വീണ്ടും കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, അഞ്ചാം കിരീടം

ബിഗ് ബാഷിൽ തങ്ങളുടെ ആധിപത്യം തുടര്‍ന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് ഇത്തവണ ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ അവസാന ഓവറിലാണ് അഞ്ച് വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ 175/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 41 റൺസ് നേടിയ മക്സ്വീനി, മാക്സ് ബ്രയന്റ്(14 പന്തിൽ 31), ഹീസലെറ്റ്(34), ജോഷ് ബ്രൗൺ(12 പന്തിൽ 25), സാം ഹെയിന്‍(21*) എന്നിവരാണ് റൺസ് കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ ഹീറ്റ് 104/1 എന്ന നിലയിലായിരുന്നു. അതിന് ശേഷമാണ് മികച്ച ബൗളിംഗുമായി സ്കോര്‍ച്ചേഴ്സ് മത്സരത്തിലേക്ക് തിരികെ വന്നത്.

32 പന്തിൽ 53 റൺസ് നേടിയ ആഷ്ടൺ ടര്‍ണറിന് പിന്തുണയായി നിക് ഹോബ്സൺ(7 പന്തിൽ പുറത്താകാതെ 18), കൂപ്പര്‍ കോണ്ണലി(11 പന്തിൽ പുറത്താകാതെ 25) എന്നിവര്‍ തിളങ്ങിയപ്പോള്‍ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി പെര്‍ത്ത് അഞ്ചാം ബിഗ് ബാഷ് കിരീടം സ്വന്തമാക്കുകയായിരുന്നു.

ബിഗ് ബാഷ് ഫൈനലില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ബ്രിസ്ബെയിന്‍ ഹീറ്റും ഏറ്റുമുട്ടും

ബിഗ് ബാഷിന്റെ 2022-23 പതിപ്പിന്റെ ഫൈനലില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ബ്രിസ്ബെയിന്‍ ഹീറ്റും ഏറ്റുമുട്ടും. ഇന്ന് നടന്ന ചലഞ്ചര്‍ മത്സരത്തിൽ സിഡ്നി സിക്സേഴ്സിനെതിരെ ബ്രിസ്ബെയിന്‍ ഹീറ്റ് 4 വിക്കറ്റ് വിജയം നേടുകയായിരുന്നു.

ബ്രിസ്ബെയിന്‍ ഹീറ്റ് സിഡ്നി തണ്ടറിനെ എലിമിനേറ്ററിൽ എട്ട് റൺസിന് പരാജയപ്പെടുത്തിയ ശേഷം നോക്ക്ഔട്ട് ഘട്ടത്തിൽ മെൽബേൺ റെനഗേഡ്സിനെ പരാജയപ്പെടുത്തിയാണ് ചലഞ്ചര്‍ മത്സരത്തിന് യോഗ്യത നേടിയത്.

അതേ സമയം പെര്‍ത്ത് സിഡ്നി സിക്സേഴ്സിനെ ക്വാളിഫയര്‍ മത്സരത്തിൽ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

വനിത ബിഗ് ബാഷിൽ മാരിസാന്നെ കാപ്പിനെ നിലനിര്‍ത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. കഴിഞ്ഞ സീസണിൽ ഫൈനലില്‍ കാപ്പ് ആയിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 106 റൺസും 12 വിക്കറ്റുമാണ് കഴി‍ഞ്ഞ വനിത ബിഗ് ബാഷിൽ കാപ്പിന്റെ സംഭാവന.

ഫൈനലില്‍ താരം 31 റൺസുമായി പുറത്താകാതെ നിൽക്കുകയും 1 വിക്കറ്റും നേടുകയുണ്ടായി. കഴിഞ്ഞ സീസണിൽ പെര്‍ത്തിനൊപ്പം കിരീടം നേടിയ ആവേശത്തിലാണ് താനെന്നും ഇത്തവണയും അതിനായി ശ്രമിക്കുവാന്‍ കഴിയുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും കാപ്പ് വ്യക്തമാക്കി.

സിഡ്നി സിക്സേഴ്സിനെ ചുരുട്ടിക്കെട്ടി ബിഗ് ബാഷ് കിരീടം സ്വന്തമാക്കി പെര്‍ത്ത്

സിഡ്നി സിക്സേഴ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബിഗ് ബാഷ് കിരീടം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. ഇന്ന് നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 25/4 എന്ന നിലയിൽ നിന്ന് 171/6 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് എതിരാളികളായ സിക്സേഴ്സിനെ 92 റൺസിന് എറിഞ്ഞൊതുക്കിയാണ് പെര്‍ത്ത് തങ്ങളുടെ നാലാം കിരീടം നേടിയത്. 79 റൺസിന്റെ തകര്‍പ്പിന്‍ വിജയം ആണ് പെര്‍ത്ത് കരസ്ഥമാക്കിയത്.

