 റൺസ് നേടിയ മക്സ്വീനി, മാക്സ് ബ്രയന്റ്(14 പന്തിൽ 31), ഹീസലെറ്റ്(34), ജോഷ് ബ്രൗൺ(12 പന്തിൽ 25), സാം ഹെയിന്‍(21*) എന്നിവരാണ് റൺസ് കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ ഹീറ്റ് 104/1 എന്ന നിലയിലായിരുന്നു. അതിന് ശേഷമാണ് മികച്ച ബൗളിംഗുമായി സ്കോര്‍ച്ചേഴ്സ് മത്സരത്തിലേക്ക് തിരികെ വന്നത്.

32 പന്തിൽ 53 റൺസ് നേടിയ ആഷ്ടൺ ടര്‍ണറിന് പിന്തുണയായി നിക് ഹോബ്സൺ(7 പന്തിൽ പുറത്താകാതെ 18), കൂപ്പര്‍ കോണ്ണലി(11 പന്തിൽ പുറത്താകാതെ 25) എന്നിവര്‍ തിളങ്ങിയപ്പോള്‍ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി പെര്‍ത്ത് അഞ്ചാം ബിഗ് ബാഷ് കിരീടം സ്വന്തമാക്കുകയായിരുന്നു.

ബിഗ് ബാഷ് ഫൈനലില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ബ്രിസ്ബെയിന്‍ ഹീറ്റും ഏറ്റുമുട്ടും

ബിഗ് ബാഷിന്റെ 2022-23 പതിപ്പിന്റെ ഫൈനലില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ബ്രിസ്ബെയിന്‍ ഹീറ്റും ഏറ്റുമുട്ടും. ഇന്ന് നടന്ന ചലഞ്ചര്‍ മത്സരത്തിൽ സിഡ്നി സിക്സേഴ്സിനെതിരെ ബ്രിസ്ബെയിന്‍ ഹീറ്റ് 4 വിക്കറ്റ് വിജയം നേടുകയായിരുന്നു.

ബ്രിസ്ബെയിന്‍ ഹീറ്റ് സിഡ്നി തണ്ടറിനെ എലിമിനേറ്ററിൽ എട്ട് റൺസിന് പരാജയപ്പെടുത്തിയ ശേഷം നോക്ക്ഔട്ട് ഘട്ടത്തിൽ മെൽബേൺ റെനഗേഡ്സിനെ പരാജയപ്പെടുത്തിയാണ് ചലഞ്ചര്‍ മത്സരത്തിന് യോഗ്യത നേടിയത്.

അതേ സമയം പെര്‍ത്ത് സിഡ്നി സിക്സേഴ്സിനെ ക്വാളിഫയര്‍ മത്സരത്തിൽ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

2024-25 സീസൺ മുതൽ ബിഗ് ബാഷ് മത്സരങ്ങള്‍ 43 എണ്ണമായി ചുരുക്കും

2024-25 സീസൺ മുതൽ ബിഗ് ബാഷ് ലീഗ് മത്സരങ്ങളുടെ എണ്ണം കുറയ്ക്കും. നിലവിൽ 61 മത്സരങ്ങളാണ് ലീഗ് ഘട്ടത്തിലുള്ളതെങ്കിൽ അത് 43 മത്സരങ്ങളായി ചുരുക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയും ഫോക്സ്ടെൽ ഗ്രൂപ്പും സെവന്‍ വെസ്റ്റ് മീഡിയയും തമ്മിലുള്ള പ്രാദേശിക ബ്രോഡ്കാസ്റ്റ് ഡീലിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങള്‍.

2017-18 സീസണല്‍ ആണ് ബിഗ് ബാഷ് അവസാനമായി 43 മത്സരങ്ങളുടെ ഫോര്‍മാറ്റിൽ കളിച്ചത്. പിന്നീട് മത്സരങ്ങള്‍ 61 എണ്ണമായി ഉയര്‍ത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ദൈര്‍ഘ്യം കാരണം ഓസ്ട്രേലിയന്‍ ദേശീയ ടീമിലെ പ്രമുഖ താരങ്ങള്‍ പലപ്പോഴും ബിഗ് ബാഷിൽ കളിക്കാറില്ലായിരുന്നു.

വിശ്വസിക്കുമോ!!! 15 റൺസിന് ഓള്‍ഔട്ട് ആയി സിഡ്നി തണ്ടര്‍, ബിഗ്ബാഷിൽ അവിശ്വസനീയ ബാറ്റിംഗ് തകര്‍ച്ച

ബിഗ് ബാഷിൽ ഇന്നത്തെ മത്സരത്തിൽ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി സിഡ്നി തണ്ടര്‍. ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ 139/9 എന്ന സ്കോറിന് ഒതുക്കിയെങ്കിലും വെറും 15 റൺസ് മാത്രമാണ് സിഡ്നി തണ്ടര്‍ നേടിയത്. 5.5 ഓവര്‍ മാത്രമാണ് ടീം ബാറ്റിംഗ് പിടിച്ച് നിന്നത്.

5 താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അഡിലെയ്ഡിനായി ഹെന്‍റി തോര്‍ട്ടൺ അഞ്ചും വെസ് അഗര്‍ നാലും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡിനായി ക്രിസ് ലിന്‍(36), കോളിന്‍ ഡി ഗ്രാന്‍ഡോം(33) എന്നിവരാണ് റൺസ് കണ്ടെത്തിയത്.

ഗപ്ടിലിനെ സ്വന്തമാക്കി മെൽബേൺ റെനഗേഡ്സ്

ന്യൂസിലാണ്ടിന്റെ അടുത്തിടെ കേന്ദ്ര കരാര്‍ പട്ടികയിൽ നിന്ന് പുറത്തായ ഓപ്പണിംഗ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സ്. തന്നെ കരാറിൽ നിന്ന് റിലീസ് ചെയ്യുവാന്‍ ഗപ്ടിൽ തന്നെയാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഗപ്ടിലിനെ ലിയാം ലിവിംഗ്സ്റ്റണിന് പകരം ആണ് റെനഗേഡ്സ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനിലേക്കുള്ള ടെസ്റ്റ് സംഘത്തിൽ ലിയാം ലിവിംഗ്സ്റ്റണിന് ഇടം ലഭിച്ചതാണ് താരം ബിഗ് ബാഷിൽ നിന്ന് പിന്മാറുവാന്‍ കാരണമായത്.

ഗപ്ടിൽ റെനഗേഡ്സിന്റെ പത്ത് ലീഗ് മത്സരങ്ങളിൽ കളിക്കുമെന്നാണ് അറിയുന്നത്. 10 സീസണുകള്‍ക്ക് മുമ്പ് സിഡ്നി തണ്ടറിന് വേണ്ടി ഒരു മത്സരം കളിച്ചതാണ് ഗപ്ടില്‍ ബിഗ് ബാഷിൽ മുമ്പ് കളിച്ച ഏക മത്സരം.

അഫ്ഗാന്‍ താരത്തെ സ്വന്തമാക്കി സിഡ്നി തണ്ടര്‍

അഫ്ഗാനിസ്ഥാന്‍ താരം ഫസൽഹഖ് ഫറൂഖിയെ സ്വന്തമാക്കി സിഡ്നി തണ്ടര്‍. ഡേവിഡ് വില്ലി പിന്മാറിയതിനെത്തുടര്‍ന്നാണ് ഫറൂഖിയെ ബിഗ് ബാഷ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിന്റെ ആദ്യ 9 റൗണ്ട് മത്സരങ്ങള്‍ക്ക് ഫറൂഖിയുടെ സേവനം ടീമിന് ലഭിയ്ക്കും.

അഫ്ഗാനിസ്ഥാനായി 17 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും 7 ഏകദിനങ്ങളിലും കളിച്ചിട്ടുള്ളയാളാണ് ഫസൽഹഖ് ഫറൂഖി. താരം അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്ട്രേലിയയ്ക്കെതിരെ 29 റൺസ് വിട്ട് നൽകി 2 വിക്കറ്റ് താരം നേടിയിരുന്നു. ഐപിഎലിലും പങ്കെടുത്തിട്ടുള്ളയാളാണ് ഫസൽഹഖ് ഫറൂഖി.