ഫൈനലില്‍ ഇത് മൂന്നാം തവണയാണ് സിക്സേഴ്സിനെ പെര്‍ത്ത് കീഴടക്കിയത്. ഇവര്‍ ഈ സീസണിൽ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പെര്‍ത്തിനായിരുന്നു വിജയം. 42 റൺസ് നേടിയ ഡാനിയേൽ ഹ്യൂജ്സ് മാത്രമാണ് സിക്സേഴ്സിന് വേണ്ടി തിളങ്ങിയത്.

ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റുമായി പെര്‍ത്തിന്റെ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടി.

തകര്‍ന്നടിഞ്ഞ പെര്‍ത്തിന്റെ ഉയര്‍ത്തെഴുന്നേല്പിപ് സാധ്യമാക്കി ലാറി ഇവാന്‍സ്

ബിഗ് ബാഷ് ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 171/6 എന്ന സ്കോര്‍. 25/4 എന്ന നിലയിലേക്ക് വീണ പെര്‍ത്തിനെ ആഷ്ടൺ ടര്‍ണറും ലാറി ഇവാന്‍സും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 104 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ നേടിയത്.

ടര്‍ണര്‍ 54 റൺസ് നേടിയപ്പോള്‍ ലാറി ഇവാന്‍സ് 41 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. നഥാന്‍ ലയണും സ്റ്റീവ് ഒക്കീഫേയും രണ്ട് വീതം വിക്കറ്റ് ആണ് നേടിയത്.

തൈമൽ മിൽസുമായി കരാറിലെത്തി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി കളിക്കുവാനായി ഇംഗ്ലണ്ട് താരം തൈമൽ മിൽസ് എത്തുന്നു. ബ്രൈഡന്‍ കാര്‍സിനേറ്റ പരിക്കാണ് തൈമൽ മിൽസിനെ ടീമിലെത്തിക്കുവാന്‍ കാരണം.

ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമി ഫൈനലിന് മുമ്പ് പരിക്കേറ്റ് തൈമൽ മിൽസ് പുറത്ത് പോകുകയായിരുന്നു. മുമ്പ് ഹോബാര്‍ട്ട് ഹറികെയിന്‍സ്, ബ്രിസ്ബെയിന്‍ ഹീറ്റ് എന്നിവര്‍ക്കായി ബിഗ് ബാഷിൽ കളിച്ചിട്ടുള്ള താരമാണ് മിൽസ്.

ജെയിംസ് വിന്‍സിന്റെ വെടിക്കെട്ട് പ്രകടനം, പെര്‍ത്തിനെ കീഴടക്കി സിഡ്നി സിക്സേഴ്സ് ബിഗ് ബാഷ് ജേതാക്കള്‍

പെര്‍ത്തിനെതിരെ 27 റണ്‍സ് വിജയം കരസ്ഥമാക്കി ബിഗ് ബാഷ് ജേതാക്കളായി സിഡ്നി സിക്സേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ജെയിംസ് വിന്‍സ് 60 പന്തില്‍ നിന്ന് നേടിയ 95 റണ്‍സാണ് ടീമിന്റെ അടിത്തറ. ഡാനിയേല്‍ ക്രിസ്റ്റ്യന്‍ 20 റണ്‍സ് നേടിയപ്പോള്‍ ജോര്‍ദ്ദന്‍ സില്‍ക്ക് 17 റണ്‍സുമായി പുറത്താകാതെ നിന്നു. മോസിസ് ഹെന്‍റിക്സ് 18 റണ്‍സും നേടി. പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടി ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 4.5 ഓവറില്‍ 45 റണ്‍സ് നേടി നില്‍ക്കവെ 19 പന്തില്‍ 30 റണ്‍സ് നേടിയ കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ ആണ് പെര്‍ത്തിന് ആദ്യം നഷ്ടമായത്. പിന്നീട് തുടരെ വിക്കറ്റുകളുമായി സിഡ്നി സിക്സേഴ്സ് മത്സരത്തില്‍ പിടിമുറുക്കി.

ലിയാം ലിവിംഗ്സ്റ്റണ്‍ 45 റണ്‍സ് നേടിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി(26), ജോഷ് ഇംഗ്ലിസ്(22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സിഡ്നിയ്ക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിയസ് മൂന്നും ജാക്സണ്‍ ബേര്‍ഡ്, ഷോണ്‍ അബോട്ട്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പെര്‍ത്തിന് വിജയം, ഇനി സിഡ്നി സിക്സേഴ്സുമായി കലാശപ്പോരാട്ടം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 49 റണ്‍സിന്റെ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ബിഗ് ബാഷ് ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്രിസ്ബെയിനിന് 18 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സേ നേടാനായുള്ളു.

കാമറൂണ്‍ ബാന്‍ ക്രോഫ്ട, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കൊപ്പം 39 പന്തില്‍ നിന്ന് പുറത്താകാതെ 77 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റോണിന്റെ പ്രകടനം ആണ് പെര്‍ത്ത് നിരയിലെ വ്യത്യാസം. ബാന്‍ക്രോഫ്ട് 58 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 28 പന്തില്‍ നിന്ന് 49 റണ്‍സ് നേടി.

ആരോണ്‍ ഹാര്‍ഡി മൂന്നും ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ആന്‍ഡ്രൂ ടൈ, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് പെര്‍ത്തിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഹീറ്റ് നിരയില്‍ 38 റണ്‍സ് നേടിയ ജോ ബേണ്‍സ് ആണ് ടോപ് സ്കോറര്‍.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പെര്‍ത്തിന്റെ എതിരാളികള്‍ സിഡ്നി സിക്സേഴ്സ് ആണ്.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായുള്ള കരാര്‍ പുതുക്കി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. നാല് വര്‍ഷത്തേക്കാണ് താരം പുതിയ കരാറിലെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മിച്ചല്‍ മാര്‍ഷ് 2025 വരെ ക്ലബില്‍ തുടരും. ക്ലബിനോടൊപ്പമുള്ള പത്ത് വര്‍ഷത്തില്‍ താരം മൂന്ന് ബിഗ് ബാഷ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

2018ല്‍ പെര്‍ത്തിന്റെ ക്യാപ്റ്റന്‍സിയും താരത്തെ തേടിയെത്തിയെങ്കിലും ഐപിഎലിനിടെ പരിക്കേറ്റ താരം ഈ സീസണിന് മുമ്പ് അത് താത്കാലികമായി ആഷ്ടണ്‍ ടര്‍ണറെ ഏല്പിച്ചു. പിന്നീട് പരിക്ക് മാറി എത്തിയ താരം ടര്‍ണറോട് ക്യാപ്റ്റന്‍സിയില്‍ തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ 16.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആണ് മെല്‍ബേണ്‍ ലക്ഷ്യം മറികടന്നത്.

അലാന കിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് പെര്‍ത്തിന്റെ താളം തെറ്റിച്ചത്. അലാന 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. പെര്‍ത്ത് നിരയില്‍ 32 റണ്‍സ് നേടിയ ബോള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി 27 റണ്‍സ് നേടി. ഹീത്തര്‍ ഗ്രഹാം(18), സാറ ഗ്ലെന്‍(19) എന്നിവരും പെര്‍ത്തിന്റെ സ്കോറിംഗില്‍ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിന് വേണ്ടി നത്താലി സ്കിവര്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ അന്നാബെല്‍ സത്തര്‍ലാണ്ട് 30 റണ്‍സ് നേടി. മെഗ് ലാന്നിംഗ് 22 റണ്‍സും എല്‍സെ വില്ലാനി 18 റണ്‍സും നേടി പുറത്തായി. സാറ ഗ്ലെന്‍, ഹീത്തര്‍ ഗ്രഹാം, സോഫി ഡിവൈന്‍ എന്നിവര്‍ പെര്‍ത്തിന് വേണ്ടി ഓരോ വിക്കറ്റ് നേടി.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി ന്യൂസിലാണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന്‍

വരുന്ന ബിഗ് ബാഷ് സീസണില്‍ ന്യൂസിലാണ്ട് താരം കോളിന്‍ മണ്‍റോ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായി കളിക്കും. നിലവില്‍ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രഭാവം സൃഷ്ടിക്കുന്ന താരമായാണ് വിലയിരുത്തപ്പെടുന്നത്. ജേസണ്‍ റോയ്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നീ പെര്‍ത്തിലെ വിദേശ താരങ്ങള്‍ക്കൊപ്പമാണ് മണ്‍റോയും എത്തുന്നത്.

ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ താരത്തിന് നഷ്ടമായതിനാല്‍ തന്നെ താരം ബിഗ് ബാഷ് സീസണ്‍ പൂര്‍ണ്ണമായും കളിക്കുവാനുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ജേസണ്‍ റോയിയും ലിയാം ലിവിംഗ്സ്റ്റണും അന്താരാഷ്ട്ര ‍ഡ്യൂട്ടിയുള്ളതിനാല്‍ തന്നെ ടീമിന്റെ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ടാകില്ല.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് മണ്‍റോ നേടിയത്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 207 റണ്‍സാണ് കിരീട ജേതാക്കള്‍ക്കായി ന്യൂസിലാണ്ട് താരം നേടിയത്.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി 2020-21 സീസണിലേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരവും മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ലിയാം ലിവിംഗ്സ്റ്റണ്‍. പെര്‍ത്തില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഈ വര്‍ഷവും കരാര്‍ പുതുക്കുകയായിരുന്നു. 425 റണ്‍സാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്.

ജോഷ് ഇംഗ്ലിസുമായി താരം മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് നേടിയത്. മൂന്ന് ശതക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പെര്‍ത്തില്‍ വീണ്ടും കളിക്കുവാനെത്തുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ലിയാം വ്യക്തമാക്കി.

താരത്തിന്റെ ഓള്‍റൗണ്ട് സേവനം പെര്‍ത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് കോച്ച് ആഡം വോഗ്സ് വ്യക്തമാക്കിയത്.

 

Exit mobile version