ബിഗ് ബാഷിൽ നിന്ന് പിന്മാറി ഡേവിഡ് വില്ലി

ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി ബിഗ് ബാഷിൽ നിന്ന് പിന്മാറി. സിഡ്നി തണ്ടറായിരുന്നു താരത്തെ ബിഗ് ബാഷിൽ ആദ്യമായി ഡ്രാഫ്ട് സംവിധാനം കൊണ്ടുവന്നപ്പോള്‍ അത് വഴി താരത്തെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം കൂടിയായിരുന്നു ഡേവിഡ് വില്ലി. എന്നാ. താരത്തിന് ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.

ഡേവിഡ് വില്ലി പിന്മാറിയത് ടീമിന് വലിയ തിരിച്ചടിയാണ്. ടീമിലെ വിദേശ താരങ്ങളായ അലക്സ് ഹെയിൽസും റൈലി റൂസ്സോയും ജനുവരി ആദ്യം തന്നെ ടൂര്‍ണ്ണമെന്റിൽ നിന്ന് തിരിച്ച് പോകുവാനിരിക്കുകയാണ്.

എന്നാൽ 2013ന് ശേഷം ആദ്യമായി ഡേവിഡ് വാര്‍ണറുടെ സേവനം ലഭിയ്ക്കും എന്നത് തണ്ടറിന് വലിയ ആശ്വാസമാണ്.

ബിഗ് ബാഷിൽ ഡ്രാഫ്ടിലൂടെ ടീമുകള്‍ സ്വന്തമാക്കിയത് 24 വിദേശ താരങ്ങളെ, ബോള്‍ട്ടും റഷീദ് ഖാനും ലിവിംഗ്സ്റ്റണും പ്രമുഖരിൽ ചിലര്‍

ബിഗ് ബാഷിന്റെ 12ാം പതിപ്പിന്റെ ഡ്രാഫ്ടിൽ 24 വിദേശ താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. 20 രാജ്യങ്ങളിൽ നിന്ന് 332 താരങ്ങളാണ് ബിഗ് ബാഷിൽ ആദ്യമായി നടന്ന ഡ്രാഫ്ട് സംവിധാനത്തിൽ പങ്കെടുത്തത്.

ഇവരിൽ ലിയാം ലിവിംഗ്സ്റ്റൺ, ട്രെന്റ് ബോള്‍ട്ട്, റഷീദ് ഖാന്‍ എന്നിവരാണ് ചില പ്രമുഖ താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റൺ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കും. ഡ്രാഫ്ടില്‍ ആദ്യമായി സ്വന്തമാക്കപ്പെട്ട താരമായിരുന്നു ലിയാം ലിവിംഗ്സ്റ്റൺ.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് റഷീദ് ഖാനെ തുടര്‍ച്ചയായ ആറാം സീസണിൽ ടീമിനൊപ്പം നിലനിര്‍ത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. 12 പ്ലാറ്റിനം താരങ്ങള്‍ ആണ് ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കുവാനായി എത്തിയത്. ഇവര്‍ക്ക് $340,000 ആണ് സാലറി ബാന്‍ഡ്. രണ്ടാം റൗണ്ടിൽ $260,000 സാലറി ബാന്‍ഡിൽ ഉള്ള പ്ലാറ്റിനം, ഗോള്‍ഡ് താരങ്ങളും മൂന്നാം റൗണ്ടിൽ $175,000 സാലറി ബാന്‍ഡിൽ ഉള്ള ഗോള്‍ഡ്, സിൽവര്‍ താരങ്ങളും നാലാം റൗണ്ടിൽ $100,000 സാലറി ബാന്‍ഡിലുള്ള സിൽവര്‍, ബ്രോൺസ് താരങ്ങളുമാണ് ഡ്രാഫ്ടിലെത്തിയത്.

 

 

Exit mobile version